സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jun 23rd, 2018

അവഗണനയുടെ ചങ്ങല വലിച്ച് കാസര്‍ഗോഡുകാര്‍

Share This
Tags

kkk

കാസര്‍ഗോഡ് ജില്ലയ്‌ക്കെതിരായ റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് എന്‍.എ.നെല്ലിക്കോട് എംഎല്‍എ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയ സംഭവം കേരളം ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. എന്നാല്‍ റെയില്‍വേയില്‍ മാത്രമല്ല എല്ലാ മേഖലകളിലും കാസര്‍ഗോഡ് അവഗണിക്കപ്പെടുമ്പോഴും പ്രതികരിക്കാത്ത കേരളം ഇക്കാര്യത്തിലും പ്രതികരിക്കുമെന്ന് കരുതാനാകില്ല. കാസര്‍ഗോഡ് എന്ന ജില്ല നിലവിലുണ്ടെന്ന് നാമോര്‍ക്കുക എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോഴാണല്ലോ.
പുതുതായി സര്‍വ്വീസ് തുടങ്ങിയ കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്സ്ാണ് എംഎല്‍എ അപായ ചങ്ങല വലിച്ചു നിര്‍ത്തിയത്. കണ്ണൂരിലെ സ്റ്റോപ്പില്‍ നിര്‍ത്തിയ തീവണ്ടി അവിടെ നിന്നും പുറപ്പെട്ട് കാസര്‍ഗോഡ് എത്തിയപ്പോള്‍ ആണ് അകത്തുണ്ടായിരുന്ന എംഎല്‍എ അപായ ചങ്ങല വലിച്ചത്. ഒപ്പം പുറത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുകയും ചെയ്തു. അതിവേഗത്തില്‍ തലസ്ഥാനത്തെത്താവുന്ന ഈ വണ്ടിക്ക് കാസര്‍ഗോഡ് സ്‌റ്റോപ്പനുവദിക്കാത്തതിനാലാണ് പ്രതിഷേധം. കണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നെ വണ്ടി നിര്‍ത്തുത മംഗലാപുരത്താണ്. ഇതാകട്ടെ കാസര്‍ഗോഡുകാര്‍ക്ക് ആദ്യഅനഭവമല്ലതാനും. റെയില്‍വേയില്‍ നിന്നുതന്നെ ഇത്തരം അവഗണനകള്‍ നിരവധിയാണ്. ഒരു ജില്ലയിലെ ആസ്ഥാനമായിട്ടും കാസര്‍ഗോഡ് സ്റ്റേഷന്‍ വഴി കടന്നു പോകുന്ന ആറോളം എക്‌സ്പ്രസ്സ് തീവണ്ടികള്‍ക്ക് സ്റ്റോപ്പില്ല. ജനശതാബ്ദിപോലുള്ള പല ട്രെയിനുകളും കണ്ണൂര്‍ വരെയാണ് ഓടുന്നത്. എന്നിട്ടാണ് ഇത്രയും ട്രെയിനുകള്‍ക്ക് ഇവിടെ സ്‌റ്റോപ്പനുവദിക്കാത്തത്. പ്രധാനവണ്ടികള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പനുവദിക്കണമെന്ന് റെയില്‍വേ അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയില്‍വേ കാസര്‍ഗോഡിനെ നിരന്തരം അവഗണിക്കുകയാണെന്നു എംഎല്‍എ പറയുന്നത് വാസ്തവമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. റെയില്‍വേ കേരളത്തില്‍ ഇത്രമാത്രം അവഗണിക്കുന്ന മറ്റൊരു ജില്ലയുമില്ല. സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നു പറയപ്പെടുന്ന അതിവേഗ റെയില്‍വേ പാതയാകട്ടെ കണ്ണൂര്‍ വരെ മാത്രമേയുള്ളു.
റെയില്‍വേ മാത്രമല്ല, വികസനത്തിന്റെ എല്ലാ മേഖലകളും തങ്ങളെ അവഗണിക്കുകയാണെന്ന് കാസര്‍ഗോഡുകാര്‍ പറയാന്‍ തുടങ്ങി കാലമേറെയായി. അതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും അവിടെ നടക്കാറുണ്ട്. എന്നാല്‍ മീഡിയയും അവയെ അവഗണിക്കുന്നതിനാല്‍ ആ വാര്‍ത്തകളും പുറത്തുള്ള കേരളം അറിയാറില്ല. ആകെ അറിയുന്നത് എന്‍ഡോ സള്‍ഫാന്‍ മാത്രം. എന്നാല്‍ ദശകങ്ങളായിട്ടും അതിലും ഇരകള്‍ക്ക് നീതി കിട്ടിയില്ല. വിദ്യാഭ്യാസമേഖലയിലായാലും അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിലായാലും തൊഴില്‍ മേഖലയിലായാലും എല്ലാം. അവഗണനയോടൊപ്പം പരിഹാസം നേരിടുന്ന സമൂഹമാണ് തങ്ങളുടേതെന്ന് ഇവിടത്തുകാര്‍ പറയുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നവരാണ്. അവരില്‍ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? ഒരറ്റത്തു കിടക്കുന്നു എന്നതുകൊണ്ട് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള കാരണമാകുന്നതിന്റെ അര്‍ത്ഥവും ഇവര്‍ക്കു മനസ്സിലാകുന്നില്ല.
വിദ്യാഭ്യാസമേഖലയിലെ കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ മനസിലാക്കണെമെങ്കില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയി നോക്കിയാല്‍ മതി. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും തെക്കന്‍ ജില്ലക്കാരായിരിക്കും. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും ഇവിടെ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. തരം കിട്ടിയാല്‍ ട്രാന്‍സ്ഫര്‍ വാങ്ങി സ്ഥലം വിടുക മാത്രമാണ് അവരുടെ ലക്ഷ്യം. തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേര്‍ ഓഫീസിലുണ്ടാവില്ല. മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരില്‍ കാസര്‍ഗോടുകാര്‍ പലപ്പോഴും ഉദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്‌നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരില്‍ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സര്‍ക്കാര്‍ ആഫീസുകളില്‍ പോകുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വലിയ പാടാണെന്നു അവര്‍ പറയുന്നു. അവരെയൊന്നും തുല്ല്യതയോടെ കാണാന്‍ പോലും നമുക്കാവുന്നില്ല എന്നതാണ് വാസ്തവം. ഭാഷാ ന്യൂന പക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടുപോലും ഇതാണവസ്ഥ.
ഒരു ജില്ല എന്ന നിലയില്‍ കാസര്‍ഗോഡ് രൂപീകൃതമായി മുപ്പത്തിമൂന്നാണ്ട് വര്‍ഷമായി. എന്നാല്‍ വികസനകാര്യങ്ങളില്‍ ഇപ്പോഴും ഇഴയുന്നത് മുട്ടില്‍. കാര്‍ഷിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രമായി വളരാനുള്ള വിഭവങ്ങളുടെ സുലഭത ഉണ്ടായിട്ടും, അധികൃതരുടെ നിസ്സംഗതയില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കണ്ണീരുവറ്റാത്ത മണ്ണില്‍ ഇനനിയും ഒരു മെഡിക്കല്‍ കോളേജില്ല. കേരളത്തിലെ മറ്റ് ജില്ലകളിലൊന്നും കണ്ടുവരാത്ത തരത്തില്‍ കോട്ടകളാല്‍ സമ്പന്നമായ ജില്ലയാണ് കാസര്‍ഗോഡ്. ഇക്കേരി നായ്ക്കന്‍മാര്‍ പണി കഴിപ്പിച്ച ബേക്കല്‍ കോട്ടയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍ പന്തിയിലെന്നിരിക്കിലും, ചന്ദ്രഗിരികോട്ട, ആരിക്കാടി കോട്ട, ഹൊസ്ദുര്‍ഗ്ഗ് കോട്ട, പൊവ്വല്‍ കോട്ട തുടങ്ങി സംസ്‌ക്കാര വിനിമയങ്ങളുടെ അടയാളങ്ങളായി നിരവധി അവശേഷിപ്പുകള്‍ കാസര്‍ഗോഡിന്റെ മുക്കിലും മൂലയിലും കിടപ്പുണ്ട്. എന്നാല്‍ ശ്രദ്ധ വേണ്ടത്ര ലഭിക്കാതെ കോട്ടമതിലിടിഞ്ഞും, കാടുമൂടിയും നശിക്കുകയാണിവ. കോട്ടകള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങലകള്‍ തീര്‍ത്തും, അധികൃതരോട് പരാതിപ്പെട്ടും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും ഉന്നത തലത്തില്‍ ശ്രദ്ധക്ഷണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മലബാറിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ മറ്റ് ജില്ലകളിലെന്ന പോലെ ഇനിയും വളര്‍ന്നിട്ടില്ല. ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മാടക്കാലും, ഇടയിലക്കാടും ടൂറിസം രംഗത്ത് ജില്ലയുടെ മറ്റൊരു സാധ്യതയാണ്. കൗവ്വായിക്കായലിന്റെ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന വലയ പറമ്പ് പഞ്ചായത്തിലെ രണ്ട് ദ്വീപുകളാണ് മാടക്കാലും, ഇടയിലക്കാടും. ജനവാസമുള്ള പ്രദേശത്ത് കൂട്ടമായി കുട്ടിക്കുരങ്ങന്‍മാര്‍ താമസിക്കുന്ന കാവും, കണ്ടല്‍ സമ്പന്നതയില്‍ കണ്ണിന് കുളിരേകുന്ന കായല്‍ക്കാഴ്ചയുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കായല്‍ സൗന്ദര്യമാസ്വദിച്ചുകൊണ്ടുള്ള ജല സവാരിക്കും ഇണങ്ങിയ പ്രദേശമാണ് വലിയപറമ്പ് പഞ്ചായത്തിലെ ഈ ദ്വീപുകള്‍. എന്നിട്ടും ടൂറിസവികസനത്തിനായി കാര്യമായ പദ്ധതികളൊന്നുമില്ല. രാജ്യത്തെ ഏറ്റവും നിളം കൂടിയ തൂക്കുപാലം നിര്‍മ്മിച്ച് കാഴ്ചക്കാരെ ആഹ്ലാദിപ്പിച്ച മാടക്കാല്‍ തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞതിന്റെ അന്‍പത്തിയെട്ടാം നാള്‍ പൊളിഞ്ഞു വീണ ചരിത്രം പോലുമുണ്ട്. ഉത്തര കാസറഗോഡിന്റെ പ്രകൃതി രമണീയമായ മറ്റൊരു പ്രദേശമാണ് പൊസടി ഗുംപെ മലനിരകള്‍, അച്ചാം തുരുത്തി, നെല്ലിക്കുന്ന് ബീച്ച് തുടങ്ങി നിരവധി പ്രദേശങ്ങളാണ് ഇവിടെ വിനോദ സഞ്ചാര മേഖലയിലെ നാഴികക്കല്ലുകളാകാന്‍ കാത്തിരിക്കുന്നത്.
വാണിജ്യ-വ്യവസായരംഗമടക്കം മറ്റുമേഖലകളിലേക്കുവന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. സാമ്പത്തിക സര്‍വേ 2017ന്റെ അടിസ്ഥാനത്തില്‍, 39,543.77 ലക്ഷം രൂപയാണ് ജില്ലയിലെ ആകെ നിക്ഷേപം. 39,579 തൊഴില്‍ ദിനങ്ങള്‍ ഈ മേഖലയിലുണ്ടായി. അതേ സമയം തിരുവനന്തപുരത്ത് 1,72,168 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് കണക്ക്. ഗ്രാമങ്ങളില്‍ നല്ലൊരു ശതമാനവും കാര്‍ഷിക ഗ്രാമങ്ങളാണ്. പരമ്പരാഗതമായ രീതിയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, കുരുമുളക്, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി വിവിധ കൃഷികളില്‍ നല്ലൊരു ശതമാനം ആളുകളുണ്ടായിരുന്നിട്ടും ഈ വിഭവങ്ങളെ ഫലവത്തായ രീതിയില്‍ ഇപയോഗിക്കാന്‍ ഇന്നും ജില്ലയ്ക്കായിട്ടില്ല. ഈ മേഖലയില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ഉദാഹരണമാണ് വോര്‍ക്കാടി കൃഷിവിജ്ഞാന കേന്ദ്രം, ജീവനക്കാരില്ലാത്ത കൃഷിയോഫീസുകളും, മൃഗാശുപത്രികളുമൊക്കെ. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ജില്ലയിലെത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഹൈസ്‌കൂള്‍ പോലും ഇല്ലാത്ത പഞ്ചായത്തുകളുണ്ട്. വികസനം എത്തിനോക്കിയിട്ടില്ലാത്ത മലമ്പ്രദേശങ്ങളും, കുന്നിന്‍ മുകളിലൊറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളുണ്ട്.ഇല്ലാതായ്ക്കൊണ്ടിരിക്കുന്ന പ്രാചീന ഗോത്ര വര്‍ഗ്ഗങ്ങളുണ്ട്.
ഇത്രമാത്രം അവഗണനയനുഭവിച്ചിട്ടും കാര്യമായ പ്രക്ഷോഭങ്ങളൊന്നും നടത്താതെ കാസര്‍ഗോഡുകാര്‍ സഹിക്കുന്നതാണ് മറ്റൊരു അത്ഭുതം. ഉന്നതവിദ്യാഭ്യാസത്തിനായാലും ചികിത്സക്കായായും നല്ലൊരു പര്‍ച്ചെയ്‌സിനായാലും ഇവിടത്തുകാര്‍, പ്രതേകിച്ച് കാസര്‍ഗോട് നഗരത്തിനു വടക്കുള്ളവര്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. മംഗലാപുരം നഗരമാണ് വാസ്തവത്തില്‍ ഇവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്നു പറയാം. എന്നാല്‍ മുഖ്യധാരാകേരളത്തിനു പുറത്ത് എത്രകാലം നമുക്കിവരെ നിര്‍ത്താനാകുമെന്ന വിഷയം ഇനിയെങ്കിലും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. അതിനുള്ള അവസരമായി അവഗണനയുടെ ഈ ചങ്ങല വലിക്കലിനെ കാണുകയാണ് വേണ്ടത്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>