സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jun 29th, 2018

മലബാര്‍ : അവഗണനയും വിഭജനവാദവും

Share This
Tags

KKK

കേരളത്തെ രണ്ടായി വിഭജിച്ച് മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു. മുസ്ലിംലീഗ് യൂത്താണ് ആവശ്യമുന്നയിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ അതിനെ സാമൂദായിക – രാഷ്ട്രീയ താല്‍പ്പര്യം മാത്രമായി തള്ളുകയാണ് പൊതുവില്‍ കേരളം. അവര്‍ക്കതുണ്ടാകാം. അപ്പോഴും അത്തരമൊരാവശ്യം ഉയര്‍ന്നുവരുന്നതിനാവശ്യമായ സാമൂഹ്യപശ്ചാത്തലം നിലനില്‍ക്കുന്നു എന്നതില്‍ സംശയമില്ല. ഒരേ ഭാഷതന്നെ സംസ്ഥാനങ്ങളെ വിഭജിക്കുന്നത് പുതിയ കാര്യവുമല്ല. അതിനാല്‍ തന്നെ വൈകാരികമെന്നതിനു പകരം വസ്തുനിഷ്ഠമായാണ് ഈ ആവശ്യത്തെ പരിഗണിക്കേണ്ടത്. കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുവില്‍ പറഞ്ഞാല്‍ രണ്ടായി വിഭജിക്കാനുളള വലുപ്പം കേരളത്തനില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ തന്നെ വിഭജനമൊഴിവാക്കിയാലും ഇത്തരമൊരാവശ്യം ഉയരുന്നതിനു പുറകിലെ സാമൂഹ്യ സാഹചര്യം പരിശോധിച്ച് പരിഹരിക്കേണ്ടത് ജനാധിപത്യസംവിധാനത്തില്‍ അനിവാര്യമാണ്.
ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ ലോബി എങ്ങനെയാണ് ദക്ഷിണേന്ത്യയെ അവഗണിക്കുന്നുവോ അതുപോലെതന്നെയാണ് കേരളത്തില്‍ മലബാര്‍ മേഖലയും അവഗണിക്കപ്പെടുന്നത്. ആ മേഖലയില്‍ നിന്നു നിരവധി പ്രഗല്‍ഭരായ ഭരണാധികാരികളുണ്ടായിട്ടും മുസ്ലിംലീഗിനെപോലുള്ള പാര്‍ട്ടി ദീര്‍ഘകാലം അധികാരത്തിലിരുന്നിട്ടും ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. വാസ്തവത്തില്‍ തിരുവിതാംകൂറും കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചരിത്രപരമായി തന്നെ മലബാര്‍ പിന്നോക്ക പ്രദേശമാണ്. അതാരംഭിക്കുന്നതാകട്ടെ അധിനിവേശത്തോടെയാണ്. അതിനുമുമ്പ് സുഗന്ധദ്രവ്യങ്ങളും ഫല വൃക്ഷാദികളും നദികളും അനുകൂലമായ കാലാവസ്ഥയുമെല്ലാം മലബാറിനെ സമ്പന്നമാക്കിയിരുന്നു. അറബികള്‍, ഈജിപ്ഷ്യര്‍ തുടങ്ങിയ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാര ബന്ധം മലബാറിന്റെ വികസനത്തിനു അത്താണിയായിരുന്നു. എന്നാല്‍ 1498 മെയ് 20ന് വാസ്‌കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെ കാര്യങ്ങള്‍ മലക്കം മറിഞ്ഞു. അവരുടെ സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ പതുക്കെ പതുക്കെ മലബാറിന്റെ സാമ്പത്തികാവസഥയെ തകര്‍ക്കുകയായിരുന്നു. അവരെ ചെറുത്തുനിന്ന കുഞ്ഞാലിമരക്കാര്‍മാരുമായുള്ള യുദ്ധവും സാമൂതിരിയുമായി നടത്തിയ സഖ്യവും വ്യാപാരത്തകര്‍ച്ചക്കും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യങ്ങള്‍ക്കും കാരണമായി. കര്‍ഷകര്‍ കടക്കാരായി. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും അധികാരത്തിനുവേണ്ടി നടത്തിയ കിടമത്സരത്തിന്റെയും ടിപ്പുവിന്റെ പടയോട്ടത്തിന്റേയും ഇരകളുമായി മലബാര്‍ മാറി. 1792-ലെ ശ്രീരംഗപട്ടണ ഉടമ്പടിയോടെ ബ്രിട്ടീഷ് അധീനതയിലായതോടെ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. ജന്മിമാരും ഭൂവുടമകളും ബ്രിട്ടീഷുകാരും ചേര്‍ന്ന അവിശുദ്ധ ബന്ധം മലബാറിന്റെ കൃഷിയെ തകര്‍ത്തു. ബ്രിട്ടീഷ് സാമ്രാജ്യത്വം മലബാറിനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിലും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലുമാണ് താല്‍പര്യം കാണിച്ചത്.
സാമ്പത്തികമേഖലയിലെ അവസ്ഥ ഇതായിരുന്നെങ്കില്‍ സാമൂഹ്യമേഖലയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കേരളത്തിലെ മത സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചത് തിരുകൊച്ചിയിലായിരുന്നു. മെച്ചപ്പെട്ട കാര്‍ഷിക ബന്ധങ്ങളും അവിടെ നിലനിന്നു. മിഷിനറി പ്രവര്‍ത്തനങ്ങള്‍ ധാരാളം നടന്നു. ആധുനിക വിദ്യാഭ്യാസത്തിലും വളരെയധികം മുന്നോട്ട് പോകാന്‍ അവര്‍ക്കായി. മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, ഉത്തരവാദ ഭരണത്തിനായുളള പ്രക്ഷോഭം, നിവര്‍ത്തന പ്രക്ഷോഭം എന്നിവയെല്ലാം തിരു കൊച്ചിയെ മുന്നോട്ടുനയിച്ചു. മലബാറിലാകട്ടെ ആ സമയത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുളള ശക്തമായ സ്വാതന്ത്ര്യ സമരം നടക്കുകയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ ലഹള, സിവില്‍ നിയമലംഘന പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ തുടങ്ങിയ സമരങ്ങള്‍ മലബാറില്‍ വളരെ ശക്തമായി. വാസ്തവത്തില്‍ അതായിരുന്നു മലബാറിന്റെ സാമൂഹ്യമേഖലയിലെ ചലനങ്ങള്‍ക്ക് വിഘാതമായത്. സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാനരൂപീകരണത്തിനും ശേഷവും ഇക്കാര്യത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല എന്നതാണ് ഖേദകരം. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ആറു ജില്ലകളാണ് പൊതുവില്‍ മലബാര്‍ എന്നറിയപ്പെടുന്നത്. ഭൂവിസതൃതിയുടെയും ജനസംഖ്യയുടേയും 45 ശതമാനം വരുന്ന ഇവിടെ പക്ഷെ വികസനത്തിന്റെ വിഹിതം അതിന്റെ അടുത്തൊന്നും എത്തുന്നില്ല. കേരളത്തിലെ ആകെയുള്ള 63 താലൂക്കുകളില്‍ 22 എണ്ണമാണ് മലബാറിലുള്ളേത് എന്നതില്‍ നിന്നുതന്നെ ഭരണരംഗത്തെ അവഗണന വ്യക്തമാണ്. പാലക്കാടു മുതല്‍ കാസര്‍കോഡു വരെ 61 ബ്ലോക്ക് പഞ്ചായത്തുകളും, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 91 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഓരോ ബ്ലോക്കിനു കീഴിലുമുള്ള ഗ്രാമ പഞ്ചായത്തുകളുടെ എണ്ണമെടുത്താലും വ്യത്യാസം കാണാം. വിദ്യാഭ്യാസരംഗത്ത് നേടടമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും തിരു കൊച്ചിയുമായി താരതമ്യം ചെയ്താല്‍ വളരെ പുറകിലാണെന്ന് എല്ലാ കണക്കുകളും വ്യക്തമാക്കുന്നു. ആരോഗ്യമേഖലയിലെ സ്ഥിതിയും മറ്റൊന്നല്ല. കാര്‍ഷിക – വ്യവസായ മേഖലകള്‍ പരിശോധിച്ചാലും ഭീമമായ അന്തരം കാണാനാകും. ഗതാഗതസൗകര്യങ്ങളുടെ കാര്യം പറയാനുമല്ല. റെയില്‍വേയും റോഡും ആകാശവുമെല്ലാം മലബാരിനെ അവഗണിക്കുന്നു. കെ എസ് ആര്‍ ടി സിയില്‍ ആകെയുള്ള 86 ഡിപ്പോ/സബ് ഡിപ്പോകളില്‍ 19 എണ്ണം മാത്രമാണ് ഉത്തര കേരളത്തിലേക്ക് മാറ്റിവെച്ചത്. ബസുകളുടെ എണ്ണത്തിലും വലിയ അന്തരമുണ്ട്. റെയില്‍വേ അവഗണനയെ കുറിച്ച് നിരവധി പഠനങ്ങള്‍ വന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. അതുതന്നെ വിമാനങ്ങളുടെ കാര്യത്തിലും. പ്രവാസികള്‍ ഏറെയുണ്ടായിട്ടും വിമാനസൗകര്യം എത്രയോ കുറവ്.
കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കണക്കെടുത്താലും ഇതു തന്നെയാണവസ്ഥ. അക്കാര്യത്തില്‍ തെക്കുള്ളവരുടെ ആധിപത്യം വളരെ പ്രകടമാണ്. അവര്‍ക്കാകട്ടെ പൊതുവില്‍ മലബാറിന്റെ വികസനത്തില്‍ ഒരു താല്‍പ്പര്യവുമില്ല. ബാങ്കിംഗ് മേഖലയിലും അവസ്ഥ വ്യത്യസ്ഥമല്ല. വാസ്തവത്തില്‍ പ്രവാസികളാണ് മലബാറിനെ പൂര്‍ണ്ണമായി തകരാതെ പിടിച്ചുനിര്‍ത്തിയതെന്നു കാണാം. എന്നാല്‍ ദാരിദ്ര്യം മൂലം പഠനം മുഴുവനാക്കാന്‍ കഴിയാതെ രാജ്യം വിട്ടവരാണ് ഭൂരിഭാഗവും. അതിനാല്‍ തന്നെ അവരൊന്നും ഉയര്‍ന്ന നിലയില്‍ എത്തിയെന്നു പറയാനാവില്ല. വിദ്യാഭ്യാസത്തില്‍ പുറകിലാകുകയും ചെയ്തു. തൊഴില്‍രഹിതരുടെ എണ്ണത്തിലും മലബാര്‍ തിരുകൊച്ചിയേക്കാള്‍ വളരെ മുന്നിലാണ്. എന്തിനേറെ, മാധ്യമങ്ങള്‍പോലും മലബാറിനെ അവഗണിക്കുന്നു.
കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അട്ടപ്പാടി – വയനാട് ആദിവാസി മേഖലകളോട് മാറി മാറി ഭരിച്ചവര്‍ ചെയ്തത് എന്തൊക്കെയാണെന്ന് പരസ്യമായ രഹസ്യമാണല്ലോ. കാസര്‍ഗോഡ് ജില്ലയാകട്ടെ നാം കേള്‍ക്കുന്നത് എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടുമാത്രം. പുതുതായി അനുവദിച്ച അന്തോദയ എക്‌സ്പ്രസ്സിനു കാസര്‍ സ്‌റ്റോപ്പില്ല എന്നതാണ് വിവേചനത്തിന്റെ അവസാനത്തെ ഉദാഹരണം. മലപ്പുറത്തിന്റെ എന്താവശ്യം ഉയര്‍ന്നുവന്നാലും അതിനെ തീവ്രവാദമായി ആരോപിക്കുകയാണ് പതിവ്. താരതമ്യേന മെച്ചമായ കോഴിക്കോട് – കണ്ണൂര്‍ ജില്ലകളും തെക്കന്‍ ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പുറകിലാണ്.
തലസ്ഥാനം തെക്കെ അറ്റത്ത് വന്നതാണ് സംസ്ഥാനരൂപീകരണത്തിനുശേഷം മലബാറിനോട് തുടരുന്ന അവഗണനക്കുള്ള പ്രധാന കാരണം. ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്നാലോചിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള സെക്രട്ടറിയേറ്റില്‍ നിന്നൊരു ഫയല്‍ നീക്കാന്‍ വടക്കെ അറ്റത്തുള്ളവര്‍ക്ക് എളുപ്പമല്ലല്ലോ. തലസ്ഥാനമാറ്റം എളുപ്പമല്ലായിരിക്കാം. എന്നാല്‍ സെക്രട്ടറിയേറ്റടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം കൊണ്ടുവരും. ഹൈക്കോടതിയുടെ ബഞ്ച് തിരുവനന്തപുരത്തുവേണം എന്നു പറയുന്നപോലെ കോഴിക്കോടും വേണം. ചുരുങ്ങിയ പക്ഷം രാവിലെ പുറപ്പെട്ട് കാര്യങ്ങള്‍ ചെയ്ത് വൈകീട്ട് വീട്ടിലെത്താനുള്ള അന്തരീക്ഷം സംസ്ഥാനത്തെ എല്ലാവര്‍ക്കും ലഭിക്കണം. മലബാറിനോട് അവഗണന നിലനില്‍ക്കുന്നു എന്നംഗീകരിച്ച് ക്രിയാത്മകമായ നടപടികളിലൂടെ അതിനെ മറികടക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. മുഖ്യമായും കണ്ണൂര്‍കാര്‍ നിയന്ത്രിക്കുന്ന ഈ സര്‍ക്കാരിനെങ്കിലും അതിനു കഴിയണം. അല്ലാത്തപക്ഷം പുതിയ സംസ്ഥാനം എന്ന ആവശ്യം ശക്തിപ്പെടുകയും അതിനു പിന്തുണ ഏറുകയും ചെയ്യുമെന്നുറപ്പ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>