സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jul 24th, 2018

ബാക്ക് ടു ടീച്ചേഴ്‌സ്, പ്ലീസ്

Share This
Tags

CLASSസിവിക് ചന്ദ്രന്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്ന വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളെല്ലാം വിദ്യാര്‍ഥിയെ, പാഠപുസ്തകത്തെ, ക്ലാസ്മുറിയെ കേന്ദ്രീകരിക്കുന്നതാണല്ലോ. വിദ്യാര്‍ഥിക്ക് ഒന്ന് ശ്വാസം വിടാമെന്നായി. പാഠപുസ്തകത്തെ കേവലമായി ആശ്രയിക്കേണ്ട എന്നായി. ക്ലാസ്മുറി സജീവമായി. മറ്റെല്ലാ കുഴപ്പങ്ങളോടുമൊപ്പം ഈ മാറ്റങ്ങളും കാണാതിരുന്നു കൂടാ. വീട്ടില്‍ പഠിപ്പിക്കാനാളും അല്ലെങ്കില്‍ ട്യൂഷനു വിടാന്‍ സൗകര്യവുമുള്ളവര്‍ക്ക് കുട്ടികളെ ധൈര്യമായി പൊതുവിദ്യാലങ്ങളില്‍ വിടാമെന്നായി. പൊതുവിദ്യാഭ്യാസ യജ്ഞം മുദ്രാവാക്യമെങ്കിലുമായി. പൊതുവിദ്യാലയത്തില്‍ പഠിച്ച, ഉപജീവനാര്‍ഥം പഠിപ്പിച്ച, സ്വന്തം കുട്ടികളേയുമയച്ച ഒരാളെന്ന നിലയില്‍ ആനന്ദലബ്ധിക്കിനി എന്തു വേണം?
പക്ഷേ എന്റെ വേവലാതി മുഴുവന്‍ ഈ പരീക്ഷണങ്ങളിലൂടെയെല്ലാം കടന്നു പോയ പാവം അധ്യാപകരെ കുറിച്ചാണ്. ക്ലാസ്മുറിയിലെ ഹിറ്റ്‌ലറും സ്റ്റാലിനുമായിരുന്ന പഹയന്മാര്‍ പെട്ടെന്നാണ് വെറും ഫെസിലിറ്റേറ്റര്‍, ഇനീഷ്യേറ്റര്‍ മാത്രമായത്. അധ്യാപകര്‍ മാറിയില്ലെങ്കില്‍ എല്ലാ പരീക്ഷണങ്ങളും ഫലരഹിതമാണ്. എന്നാലും മാറ്റം അധ്യാപകരെ നിസ്സഹായരാക്കിയല്ല സംഭവിക്കേണ്ടത്. അധ്യാപകരെ വിശ്വാസത്തിലെടുക്കാതെയല്ല സംഭവിപ്പിക്കേണ്ടത്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത ഡോ.അനന്തമൂര്‍ത്തിക്ക് വൈസ്ചാന്‍സലറാവാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് മികച്ച അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള ബ്ലാങ്ക്‌ചെക്കാണ്. ജി.ശങ്കരപിള്ളയേയും നരേന്ദ്രപ്രസാദിനേയും നിസാര്‍അഹമ്മദിനേയും ഡി വിനയചന്ദ്രനേയും രാജന്‍ഗുരുക്കളേയും എം ഗംഗാധരനേയും പ്രത്യേകം ക്ഷണിച്ചുവരുത്തി നിയമിച്ച് അവര്‍ക്കു ചുറ്റുമായൊരു സര്‍വകലാശാല എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. മികച്ച അധ്യാപകരെ കേന്ദ്രീകരിച്ചാണ് മികച്ച വിദ്യാഭ്യാസം സാധ്യമാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഡിപിഇപി, എസ്എസ്എ തുടങ്ങിയ വിദ്യാഭ്യാസ പരീക്ഷണങ്ങളിലൂടെ പതിറ്റാണ്ടുകള്‍ കടന്നുപോയ നമ്മുടെ അധ്യാപകരുടെ സ്ഥിതി എന്താണ്? ഇപ്പോഴത്തെ അധ്യാപകരിലെ തൊണ്ണൂറ് ശതമാനം പേരും പുതിയ രീതിയിലുള്ള അധ്യാപനത്തിന് സര്‍ഗാത്മകമായി പ്രാപ്തരല്ല തന്നെ. കൊള്ളാവുന്ന ഒന്നോ രണ്ടോ അധ്യാപകരുള്ള സ്‌കൂളുകള്‍ രക്ഷപ്പെടുന്നു, മികവിന്റേയും വ്യത്യസ്തതയുടേയും പേരില്‍ വാര്‍ത്തകളിലിടം പിടിക്കുന്നു. മറ്റുള്ളവരോ? വയറ്റുപ്പിഴപ്പിന്റെ പേരില്‍ പരിഷ്‌ക്കാരങ്ങളുടെ കടുക്കക്കഷായം മോന്തുന്നു. ഒരു മാനസികാരോഗ്യ പരിശോധനക്കു വിധേയമാക്കിയാല്‍ ഭൂരിപക്ഷം പേര്‍ക്കും ചികിത്സ വിധിക്കേണ്ടി വരുമെന്നുറപ്പ്. എത്രയോ പേര്‍ ഇപ്പോള്‍ തന്നെ മനഃശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലാണ്…
പാഠപുസ്തകം പഠിപ്പിക്കുന്നയാളെയല്ല, പാഠപുസ്തകമാകുന്നയാളെയാണ് അധ്യാപകനെന്നു വിളിക്കേണ്ടത്. ഈ നിരീക്ഷണം ഏറ്റവും ബാധകമാകേണ്ട കാലമാണിത്. അറിവിന്റെ അവസാന വാക്കല്ല ഇപ്പോള്‍ അധ്യാപകരും പാഠപുസ്തകങ്ങളും. ഏറ്റവും പുതിയ അറിവ് വിദ്യാര്‍ഥികളുടേയും രക്ഷാകര്‍ത്താക്കളുടേയും വിരല്‍ത്തുമ്പത്തുണ്ടല്ലോ ഇപ്പോള്‍. ആ അറിവുകളില്‍ നിന്ന് വേണ്ടത്, പ്രസക്തമായത് തെരഞ്ഞെടുക്കുന്നതിന്റെ പ്രശ്‌നമേയുള്ളൂ. പക്ഷേ അതാണ് പ്രശ്‌നം.
വിദ്യാര്‍ഥികള്‍ക്കിഷ്ടപ്പെട്ട, മികച്ചവരായി അറിയപ്പെടുന്ന അധ്യാപകരില്‍ മിക്കവരും കൃത്യമായി ക്ലാസില്‍ വരുന്നവരോ പാഠപുസ്തകം മുഴുവന്‍ പഠിപ്പിച്ചു തീര്‍ക്കുന്നവരോ ആയിരുന്നില്ലല്ലോ. എം കെ സാനു, സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍, എം കൃഷ്ണനായര്‍ മുതല്‍ ടി ആറും കല്പറ്റ നാരായണനും വരെയുള്ള അധ്യാപകരുടെ വിദ്യാര്‍ഥികള്‍ സാക്ഷി പറയുമതിന്. ക്ലാസ്മുറിയില്‍ അവര്‍ സൃഷ്ടിച്ച തുറവിയും ക്ലാസ്മുറിക്കു പുറത്ത് തുറന്നിട്ട സൗഹൃദവും അവരെ മികച്ച അധ്യാപകരാക്കി, പ്രിയ ഗുരുനാഥന്മാരും.
പുതിയ കാലത്ത് അധ്യാപകര്‍ ഇവരുടത്ര പോലും ക്ലാസില്‍ പഠിപ്പിക്കേണ്ടതില്ല. താഴ്ന്ന ക്ലാസുകളില്‍ പ്രാഥമികമായ അക്ഷര ജ്ഞാനവും കണക്കും സാമൂഹ്യ വിജ്ഞാനവും നല്‍കുക മാത്രം മതിയാകും. ഉയര്‍ന്ന ക്ലാസുകളില്‍ ഒരു മേല്‍നോട്ടം മാത്രവും. യഥാര്‍ഥത്തില്‍ കൂടുതല്‍ മികച്ച അധ്യാപകര്‍ വേണ്ടത് താഴ്ന്ന ക്ലാസുകളിലാണ്. അവിടെവെച്ചാണ് കുട്ടികളുടെ ജീനിയസ് രൂപപ്പെടുന്നത്. അവിടത്തെ അധ്യാപകര്‍ക്കാണ് കൂടുതല്‍ വേതനവും സേവന വ്യവസ്ഥകളും ലഭിക്കേണ്ടത്. കോളേജ്-സര്‍വ്വകലാശാലാധ്യാപകര്‍ക്ക് കൊടുക്കേണ്ടത് നോക്കുകൂലി മാത്രം. അക്കാദമിക് അന്വേഷണങ്ങളുടെ കയറ്റിറക്കുമതികള്‍ കുട്ടികള്‍ തന്നത്താനാണ് നിര്‍വഹിക്കുന്നത്, നിര്‍വഹിക്കേണ്ടത്.
അങ്ങനെയെങ്കില്‍ പുതിയ കാലത്ത് അധ്യാപകരുടെ റോളെന്താണ്? പാഠപുസ്തകം പഠിപ്പിക്കുകയല്ല തന്നെ. മറിച്ച് സ്വയം പാഠപുസ്തകമാകാന്‍ കഴിവുള്ളവരാരോ, അവരാണ് പുതിയ കാലത്തെ അധ്യാപകര്‍. പുതിയ കാലത്തുണ്ടാകേണ്ട മൂല്യങ്ങളുടെ, ജീവിക്കേണ്ട ജീവിതത്തിന്റെ മാതൃകയാണവര്‍. നാല്പതമ്പതുകളിലെ ദേശീയ പ്രസ്ഥാനവും സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട അധ്യാപകരാവാം സമീപ ഭൂതകാലത്തു നിന്നുള്ള മാതൃകകള്‍. പി ടി ഭാസ്‌കരപ്പണിക്കരുടെ നേതൃത്വത്തിലുള്ള മലബാര്‍ വിദ്യാഭ്യാസ ബോര്‍ഡാവാം അതിന്റെ സംഘടിക മാതൃകാരൂപം.
ലൈബ്രറി കൗണ്‍സിലിന്റെ ഒരു കണക്കെടുപ്പ്, ഏറ്റവും കുറച്ച് വായിക്കുന്ന സാമൂഹ്യ വിഭാഗമായി അധ്യാപകരെ അടയാളപ്പെടുത്തുന്നു. സംശയമുള്ളവര്‍ക്ക് സ്‌കൂളുകളിലേയും കോളേജുകളിലേയും സര്‍വ്വകലാശാലകളിലേയും ലൈബ്രറി രജിസ്റ്ററുകള്‍ പരിശോധിക്കാം. നമ്മുടെ അധ്യാപകരിലെത്ര പേര്‍ക്ക് സ്വന്തമായൊരു ഹോം ലൈബ്രറിയുണ്ടെന്നും അന്വേഷിച്ചറിയാമല്ലോ! ഇന്റര്‍നെറ്റില്‍ ഇവരെന്ത് അന്വേഷിക്കുന്നുവെന്ന്, ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇവരേതു തരം അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്യുക.
മികച്ച അധ്യാപകരെ കേന്ദ്രീകരിച്ചാണ് മികച്ച വിദ്യാഭ്യാസവും സൃഷ്ടിക്കപ്പെടുന്നത് എന്നാണെങ്കില്‍ നാമടിയന്തിരമായി വേണ്ടത് ‘ക്യാച്ച് ദം’ എന്നൊരടിയന്തിര നടപടിക്കൊരുങ്ങുകയാണ്. അധ്യാപകരാവാനുള്ള അഭിരുചി പരീക്ഷയില്‍ നിന്നു തന്നെ അതാരംഭിക്കണം. വായിക്കുകയും ആടുകയും പാടുകയും വരയ്ക്കുകയും ചെയ്യുന്ന, മൂല്യങ്ങളുള്ളവരേയേ അധ്യാപകരാവാന്‍ അനുവദിക്കാവൂ. ഏറ്റവും പുതിയ ബോധന സമ്പ്രദായങ്ങളിലവര്‍ക്ക് പരിശീലനം നല്‍കണം. വരും തലമുറയെ, ഭാവിയിലെ രാഷ്ട്രത്തെ, ശിഷ്ടകാല ജീവകുലത്തെ ഏല്‍പിക്കുകയാണ് നാമവരെ. ആ പരിഗണനയിലുള്ള സേവന-വേതന വ്യവസ്ഥകള്‍ അവര്‍ക്കു നല്‍കണം. എന്നിട്ട് കുട്ടികളേയും അധ്യാപകരേയും അവരുടെ പാട്ടിന് വിടുക. ഇങ്ങനെയാവാം വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വതന്ത്രവും സ്വാശ്രിയതവും തുറന്നതും ഉത്തരവാദിത്തമുള്ളതുമാകുന്നത്.
അതുകൊണ്ട് നമുക്ക് അധ്യാപകരിലേക്ക് തിരിച്ചു വരാം. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി, ലോകത്തിന്റേയും ഭൂമിയുടേയും ഭാവിക്കുവേണ്ടി, ഒരു പ്രൊഫഷണല്‍ ചലഞ്ചുമില്ലാതെ ആര്‍ക്കും ചെയ്യാവുന്ന പണി എന്ന ചീത്തപ്പേരില്‍ നിന്നു മോചിതരാവാന്‍ നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ക്ക് ഒരവസരം നല്‍കാം.

- പാഠഭേദം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>