സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jul 4th, 2018

സീതാകാളി – സ്ത്രീഉയിര്‍പ്പിന്റെ ജ്വാലാമുഖം.

Share This
Tags

[053840]പി. സലിംരാജ്

സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും കറുത്തതും ഭീകരവുമായ കാലം ഏതാണെന്നുചോദിച്ചാല്‍ അതിന് ഒരേയൊരു ഉത്തരമേയുള്ളു. 1975ലെ അടിയന്തിരാവസ്ഥ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിയ്‌ക്കെ അടിയന്തിരാവസ്ഥയുടെ ഇരയായി
ഭീകരമായ ലോക്കപ്പ് മര്‍ദ്ദനത്തിനും, ജയില്‍വാസത്തിനും വിധേയമാക്കപ്പെട്ട ആളാണ് എഴുത്തുകാരനും, നാടകപ്രവര്‍ത്തകനും, ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപ്. അടിയന്തരാവസ്ഥയില്‍ സ്‌ക്കൂള്‍ ലീഡറും, എസ്.എഫ്.ഐ. ജില്ലാകമ്മറ്റിയില്‍ അംഗവുമായിരുന്ന ശ്രീപ്രതാപ് അടിയന്തിരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ പീഢനമനുഭവിയ്‌ക്കേണ്ടിവന്ന ഇന്ത്യയിലെതന്നെ ഏറ്റവും പ്രായംകുറഞ്ഞ അടിയന്തിരാവസ്ഥാ തടവുകാരനായിരിയ്ക്കും. ഈ പീഢിതാനുഭവവും, അനേകവര്‍ഷം നീണ്ടുനിന്ന ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുഭവസ്രോതസ്സുകളുമാണ് ശ്രീപ്രതാപിലെ എഴുത്തുകാരന്റെയും, ചലച്ചിത്രസംവിധായകന്റെയും അങ്കത്തറ. കലാപ്രവര്‍ത്തനം സംവാദവും പോരാട്ടവുമാണെന്നാണ് അദ്ദേഹം വിശ്വസിയ്ക്കുന്നത്. ആ അര്‍ത്ഥത്തില്‍ കലാപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്ന് അദ്ദേഹം പറയുന്നു.
സമീപകാലത്ത് റിലീസ് ചെയ്ത ശ്രീപ്രതാപിന്റെ ‘സീതാകാളി’ എന്ന ചലച്ചിത്രം ആ നിലയില്‍ത്തന്നെ വിലയിരുത്തപ്പെടേണ്ടതാണ്. പ്രാഥമികമായി സീതാകാളി ഒരുസ്ത്രീപക്ഷസിനിമയാണ്. എന്നാല്‍ സ്ത്രീകള്‍ക്കുനേരെ വിവരണാതീതമായ പീഢനങ്ങള്‍ നടക്കുന്ന ഈ കാലത്ത് അതിനെതിരെ വിരല്‍ചൂണ്ടുന്ന സിനിമ എന്ന് സീതാകാളിയെ വിശേഷിപ്പിച്ചാല്‍ അതൊരു സാമാന്യവല്‍ക്കരണം മാത്രമായിരിയ്ക്കും. അതിനപ്പുറം ആഴമുള്ള സാമൂഹ്യചിന്തകളിലേയ്ക്കാണ് ഈ ചിത്രം കൂട്ടിക്കൊണ്ടുപോകുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ പത്തിലേറെ പുസ്തകങ്ങള്‍ ശ്രീപ്രതാപിന്റെതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ രണ്ടെണ്ണം കേരളസാഹിത്യഅക്കാദമിയാണ്
പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. അടിയന്തരാവസ്ഥയുടെ തൊട്ടകാലത്തുതന്നെ എഴുതിയ കലിയാട്ടം എന്ന നാടകം ആദ്യ അവതരണത്തില്‍ തന്നെ മൂന്ന് അവാര്‍ഡുകള്‍ നേടുകയും, കേരളത്തിലെ അമേച്വര്‍ നാടകരംഗത്ത് വലിയ തരംഗമാവുകയും ചെയ്തു. രാഷ്ട്രീയത്തിലും, കലാപ്രവര്‍ത്തനത്തിലും നിന്നുനേടിയ വിപുലമായ അനുഭവസമ്പത്താണ് ശ്രീപ്രതാപ് എന്ന ചലച്ചിത്ര സംവിധായകന്റെയും കരുത്താകുന്നത്. അതിന്റെ ഏറ്റവും സുവ്യക്തമായ ഉദാഹരണമാണ് സീതാകാളി എന്ന സിനിമ. ഒന്നരവര്‍ഷംമുമ്പ് ചിത്രീകരണമാരംഭിച്ച സീതാകാളി, വന്ദനശിവറാം എന്ന ചലച്ചിത്ര നടിയുടെ ദുരന്തവും അതിനെതിയെയുള്ള അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും വിഷയമാക്കുന്നു. സമീപകാലത്ത് നടന്ന ചലച്ചിത്രനടിയുടെ
സംഭവവുമായി ഇതിന് അത്ഭുതകരമായ സാമ്യമുണ്ട്. തനിക്ക് വഴങ്ങാത്ത കുയിലമ്മ എന്ന ആദിവാസിയുവതിയെ ക്വട്ടേഷന്‍ കൊടുത്ത് മാനഭംഗപ്പെടുത്തുന്ന നമ്പ്യാര്‍ എന്ന നാട്ടുപ്രമാണിയെ ഈ ചിത്രത്തില്‍കാണാം. ഒരു പെണ്ണിനെ നേര്‍ബോധത്തോടെ ബലാല്‍സംഘം ചെയ്യാന്‍പോലും ധൈര്യമില്ലാത്ത ചെറ്റകള്‍ എന്ന് സീതാകാളിയിലെ നായിക വന്ദനശിവറാം തന്നെ മയക്കുമരുന്നുനല്‍കി പീഢനത്തിന് വിധേയമാക്കിയ ചലച്ചിത്ര സംവിധായകന്റെയും, പ്രൊഡ്യൂസറുടെയും മുഖത്ത് കാറിത്തുപ്പുമ്പോള്‍ അത് ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിയ്ക്കുന്ന ഒന്നുതന്നെയാണല്ലോ എന്ന് പ്രേക്ഷകര്‍ക്ക് അത്ഭുതപ്പെടാതെ വയ്യ!
എല്ലാവിധത്തിലും സ്ത്രീവിരുദ്ധമായ ഒരുകാലത്താണ് നമ്മള്‍ ജീവിയ്ക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാര്യ, കാമുകി, കലാകാരി എന്നൊക്കെയുള്ള, വിവിധ നാട്യങ്ങളില്‍ സ്ത്രീവേട്ടയാടപ്പെടുന്നത് നമ്മുടെ നിത്യയാഥാര്‍ത്ഥ്യമാണ്. ഇതിനെല്ലാമെതിരെയുള്ള ചോദ്യങ്ങള്‍ ഈ സിനിമയില്‍ ഉയര്‍ന്നുവരുന്നുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി വാദിയ്ക്കുന്നു എന്ന നാട്യത്തില്‍ പുറത്തുവരുന്ന സിനിമയടക്കമുള്ള വിവിധ മാധ്യമങ്ങളും സ്ത്രീത്വത്തെ കച്ചവടം ചെയ്യുകയാണെന്ന് സീതാകാളി തുറന്നടിയ്ക്കുന്നു. മുഖംമൂടികള്‍ വലിച്ചുമാറ്റിയാല്‍ മൂലധനത്തിന്റെ അറയ്പ്പിക്കുന്ന ലാഭതാല്‍പര്യങ്ങള്‍ തന്നെയാണ് കോമ്പല്ലുകള്‍ നീട്ടുന്നത്. ആ അര്‍ത്ഥത്തിലാണ്, ഫുലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയ ബാന്‍ഡിറ്റ് ക്വീന്‍ സിനിമയെ ഈ ചിത്രത്തില്‍ വിമര്‍ശിക്കുന്നത്. വന്ദനശിവറാം എന്ന ചലച്ചിത്രനടിയും, അവള്‍ അഭിനയിക്കുന്ന കുയിലമ്മ എന്ന സിനിമയും – അങ്ങിനെ സിനിയ്ക്കുള്ളിലെ സിനിമ എന്ന രീതിയിലാണ് സീതാകാളി രൂപകല്‍പ്പനചെയ്തിരിയ്ക്കുന്നത്. എന്നാല്‍ രണ്ടു ജീവിതത്തിലും അവള്‍ പീഢിപ്പിക്കപ്പെടുകയാണ്. ഒപ്പം അവള്‍ അഭിനയിച്ച കഥാപാത്രത്തെപ്പോലെത്തന്നെ വന്ദനാശിവറാം എന്ന ചലച്ചിത്ര നടിയും പ്രതികാരശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.
മണ്ണും പെണ്ണും ഒരുപോലെയാണെന്നും, രണ്ടും ക്രൂരമായ അക്രമങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയുമാണെന്നും ചിത്രം സൂചിപ്പിക്കുന്നു. ഒപ്പം പരസ്യങ്ങളിലൂടെ എങ്ങിനെയാണ് ലൈംഗികവ്യതിയാനങ്ങള്‍ വ്യക്തിജീവിതത്തെ മാറ്റിമറിയ്ക്കുന്നത് എന്നും ചിത്രം ചൂണ്ടികാണിയ്ക്കുന്നുണ്ട്. പ്രശസ്തമായ ഒരു സോപ്പിന്റെ പരസ്യത്തില്‍ കാണുന്ന രണ്ടു പെണ്‍കുട്ടികളുടെ ശരീരസാമീപ്യങ്ങള്‍ സീതാകാളിയിലെ നീര എന്ന ഇന്റലക്ച്വലിനെ ലെസ്ബിയന്‍ താല്‍പര്യങ്ങളിലേയ്ക്ക് തള്ളിവിടുന്നത് കാണാം. ഒപ്പം നമ്മള്‍ പുലര്‍ത്തുന്ന ഭാഷാപരമായ കാപട്യത്തെയും സീതാകാളിയില്‍ തുറന്നുകാണിക്കുന്നുണ്ട്. വെടിവെച്ചുകൊല്ലപ്പെട്ട തെരുവുനാടകക്കാരന്റെ മകള്‍ വന്ദനയെ കുയിലമ്മ എന്ന സിനിമയിലേയ്ക്ക് ആനയിക്കുവാന്‍ മുന്ന എന്ന സംവിധായകനും സംഘവും പ്രയോഗിയ്ക്കുന്ന ബുദ്ധിജീവി ഭാഷ – എന്നാല്‍ അവളെ സമര്‍ത്ഥമായി വലയിലകപ്പെടുത്തുവാന്‍ പ്രയോഗിയ്ക്കുന്ന ഉല്‍കൃഷ്ടഭാഷയുടെ മുഖംമൂടി അവളെ ഇരയാക്കികഴിഞ്ഞതോടെ അവര്‍ ഉപേക്ഷിയ്ക്കുന്നതും സ്ത്രീവിരുദ്ധമായ അങ്ങാടിഭാഷയിലേയ്ക്ക് അവര്‍ വഴുതിവീഴുന്നതും ചിത്രത്തില്‍ കാണാം. ഭാഷപോലും ഇവിടെ ഒരു സ്ത്രീപീഢക ആയുധമായി മാറുകയാണ്.
രാവണനെ കൊന്നത് രാമനല്ല സീതയാണ് എന്ന രാമായണപാഠഭേദത്തെ ആസ്പദമാക്കി കല്‍ക്കത്തിലെ കാളിപൂജയില്‍ നിലനില്‍ക്കുന്ന വിശ്വാസമാണ് സീതാകാളി എന്ന പ്രമേയത്തിനാധാരമാകുന്നത്. പീഢനത്തിന്റെ ഈ പെരുമഴക്കാലത്ത് എല്ലാ സ്ത്രീകളും സീതാകാളിമാരായി ഉയിര്‍ത്തുവരണം എന്ന സന്ദേശം സിനിമ മുന്നോട്ടുവെയ്ക്കുന്നു. സ്ത്രീയുടെ അഭിമാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല, ആത്മാവിലല്ലേ എന്ന വലിയൊരു ചോദ്യത്തോടെയാണ് സിനിമ തീരുന്നത്. നാടകപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ശ്രീപ്രതാപ് ആദ്യനാടകമായ കലിയാട്ടം മുതല്‍ തുടര്‍ന്നുവന്ന നാടന്‍കലാരൂപങ്ങളോടുള്ള അഭിനിവേശം സീതാകാളിയിലും ഉടനീളം പുലര്‍ത്തുന്നുണ്ട്്. ബലാല്‍സംഗസീന്‍പോലും കാളകളിയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. നായകന്‍മാരില്ലാത്ത സിനിമയില്‍ അനുജോസഫ്, സോനാനായര്‍, സ്‌നേഹ, മുകന്ദന്‍, ശിവജി ഗുരുവായൂര്‍, ലിഷോയ്, ബാലസു, നന്ദകിഷോര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. പ്രസിന്‍ പ്രതാപ് എഡിറ്റിംഗും സഹസംവിധനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നു. പൊള്ളുന്ന ചോദ്യങ്ങളുമായി ശ്രീപ്രതാപിന്റെ മറ്റൊരു സിനിമകൂടി തീയേറ്ററിലെത്താനിരിയ്ക്കുകയാണ്. നേത്രം. ശ്രീകൃഷ്ണനെ പ്രതിനായകനായി ചിത്രീകരിച്ചിരിയ്ക്കുന്ന സിനിമ രാജാവായ ശ്രീകൃഷ്ണനെ ഗോപികാരമണനായി വാഴ്ത്തുമ്പോള്‍ ഭാര്യമാരെ നഷ്ടപ്പെട്ട ഗോപന്‍മാരുടെ ദുഃഖം എവിടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നു ചോദിയ്ക്കുന്നു. വീട്ടിലേയ്ക്ക്, ശക്തന്‍തമ്പുരാന്‍ എന്നിവയാണ് ശ്രീപ്രതാപിന്റെ മറ്റുസിനിമകള്‍. നായാടികള്‍ എന്ന അധസ്ഥിത വിഭാഗത്തിന്റെ ജീവിതം ചിത്രീകരിച്ച നായാടി, ലൈംഗിക തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച ഉയിര്‍പ്പ് എന്നിവ ശ്രദ്ധേയമായ ഡോക്യുമെന്ററികളാണ്. പന്തിഭോജനപ്രസ്ഥാനത്തിന്റെ വേരുകള്‍ തേടി നാടന്‍പാട്ടുകളിലേയ്ക്കും, ശിവമതത്തിലേയ്ക്കും യാത്രചെയ്യുന്ന വേരുകള്‍ എന്ന ഡോക്യുമെന്ററിയുടെ അവസാന വര്‍ക്കുകളിലാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>