സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jun 27th, 2018

കപട മാര്‍ക്‌സിസ്റ്റുകളുടെ വയല്‍ വാണിഭം

Share This
Tags

kkk

നിശാന്ത് പരിയാരം

‘ഞാന്‍ എന്നെ വിമല്‍ കുമാര്‍ എന്നാണു വിളിക്കാറ്…’ എന്ന് പെണ്‍ വീട്ടുകാരെ പരിചയപ്പെടുത്തുന്ന കുഞ്ഞിക്കൂനന്‍ സിനിമയിലെ നായകനെ പോലെയാണ് കേരളത്തിലെ മുഖ്യധാരാ മാര്‍ക്‌സിസ്റ്റു പാര്‍ടി .. റിയല്‍ എസ്റ്റേറ്റുകാര്‍ക്കും പൊതുമുതല്‍ കൊള്ളയടിക്കുന്ന സകല സ്വകാര്യ കുത്തകകള്‍ക്കും വേണ്ടി സര്‍വ്വ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ട് സ്വയം ‘ മാര്‍ക്‌സിസ്റ്റ് ‘ എന്നു വിളിക്കുന്നത്രയും അപഹാസ്യമായ മറ്റെന്താണുള്ളത്…? കാടു മുതല്‍ കടലുവരെ കയ്യേറ്റക്കാര്‍ക്കും, ടൂറിസം -ഖനന മാഫിയകള്‍ക്കും തീറെഴുതി , അതെല്ലാം വികസനത്തിന്റെ അക്കൗണ്ടില്‍ ചേര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും പരിസ്ഥിതി വിരുദ്ധമായ സര്‍ക്കാരാണെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് ജൂണ്‍ 25 ന് നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി…നരേന്ദ്ര മോഡിയുടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പരിസ്ഥിതി നിയമങ്ങളെയും ഹരിത ട്രിബ്യൂണലിനെയുമെല്ലാം എങ്ങനെയാന്നോ തകര്‍ത്തത് സമാനമായ രീതിയില്‍ തന്നെയാണ് ശ്രീ പിണറായി വിജയന്റെയും നീക്കങ്ങള്‍ .. എന്നിട്ടും CPM ഭക്തജന വൃന്ദം, പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമെന്ന് നീട്ടി നീട്ടി പാടുന്നുണ്ട്..
2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് മൂക്കുകയറിട്ട് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഭൂമാഫിയകള്‍ക്കും സര്‍വ്വതന്ത്ര സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരമൊരുക്കുകയാണ് CPM അവര്‍ നയിക്കുന്ന എല്‍.ഡി എഫും.. സര്‍ക്കാര്‍ സ്‌കീമുകള്‍ക്കായി പ്രാദേശിക സമിതികളുടെ അനുമതിയോടെ അത്യാവശ്യമെങ്കില്‍ നിലം നികത്താം എന്ന പഴയ നിയമത്തെ വളരെ തന്ത്രപരമായി പരിഷ്‌കരിച്ച് സര്‍ക്കാര്‍ സ്‌കീമുകള്‍ക്കും സര്‍ക്കാര്‍ അനുമതിയുള്ള പദ്ധതികള്‍ക്കും എത്ര വേണമെങ്കിലും നിലംനികത്താം എന്ന് പരിഷ്‌കരിക്കുകയാണ് ഹരിതകേരളക്കാര്‍ പുതിയ ഭേദഗതിയിലൂടെ ചെയ്തത്… അതായത് KSIDC യുടെ അനുമതിയുള്ള സ്വകാര്യ പദ്ധതികള്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ നെല്‍വയലും തണ്ണീര്‍ത്തടവും നികത്താം.. ‘സര്‍ക്കാര്‍ അനുമതിയുള്ള പദ്ധതികള്‍ ‘ എന്നതിലെ അപകടം തിരിച്ചറിഞ്ഞ് CPI യിലെ ചിലര്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ കര്‍ശനമായി നേരിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. മന്ത്രിസഭാ യോഗത്തിലോ സബ്ജക്റ്റ് കമ്മറ്റിയിലോ ഉയരാത്ത ഒരു നിര്‍ദേശവും അംഗീകരിക്കാനാകില്ലെന്ന കര്‍ശനമായ നിലപാട് മുഖ്യമന്ത്രി CPI നേതാക്കളെയും റവന്യൂ മന്ത്രി ചന്ദ്രശേഖരനെയും അറിയിക്കുകയായിരുന്നുവത്രേ.. അതായത് പൊതുതാല്‍പര്യമുള്ളതായി ചിത്രീകരിച്ച് സ്വകാര്യ പദ്ധതികളുടെ നിലം നികത്തലിന് പച്ചക്കൊടി കാട്ടാന്‍ താല്‍പര്യമെടുത്തത് CPM നേതൃത്വവും മുഖ്യമന്ത്രിയുമാണെന്ന് വളരെ വ്യക്തം… കര്‍ഷകരുടെ സമ്മതമാവശ്യമില്ലാത്ത ഈ ‘പൊതു’ ഏറ്റെടുക്കലിന് മുന്‍പത്തേതു പോലെ പ്രാദേശിക സമിതികളുടെ അനുവാദവും ഇനി ആവശ്യമില്ല.. പ്രാദേശിക സമിതികള്‍ക്ക് വിയോജിപ്പുണ്ടായാലും ഏത് ‘സലിം’ ഗ്രൂപ്പിനായും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്നത്ഥം..
ഡാറ്റാ ബാങ്ക് പൂര്‍ത്തിയാകാത്ത നൂറുകണക്കിനു പഞ്ചായത്തുകളില്‍ ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കാതെ, ആ പ്രദേശങ്ങളെ മുഴുവന്‍ വിജ്ഞാപനം ചെയ്യപ്പെടാത്തത് എന്ന വിചിത്ര പട്ടികയില്‍ പെടുത്തി എത്രയും നികത്താനുള്ള അനുമതി നല്‍കുകയാണ് പുതിയ ഭേദഗതിയില്‍.
അനധികൃതമായി നിലംനികത്തുന്നതിനെതിരെ പരാതി നല്‍കാനും പുതിയ ഭേദഗതി പ്രകാരം വിഷമമാകും.. പരാതിക്കാരന്‍ ഇനി മുതല്‍ നികത്തല്‍ മൂലം നേരിട്ട് ദുരിതമനുഭവിക്കുന്ന സങ്കടക്കാരനായിരിക്കണം, ഈ സങ്കടക്കാരന്‍ തന്നെ പരാതി നല്‍കുമ്പോള്‍ നല്ലൊരു തുക ഫീസും അടക്കണം.. അതായത് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പിണറായി സഖാവ് പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ആരോടാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു.

തണ്ണീര്‍ത്തട നിയമം 2008 ഉം 2018 ഉം തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം

2008 ലെ നിയമത്തില്‍ എങ്ങനെയെല്ലാം വയല്‍ സംരക്ഷിക്കാം എന്നതിനായിരുന്നു ഊന്നല്‍ എങ്കില്‍ 2018 ലെ നിയമത്തില്‍ എങ്ങനെയെല്ലാം വയല്‍ നികത്താം എ ന്നതിനാണ് ഊന്നല്‍ … 2008 നു മുന്‍പ് 50 സെന്റിനു മുകളില്‍ വയല്‍ നികത്തിയ ഭൂമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഫീസടച്ച് നിയമ വിരുദ്ധത ക്രമവല്‍ക്കരിക്കാം.. 2008 നു മുന്‍പ് 5 സെന്റും 6 സെന്റും നികത്തി വീടുവയ്ക്കാനാകാതെ വിഷമിക്കുന്ന സാധാരണക്കാരെ സഹായിക്കാനാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.. എന്നാല്‍ ഇതിലെന്തിനാണ് 50 സെന്റിനു മേലെ നികത്തിയ ചെറുതും വലുതുമായ ഭൂമാഫിയകളെ ഉടപ്പെടുത്തിയത് എന്നൊരു മറു ചോദ്യം ചോദിച്ചാല്‍ ഉത്തരമില്ല.. 2008 വരെയുള്ളത് ഇന്ന് ഫീസടച്ച് ക്രമവല്‍ക്കരിക്കും… 2018 വരെയുള്ള നികത്തല്‍ ക്രമപ്പെടുത്താനുള്ള ഭേദഗതി ഭാവിയില്‍ കേരളം ഭരിക്കുന്ന ‘പിണറായി ‘ മാര്‍ പാസാക്കിയെടുത്തോളും .. എല്ലാം പൊതു നന്‍മയ്ക്കാണത്രേ.. തരിശിട്ട നെല്‍ വയലില്‍ ഉടന്‍ കൃഷിയിറക്കാന്‍ നോട്ടീസ് നല്‍കുകയും ആ വയലില്‍ കൃഷി ഇറക്കിയില്ലെങ്കില്‍ പിടിച്ചെടുത്ത് കൃഷി ഇറക്കുകയും ചെയ്യുമത്രേ.. CPM ഉം CPI യും വലിയ ആനക്കാര്യമായാണ് പുതിയ ഭേദഗതിയിലെ ഈ തരിശ് പിടിച്ചെടുത്തുള്ള കൃഷിയെ വിവരിക്കുന്നത്.. യഥാര്‍ത്ഥത്തില്‍ ശുദ്ധ തട്ടിപ്പാണിത്, കാരണം ഈ നിര്‍ദ്ദേശത്തിനകത്തു തന്നെ ഭൂമിയുടെ ഉടമസ്ഥന് കേസിനു പോകാനുള്ള പഴുതുമുണ്ട്.. കാര്യമായ പിടിച്ചെടുക്കലോ കൃഷിയോ നടക്കാന്‍ പോകുന്നില്ലെന്നര്‍ത്ഥം… വന്‍കിടക്കാര്‍ക്കു വേണ്ടി കേസ് തോറ്റു കൊടുക്കാന്‍ പ്രത്യേകം പരിശീലനം നേടിയ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കൂടിയാകുമ്പോള്‍ എല്ലാം ശുഭം…. ജനാധിപത്യപരമായ ചര്‍ച്ചകളുടെ വാതിലടച്ച് മന്ത്രിസഭയില്‍ നിന്നും സബ്ജക്റ്റ് കമ്മറ്റി വഴി നിയമസഭയിലെത്തിച്ച് ഇത്തരമൊരു ബില്ല് പാസാക്കിയെടുക്കാന്‍ ഭരണപക്ഷം തീരുമാനിച്ചത് ഒരു 43 വര്‍ഷം മുന്‍പ് ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തെ അര്‍ദ്ധ ഫാസിസ്റ്റു വാഴ്ചയുടെ ഇരുളറകളിലേക്ക് തള്ളിവിട്ട ജൂണ്‍ 25 നു തന്നെയായി എന്നതും സ്മരണീയം..

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>