സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jul 4th, 2018

അഭിമന്യുവിന്റെ ഓര്‍മ്മയില്‍ മാറ്റിയെടുക്കാം ആദിവാസി – തോട്ടം മേഖലകള്‍

Share This
Tags

aaaസന്തോഷ് ടി എല്‍

വേര്‍പാടിന്റെ നടുക്കം മാറാത്ത അഭിമന്യുവിന്റെ സഖാക്കള്‍ വട്ടവടയില്‍ അവന്‍ ജീവിച്ച ഒറ്റമുറി വീടിന്റെ ദൈന്യം കണ്ട് സത്യത്തിന്റെ വേവില്‍ ചുട്ടുപ്പൊള്ളി.അഭിമന്യുവിന് ആഹാരത്തിന്റെ വിലയും വിശപ്പിന്റെ തീയും അറിയാമായിരുന്നു. ഹോസ്റ്റല്‍ മെസ്സ് ഇല്ലാതിരുന്ന ദിവസം വെച്ച് നീട്ടിയ ഭക്ഷണ പാത്രം തിരികെ നല്‍കുമ്പോള്‍ എഴുതിയിട്ട ‘ഭക്ഷണത്തിന് നന്ദി’ എന്ന കുറിപ്പിനെ നര്‍മ്മത്തില്‍ പൊതിഞ്ഞ് ശകാരിച്ച കൂട്ടുകാരി വട്ടവടയിലെ ഒറ്റമുറി വീട്ടുമുറ്റത്ത് വെച്ച് ആ നന്ദി വാക്കിന്റെ ആഴമറിഞ്ഞ് നിറഞ്ഞു തുളുമ്പി.
സ്‌നേഹമഴിച്ചിട്ട് വാരാന്ത്യങ്ങളില്‍ കൂട്ടിരുന്ന അഭിമന്യുവിനായി സീനയും ബ്രിട്ടോയും ഇനി എന്താണ് ഒരുക്കി വെക്കുക? യാത്രക്കൂലി പോലുമില്ലാത്ത അവന്റെ യാത്രകള്‍ക്ക് ഇനിയൊരു തുണ വേണ്ട. അഭിമന്യു നഗരത്തിന്റെ സൗകര്യങ്ങളില്‍ ആശുപത്രികളുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികത കണ്ടു. വട്ടവടയിലെ രോഗികള്‍ എത്രയൊ കാതങ്ങള്‍ താണ്ടിയാണ് ചികിത്സ തേടുന്നതെന്നും പരിതപിച്ചു.സഹജീവികള്‍ക്കായി തുടിച്ച അവന്റെ സ്വപ്നത്തിലെ ചികിത്സാലയം വട്ടവടയില്‍ സ്ഥാപിക്കണമെന്ന് സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നു.
അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തേ വട്ടവടയിലിങ്ങനെ? സ്വാതന്ത്ര്യം നേടി 70 ഉം കേരളപ്പിറവി 60 ഉം വര്‍ഷം പിന്നിട്ടു.ഐക്യകേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ കമ്യൂണിസ്റ്റുകാരുടെതാണ്. ഇടതും വലതും മാറി മാറി ഭരിച്ച 60 വര്‍ഷങ്ങള്‍.. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ നിരയിലാണ് കേരളത്തിലെ പ്രധാന തോട്ടമുടമകള്‍. ടാറ്റയും ഹാരിസണും തുടങ്ങി ആയിരകണക്കിനു കോടി പ്രതിവര്‍ഷം ലാഭമുണ്ടാക്കുന്നു. അപ്പോഴും അഭിമന്യുവിന്റെ കുടുംബം ഒറ്റമുറി വീട്ടില്‍.കോളനികാലത്തെ ഒറ്റമുറി ലയങ്ങള്‍ പഴകിപ്പൊളിയുമ്പോഴും അതിനുള്ളില്‍ വെപ്പും കുടിയും കലഹവും സ്‌നേഹവും പ്രണയവും രതിയും ജനന മരണങ്ങളും ആയി കുടുംബങ്ങള്‍ വീര്‍പ്പുമുട്ടുന്നു. അഭിമന്യുവിന്റെതുപോലുള്ള ജീവിത സാഹചര്യം ആദിവാസിക്കും ദളിതനും തോട്ടം തൊഴിലാളിക്കുമെല്ലാം നല്‍കിയ ചതി ആരുടെതാണ്? അഭിമന്യു വ്യക്തിപരമായി സ്വന്തം കുടുംബത്തിനായി ജീവിച്ച ഒരു വിദ്യാര്‍ത്ഥിയല്ല. സ്വപ്നങ്ങളിലെ ജീവിതം അവന്റെ ജനതക്ക് നല്‍കുവാന്‍ അഭിമന്യുവിന്റെ സഖാക്കള്‍ എന്തു ചെയ്യും?
ആദിവാസി തോട്ടം മേഖലയെ മാറ്റി തീര്‍ക്കുന്ന ഇടപെടലിന് മഹാരാജാസിലെ ത്രസിക്കുന്ന യൗവ്വനത്തിന് കെല്പുണ്ടോ?
തോട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 9 ഇന പരിപാടി ഒരു കെണിയാണ്. ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയത് വഴി തൊഴിലാളികളുടെ പേരില്‍ മുതലാളിമാരാണ് സംരക്ഷിക്കപ്പെട്ടത്.ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു.സര്‍ക്കാര്‍ നിയോഗിച്ച രാജമാണിക്യത്തിന്റെതടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ 5 ലക്ഷം ഏക്കര്‍ തോട്ട ഭൂമിയില്‍ മുതലാളിമാര്‍ക്ക് നിയമപരമായി അവകാശമില്ലന്ന് കണ്ടെത്തിയിട്ടുണ്ട്. വളഞ്ഞ വഴിയില്‍ ഉടമ വകാശം തോട്ടം മുതലാളിമാര്‍ക്ക് സ്ഥാപിച്ചു നല്‍കുന്നതാണ് 9 ഇന പരിപാടിയുടെ ഉള്ളടക്കം. നൂറ്റാണ്ടുകളായി മനുഷ്യാദ്ധ്വാനത്തിന്റെ ഫലമാണ് തോട്ടങ്ങളെന്നും അവ സംരക്ഷിക്കപ്പെടണമെന്നും പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിക്ക് അദ്ധ്വാനിച്ച അഭിമന്യുവിന്റെ കുടുംബങ്ങള്‍ എന്തുകൊണ്ടിങ്ങനെയായി എന്നറിയാതെയല്ല. അഭിമന്യുവിനോടുള്ള ആദരം അവന്റെ ജീവിത സാഹചര്യങ്ങള്‍ ഇങ്ങനെയായതെന്തുകൊണ്ടെന്നും അതെങ്ങനെ മാറ്റി തീര്‍ക്കുമെന്നുള്ള ചിന്തയും ഇടപെടലുമാകട്ടെ. വികാരപ്രകടനവും സഹതാപവും നിര്‍ഗുണവും അല്പായുസും ആയിരിക്കും.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>