സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jul 28th, 2018

ഇമ്രാനും ജനാധിപത്യവും

Share This
Tags

d

പാക് തെരെഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയായതിനെ തുടര്‍ന്ന് നടത്തിയ ആദ്യപ്രതികരണത്തില്‍ തന്നെ ലോകം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെ ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത് ഏറെ ശ്രദ്ധേയമാണ്. പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജനാധിപത്യരാഷ്ട്രമാക്കുമെന്നാണത്. പാക്കിസ്ഥാനില്‍ഡ ജനാധിപത്യമുണ്ട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പും അധികാരകൈമാറ്റവും ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം പട്ടാളത്തിന്‍ ഔദാര്യത്തില്‍ മാത്രമാണെന്നത് പ്രസിദ്ധമാണ്. ഇമ്രാനും അതറിയാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രസ്താവന അദ്ദേഹം നടത്തിയത്. ആധുനിക കാലഘട്ടത്തിന്റെ സമസ്യകള്‍ തിരിച്ചറിയുന്ന ഒരാളുടെ വാക്കുകള്‍ തന്നെയാണത്.
ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ജനകീയ സര്‍ക്കാര്‍ ഭരിക്കുക എന്നതാണല്ലോ ജനാധിപത്യത്തിന്റെ അടിത്തറ. 19-ാം നൂറ്റാണ്ടില്‍ ലോകത്തിന്റഎ പല ഭാഗത്തും ഫ്യൂഡലിസത്തേയും രാജഭരണത്തേയും തകര്‍ത്തെറിഞ്ഞ മുതലാളിത്തവിപ്ലവത്തിന്റെ ഭാഗമായാണ് ജനാധിപത്യ ആശയങ്ങള്‍ രൂപപ്പെട്ടത്. ഫ്രഞ്ചുവിപ്ലവമായിരുന്നു ജനാധിപത്യത്തിന്റെവളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്. ചരിത്രത്തില്‍ രൂപം കൊണ്ട ഏറ്റവും മികച്ച സാമൂഹ്യവ്യവസ്ഥ ഏതെന്നെ ചോദ്യത്തിനുള്ള മറുപടി ജനാധിപത്യം എന്നു തന്നെയായിരിക്കും. ജനാധിപത്യസംവിധാനങ്ങള്‍ രൂപം കൊണ്ടതിനുശേഷം ലോകം കണ്ട സോഷ്യലിസ്റ്റ് സംവിധനങ്ങള്‍ ഒന്നടങ്കം തകര്‍ന്നത് അവക്ക് ജനാധിപത്യപരമായ ഉള്ളടക്കം ഇല്ലാത്തതായിരുന്നു. അതേസമയം ജനാധിപത്യസംവിധാനമാകട്ടെ നിരവധി തിരിച്ചടികള്‍ ഉണ്ടെങ്കിലും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. ഇതു തിരിച്ചറിയുന്ന ഒരാളുടെ സ്വാഭാവിക പ്രതികരണമാണ് ഇമ്രാനില്‍ നിന്നുണ്ടായിരക്കുന്നത.
ഇപ്പറഞ്ഞതിനര്‍ത്ഥം ആഗോളാടിസ്ഥാനത്തില്‍ യാതൊരു വെല്ലുവിളിയുമില്ലാതെ ജനാധിപത്യസംവിധാനം മുന്നോട്ടുപോകുന്നു എന്നല്ല. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശ്രദ്ധേയമായ ഒരു സംവാദത്തില്‍ പങ്കെടുത്ത സച്ചിദാനന്ദനും കെ വേണുവും കെ ഇ എന്നും ടി ടി ശ്രീകുമാറുമൊക്കെ ചൂണ്ടികാട്ടിയ പോലെ ജനാധിപത്യം വലിയ വെല്ലുവിളിയുടെ ഘട്ടത്തിലൂടെയാണ് ഇന്നു കടന്നു പോകുന്നത്. പ്രധാനമായും നാലു ദശിയില്‍ നിന്നാണ് ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഉയരുന്നതെന്നുകാണാം. ഒന്നാമതായി പാക്കിസ്ഥാനടക്കം നിരവധി രാഷ്ടങ്ങളില്‍ സൈന്യത്തില്‍ നിന്നു നേരിടുന്ന വെല്ലുവിളിതന്നെ. പല രാജ്യങ്ങളിലേയും ഭരണസംവിധാനം ഇപ്പോഴും നിയന്ത്രിക്കുന്നത് സൈന്യം തന്നെയാണ്. ഈ അവസ്ഥ മാറിയേ തീരൂ. അക്കാര്യത്തില്‍ തീര്‍ച്ചയായും മികച്ച മാതൃകയാണ് ഇന്ത്യയിലേത്. എന്തെല്ലാം പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോയിട്ടും ഇതുവരേയും സൈന്യത്തില്‍ നിന്ന് ഒരു വെല്ലുവിളിയും നമ്മുടെ ജനാധിപത്യസംവിധാനം നേരിട്ടിട്ടില്ല എന്നത് ചെറിയ കാര്യമല്ല.
രണ്ടാമത്തെ വെല്ലുവിളി മതതീവ്രവാദികളില്‍ നിന്നു തന്നെയാണ്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചക്കുശേഷമാണ് അത് കൂടുതല്‍ പ്രകടമായത്. തീര്‍ച്ചയായും അമേരിക്കയും ഇസ്രായേലും പോലുള്ള രാഷ്ട്രങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. ഏതൊരു വിശ്വാസത്തിനും നിലനില്‍ക്കാനവകാശമുണ്ടെന്ന ജനാധിപത്യരാഷ്ടസങ്കല്‍പ്പത്തിനെതിരാണ് തീവ്രമതരാഷ്ടവാദം. മൂ്ന്നാമതായി പറയാനുദ്ദേശിക്കുന്നത് നിരവധി തിരിച്ചടികള്‍ നേരിട്ടെങ്കിലും ഇപ്പോഴും പലയിടത്തും നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രസങ്കല്‍പ്പമാണ്. അവിടങ്ങളിലും ജനാധിപത്യത്തിനു സ്ഥാനമില്ല. മറിച്ചു ഏകപാര്‍ട്ടി ഭരണമാണ് നിലനില്‍ക്കുന്നത്. പലപ്പോഴഉമത് ഏകനേതാവിന്റെ ഭരണവുമാകുന്നു. ചൈനയും വടക്കന്‍ കൊറിയയുമൊക്കെ ഉദാഹരണം. സാമ്പത്തിക മേഖലകളില്‍ മുതലാളിത്ത ആശയങ്ങള്‍ നടപ്പാക്കിയിട്ടും ചൈനയിലും മറ്റും രാഷ്ട്രീയരംഗത്ത് നിലനില്‍ക്കുന്നത് ഇത്തരം സംവിധാനം തന്നെയാണ്.
മുതലാളിത്തത്തിന്റെ സംഭാവനയാണ് ജനാധ്യപത്യമെന്നു പൊതുവില്‍ പറയുമ്പോഴും അതിനെതിരായ നാലാമത്തെ വെല്ലുവിളി വരുന്നത് മുതലാളിത്തത്തില്‍ നിന്നുതന്നെയെന്നതാണ് വൈരുദ്ധ്യം. മുതലാളിത്തം ആഗോളതലത്തിലേക്ക് വളരുകയും ലോക്‌ത്തെ ഒന്നടങ്കം നിയന്ത്രിക്കാനുള്ള കരുത്ത് ബഹുരാഷ്ട്ര കുത്തകകള്‍ നേടുകയും സാങ്കേതികവിദ്യയുടെ വളര്‍ച്ച എന്തിനേയും വിരല്‍ തുമ്പില്‍ എത്തിക്കുകയും ആ അര്‍ത്ഥത്തില്‍ രാജ്യാതിര്‍ത്തികളും ദേശീയതയുമെല്ലാം അപ്രത്യക്ഷമാകുകയും ചെയ്തപ്പോഴാണ് ആധുനിക മുതലാളിത്തത്തിന് ജനാധിപത്യ സംവിധാനം തന്നെ തടസ്സമാകുന്നത്. ഓരോ രാജ്യത്തുനിന്നും തങ്ങലെപോലുള്ളവര്‍ വളരുന്നതും അവരാഗ്രഹിക്കുന്നില്ല. ഫാസിസമെന്നാല്‍ ഫൈനാന്‍സ് മൂലധനത്തിന്റെ നഗ്‌നമായ ഏകാധിപത്യമാണെന്നാണ് ദമിത്രോവ് പറഞ്ഞത് കാലഹരണപ്പെട്ടിട്ടില്ല. ഒന്നുകില്‍ ഭരണകൂടത്തെ തകര്‍ക്കാനോ അല്ലെങ്കില്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനോ അവര്‍ ശ്രമിക്കുന്നു. അവര്‍ക്കതിനു കഴിയുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സാഹചര്യം കൂടി പരോശോധിക്കുന്നത് നന്നായിരിക്കും. ഇന്ത്യന്‍ ജനാധിപത്യവും ഇന്നു കടുത്ത വെല്ലുവിളി തന്നെയാണ് നേരിടുന്നത്. അതുപ്രധാനമായും ഹിന്ദുത്വ മതതീവ്രവാദികളില്‍ നിന്നാണ്. അവസാനം പറഞ്ഞ ബഹുരാഷ്ട്രകുത്തകകള്‍ക്കും അതില്‍ പങ്കുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളും ജനാധിപത്യമൂല്യങ്ങളും കടുത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഭാഷകളും രാഷ്ട്രീയ സംഘടനകളുംകൊണ്ട് അങ്ങേയറ്റം ബഹുസ്വരവും ബൃഹത്തുമാണ് നമ്മുടെ സമൂഹം. ഈ ബഹുസ്വരജനാ ധിപത്യത്തിനുനേരെയാണ് ഹിന്ദുത്വഫാസിസ്റ്റു ശക്തികള്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വിധ ഫാസിസ്റ്റ് ലക്ഷണങ്ങളും തികഞ്ഞ സംവിധാനമാണ് ആര്‍ എസ് എസ് നിയന്ത്രിക്കുന്ന സംഘപരിവാര്‍. അത് ഇറ്റലിയിലും ജര്‍മ്മനിയിലും മറ്റും കണ്ട ക്ലാസ്സിക്കല്‍ ഫാസിസത്തേക്കാള്‍ ശക്തമാണ്. കാരണം അതിന്റെ പ്രത്യയശാസ്ത്രം നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപം കൊണ്ട മനുസ്മൃതിയും സവര്‍ണ്ണമൂല്യങ്ങളും ജാതിവ്യവസ്ഥയുമാണ് എന്നതാണ്. ഔപചാരികമായി രൂപം കൊണ്ട ഒരുനൂറ്റാണ്ടായില്ലെങ്കിലും അതിന്റെ വേരുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട വോട്ടര്‍മാരില്‍ 60 ശതമാനത്തിലധികവും ഈ ശക്തികള്‍ക്കെതിരാണെങ്കിലും ജനാധിപത്യശക്തി കള്‍ക്കിടയിലെ അനൈക്യത്തെ ഉപയോഗപ്പെടുത്തി അധികാരമുറപ്പിക്കാനും ഭരണഘടനാഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ മതഫാസിസ്റ്റു സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനു അംബാനി, അദാനി പോലുള്ള കുത്തകകളുടെ പിന്തുണയുമുണ്ട്.
ഇന്ത്യന്‍ ഫാസിസത്തിനു ഇത്രമാത്രം വേരുകള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ ദൗര്‍ബ്ബല്ല്യവുമുണ്ട്. ജാതി – വര്‍ണ്ണ വ്യവസ്ഥ തന്നെയാണ് അതില്‍ പ്രധാനം. മുസ്ലിംവിഭാഗങ്ങളെ ശത്രുക്കളായി ചൂണ്ടികാട്ടി ഹിന്ദുമതത്തെ ഒന്നാക്കിമാറ്റാമെന്ന സവര്‍ണ്ണശക്തികളുടെ സ്വപ്‌നങ്ങള്‍ക്കുതിരിച്ചടി ഈ ജാതിവ്യവസ്ഥക്കു കീഴില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളാണ്. ഹിന്ദുത്വശക്തികളുടെ എല്ല തന്ത്രങ്ങളെയും തുറന്നുകാട്ടി സവര്‍ണ്ണ – അവര്‍ണ്ണ ധ്രുവീകരണം ശക്തമാകുകയാണ്.. സവര്‍ണ്ണവിഭാഗങ്ങളെപോലെ അവര്‍ണ്ണ വിഭാഗങ്ങളും രാഷ്ട്രീയശക്തിയാകുകയാണ്. ഈ വെല്ലുവിളിയെ അത്രപെട്ടെന്ന് മറികടക്കാന്‍ ഫാസിസ്റ്റുകള്‍ക്കവില്ല. അതുപോലെതന്നെയാണ് ഇന്ത്യയിലെ അനന്തമായ വൈവിധ്യങ്ങളും ഭാഷകളും ബഹുസ്വരതയും. ഇവയെ ഇല്ലാതാക്കാതെ ഫാസിസത്തിനു ശക്തമാകാനാവില്ല. എന്നാലതത്ര എളുപ്പമല്ലതാനും. അതിനാല്‍ തന്നെ 2019ലെ തെരഞ്ഞെടുപ്പില്‍ ഫാസിസം രാജ്യത്തെ പൂര്‍ണ്ണമായും കീഴടക്കുമെന്നു കരുതാനാകില്ല. ആയാല്‍തന്നെ ചരിത്രമവിടെ അവസാനിക്കുകയുമില്ല. കാരണം ഇമ്രാന്‍ പറഞ്ഞപോലെ ജനാധിപത്യം ശക്തിപ്പെടുക തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>