സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jun 29th, 2018

സഖാവ് വിജു കൃഷ്ണന് ഒരു തുറന്ന കത്ത്

Share This
Tags

vvvനിശാന്ത് പരിയാരം

പ്രിയ സഖാവേ,
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ഇന്ത്യ കണ്ട ഏറ്റവും ആവേശകരവും ഐതിഹാസികവുമായ ഒരു കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയില്‍ അങ്ങയെ ഏറെ സ്‌നേഹാദരങ്ങളോടെ കണ്ട നിരവധി പേരില്‍ ഒരാളാണു ഞാന്‍. ഇന്ത്യയിലെ കര്‍ഷക ജനകോടികളോടുള്ള അങ്ങയുടെയും അങ്ങയുടെ പ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തെ ഞാന്‍ സംശയിക്കുന്നേയില്ല , പക്ഷേ ചില സംശയങ്ങളുണ്ട്, അതാണ് ഈ തുറന്ന കത്തിന് ആധാരം.
കേരളത്തിനു പുറത്തു നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ അങ്ങയും അങ്ങയുടെ പ്രസ്ഥാനമായ അഖിലേന്ത്യാ കിസാന്‍ സഭയും സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിനകത്ത് സ്വീകരിച്ചു കാണാത്തത് എന്തുകൊണ്ടാണെന്നതാണ് ഒന്നാമത്തെ സംശയം. വയല്‍ നികത്താനാഗ്രഹിക്കുന്ന ഏത് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും അതിന് സൗകര്യമൊരുക്കി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി -2018 അങ്ങയുടെ ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ , കിസാന്‍ സഭയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയായ അങ്ങ് എന്തേ ഒരക്ഷരം മിണ്ടാഞ്ഞത് ? പഴയ ശക്തമായ നിയമമുള്ളപ്പോള്‍ തന്നെ 2017 ല്‍ സംസ്ഥാനത്ത് നികത്തപ്പെട്ടത് 25000 ഏക്കര്‍ നെല്‍പാടങ്ങളും ചതുപ്പുകളുമാണ്. ഇനി അവശേഷിക്കുന്നത് 1.7 ലക്ഷം ഹെക്ടര്‍ നെല്‍വയലുകള്‍ മാത്രവും. 2017 ലെ നിരക്ക് വച്ച് നോക്കിയാല്‍ തന്നെ അടുത്ത രണ്ട് ദശകത്തിനകം കേരളത്തിലെ നെല്‍വയലുകള്‍ ‘പൂജ്യം ‘ ഹെക്ടറിലെത്തും.. നികത്തുന്നവര്‍ക്കനുകൂലമായ പുതിയ നിയമ ഭേദഗതി കൂടി വന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. സര്‍ക്കാര്‍ സ്‌കീമുകള്‍ക്കു വേണ്ടി മാത്രമല്ല കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ക്കു വേണ്ടിയും കര്‍ഷകരുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കാമെന്ന നിയമ ഭേദഗതിയാണ് CPM നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പാസാക്കിയിട്ടുള്ളത്. മോഡിയുടെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച അങ്ങയ്ക്ക് സ്വന്തം സംസ്ഥാനത്ത് നിശബ്ദനാകേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?
45 മീറ്ററില്‍ കോര്‍പറേറ്റ് പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ദേശീയ പാതയ്ക്കായി വയല്‍ നികത്താന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് കര്‍ഷകര്‍ സമരം ചെയ്ത കീഴാറ്റൂരില്‍ എന്തായിരുന്നു അങ്ങയുടെ നിലപാട്?
വയല്‍ നികത്തണമെന്ന വിചിത്രമായ ആവശ്യവുമായി കിസാന്‍ സഭയുടെ ചെങ്കൊടി കിഴാറ്റൂര്‍ വയലില്‍ നാട്ടിയതില്‍ അങ്ങയെ പോലുള്ളവര്‍ക്ക് കുറഞ്ഞ പക്ഷം ലജ്ജയെങ്കിലും തോന്നേണ്ടതായിരുന്നില്ലേ..? കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചില്‍ അണിനിരന്ന സഖാക്കളെ മാവോയിസ്റ്റുകളെന്നല്ലേ ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്രയിലെ BJP മന്ത്രിമാര്‍ വിളിച്ചത്. അന്ന് അതിനെതിരെ പ്രതികരിച്ച അങ്ങ് കീഴാറ്റൂരില്‍ വയലും കൃഷിയും സംരക്ഷിക്കാന്‍ സമരം നടത്തുന്നവരെ മാവോയിസ്റ്റുകളെന്ന് ഇവിടുത്തെ CPM നേതാക്കളും മന്ത്രിമാരും വിളിച്ചപ്പോള്‍ എന്തു ചെയ്യുകയായിരുന്നു?? രാജസ്ഥാനില്‍ ഇതേ BOT പാതയ്‌ക്കെതിരെ സമരം നടത്തിയ കിസാന്‍ സഭയുടെ നേതാവിനെ പൊലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത കണ്ടിരുന്നു.. കിസാന്‍സഭയ്ക്ക് പല നാട്ടില്‍ പല നിലപാടാകുന്നത് എന്തു കൊണ്ടാണ്?? ചെന്നൈ – സേലം ഹരിത ഇടനാഴിക്കെതിരെ സമരം നടത്തുന്ന കര്‍ഷകരില്‍ കിസാന്‍ സഭയുമുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു.. അവിടെ സമരക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇവിടെ ഭരണകൂടത്തിന്റെ അനുസരണയുള്ള അടിമകളാകുന്നത് എന്തുകൊണ്ടാണ്?
കരിവെള്ളൂര്‍കാരനായ അങ്ങയ്ക്ക് കണ്ടങ്കാളി പരിചയമില്ലാത്ത പ്രദേശമല്ലല്ലോ .. ഇന്ത്യയിലെ പ്രധാനപ്പെട്ട 3 എണ്ണക്കമ്പനികള്‍ക്ക് എണ്ണ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 85 ഏക്കര്‍ നെല്‍വയലാണ് കണ്ടങ്കാളിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.. എണ്ണക്കമ്പനികളുടെ അല്‍പ ലാഭത്തിനായി വിശാലമായ ഒരു നെല്‍വയലും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു തണ്ണീര്‍ത്തട വ്യവസ്ഥയും തകര്‍ക്കപ്പെടാന്‍ പോവുകയാണ് . 9 ലക്ഷം ലോഡ് മണ്ണെങ്കിലും വേണം കണ്ടങ്കാളിയിലെ ചതുപ്പു നികത്തിയെടുക്കാന്‍, ഇതിനായി കണ്ണൂര്‍ ജില്ലയിലെ അവശേഷിക്കുന്ന ഇടനാടന്‍ കുന്നുകള്‍ പലതും ഇടിച്ചു മാറ്റപ്പെടും.. കണ്ടങ്കാളി പദ്ധതി വരുന്നതോടെ എണ്ണ കലര്‍ന്നും മറ്റും നശിക്കാന്‍ പോകുന്നത് കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായ ഒരു കായലാണ്. റാംസര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെടാന്‍ യോഗ്യതയുള്ള കവ്വായി കായല്‍,നാഷണല്‍ വെറ്റ്‌ലാന്റ് പദവിയ്ക്കായി നിര്‍ദേശിക്കപ്പെട്ടതുമാണ്. ആയിരക്കണക്കിനു മനുഷ്യര്‍ മത്സ്യ ബന്ധനമടക്കമുള്ള ഉപജീവന വൃത്തികള്‍ക്കായി നേരിട്ടും അല്ലാതെയും ആശ്രയിക്കുന്ന ഈ കായല്‍ വ്യവസ്ഥയെ മുച്ചൂടും മുടിക്കുന്ന ഒരു പദ്ധതിയാണ് കണ്ടങ്കാളിയില്‍ വരാന്‍ പോകുന്നത്.. ഇവിടെയും കര്‍ഷക സംഘത്തിന് നിലപാടുകളേ ഇല്ലല്ലോ സഖാവേ.. നരേന്ദ്ര മോഡിയുടെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി IOC യും സൗദിയിലെ ഒരു വന്‍കിട കമ്പനിയും ഒപ്പിട്ട കരാര്‍ പ്രകാരം മംഗലാപുരത്ത് നിര്‍മിക്കുന്ന വന്‍ എണ്ണ സംഭരണ കേന്ദ്രത്തിന്റെ ഉപകേന്ദ്രമാണ് കണ്ടങ്കാളിയില്‍ നിര്‍മിക്കുന്നത് എന്ന സംശയം സമരസമിതി ഉന്നയിച്ചു കഴിഞ്ഞു.. ഭരണകൂടവും കോര്‍പ്പറേറ്റുകളും എത്ര സമര്‍ത്ഥമായി തദ്ദേശീയ ജനതകളെ വഞ്ചിക്കുമെന്ന് ആഴത്തില്‍ പഠിച്ചിട്ടുള്ള താങ്കള്‍ക്ക് തൊട്ടയലത്തെ കണ്ടങ്കാളിയില്‍ ശബ്ദമില്ലാതാകുന്നത് എന്തുകൊണ്ടാണ്?
തരിശിട്ട 10 സെന്റ് വയല്‍ വില്‍ക്കാനായാല്‍, 4 പേര്‍ക്ക് 4 ദിവസം തൊഴില്‍ കിട്ടിയാല്‍, തലങ്ങും വിലങ്ങും കുറേ റോഡുകള്‍ വന്നാല്‍ നാടിന്റെ ‘വികസന’മായി എന്നു തെറ്റിദ്ധരിക്കുന്ന നാട്ടിലെ സാധാരണ പാര്‍ടി അണികളോട് കോര്‍പ്പറേറ്റ് ചൂഷണത്തെ കുറിച്ച്, കോര്‍പ്പറേറ്റ് വികസനത്തിന്റെ ചതിക്കുഴികളെ കുറിച്ച് , ജനിച്ച മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന മനുഷ്യരെ കുറിച്ച്, മണ്ണും വെള്ളവും ആകാശം പോലും സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന്റെ അപകടങ്ങളെ കുറിച്ച്, പ്രകൃതി വിഭവങ്ങളുടെ പരിമിതിയെ കുറിച്ച്, അതിനെല്ലാമപ്പുറം മനുഷ്യവംശത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന വലിയ പാരിസ്ഥിതിക പ്രതിസന്ധികളെ കുറിച്ച് പറയാനുള്ള ബാധ്യത അങ്ങയെ പോലുള്ള സഖാക്കള്‍ക്കുണ്ട് .. ആ മഹത്തായ കടമ നിര്‍വ്വഹിക്കാന്‍ അങ്ങയ്ക്കു സാധിക്കട്ടേ എന്നാശംസിക്കുന്നു.

ലാല്‍സലാം

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>