സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jul 24th, 2018

ജാതിയെക്കുറിച്ചു എഴുതുന്നവര്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പാണ് ഈ ആക്രമണത്തിന് പിന്നിലുള്ളത്.

Share This
Tags

mmmടി ടി ശ്രീകുമാര്‍

ഹരീഷിന്റെ നോവലിന്റെ മൂന്നു ഭാഗങ്ങളും വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. പ്രകോപനത്തിന്റെ കാരണം അമ്പലവും സ്ത്രീകളും ഭക്തിയും ലൈംഗികതയും ഒന്നുമല്ല. പ്രശ്‌നം ജാതിയാണ്. കേരളത്തിന്റെ ജാതി ചരിത്രത്തിന്റെ നിശിതമായ വിചാരണയിലേക്ക് നോവല്‍ നീങ്ങുകയാണ്. അത് ഏറ്റവും കയ്യടക്കത്തോടെ ചെയ്യാന്‍ ആവുമെന്ന് പലതവണ കഥകളില്‍ തെളിയിച്ചിട്ടുള്ള എഴുത്തുകാരനാണ് ഹരീഷ്.

മുന്പ് മലയാള നോവലില്‍, ഒരു പക്ഷെ ഒരു പരിധി വരെ തകഴിയുടെ കയറില്‍ അല്ലാതെ, കടന്നു വന്നിട്ടിലാത്ത തരത്തില്‍ കീഴാള ജീവിതം അതിന്റെ സമൂര്‍ത്തമായ നിസ്സഹായതകളില്‍ ദാരിദ്ര്യത്തില്‍ പ്രതിരോധത്തില്‍ വരച്ചു കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ടു പോവുക ആയിരുന്നു. പുലയനായ പവിയാന്റെ മകന്‍ വാവച്ചന്‍ മീശ വച്ച പോലീസ് ആയി രാമാനുജന്‍ എഴുത്തച്ഛന്റെ കുടിയാന്‍ എന്ന നാടകത്തില്‍ അഭിനയിച്ചത് കണ്ടു പേടിച്ചു മുണ്ടില്‍ മൂത്രമൊഴിച്ച ഈ നോവലിലെ നമ്പൂതിരി നേരെ പരാതിയുമായി പോയത് യോഗക്ഷേമ സഭയിലെക്കാവാന്‍ സാധ്യതയുണ്ട്.

ജാതിയില്‍ മുങ്ങിക്കിടന്നിരുന്ന ഒരു സമൂഹത്തിന്റെ ചരിത്രം കേവലം തറവാട്ട് മേന്മകള്‍ മാത്രമായി പറയാതെ തിരുത്തി വായിക്കാന്‍ ശ്രമിക്കുന്ന ശക്തമായ ഒരു നോവലായി വികസിക്കുകയായിരുന്നു മീശ എന്ന് നിസ്സംശയം പറയാന്‍ കഴിയും. കേരളത്തിലെ ഒരു സംക്രമണ ഘട്ടത്തെ അല്‍പ്പം കാലഗണനാപരമായ സന്ദിഗ്ധതകളോടെ എന്നാല്‍ തികഞ്ഞ തെളിമയോടെ അവതരിപ്പിച്ചു കൊണ്ടാണ് മീശയുടെ തുടക്കം. കേവലം റിയലിസത്തിന്റെ പരിപ്രേക്ഷ്യത്തില്‍ മാത്രം തളച്ചിടാതെ വിഭ്രമാത്മകയുടെ കൂടി സാധ്യതകള്‍ പരീക്ഷിച്ചു കൊണ്ട് കഥാതന്തുവിനെ സങ്കീര്‍ണ്ണമാക്കി കേരളത്തില്‍ നിലനിന്നിരുന്ന പഴയ ജാതിവ്യവസ്ഥയെ മുഖം മൂടികള്‍ ഇല്ലാതെ ഈ നോവലിന്റെ തുടക്കം മുതല്‍ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ സവര്‍ണ ജാതിവ്യവസ്ഥയെ അതിന്റെ ഏറ്റവും ലജ്ജാകരമായ അവസ്ഥയില്‍ തുറന്നു കാണിക്കുന്ന രീതിയാണ് നോവലില്‍ അവലംബിച്ചിട്ടുള്ളത്.

ഇപ്പോള്‍ നോവലിനെതിരെയുണ്ടായ ആക്രമണം, വിശേഷിച്ചു നോവലിസ്റ്റ് നെതിരെ ഉണ്ടായ ആക്രമണം ആസൂത്രിതമായി ഉണ്ടായതാണ് . അതിനുള്ള കാരണം കേവലം ഒരു സംഭാഷണ ശകലമല്ല. ഈ നോവല്‍, ജാതിയെ മുന്‍പ് മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ലാത്ത രീതിയില്‍, അങ്ങേയറ്റം ചരിത്രപമായി, വിദ്ധ്വംസകമായി, യാതൊരു വിട്ടുവീഴ്ചകളും ഇല്ലാതെ പ്രശ്‌നവല്‍ക്കരിക്കുകുയായിരുന്നു എന്നതാണ്. നോവലിനെ തകര്‍ക്കുക എന്ന ലക്ഷ്യം നേടാന്‍ കണ്ടു പിടിച്ച ഒരു ഉപാധി മാത്രമാണ് ഈ ക്ഷേത്രദര്‍ശന പരാമര്‍ശം.

നിര്‍മ്മാല്യമോ ഗീതഗോവിന്ദമോ നാരായണീയമോ കാളിദാസനോ പകരമായി ഉദ്ധരിച്ചാല്‍ ഉത്തരമാവാതെ പോവുന്നത് അതുകൊണ്ടാണ്. കൂടുതല്‍ പേരെ ഒപ്പം നിര്‍ത്താന്‍ കഴിയുന്ന ഒരു കാരണം ഉയര്‍ത്തിക്കാട്ടി എന്നതാണ് പരമാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ആക്രമണത്തിന്റെ ടാര്‍ജറ്റ് നോവലിന്റെ പ്രമേയം തന്നെയാണ്. ഇത്രയേറെ അസഹിഷ്ണുത ഉണ്ടായത് അതിന്റെ പേരിലാണ്. ഏതു നോവലിലും കാണാവുന്ന ഒരു സാധാരണ പരാമര്‍ശത്തെ മുന്‍ നിര്‍ത്തി നോവലിന്റെ അടിസ്ഥാന പ്രമേയത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് നടന്നിട്ടുള്ളത്. ജാതിയെക്കുറിച്ചു എഴുതുന്നവര്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പാണ് ഈ ആക്രമണത്തിന് പിന്നിലുള്ളത്.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>