സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jul 27th, 2018

കീഴാറ്റൂരിന് ബദല്‍ ഉണ്ട്.

Share This
Tags

kkkഹാഷിം ചേന്നാമ്പിള്ളി.

കീഴാറ്റൂരിലെ വയലുകള്‍ ഇല്ലാതാക്കി അവിടത്തെ കുടിവെള്ള സ്രോതസ്സുകള്‍ തടസ്സപ്പെടുത്തി കര്‍ഷകരുടെ അന്നവും തൊഴിലും നശിപ്പിച്ചുകൊണ്ട് തന്നെ ദേശീയപാത നിര്‍മ്മിക്കണമെന്ന് ആര്‍ക്കാണ് വാശി? എന്താണ് അതിന്റെ താല്‍പര്യം? ഭൂമാഫിയയുടെയും മണ്ണ് ലോബിയുടെയും താല്‍പര്യങ്ങള്‍ മാത്രമല്ല ചില ഭരണപക്ഷ പുങ്കവന്മാരുടെ ദുഃശാഠ്യവും അതിനു പിന്നില്‍ ഉണ്ടെന്ന് വ്യക്തം. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഒത്തുകളിയും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിലെ സാമ്യതയും വ്യക്തമാക്കുന്നതാണ് കീഴാറ്റൂര്‍, തുരുത്തി, കോട്ടക്കുന്ന്, അത്താഴക്കുന്ന് സമരങ്ങളെ വഞ്ചിച്ചുകൊണ്ട് പുറപ്പെടുവിച്ച 3D വിജ്ഞാപനം. ഭൂമിയും വീടും കൃഷിയും വരുമാനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക പോലും നല്‍കാതെയാണ് ബിഓടി കോര്‍പ്പറേറ്റ് കൊളളക്കാര്‍ക്ക് വേണ്ടിയുളള ഈ ഭൂമി പിടിച്ചെടുക്കല്‍. മാന്യമായ പുനരധിവാസവും നാലിരട്ടി നഷ്ടപരിഹാരവും നല്‍കിയ ശേഷം മാത്രമേ കുടിയൊഴിപ്പിക്കൂ എന്ന മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ഉറപ്പുകള്‍ ജനവഞ്ചനയായിരുന്നെന്ന് ഇതിലൂടെ തെളിഞ്ഞു.
നിര്‍ദ്ദിഷ്ട കീഴാറ്റൂര്‍ ബൈപാസ് പദ്ധതിക്ക് പകരം ശാസ്ത്രീയമായ ബദല്‍ ഉണ്ടോ എന്ന് സര്‍ക്കാരും ദേശീയപാത അതോറിറ്റിയും ഗൗരവമായി ആലോചിച്ചിട്ടില്ല. നേരത്തെ നിശ്ചയിച്ച അലൈന്‍മെന്റുകള്‍ നിക്ഷിപ്ത താല്പര്യത്തിനനുസരിച്ച് മാറ്റിയതാണ് എതിര്‍പ്പിന്റെ മറ്റൊരു കാരണം.

കണക്കുകള്‍
നിര്‍ദ്ദിഷ്ട ബൈപാസിന്റ നീളം 5.5 കിലോമീറ്റര്‍ ആണ് . 45മീറ്റര്‍ വീതിയില്‍ 61.15 ഏക്കര്‍ ഭൂമി എടുക്കണം. കീഴാറ്റൂര്‍ വയലില്‍ സെന്റിന് 4 ലക്ഷം രൂപ വച്ച് കൊടുക്കുമെന്നാണ് അധികൃതര്‍ പ്രചരിപ്പിച്ചത്. അപ്പോള്‍ കരഭൂമിക്ക് അതിന്റെ ഇരട്ടിയെങ്കിലും കൊടുക്കണമല്ലോ! ആ കണക്ക് അവിടെ നില്‍ക്കട്ടെ. 61.15 ഏക്കറിന് സെന്റിന് 4 ലക്ഷം വച്ച് കൊടുക്കണമെങ്കില്‍ തന്നെ 244.62 കോടി രൂപ ചിലവാകും. കെട്ടിടങ്ങള്‍, വീടുകള്‍, വ്യാപാരികള്‍, തൊഴിലാളികള്‍, വൃക്ഷങ്ങള്‍ തുടങ്ങി പല വക നഷ്ടപരിഹാരത്തിന് ഏറ്റവും കുറഞ്ഞത് 50 കോടി രൂപ കൂടി ചേര്‍ത്താല്‍ ഭൂമി ഏറ്റെടുക്കാന്‍ 294.62 കോടി രൂപ ചിലവാകും.
45മീറ്റര്‍ പദ്ധതിയിലെ റോഡ് നിര്‍മ്മാണത്തിന് ഇപ്പോള്‍ കേരളത്തിലെ ചിലവ് കിലോമീറ്ററിന് ശരാശരി 50 കോടി രൂപയാണ്. അപ്പോള്‍ 5.5 കിലോമീറ്റര്‍ ബൈപാസ് നിര്‍മ്മിക്കാന്‍ സിവില്‍ കോസ്റ്റ് 275 കോടി രൂപ ചെലവാകും.
അതായത് എല്ലാ പാരിസ്ഥിതിക ആഘാതത്തിനും പുറമെ ഈ ബൈപാസ് യാഥാര്‍ഥ്യമാക്കണമെങ്കില്‍ 569.62 കോടി രൂപ ചിലവാകുമെന്നര്‍ത്ഥം. അതായത് ശരാശരി കിലോമീറ്ററിന് 103.56 കോടി രൂപ! സര്‍ക്കാര്‍ വിലാസം അടിമകള്‍ പ്രചരിപ്പിക്കുന്ന കണക്കുകളുടെ പൊരുത്തക്കേട് നോക്കണേ…

എന്താണ് ബദല്‍
ബദല്‍ അലൈന്‍മെന്റുകള്‍ നേരത്തെ ചര്‍ച്ച നടന്നു കഴിഞ്ഞല്ലോ….. അത് കൊണ്ട് എലവേറ്റഡ് ഹൈവെയുടെ ബദല്‍ ആണ് ഞാന്‍ മുന്നോട്ട് വക്കുന്നത്. കുറഞ്ഞ പരിസ്ഥിതി ആഘാതം, കൂടുതല്‍ വികസനം, അധിക വേഗത, കുറഞ്ഞ വാഹനാപകടങ്ങള്‍ എന്നിവ നേട്ടമാണ്.
1) തളിപ്പറമ്പ് നഗരത്തിലെ തിരക്കാണ് ബൈപാസ് പദ്ധതിയെ സാധൂകരിക്കുന്നത്. ഈ നഗരത്തിന്റെ ദൈര്‍ഘ്യം ഒന്നോ ഒന്നരയോ കിലോമീറ്റര്‍ മാത്രമാണ്. അവിടെ നിലവില്‍ 30 മീറ്റര്‍ വീതിയില്‍ സ്ഥലമുണ്ട്. അതിന്റെ നടുക്ക് മീഡിയനില്‍ സ്ഥാപിക്കുന്ന തൂണുകളിലൂടെ 4 അല്ലെങ്കില്‍ 6 വരി എലവേറ്റഡ് പാത നിര്‍മ്മിക്കാം. 2 കിലോമീറ്റര്‍ നീളത്തില്‍ എലവേറ്റഡ് പാത നിര്‍മ്മിച്ചാല്‍ തളിപ്പറമ്പ് നഗരത്തിലെ പ്രശ്‌നം അവസാനിക്കും. എലവേറ്റഡ് പാതയിലേക്കെത്തുന്ന ഇരുവശവും 30മീറ്റര്‍ വീതിയില്‍ 6വരി പാതയായും വികസിപ്പിക്കാം. എലവേറ്റഡ് ഹൈവേക്ക് കിലോമീറ്ററിന് 100 കോടി രൂപ എന്നതാണ് ചിലവ് . അപ്പോള്‍ 200 കോടി രൂപയ്ക്ക് 2 കിലോമീറ്റര്‍ എലവേറ്റഡ് പാത നിര്‍മ്മിക്കാനാവും. 569 കോടി രൂപയില്‍ ബാക്കി തുക കൊണ്ട് സര്‍ക്കാരിന് സുഗമമായി 30മീറ്ററില്‍ 6 വരി പാത പദ്ധതിയും തീര്‍ക്കാം. നഗരത്തിലെ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ദേശീയപാത മുകളിലൂടെ പോകുന്നതിനാലും താഴെയുള്ള ഭാഗം ലോക്കല്‍ ട്രാഫിക്കിന് മാത്രമായി ലഭിക്കുമെന്നതിനാലും പാര്‍ക്കിങ്ങ് അടക്കമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടും.
2) നിര്‍ദ്ദിഷ്ട 5.5 കിലോമീറ്റര്‍ ബൈപാസ് തന്നെ എലവേറ്റഡ് ഹൈവെ ആയി നിര്‍മ്മിക്കുക എന്നതാണ് രണ്ടാമത്തെ ബദല്‍. 550 കോടി രൂപ പാത നിര്‍മ്മാണ ചിലവ് വരും. 6 വരി എലവേറ്റഡ് പായ്ക്ക് 30 മീറ്റര്‍ മതിയാകും. മേല്‍ ഉദ്ധരിച്ച കണക്കനുസരിച്ച് ഏകദേശം 200 കോടി രൂപ ഭൂമിയേറ്റെടുപ്പിന് വേണ്ടി വരും . ആകെ 750 കോടി രൂപ. അധികമായി ചിലവായേക്കാവുന്ന 170 കോടി രൂപ ഒരു നഷ്ടമായി കാണേണ്ടതില്ല. മറ്റു നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
ഈ കണക്കുകള്‍ വച്ച് കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്യുക. പ്രത്യേകിച്ച് കേരളം പരിസ്ഥിതി ആഘാത ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>