സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jul 25th, 2018

സുനില്‍ പി ഇളയിടത്തിന്റെ രാഷ്ട്രീയം

Share This
Tags

ssssകെ കെ ബാബുരാജ്

സുനില്‍ പി ഇളയിടം ‘ദേശാഭിമാനിയില്‍’ ‘അഭിമന്യു; ഓര്‍മ്മയും രാഷ്ട്രീയവും’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്.പുതു കീഴാള രാഷ്ട്രീയത്തിന്റെ പക്ഷത്താണെന്നു വരുത്തിക്കൊണ്ട്, ഇടതു ബ്രാഹ്മിണിസത്തെ സുഗന്ധം പൂശുക എന്നതിനപ്പുറം ഇതിലെന്തെങ്കിലും കാര്യമുള്ളതായി തോന്നുന്നില്ല.

അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ അഭിമന്യുവിനെപ്പോലുള്ള അസംഖ്യം ചെറുപ്പക്കാരെ കൊലപ്പെടുത്തിയിട്ടുണ്ട്. അപ്പോഴെല്ലാം തണുത്ത മനസ്സുകൊണ്ട് അവയ്ക്കെല്ലാം പ്രതിരോധം തീര്‍ക്കുകയായിരുന്നു അദ്ദേഹത്തെപോലുള്ളവര്‍ എന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ, സുനില്‍ പറയുന്ന കമ്മ്യൂണിസ്റ്റ് ധാര്‍മികത, നൈതികത, മതേതര മാനവികത എന്നിവയെല്ലാം ബ്രെഹ്തോള്‍ഡ് ബ്രെഹ്ത് പറയുന്നതുപോലെ ‘എടുക്കാത്ത നാണയമായി മാറി’ എന്നത് അദ്ദേഹം തന്നെ തിരിച്ചറിയുന്നില്ലന്നെതാണ് സങ്കടകരം.

മുസ്ലിം വര്‍ഗ്ഗീയത/ഇസ്ലാം മത ഭീകരവാദം എന്നിവയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെപ്പറ്റി വിശകലനം ചെയ്യുന്ന ഏര്‍പ്പാട് ഇന്ത്യയിലെ മുഖ്യധാരാ സവര്‍ണ്ണ ബുദ്ധിജീവികള്‍പോലും ഉപേക്ഷിച്ചതാണ്. ഇവിടെ ഇതിനൊക്കെ ഇപ്പോഴും വലിയ പ്രചാരണ മൂല്യം കിട്ടുമ്പോള്‍ മറ്റൊരുകാര്യം ഓര്‍ക്കാവുന്നതാണ്.

എഴുപതുകളില്‍കളില്‍ ദളിത് രാഷ്ട്രീയവും, എണ്‍പതുകളില്‍ കാന്‍ഷിറാമിന്റെ ബഹുജന്‍ രാഷ്ട്രീയമുയര്‍ന്നപ്പോള്‍ ‘ജാതി മടങ്ങിവരുന്നു’ ‘മതേതരത്വം അപകടത്തില്‍ ‘രാജ്യം വിഭജിക്കപ്പെടാന്‍ പോകുന്നു’ എന്നൊക്കെയാണ് ഇന്ത്യയിലെ ഇടതുപക്ഷക്കാര്‍ ഭയപ്പെട്ടത്. ഇപ്പോഴവര്‍ എങ്ങെനെയെങ്ങിലും ജാതിരാഷ്ട്രീയം നിലനിന്നാല്‍ മതിയെന്നാണ് പറയുന്നത്. ഹിന്ദുത്വത്തെ തടയാന്‍ മറ്റൊരു വഴിയുമില്ലത്രേ.

അതേപോലെ ‘റിവേഴ്സ് ഗിയറിലൂടെ’ മാറിമറിയുമോ സുനിലിനെപ്പോലുള്ളവരുടെ മത ഭീകരവാദ ദുസ്വപ്നങ്ങളും എന്നാണ് സംശയം. മാര്‍ക്‌സിസത്തെയും ഗാന്ധിസത്തെയും അംബേദ്കറിസത്തെയും ഒരേ ചരടില്‍ കോര്‍ക്കുകയും; സമകാലീന ചരിത്രത്തെ ഭയപ്പാടുകളുടെ ഭാഷയില്‍ എഴുതുകയും ചെയ്യുന്നതിന്റെ അര്‍ഥം മറ്റെന്താണ്?

അദ്ദേഹത്തിന്റെ ലേഖനത്തില്‍ കൗതുകകരമായി തോന്നിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന്; അഭിമന്യുവിന്റെ ദളിത് സ്വത്വത്തെ മറക്കാനുള്ള ഹീനവും സംഘടിതവുമായ ശ്രമം നടക്കുന്നുണ്ടത്രേ.

സ്വത്വം അപകടമാണ്. തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങളെ ഭിന്നിക്കാനുള്ള സാമ്രാജ്യത്വ ഗൂഡാലോചനയാണ് എന്നൊക്കെ പറഞ്ഞവര്‍ക്ക് എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം സ്വത്വം പ്രധാനമായത്? അഭിമന്യുവിന്റെ കൊലപാതകികളെ അപലപിക്കുന്നതിനൊപ്പം, മഹാരാജാസ് കോളേജ് ഹോസ്റ്റല്‍ അടക്കമുള്ള ഇടങ്ങളിലെ കീഴാള വിദ്യാര്‍ത്ഥികളെ ‘ഡീല്‍’ ചെയ്യുന്നവരാക്കി നിലനിര്‍ത്തുന്ന ഇടതുവരേണ്യതയും ഉപേക്ഷിക്കപ്പെടേണ്ടതല്ലേ? കൊള്ളുന്നവരും കൊടുക്കുന്നവരും കീഴാളര്‍ മാത്രമാണ് എന്ന ഇടതു ബ്രഹ്മണ്യത്തെ അല്ലേ സുനിലിനെപ്പോലുള്ളവര്‍ ‘വിപ്ലവവസന്തമായും’ ‘ഒരുവന്‍, അപരന്റെ വാക്കുകളെ സംഗീതംപോലെ ആസ്വദിക്കുന്ന കാലത്തേക്കുള്ള യാത്രയായും’ മറ്റും വര്‍ണ്ണിച്ചു ആള്‍ക്കാരെ മയക്കുന്നത്.

മറ്റൊന്ന്; വിഭവാധികാരമാണ് ദളിത് രാഷ്ട്രീയത്തിന്റെ മുന്നുപാധി എന്നദ്ദേഹം സ്വയം അങ്ങ് നിശ്ചയിച്ചതാണ്. ഈ വിഷയം ദളിത് മേഖലയിലെ തര്‍ക്കപ്രശ്‌നമാണെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. ഇതില്‍ ഒരുവശം മാത്രം കാണുന്ന അദേഹത്തിന്റെ ലക്ഷ്യം, തന്റെ പദവിയും സ്വാധീനവും ഉപയോഗിച്ച് ദളിതരെ ഭിന്നിപ്പിക്കുകയാണെന്നു പകല്‍ പോലെ വ്യക്തമാണ്. വ്യക്തി യൂണിറ്റ് ആയ ഇന്ത്യന്‍ ഭരണഘടന റദ്ദ് ചെയ്തു ജാതിയെ യൂണിറ്റ് ആക്കാതെ വിഭവാധികാരം സാധ്യമാകുമോ? കമ്മൂണിസം പോലുള്ളൊരു വിദൂരസ്വപ്നം മാത്രമല്ലെ അതും? ഭൂപരിഷ്‌കരണം, സംവരണവിപുലീകരണം, ഭരണപങ്കാളിത്തം, അവസരസമത്വം, ദളിത് പിന്നാക്ക ന്യൂനപക്ഷ ഐക്യം മുതലായ അംബേദ്കര്‍/ കാന്‍ഷിറാം ആശയങ്ങളുമായി കൂട്ടികലര്‍ത്താതെ മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരംപറയാന്‍ സുനിലിനെപ്പോലുള്ളവര്‍ ബാധ്യസ്ഥരാണ്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>