സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jun 21st, 2018

പാരിസ്ഥിതിക നിയമങ്ങളെല്ലാം തിരുത്തിയെഴുതുന്ന കേരളം

Share This
Tags

kk

പരിസ്ഥിതി സംരക്ഷണമെന്ന് നിരന്തരം ഉരുവിടുന്ന നമ്മുടെ ഭരണാധികാരികള്‍ അതിനോട് എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നു ചോദിച്ചാല്‍ സംശയഭേദമന്യെ ഉത്തരം ഇല്ല എന്നായിരിക്കും. അത്തരത്തിലുള്ള നടപടികളാണ് നിരന്തരമായി ആവര്‍ത്തിക്കുന്നത്. അവയാകട്ടെ നടപ്പിലാക്കുന്നത് നിയമവിരുദ്ധമായും നിയമങ്ങള്‍ തിരുത്തിയെഴുതിയുമാണെന്നതാണ് ഏറ്റവും ഗുരുതരം. ഇപ്പോഴുമവ ആവര്‍ത്തിക്കുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി ക്വാറികള്‍ക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും തടയണകള്‍ക്കും അനുമതി നല്‍കി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നു. അതുപോലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തില്‍ വെള്ളം ചേര്‍ത്ത് സമതല മേഖലയേയും തീരദേശ സംരക്ഷണനിയമങ്ങള്‍ തിരുത്തി തീരദേശത്തേയും നശിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് രൂക്ഷമായികൊണ്ടിരിക്കുന്നത്.
കോഴിക്കോട് നടന്ന ഉരുള്‍പൊട്ടലിനു പ്രധാന കാരണം അനധികൃതമായി മലമുകളില്‍ നിര്‍മ്മിച്ച തടയണമാണെന്ന് ഏറെക്കുറെ തെളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തില്‍ ക്വാറികളും പാരിസ്ഥിതിക ദുര്‍ബ്ബലപ്രദേശങ്ങളെ പോലും പരിഗണിക്കാതെ നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വഹിക്കുന്ന പങ്കും എല്ലാവര്‍ക്കും അറിയാവുന്നതാണ്. 2001 ലെ അമ്പൂരി(നെയ്യാറ്റിന്‍കര താലൂക്ക്) ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ 39 പേര്‍ ആയിരുന്നു. കുരിശുമലയിലെ 32 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഇടങ്ങളില്‍ നടത്തിവന്ന കൃഷിയും പണിത വീടുകളുമായിരുന്നു അതിനു പ്രധാന കാരണം. എന്തുകൊണ്ട് ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നു എന്ന് നിരവധി പഠനങ്ങള്‍ രാജ്യത്തും പുറത്തും നടന്നിട്ടുണ്ട്. വനങ്ങള്‍ വെട്ടി വീളിപ്പിച്ച ഹെയിത്തിയില്‍ പതിനായിരത്തിലധികം ആളുകളും ഗ്രാമങ്ങളും മണ്ണിടിച്ചിലില്‍ മരിക്കുന്നു.. പെറുവും പിന്നിലല്ല. കാട് വെട്ടി വെളിപ്പിച്ചാല്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടാകുമെന്നുറപ്പ്. മാത്രമല്ല 16 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ മണ്ണിനെ ഇളക്കിയുള്ള കൃഷികള്‍ ഉണ്ടാകരുത്. എന്നാല്‍ കേരളത്തിലിത് വ്യാപകമാണ്. മാത്രമല്ല എകവിള കൃഷി മണ്ണൊലിപ്പിനെ വര്‍ദ്ധിപ്പിക്കും. കൃഷിയിടങ്ങളില്‍ തട്ടുകളും പ്രശ്‌നങ്ങളെ രൂക്ഷമാക്കും. കുന്നുകളിലും ചരിവുകളിലും നടക്കുന്ന പാറ പൊട്ടിക്കല്‍, മണ്ണെടുപ്പ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം.. നിര്‍ഭാഗ്യവശാല്‍ ഇടതു പക്ഷ സര്‍ക്കാര്‍ മേയ് 23 ല്‍ ഇറക്കിയ പരിസ്ഥിതി ധവള പത്രത്തില്‍ ഉരുള്‍പൊട്ടല്‍ വിഷയമായി പരാമര്‍ശിച്ചിട്ടില്ല. മാഫിയ ബന്ധങ്ങള്‍ ഉള്ള, നിയമങ്ങളെ വെല്ലു വിളിച്ചു പ്രവര്‍ത്തിക്കുന്ന, ഗ്രാമങ്ങളിലെ സ്വര്യജീവിതം തകര്‍ക്കുന്ന, വന്‍ സാമ്പത്തിക കൊള്ള നടത്തുന്നവരാണ് കേരളത്തിലെ 10000 വരുന്ന ക്വാറികളെന്ന് പരാര്‍ശിച്ച പതിമൂന്നാം നിയമസഭാ സമിതിയുടെ കണ്ടെത്തലുകളെ ഒരു വരിയില്‍ പോലും ധവളപത്രം പരാമര്‍ശിക്കുന്നുമില്ല. 1961 മുതല്‍ 2009 വരെ 63 ഉരുള്‍പൊട്ടല്‍ 257 മരണങ്ങള്‍ ഉണ്ടായി. തുടര്‍ന്നും അതാവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം ഉരുള്‍പൊട്ടല്‍ ഇടുക്കിയിലും കോഴിക്കോട് വയനാട്, തിരുവനന്തപുരം, കണ്ണൂരിലും നടക്കുന്നു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കാള്‍ എത്രയോ ലഘുവായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെപോലും നാമിന്ന് അംഗീകരിക്കുന്നില്ല. ഇപ്പോഴിതാ തോട്ടങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
സമതലത്തിലേക്കുവന്നാല്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തെ തിരുത്താനുള്ള നീക്കമാണ് ഏറ്റവും ഒടുവില്‍ നടക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത പ്രദേശം പരിവര്‍ത്തന വിധേയമാക്കാം, ഫെയര്‍വാല്യുവിന്റെ 50% തുക അടച്ചാല്‍ മതി. നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്കു പുറമെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നുകൂടി ഉള്‍പ്പെടുത്തി.അറുനൂറിലധികം പഞ്ചായത്തുകളില്‍ ഡേറ്റാ ബാങ്ക് വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാല്‍ ഈ പ്രദേശത്തെ വയലുകളും നികത്താനാകും. മൂലനിയമത്തില്‍ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതു തടയാന്‍ കൃഷി ഓഫിസര്‍, തദ്ദേശസ്ഥാപനങ്ങളിലെ പതിനിധികള്‍, കര്‍ഷകപ്രതിനിധികള്‍ എന്നിവരടങ്ങുന്ന പ്രദേശികതല സമിതികള്‍ ഉണ്ടായിരുന്നു. ഭേദഗതിയില്‍ ഇവയെ കേവലം റിപ്പോര്‍ട്ടിംഗ് ഏജന്‍സികളാക്കി. പൊതുആവശ്യങ്ങള്‍ക്കു വയല്‍ നികത്താനുള്ള അവകാശം പൂര്‍ണമായി സര്‍ക്കാരിലേക്കു കൊണ്ടുവന്നു. പൊതുആവശ്യം എന്ന നിര്‍വചനം ദുര്‍ബലമാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതുകാര്യവും പൊതു ആവശ്യമായി നിര്‍വചിക്കാന്‍ കഴിയും. ഡാറ്റാബാങ്കില്‍ വന്നാല്‍ തന്നെയും പൊതു ആവശ്യപ്രകാരം നെല്‍വയലുകള്‍ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകും.സ്വകാര്യ സംരംഭങ്ങളും പൊതു ആവശ്യമായി പരിഗണിക്കപ്പെടും. മുതലാളിമാര്‍ക്കു യഥേഷ്ടം വയല്‍ നികത്താനുള്ള അനുമതി ലഭിക്കും. പൊതുആവശ്യങ്ങള്‍ക്കായി നിലം നികത്തുന്നതിന് അനുമതി നല്‍കുന്നതിനു മുന്‍പ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ നിയോഗിക്കുന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടാണു വേണ്ടിയിരുന്നത്. ഇതു സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സി എന്നാക്കി മാറ്റി. മൂലനിയമത്തില്‍ പൊതുആവശ്യങ്ങള്‍ക്കായി നികത്തുമ്പോള്‍, ചേര്‍ന്നുകിടക്കുന്ന പ്രദേശത്തെ നെല്‍ക്കൃഷിക്കോ പരിസ്ഥിതിക്കോ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണമായിരുന്നു. പുതിയ നിര്‍ദേശത്തില്‍ ഇതു നീരൊഴുക്കിനെ ബാധിക്കില്ലെന്ന് അഭിപ്രായമുള്ള പക്ഷം എന്നാക്കി ദുര്‍ബലപ്പെടുത്തി. ആര്‍ ഡി ഒയ്ക്ക് നെല്‍വയല്‍, തണ്ണീര്‍ത്തടം നികത്താന്‍ അനുമതി നല്‍കാന്‍ ഭേദഗതി അധികാരം അനുവദിക്കുന്നു.റവന്യൂ രേഖകളില്‍ മാറ്റം വരുത്താനും ആര്‍ ഡി ഒയ്ക്ക് അധികാരം ലഭിക്കുന്നു.ബേസിക് ടാക്സ് റജിസ്റ്ററില്‍ മാറ്റം വരുത്താന്‍ അധികാരികള്‍ക്ക് അവകാശമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരാണ് ഇത്. പരാതികള്‍ നല്‍കാന്‍ 5000 രൂപ ഫീസെന്നു പുതിയ വ്യവസ്ഥ വച്ചു.ഇതു സാധാരണക്കാരായ പരാതിക്കാരെ അകറ്റാന്‍ ലക്ഷ്യമിട്ടാണെന്ന് പകല്‍ പോലെ വ്യക്തം. ഫലത്തില്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്നവകാശപ്പെടുന്ന നിയമത്തെയാണ് ഈ സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്നു സാരം.
ഇനി തീരദേശത്തേക്കുവന്നാലും സ്ഥിത വ്യത്യാസമല്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയില്‍ തീരദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നിയമത്തില്‍ ഇളവുവേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വീടുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ ഇളവുണ്ട്. എന്നാല്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുവേണമെന്ന ആവശ്യം ജനങ്ങള്‍ക്ക്, പ്രതേകിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പ്രതേകിച്ച് വര്‍ഷം തോറും കടല്‍ കൂടുതല്‍ ക്ഷോഭിക്കുകയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍. ചുരുക്കത്തില്‍ പ്രകൃതിക്കോ പരിസ്ഥിതിക്കോ മനുഷ്യര്‍ക്കോ മറ്റു ജീവജാലങ്ങള്‍ക്കോ അല്ല, ആരുടെയൊക്കെയോ തല തിരിഞ്ഞ വികസന സങ്കല്‍പ്പങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് മനസ്സിലാക്കേണ്ടത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>