സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jun 12th, 2018

മലപ്പുറം ജില്ല വിഭജിക്കാം, കിഴക്കും പടിഞ്ഞാറുമായി

Share This
Tags

malappuramഡോ എം ഗംഗാധരന്‍

മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലിംലീഗ് വീണ്ടും ആവശ്യമുന്നയിച്ച പശ്ചാത്തലത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പ്

കേരളത്തിന്റെ ഭൂമിശാസ്ത്രം നോക്കിയാല്‍ ഒരുകാര്യം മനസ്സിലാകും. ഒരു കേരള മാപ്പെടുത്ത് നോക്കുക. സംസ്ഥാനത്തിന്റെ രണ്ടറ്റങ്ങളില്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ മാത്രമാണ് പടിഞ്ഞാറ് കടല്‍ മുതല്‍ കിഴക്ക് പര്‍വ്വതനിരകള്‍ വരെ വ്യാപിച്ചു കിടക്കുന്നത്. രണ്ടറ്റങ്ങളിലായതിനാല്‍ ഈ ജില്ലകളില്‍ കിഴക്ക് നിന്നു പടിഞ്ഞാറു വരെയുള്ള ദൂരം താരതമ്യേന കുറവുമാണ്. മറ്റു ജില്ലകളില്‍ അതല്ല സ്ഥിതി. കോഴിക്കോട് – വയനാട്, തൃശൂര്‍ – പാലക്കാട്, എറണാകുളം – ഇടുക്കി, കോട്ടയം – ആലപ്പുഴ – ഇടുക്കി, കോട്ടയം – പത്തനംതിട്ട തുടങ്ങിയ ജില്ലകളുടെ സ്ഥാനം നോക്കുക. മലപ്പുറം മാത്രമാണ് ഇതിന് അപവാദം. കടല്‍ മുതല്‍ പര്‍വ്വത നിരകള്‍ വരെ ഈ ജില്ല പരന്നു കിടക്കുന്നു.
ജില്ലകള്‍ ഇത്തരത്തില്‍ രൂപീകരിച്ചതിനു പുറകില്‍ ഒരു പ്രധാന ഉദ്ദേശ്യം ഉണ്ടായിരുന്നു. കേരളത്തിന്റെ തീരപ്രദേശത്തും മലമ്പ്രദേശത്തുമുള്ള ജീവിത രീതികള്‍ തികച്ചും വിഭിന്നമാണ് എന്നതാണ് അതിനു കാരണം. തീരദേശ നിവാസികളും മലമ്പ്രദേശ നിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വ്യത്യസ്ഥമാണ്. പരിഹാരങ്ങളും വ്യത്യസ്ഥം. അവരുടെ ഭാഷയിലും സംസ്‌കാരത്തിലുമെല്ലാം കാര്യമായ വൈജാത്യങ്ങള്‍ ഉണ്ട്. ആലപ്പുഴയുടെ പടിഞ്ഞാറെ ഭാഗത്തേയും ഇടുക്കിയുടെ കിഴക്കെ ഭാഗത്തേയും ജനങ്ങളെ ശ്രദ്ധിച്ചാല്‍ ഇത് ഏറ്റവും ഭംഗിയായി പ്രകടമാകും. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും കാടിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും ഒരു പോലുള്ള വികസന പദ്ധതികള്‍ കൊണ്ടുവന്നാല്‍ അതു ഗുണം ചെയ്യില്ല. ഈ വൈജാത്യങ്ങള്‍ കണക്കിലെടുത്തായിരുന്നു കേരളത്തില്‍ ജില്ലകളുടെ രൂപീകരണം നടന്നത്.
എന്നാല്‍ മലപ്പുറം ജില്ലയുടെ രൂപീകരണം വ്യത്യസ്ഥമായ സാഹചര്യത്തിലായിരുന്നു. രാഷ്ട്രീയ – സാമൂഹ്യ – സാമുദായിക വിഷയങ്ങളായിരുന്നു അവിടെ പരിഗണിക്കപ്പെട്ടത്. അതിന്റെ പ്രത്യാഘാതങ്ങള്‍ മലപ്പുറത്ത് കാണാനുമുണ്ട്. മുകളില്‍ സൂചിപ്പിച്ച പ്രശ്നം ജില്ലയുടെ സമഗ്രമായ വികസനത്തെ ബാധിക്കുന്നുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ കിഴക്കുഭാഗത്തെ വമ്പന്മാരാണ് ഭരണത്തെ നിയന്ത്രിക്കുന്നതെന്നു പറയാം. വന്‍കിട എസ്റ്റ്റ്റ് ഉടമകളും കുടിയേറ്റക്കാരുമൊക്കെ അതില്‍ ഉള്‍പ്പെടുന്നു. തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുരിതമയമാണ്. ജില്ല രൂപീകരിച്ച് ഇത്രയും കാലമായിട്ടും അവരുടെ ജീവിത നിലവാരം കാര്യമായി മെച്ചപ്പെട്ടിട്ടില്ല. അതിനു കാരണം ജില്ലാ ഭരണകൂടത്തിന്റെ വികസനപദ്ധതികളില്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ്. കുറെ പേര്‍ ഗള്‍ഫില്‍ പോയതുകൊണ്ടുമാത്രമാണ് ഒരു വന്‍തകര്‍ച്ച ഉണ്ടാകാതിരുന്നത്. ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുവരവ് സജീവമായ ഘട്ടത്തില്‍ പുതിയ ഒരു ജില്ലയെ കുറിച്ചുള്ള ചര്‍ച്ച നല്ലതാണ്. എന്നാല്‍ അത് തിരൂരിനെ കേന്ദ്രീകരിച്ചാണെങ്കില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരമാകില്ല. കോഴിക്കോടും വയനാടും കിടക്കുന്ന പോലെ ഒരു വിഭജനമാണ് വേണ്ടത്. പടിഞ്ഞാറന്‍ ജില്ലയുടെ ആസ്ഥാനം മലപ്പുറം തന്നെയായി തുടരാം. തിരൂര്‍ അതിന്റെ ഭാഗമായി തന്നെ തുടരും. തീരദേശഭാഗങ്ങളുടെ വികസനത്തിനു ഇതു ഏറെ സഹായിക്കും. കിഴക്കന്‍ ജില്ലയുടെ ആസ്ഥാനമാക്കാന്‍ ഉചിതം നിലമ്പൂരാണ്. അതുവഴി ഇപ്പോള്‍ ജില്ലയുടെ കിഴക്കുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും കഴിയും. ഇത്തരത്തില്‍ വൈജാത്യങ്ങള്‍ കണക്കിലെടുത്തും ഭരണത്തിനും വികസനത്തിനും അനുയോജ്യവുമായ രീതിയിലാണ് ജില്ലയുടെ വിഭജനം നടക്കേണ്ടത്. അല്ലാതെ ഒരിക്കല്‍ കൂടി നേരത്തെ സൂചിപ്പിച്ച പോലെ മറ്റു പരിഗണനകളാണ് കണക്കിലെടുക്കുന്നതെങ്കില്‍ ഫലം വിപരീതമായിരിക്കും….

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>