സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jul 11th, 2018

ലാലിസം…

Share This
Tags

lllവിഷ്ണു വിജയന്‍

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, മോഹന്‍ലാല്‍ ഒരു മികച്ച നടന്‍ തന്നെയായിരുന്നു. മികച്ച നടനെന്ന് വെറുതെ പറഞ്ഞു പോകാവുന്ന വ്യക്തി അല്ല ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ മറ്റൊരാളെ പകരം വെക്കാന്‍ കഴിയാത്ത തരം അഭിനേതാവ്. 1983 – 89 കാലഘട്ടത്തില്‍ അയാള്‍ ചെയ്ത കഥാപാത്രങ്ങളെ മാത്രം ശ്രദ്ധിച്ചാല്‍ മതി അത് തിരിച്ചറിയാന്‍. 147 ന് അടുത്ത് വരും ആ കാലയളവില്‍ മോഹന്‍ലാല്‍ ചെയ്ത സിനിമകളുടെ എണ്ണം, എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. കുറഞ്ഞ കാലയളവില്‍ ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്. അവിടെയാണ് ലാല്‍ എന്ന ‘നടന്റെ’ മികവ് തിരിച്ചറിയാന്‍ ആകുന്നത്. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ തുടങ്ങി കഴിഞ്ഞ
രണ്ടു പതിറ്റാണ്ടിനുള്ളില്‍ മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും മലയാള സിനിമയിലെ ഒരു ഉത്പന്നമായി അയാള്‍ മാറി കഴിഞ്ഞു. ഹൈന്ദവ ദൈവീക പരിവേഷമൊക്കെ ആവാഹിച്ചെടുത്ത് നായര്‍ പ്രമാണിത്വത്തിന്റെ വേരുകള്‍ കേരള സമൂഹത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിലനിര്‍ത്തി പോരാന്‍ മലയാള സിനിമ തെരഞ്ഞെടുത്ത ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് വരിക്കാശ്ശേരി മനയിലെ മോഹന്‍ലാല്‍ എന്ന അഭിനവ തമ്പുരാന്‍. സിനിമയ്ക്ക് പുറത്ത് ചാനല്‍ അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന അമൃതാനന്ദയിലും ഓഷോയിലും ഒക്കെ ഉള്‍ച്ചേര്‍ന്ന മോഹന്‍ലാലിന്റെ ആത്മീയത തുളുമ്പുന്ന ദാര്‍ശനിക ഡയലോഗുകളും. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് പറയുന്ന മറുപടി തനിക്കും ചോദ്യം ചോദിച്ചയാള്‍ക്കും ലോകത്ത് മറ്റാര്‍ക്കും മനസ്സിലാകരുത് എന്ന നിര്‍ബന്ധ ബുദ്ധിയില്‍ പരസ്പര വിരുദ്ധമായി പറഞ്ഞു വെക്കുന്ന, ഒട്ടും തന്നെ കഴമ്പില്ലാത്ത ഫിലോസഫിയില്‍ (?) ചാലിച്ചെടുത്ത ഉത്തരങ്ങളും കൂടി ചേര്‍ന്നതാണ് മോഹന്‍ലാല്‍ എന്ന ബിംബം.
ഒരിക്കല്‍ കൈരളി ചാനലിലെ ജെ.ബി ജംഗ്ഷന്‍ എന്ന പ്രോഗ്രാമില്‍ മോഹന്‍ലാല്‍ വന്നപ്പോള്‍ അമൃതാനന്ദ അയാളെക്കുറിച്ചുള്ള അഭിപ്രായം പറയുന്ന ഒരു ഭാഗമുണ്ടായിരുന്നു, അതില്‍ അവര്‍ പറയുന്ന ശൈലി ‘ഏകദേശം പപ്പു പറയുന്ന പോലൊക്കെ താന്‍ ആരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോടു ചോദിക്ക് എന്ന ലൈനില്‍ അമൃതാനന്ദ സ്‌റ്റൈല്‍ ആത്മീയത പകര്‍ത്തി എടുത്താണ് മോഹന്‍ലാലിന്റെ മേല്‍പ്പറഞ്ഞ അഭിമുഖങ്ങളില്‍ ദാര്‍ശനിക ഗീര്‍വാണങ്ങള്‍ തട്ടിവിടുന്നത്. സംഘപരിവാറിനോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയം സ്വീകരിക്കുക എന്നത് മോഹന്‍ലാലിനെ സംബന്ധിച്ച് അത്രയ്ക്ക് ശ്രമകരമായ കാര്യമൊന്നുമല്ല. അയാളുടെ ചിന്താഗതിയോടും, അയാള്‍ സ്വീകരിച്ചു പോരുന്ന നിലപാടുകളോടും അടുത്ത് നില്‍ക്കുന്ന രാഷ്ട്രീയ സംഹിതയൊട് സ്വഭാവികമായും ചേര്‍ന്ന് നില്‍ക്കുന്നു അത്രമാത്രം. ജെ.എന്‍.യു, നോട്ട് നിരോധനം തുടങ്ങി പല വിഷയങ്ങളിലും അയാള്‍ സ്വീകരിച്ച നിലപാടുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
ആദ്യം പറഞ്ഞതുപോലെ രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ അയാള്‍ സ്വഭാവികമായും മികച്ച നടന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോളത് സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച് നിലനിര്‍ത്തി പോരാനുള്ള തീവ്ര ശ്രമത്തിലാണ് അയാളും, അയാളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകളും.
ഇതില്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങി സ്വന്തം സിനിമ വിജയിപ്പിക്കാനായി നിലനിര്‍ത്തി പോരുന്ന ഫാന്‍സ് അസോസിയേഷന്‍ വരെ ഉള്‍പ്പെടും. ഇന്ത്യയില്‍ തന്നെ ഒരുപക്ഷെ നിലവില്‍ ഏറ്റവും ശക്തമായ താരസംഘടന മോഹന്‍ലാലിന്റേതായിരിക്കും. അധികാരത്തില്‍ ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ വീട് കത്തിക്കുമെന്നൊക്കെ ഭീക്ഷണി മുഴക്കണമെങ്കില്‍ എത്രമാത്രം ഭീകരമാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് തിരിച്ചറിയണം. യാതൊരു യുക്തിബോധവും തലയില്‍ ഇല്ലാത്ത ഇതേ ഭക്തരാണ് മോഹന്‍ലാല്‍ എന്ന ഉത്പന്നം ഇത്ര വിജയകരമായി മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന ഇടനിലക്കാരും.
അതേ ഭക്തരെ നോക്കി കാണുന്ന പോലെയാണ് അയാള്‍ മുഴുവന്‍ സമൂഹത്തെ നോക്കി കാണുന്നത്. താന്‍ ഈ സമൂഹത്തിന്റെ എന്തൊക്കെയോ തേങ്ങയാണെന്ന തെറ്റിദ്ധാരണയില്‍ നിന്നുകൊണ്ടാണ്, പൊതു വിഷയങ്ങളിലും, സിനിമയെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും അയാള്‍ പ്രതികരിക്കുന്ന രീതി. ഫാന്‍സ് അസോസിയേഷന്‍ മീറ്റിംഗില്‍ സംസാരിക്കുന്ന പോലെ പ്രസ്സ് മീറ്റില്‍ സംസാരിക്കേണ്ടി വരുന്നതും അതേ ബോധത്തില്‍ നിന്നാണ്. ഇരയ്‌ക്കൊപ്പം നിന്ന് വേട്ടക്കാരനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഉടായിപ്പുകള്‍ നമ്മള്‍ ട്രോളി നടക്കുമ്പോള്‍ മറുവശത്ത് കണ്‍കണ്ട ദൈവത്തിന്റെ വിശാല മനസ്സിനെ വാഴ്ത്തി പടുകൂറ്റന്‍ കട്ട് ഔട്ടര്‍ വെച്ചിട്ടുണ്ടാകും ഭക്തര്‍. പറയുമ്പോള്‍ എല്ലാം പറയണമല്ലോ മോഹന്‍ലാല്‍ ഇപ്പോഴും മികച്ച നടന്‍ തന്നെയാണ് ജീവിതത്തില്‍ എന്നു മാത്രം….

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>