സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jul 6th, 2018

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: സാമ്പത്തിക ബാദ്ധ്യത ജനങ്ങള്‍ക്കുമേല്‍ കെട്ടിവെയ്ക്കാനുള്ള ചെപ്പടിവിദ്യ

Share This
Tags

ppp

എസ് യു സി ഐ

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനെന്ന പേരില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പദ്ധതി അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും കഴിഞ്ഞ രണ്ട് വര്‍ഷമായി വലിയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രവാസികള്‍, പിടിഎ, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍ തുടങ്ങി ചില സംഘടനകളും വ്യക്തികളും സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്നാണ് പ്രചാരണം. സര്‍ക്കാരാകട്ടെ അവയെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കുമെന്നാണവകാശപ്പെടുന്നത്.
സ്‌കൂള്‍ ആകര്‍ഷകമാക്കിമാറ്റുന്നതിന് വേണ്ടി ചില എംഎല്‍മാര്‍ മുന്‍കൈയെടുത്ത് സ്വന്തം മണ്ഡലത്തിലെ സ്‌കൂളുകളില്‍ ചില പ്രത്യേക പരിപാടികളും നടത്തിവരുന്നുണ്ട്. ചില സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ മോടി പിടിപ്പിക്കാനും വര്‍ണ്ണാഭമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ രൂപികരിച്ചിരിക്കുന്ന വിദ്യാലയവികസന സമിതികളുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
2019 ല്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തില്‍ ആകുമെന്നും തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം അന്തര്‍ദ്ദേശീയ നിലവാരത്തിലെത്തുമെന്നുമാണ് മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അവകാശവാദം. സര്‍ക്കാരിന്റെ യാതൊരു സഹായവും കൂടാതെ പല സ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടുകാരുടെ മുന്‍കൈയ്യില്‍ തന്നെ ഒരുക്കപ്പെട്ടിരിക്കുന്നത് വലിയ നേട്ടമായും അവതരിപ്പിക്കുകയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ സ്‌കുളുവീതം ഹൈടെക്ക് ആക്കിമാറ്റുന്നതിനായി കോടിക്കണക്കിന് രൂപാ വീതം അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ (മാര്‍ച്ച് 22) പറഞ്ഞത്. വിദ്യാഭ്യാസമേഖല പാര്‍ശ്വവത്കരിക്കപ്പെടാതെ സൂക്ഷിക്കലും മതനിരപേക്ഷ വിദ്യാഭ്യാസം കാത്തുപുലര്‍ത്തലും സംരക്ഷണ യജ്ഞത്തിന്റെ പ്രഖ്യാപിത ലക്ഷ്യമത്രേ.
എന്നാല്‍, പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപാ ചെലവഴിച്ച് പരസ്യം നല്‍കിക്കൊണ്ട് വലിയ കൊട്ടിഘോഷത്തോടെ അവതരിപ്പിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെയ്ക്കുന്നതെന്തെന്ന് പരിശോധിക്കാം.
നമ്മുടെ പൊതുവിദ്യാലയങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലെത്തിക്കാനെന്ന പേരില്‍ നിലവിലുളള 12,400 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 1000 സ്‌കൂളുകളെ മാത്രം തെരഞ്ഞെടുത്ത് ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതിയെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന് വിശേഷിപ്പിക്കുന്നത്. 4775 ഹൈസ്‌കൂള്‍/ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ സ്‌കൂളുകളിലെ 45,000 ക്ലാസ്സുമുറികളെ ഹൈടെക്ക് ആക്കാനാണ് പദ്ധതിയെന്നാണ് പ്രചാരണം. ഹരിതം, ആര്‍ദ്രം, പാര്‍പ്പിടമിഷന്‍ എന്നീ പരിപാടികള്‍ പോലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
സ്‌കൂള്‍ വികസനത്തിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നതല്ല. അടിസ്ഥാന സൗകര്യവികസനമുള്‍പ്പെടെയുള്ളവയ്ക്ക് സംസ്ഥാന ബജറ്റില്‍ കുറച്ച് കോടികള്‍ വകയിരുത്തിയതായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അപ്പോള്‍ ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പണം ഏവിടെ നിന്നാണ് കണ്ടെത്തുന്നത്? കേന്ദ്ര എസ്എസ്എ/ ആര്‍എംഎസ്എ ഫണ്ടാണ് അതിലൊന്ന്. കേന്ദ്ര എസ്എസ്എ ഫണ്ടിന്റെ ബാക്കിയും ആര്‍എംഎസ്എ പദ്ധതിക്കുവേണ്ടിയുള്ള കേന്ദ്ര വിഹിതവും ഉപയോഗിച്ച് ചില ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഓരോ സ്‌കൂളിനും ഓരോ ലാപ്ടോപ്പ്/കമ്പ്യുട്ടര്‍ വാങ്ങി നല്‍കുകയും ചില ക്ലാസ്സുറുമുകളില്‍ ടൈല്‍സ് ഒട്ടിക്കുകയും ചെയ്യുന്നതോടെ അവസാനിക്കുന്നതാണ് ഈ പദ്ധതി. (ലാപ്ടോപ്പ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി കഴിഞ്ഞ തവണ തന്നെ പുറത്ത് വന്നതാണ്)
പരിമിതമായ ഈ ഫണ്ട് ഏതാനും നാളുകള്‍ക്കകം തന്നെ തീരുമ്പോള്‍ സ്‌കൂളുകളുടെ തുടര്‍നിലനില്‍പ്പിന് ഫണ്ട് എങ്ങനെ കണ്ടെത്തും? സ്‌കൂളുകളില്‍ മിനുസമുള്ള ടൈല്‍ പാകുകയും ഡിജിറ്റല്‍ രൂപത്തില്‍ അക്ഷരങ്ങള്‍ ചില ക്ലാസ്സുറൂമുകളില്‍ തെളിയും ചെയ്യുന്നതോടെ നമ്മുടെ വിദ്യാഭ്യാസം അന്തര്‍ദ്ദേശീയമായതായി പാവം രക്ഷിതാക്കള്‍ കരുതണമെന്നാണോ? എയ്ഡഡ് സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി യാതൊരുവിധ ഫണ്ടും ലഭ്യമാക്കില്ല. പിടിഎ വഴി ഫണ്ട് കണ്ടെത്തി എയ്ഡഡ് സ്‌കൂളുകള്‍ നിലനില്‍ക്കണമെന്നാണ് പറയുന്നത്.

വ്യാപകമായ പണപ്പിരിവാണ് സ്‌കൂള്‍ സംരക്ഷണത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ നടത്തിപ്പിനാവശ്യമായ ഫണ്ട് ജനങ്ങള്‍ തന്നെ നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ പണപ്പിരിവിന് തുടക്കം കുറിച്ചത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ഭീഷണിയും അന്നുണ്ടായി. സ്‌കൂള്‍ നടത്താന്‍ പിടിഎ കമ്മിറ്റികളും, പൂര്‍വ്വവിദ്യാര്‍ത്ഥികളും, ജീവകാരുണ്യപ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കണമെന്ന ആഹ്വാനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്നത്. തദ്ദേശസ്ഥസ്ഥാപനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനകള്‍, പിടിഎകള്‍, പ്രവാസികള്‍, കമ്പനികളുടെ ഫണ്ടുകള്‍ എന്നിവ സമന്വയിപ്പിച്ചാണ് വിദ്യാഭ്യാസ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അധികമൂലധനം സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്‌കൂളുകളില്‍ വിദ്യാലയ വികസന സമിതികളെ ഉപയോഗപ്പെടുത്തി വിഭവങ്ങള്‍ കണ്ടെത്തിയാണ് സ്‌കൂള്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

അപ്പോള്‍, പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് പ്രാദേശികമായി സമാഹരിക്കുക എന്ന കാഴ്ചപ്പാട് ആദ്യം അവതരിപ്പിച്ച ഡിപിഇപി-എസ്എസ്എ പദ്ധതികളുടെ കൃത്യമായ നടപ്പിലാക്കലെന്നോണം സ്‌കൂള്‍ സംരക്ഷണ ചുമതല ജനങ്ങളുടെ ഉത്തരവാദിത്തമാക്കി മാറ്റിയിരിക്കുന്നു. അങ്ങനെ നികുതി കൊടുക്കുന്ന ജനങ്ങളുടെ മേല്‍ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൂടി കെട്ടിവെയ്ക്കാനുള്ള തട്ടിപ്പ് പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് വ്യക്തമാകുന്നു.
എന്നാല്‍, അതേസമയം, ഫണ്ട് സമാഹരിക്കാന്‍ കഴിയാത്ത വിദ്യാലയങ്ങള്‍ അനാദായകരമെന്ന പേരില്‍ സ്വഭാവിക മരണത്തിന് കീഴടങ്ങേണ്ടിവരും. ആയിരം സ്‌കൂളുകളെ അന്തര്‍ദ്ദേശീയ നിലവാരത്തിലെത്തിക്കുമെന്ന് പറയുമ്പോള്‍ ബാക്കി 11,400 സ്‌കൂളുകളുടെ കാര്യം സര്‍ക്കാര്‍ മിണ്ടുന്നില്ല. 5,537 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഇതിനകം അണ്‍-എക്കണോമിക്ക് പട്ടികയില്‍പ്പെട്ട് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ആ സ്‌കൂളൂകള്‍ക്ക് സഹായം നല്‍കാനുള്ള ഒരു പദ്ധതിയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പകരം നടക്കാവ് സ്‌കൂള്‍ മാതൃക സ്വീകരിക്കാനുള്ള ആഹ്വാനം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതിനര്‍ത്ഥം സ്‌കൂള്‍ നിലനില്‍ക്കണമെങ്കില്‍ അത് പൊതുജനങ്ങളുടെ സഹായത്തോടെ വിഭവങ്ങള്‍ കണ്ടെത്തി നിലനില്‍ക്കണമെന്നാണ്. പൊതുവിദ്യാലയങ്ങളുടെ സാമ്പത്തിക ചുമതല കൈയൊഴിയുകയെന്ന ആഗോളീകരണ നയം വിദഗ്ധമായി നടപ്പാക്കുകയാണ് ഇതിന്റെയെല്ലാം മറവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ നിലനിന്ന ഐറ്റി അറ്റ് സ്‌കൂളിനെ കമ്പനിയാക്കി മാറ്റിയതിന് ശേഷം കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍(കൈറ്റ്) ആണ് ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്തി ക്ലാസ്സെടുക്കുന്നതിനുള്ള സമഗ്ര വെബ്പോര്‍ട്ടലും മൊബൈല്‍ ആപ്പും തയ്യാറാക്കിയിരിക്കുന്നത്. അവര്‍ തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയറില്‍ ഉപയോഗിക്കുന്ന പ്രോഗ്രാം അദ്ധ്യാപകര്‍ക്ക് ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് സഹായകമായിട്ടുള്ളതല്ലായെന്ന വിമര്‍ശനം വന്നുകഴിഞ്ഞു.
വലിയ പ്രചാരണങ്ങളുടെയും, അദ്ധ്യാപകരും പൊതുസമൂഹവും വിയര്‍പ്പൊഴുക്കിയതിന്റെയും ഫലമായും, സ്വകാര്യസ്‌കൂളുകളിലെ ചെലവുകള്‍ താങ്ങാനാവാത്തതാണ് എന്നതിനാലും ഈ വര്‍ഷം കുറച്ച് കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളിലേയ്ക്ക് വന്നിട്ടുണ്ടെന്നത് ശരി തന്നെ. അതിനെ വിദ്യാഭ്യാസ നിലവാരമുയര്‍ന്നതിന്റെ സൂചനയായി കാണാനാവുമോ? പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തെ തകര്‍ത്ത ഡിപിഇപി, എസ്എസ്എ, ആര്‍എംഎസ്എ പാഠ്യപദ്ധതികള്‍ പിന്‍വലിച്ചുകൊണ്ട് അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള പാഠ്യപദ്ധതിയും പഠനരീതികളും നടപ്പിലാക്കുകല്ലേ ചെയ്യേണ്ടത്?
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, തന്റെ കവിത സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത് കുഞ്ഞുങ്ങള്‍ക്ക് എഴുത്തും വായനയുമറിയാത്ത പാശ്ചത്തലത്തിലാണ്. ഡിപിഇപി പദ്ധതിയില്‍ തുടങ്ങിയ പരിഷ്‌കാരങ്ങളുടെ പരിണിതഫലമായി ഇന്ന് അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കുപോലും ഭാഷയില്‍ വേണ്ടത്ര അവഗാഹമുണ്ടാകുന്നില്ലായെന്നതാണ് അവസ്ഥ. ഡിപിഇപി പദ്ധതിയെ വിശകലനം ചെയ്തുകൊണ്ട് 1998 സെപ്തംബറില്‍ എഐഡിഎസ്ഒ പുറത്തിറക്കിയ ഡിപിഇപി എന്ത്, എന്തിന് എന്ന പുസ്തകത്തില്‍ അക്കമിട്ടുപറഞ്ഞ മുന്നറിയിപ്പുകള്‍ അക്ഷരം പ്രതി ശരിയെന്ന് തെളിയിക്കുന്നതാണ് കവിയുടെ വിമര്‍ശനം.
നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസം നിലവാരമാര്‍ജ്ജിക്കണമെങ്കില്‍ പ്രാഥമിക തലം മുതള്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ കൈകൊള്ളുകയാണ് ആദ്യം വേണ്ടത്. എഴുത്തിലും വായനയിലും ഗണിതത്തിലും അവശ്യനിലവാരം ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ലായെന്ന അടിസ്ഥാനപ്രശ്നം നിലനില്‍ക്കുകയാണ്. അഞ്ചാം ക്ലാസ്സിലെ 37 ശതമാനം കുട്ടികള്‍ക്കും രണ്ടാം ക്ലാസ്സിലെ മലയാളപാഠഭാഗങ്ങള്‍ പോലും വായിക്കാനറിയില്ലെന്ന ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ പഠന റിപ്പോര്‍ട്ട് (അസര്‍ റിപ്പോര്‍ട്ട് 2016) കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരമെന്തെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് പരിഹാരം ഉണ്ടാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് മാത്രമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പാഠഭാഗങ്ങളുടെ ഉള്ളടക്കം വെട്ടിക്കുറയ്ക്കാനും മാറ്റിയെഴുതാനുമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. പാഠ്യപദ്ധതിയിലും ബോധനരീതിയിലും കാര്യമായ അഴിച്ചുപണികള്‍ നടത്താതെ, വിദ്യാഭ്യാസ നിലവാരം ഉയരില്ലായെന്ന വസ്തുത മറച്ചുപിടിക്കാനാണ് എസ്സിഇആര്‍ടിയും പൊതുവിദ്യാഭ്യാസവകുപ്പും ‘മലയാളത്തിളക്കം’ പോലെ ചില പരിപാടികള്‍ കൊണ്ടുവന്നത്.
എട്ടാം ക്ലാസ്സുവരെ ജയം-തോല്‍വി സമ്പ്രദായം ഇല്ലാതാക്കികൊണ്ട് നടപ്പാക്കിയ ആള്‍ പ്രമോഷന്‍ സമ്പ്രദായമാണ് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയ്ക്ക് മറ്റൊരു കാരണം. ഓരോ ക്ലാസ്സിലും വിദ്യാര്‍ത്ഥി നിശ്ചിത അറിവ് ആര്‍ജ്ജിക്കണമെന്നതും അതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ്സ് കയറ്റം നല്‍കേണ്ടതെന്നതും ബോധനശാസ്ത്രത്തിന്റെ അടിസ്ഥാന ധാരണയാണ്. എന്നാല്‍ ഭാഷയുടെയും ഗണിതത്തിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനമുറയ്ക്കാത്തവര്‍ക്കും ക്ലാസ്സ്‌കയറ്റം നല്‍കുന്ന തലതിരിഞ്ഞ സമീപനം വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുമെന്നത് ഇന്ത്യയെമ്പാടുമുള്ള അനുഭവമാണ്. കുട്ടികള്‍ക്ക് ക്ലാസ്സ്‌കയറ്റംനല്‍കി വിടുന്നതാണ് ലാഭകരമെന്നും മെരിറ്റ് അടിസ്ഥാനത്തില്‍ മാത്രം സ്ഥാനക്കയറ്റം നല്‍കുന്നത് കുട്ടിയൊന്നുക്കുള്ള ചെലവ് വര്‍ദ്ധിപ്പിക്കുമെന്നുമുള്ള ലോകബാങ്ക് കാഴ്ചപ്പാടാണ് ആള്‍ പ്രമോഷന്‍ സമ്പ്രദായത്തിന്റെ അടിസ്ഥാനം. ആള്‍ പ്രമോഷന്‍ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് കുട്ടികളെ പഠിപ്പിച്ച് ജയിപ്പിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം.
ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ദേശീയതലത്തില്‍ തന്നെ ആള്‍ പ്രമോഷന്‍ സമ്പ്രദായം നടപ്പിലാക്കിയതോടെ വിവിധ സംസ്ഥാനങ്ങളില്‍ എഐഡിഎസ്ഒ യുടെയും സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്നേഹികളും രക്ഷിതാക്കളും ആള്‍ പ്രമോഷന്‍ സമ്പ്രദായത്തിനെതിരെ രംഗത്തുവരികയുണ്ടായി. തുടര്‍ന്ന് ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോള്‍, കേരളത്തിലെ യുഡിഎഫ് ഗവണ്‍മെന്റിന് ആള്‍ പ്രമോഷന്‍ തുടരേണ്ടതില്ലായെന്ന നിലപാട് കേന്ദ്രത്തെ എഴുതി അറിയിക്കേണ്ടിവന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാര്‍ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി കുടുംബാന്തരീക്ഷവും അദ്ധ്യാപകരുടെ ആത്മാര്‍ത്ഥയില്ലായ്മയുമാണ് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമെന്ന വിചിത്രമായ വാദം മുന്നോട്ടുവയ്ക്കുകയും് ആള്‍ പ്രമോഷന്‍ സമ്പ്രദായം തുടരാന്‍ തീരുമാനിക്കുകയുമാണുണ്ടായത്.
അടിസ്ഥാനപരമായ കാര്യങ്ങളില്‍ ശരിയായ നയം പുന:സ്ഥാപിക്കാതെ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാനാവില്ലെന്ന കാര്യം ഒരിക്കല്‍ കൂടി ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. തട്ടിപ്പുവിദ്യകള്‍ക്കും യജ്ഞങ്ങള്‍ക്കും പരിഹരിക്കാവുന്നതിനപ്പുറമാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലായെന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>