സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jun 20th, 2018

കാശ്മീരില്‍ സംഘപരിവാര്‍ അജണ്ട

Share This
Tags

kkkസന്തോഷ് കുമാര്‍

പുതിയ കേന്ദ്ര ഗവര്‍മെന്റ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയാകുമ്പോള്‍ കാശ്മീര്‍ രക്തരൂക്ഷിതവും സംഘര്‍ഷഭരിതവും ആകേണ്ടത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ആവശ്യമാണ്. അതിനു പി ഡി പിയുമായുള്ള സഖ്യം മുറിക്കുകയും ‘സര്‍ക്കാര്‍’ ബാധ്യതയില്‍ നിന്ന് പിന്‍വാങ്ങുകയുമല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. അനിവാര്യമായ വഴിപിരിയില്‍. കാശ്മീര്‍ താഴ്വര കൂടുതല്‍ സംഘര്‍ഷ ഭൂമിയാകാന്‍ പോകുന്നു എന്നതാണ് ഭയമുളവാക്കുന്നത്.
2015 ല്‍ ബി ജെ പി, പി ഡി പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത് ദേശീയ താല്പര്യാര്‍ത്ഥവും ജമ്മു കാശ്മീരിന്റെ സമാധാനത്തിനു വേണ്ടിയുമാണെന്നാണ് ബി ജെ പി – സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തെക്കാള്‍ കൊലപാതകങ്ങളും അക്രമങ്ങളും കലാപങ്ങളും ബി ജെ പി – പി ഡി പി സര്‍ക്കാര്‍ ബാന്ധവകാലത്ത് നടന്നിട്ടുണ്ട്. ഇവയില്‍ സ്റ്റേറ്റ് സ്‌പോണ്‍സേണ്‍ഡ് ‘തീവ്രവാദങ്ങളും’ കലാപങ്ങളുമാണ് കാശ്മീരില്‍ അരങ്ങേറിയവയില്‍ ബഹുഭൂരിപക്ഷവും. അതീവ സുരക്ഷാമേഖലയായ സി ആര്‍ പി എഫ് ക്യാമ്പും സൈനിക ക്യാമ്പ് ആക്രമണവും ‘പാര്‌ലമെന്റ് ആക്രമണം’ പോലെ ദുരൂഹമായി ഇന്നും നിലനില്‍ക്കുന്നു. പെല്ലെറ്റ് ഗണ്‍ പ്രയോഗം മുതല്‍ ഫാറൂഖ് അഹമ്മദ് ദാര്‍ എന്ന യുവാവിനെ പട്ടാള ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ചു സാധാരണ ജനതയെ അടിച്ചൊതുക്കുന്ന സൈനിക നടപടിക്കുവരെ കാശ്മീര്‍ സാക്ഷിയായി. കത്വയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ശുജാത് ബുഖാരി ജേര്‍ണലിസ്റ്റിന്റെ കൊലപാതകവും ഇത്തരം ആക്രമണങ്ങളുടെ ഏറ്റവും അവസാനത്തേതുമാണ്. കാശ്മീരില്‍ ഭാഗികമായി നിലനിന്നുരുന്ന സമാധാനവും ഈക്കാലയലവില്‍ ഇല്ലാതാക്കപ്പെട്ടു.
SATP ( South Asia Terrorism Portal ) റിപ്പോര്‍ട്ട് പ്രകാരം തീവ്രവാദ അനുബന്ധമായ മരണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഈ ഭരണകാലത്ത് സംഭവിച്ചിരിക്കുന്നത്. തീവ്രവാദികളുടെ മരണത്തില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവും സാധാരണ ജനങ്ങളുടെ കൊലപാതകത്തില്‍ 37 ശതമാനവും വര്‍ദ്ധനവും ഉണ്ടായപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ മരണത്തില്‍ 72 ശതമാനം മരണമാണ് ഉണ്ടായത് എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാശ്മീരിലെ പട്ടാളമരണങ്ങളെയും ആക്രമണങ്ങളെയും നടപടികളെയും ദേശീയമായും ദേശീയതയുടെ ചിഹ്നമായും ഉള്‍ചേര്‍ക്കാന്‍ ആര്‍ എസ് എസിനു തന്ത്രപരമായി കഴിഞ്ഞിട്ടുണ്ട്. കാശ്മീരിലെ ജനതയ്ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍, കൊലപാതകങ്ങള്‍ ദേശതാല്പര്യാര്‍ത്ഥം ആണെന്ന് വിശ്വസിക്കുന്ന ഒരു പൊതുസമൂഹമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സ്വാഭാവികമായും, സൈനികര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ ദേശീയമായി ഒരു വികാരം രൂപപ്പെടുകയും കാശ്മീരില്‍ സൈനിക നടപടി രൂക്ഷമാകുകയും ചെയ്യും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെ. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ആക്രമങ്ങളെ ഇന്ത്യാ രാജ്യത്തിന്റെ വിജയമായി മാറ്റാന്‍ നമ്മുടെ ഭാരാധികാരികള്‍ക്ക് യാതൊരു മടിയും ഇല്ല. കശ്മീര്‍ ഒഴിച്ച് മറ്റൊരിടത്തും സൈനികര്‍ കൊല്ലപ്പെടുന്നത് ഇത്തരത്തില്‍ ദേശീയതയായി രാഷ്ട്രീയവല്ക്കരിക്കുന്നില്ല എന്നും രാജ്യത്തിന്റെ വൈകാരിതയായും മാറുന്നില്ല എന്നും ഓര്‍ക്കണം. രാജ്യത്തിന്റെ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന അഭിവാജ്യ ഘടകമായി കാശ്മീരും അതിന്റെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. വാജ്‌പെയ് സര്‍ക്കാര്‍ കാലാവധി തീരുന്ന സമയത്ത് കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് നമ്മള്‍ കണ്ടതാണ്. വീണ്ടും ഒരു തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും യുദ്ധങ്ങളും സൈനിക ആക്രമങ്ങങ്ങളും ഉണ്ടായേക്കാം. രാഷ്ട്രീയ ഗുണഭോക്താവ് മോദിയും മോദിയുടെ ആര്‍ എസ് എസ് സര്‍ക്കാരുമായിരിക്കും.

ഫേസ് ബുക്ക് പോസ്റ്റ്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>