സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jul 9th, 2018

സിനിമാ – സീരിയലുകള്‍ കുടുംബങ്ങളല്ല, തൊഴിലിടങ്ങളാണ്, ആകണം

Share This
Tags

UUU

ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും സ്ത്രീകള്‍ പല രീതിയിലും പീഡിപ്പിക്കപ്പെടാത്ത തൊഴില്‍ മേഖലകളില്ല എന്നുറപ്പ്. മിക്കവാറും സംഭവങ്ങള്‍ അവിടങ്ങലില്‍തന്നെ ഒതുങ്ങിപോകാറാണ് പതിവ്. വല്ലപ്പോഴുമാണ് ചില സ്ത്രീകളെങ്കിലും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുക. ഗ്ലാമര്‍ മേഖലകളായ സിനിമ – ടി വി രംഗവും വ്യത്യസ്ഥമല്ല. ഈ മേഖലകളെ തൊഴില്‍ മേഖലകളായി പോലും പൊതുവില്‍ കാണുന്നില്ല എന്നതാണ് കൗതുകകരം. ഞങ്ങളൊരു കുടുംബമാണെന്ന അമ്മ സംഘടനാ ഭാരവാഹികളുടെ വാക്കുകള്‍ സ്ഥിരമായി കേള്‍ക്കാറുള്ളതാണല്ലോ. എന്നാല്‍ നടി പീഡിപ്പിക്കപ്പെട്ട സംഭവവും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളും മൂലം സിനിമാ മേഖലയും തൊഴില്‍ മേഖലയാണെന്നും തൊഴില്‍ മേഖലകള്‍ക്കു ബാധകമായ നിയമങ്ങളെല്ലാം അവിടേയും നടപ്പാക്കണമെന്നുമുള്ള അവബോധം ശക്തമായിട്ടുണ്ട്. തികച്ചും സ്വാഗതാര്‍ഹ്ം.
സമാനമാണ് ടെലിവിഷന്‍ രംഗവും. അവിടേയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. എന്നാല്‍ ഒരിക്കലുമവ പുറത്തു വരാറില്ല. സിനിമാ രംഗത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാകണം ഉപ്പും മുളകും സീരിയലിലെ പ്രമുഖനടി നിഷ താനനുഭവിക്കുന്ന പീഢനങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായിരിക്കുന്നത്. അവരെ നിരുപാധികം പിന്തുണക്കാനാണ് കേരളം ഇന്നു തയ്യാറാകേണ്ടത്. സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും തനിക്കുണ്ടായ എന്നാല്‍ മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്. സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായും അവര്‍ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു.
ചലച്ചിത്ര – സീരിയല്‍ വ്യവസായ രംഗത്തെ തൊഴിലിടമായി കണ്ട്, സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണല്‍ കംപ്ലൈന്റ്സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കാന്‍ ഇനിയും വൈകിക്കൂട. സിനിമാരംഗത്തെ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തി മാസങ്ങളായെങ്കിലും റിപ്പോര്‍ട്ട് വന്നിട്ടില്ല. അതുടനെ തയ്യാറാവണം. മാത്രമല്ല സ്ത്രീകള്‍ക്കെതിരെ ജോലിസ്ഥലത്തെ ലൈംഗിക പീഡന (തടയലും, നിരോധനവും പരിഹാരവും) നിയമം, 2013 (കേന്ദ്ര നിയമം 14, 2013) കൃത്യമായി നടപ്പാക്കണം. അതനുസരിച്ച് ലൈംഗിക പീഡനം എന്നാല്‍ ശരീര സ്പര്‍ശങ്ങളും നീക്കങ്ങളും, ലൈംഗിക ആനുകൂല്യങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന, ലൈംഗികച്ചുവയുള്ള പ്രസ്താവനകള്‍, അശ്ലീല ചിത്രങ്ങള്‍ കാണിക്കല്‍, ലൈംഗിക സ്വഭാവമുള്ള സ്വാഗതാര്‍ഹമല്ലാത്ത ശാരീരികമോ വാചികമോ അവാചികമോ ആയ പെരുമാറ്റം എന്നിവയെല്ലാം ഉള്‍പ്പെടും. ഇതെല്ലാം സ്വാഭാവിക കാര്യങ്ങളായാണല്ലോ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. ആ അവസ്ഥ മാറണം. സ്ത്രീകള്‍ക്ക് അന്തസ്സ് ലഭിക്കണം. മറ്റു തൊഴില്‍ മേഖലകളെ പോലെ ഇവിടേയും ഇന്റേണല്‍ കംപ്ലെയ്ന്റ്സ് കമ്മിറ്റി & ലോക്കല്‍ കംപ്ലയിന്‍സ് കമ്മിറ്റി നിലവില്‍ വരണം. പ്രിസൈഡിങ്ങ് ഓഫീസറായി മുതിര്‍ന്ന തലത്തിലുള്ള വനിതാ ജീവനക്കാരി , വനിതകളുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധരും, നിയമത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും അനുഭവസമ്പന്നരുമായ രണ്ടു വനിതകള്‍, സര്‍ക്കാരേതര സംഘടനയില്‍ നിന്നുള്ള ഒരു പ്രതിനിധി എന്നിവരടങ്ങിയതാകണം ഈ കമ്മിറ്റി. കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളെല്ലാം നിയമത്തില്‍ വിശദമായി തന്നെ പറയുന്നുണ്ട്. ഔപചാരികവും രേഖാമൂലമായ എല്ലാ ലൈംഗിക പീഡന പരാതികളും അന്വേഷിക്കാനും തെളിയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളില്‍മേല്‍ ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കാനും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്യാനും ഈ കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. കമ്മിറ്റിയുടെ ശുപാര്‍ശ ലഭിച്ചാല്‍ 60 ദിവസത്തിനകം തൊഴില്‍ ഉടമയോ ജില്ലാ ഓഫീസറോ നടപടി സ്വീകരിക്കേണ്ടതാണ്. തൊഴിലുടമകള്‍ക്കാകട്ടെ ജോലി സ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമുണ്ട്. അതനുസരിച്ച് ഈ വിഷയത്തില്‍ ചാനലുടമകള്‍ക്കും ഉത്തരവാദിത്തമുണ്ട്. സിനിമാ – സീരിയല്‍ മേഖലകളിലും ഇതെല്ലാം കര്‍ശനമായി നടപ്പാക്കണമന്നാണ് പുറത്തുവരുന്ന സംഭവങ്ങള്‍ ആവശ്യപ്പെടുന്നത്. അതിനായി അമ്മ, കുടുംബം എന്നൊക്കെയുള്ള വൈകാരിക സമീപനം മാറ്റുകയും തൊഴില്‍ മേഖലയെ തൊവില്‍ മേഖലയായിതന്നെ കാണാന്‍ തയ്യാറാകണം. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ട പോലെ നിഷയുടെ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാരും വനിതാ കമ്മീഷനുമൊക്കെ തയ്യാറാകുകയും വേണം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>