സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Jun 10th, 2018

കോണ്‍ഗ്രസ്സ് യൗവനം വീണ്ടെടുക്കണം

Share This
Tags

ccc

രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ്സിനു വിട്ടുകാടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലാരംഭിച്ച കിലാപം തുടരുകയാണ്. തികച്ചും ജനാധിപത്യവിരുദ്ധമായെടുത്ത തീരുമാനത്തിനെതിരെ യുവനേതാക്കള്‍ മാത്രമല്ല, മുതിര്‍ന്ന നേതാക്കളും രംഗത്തുണ്ട്. യുഡിഎഫിലേക്ക് മാന്യമായി തിരിച്ചുവരാനും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണക്ക് പകരവുമായാണ് മാണിക്ക് സീറ്റ് നല്‍കിയതെന്നാണ് ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയുടേയും വിശദീകരണം. പിന്തുണ നല്‍കിയന്നു പറയുന്ന ചെങ്ങന്നൂരില്‍ എന്താണു സംഭവിച്ചതെന്ന ചോദ്യത്തിനു പക്ഷെ അവര്‍ക്കു മറുപടിയില്ല. മാത്രമല്ല, അങ്ങനെയാണെങ്കില്‍ തന്നെ അത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ രണ്ടുപേര്‍ക്ക് എന്താണവകാശം എന്ന ചോദ്യവും ഉയരുന്നു. ഇരുവരും കുഞ്ഞാലിക്കുട്ടിയേയും കൂട്ടി രാഹുലിനേയും തെറ്റിദ്ധരിപ്പിച്ചു എന്നു ആരോപണമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിലെങ്കിലും യുവനേതാക്കളെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. അല്ലാത്തപക്ഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പെ കേരളത്തിലെ പാര്‍ട്ടി ഇല്ലാതായാലും അത്ഭുതപ്പെടാനില്ല.
9 തവണ എം പിയായ പി ജെ കുര്യനെ മാറ്റണമെന്ന ആവശ്യം യുവനേതാക്കള്‍ ഉന്നയിച്ചപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് ഇത്തരമൊരു തീരുമാനം വന്നത്. ഇപ്പോഴത്തെ തീരുമാനത്തിനെതിരെ രംഗത്തുവന്ന സുധീരനടക്കമുള്ളവര്‍ കുര്യനെതിരെ മിണ്ടിയില്ല എന്നത് വേറെ കാര്യം. കുര്യന് വീണ്ടും സീറ്റുകൊടുക്കുന്നതിനേക്കാള്‍ ഭേദം മാണിക്ക് കൊടുക്കുന്നതുതന്നെയാണ്. മുന്നണിയിലേക്ക് മാന്യമായി തിരിച്ചുവരാനവസരം ഒരുക്കണമെന്ന അവരുടെ ആവശ്യത്തിലും ന്യായമുണ്ട്. എന്നാല്‍ അതൊന്നും ആത്മാര്‍ത്ഥമല്ല എന്നതിനു തെളിവാണ് ഇപ്പോള്‍ തന്നെ കോട്ടയം എം പിയായ മകനെതന്നെ മത്സരിപ്പിക്കാനുള്ള മാണിയുടെ തീരുമാനം. ഒരു ന്യായീകരണവുമില്ലാത്ത തെറ്റാണ് ഇതുവഴി യുഡിഎഫ് ചെയ്തിരിക്കുന്നത്. പരാതി പ്രളയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം രാജ്യസഭാ സീറ്റിനായി കേരള കോണ്‍ഗ്രസ് എം ഉറച്ചുനിന്നതിനാലാണ് വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍ പറയുന്നു. സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വേദനയും ദുഃഖവുമുണ്ടെന്നും എന്നാല്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ അത് അനിവാര്യമാണെന്നും പ്രവര്‍ത്തകരുടെ പ്രതിഷേധം മനസ്സിലാക്കുന്നു എന്നും എന്നാല്‍ അതിരു കടക്കരുത്, അത് പാര്‍ട്ടിക്ക് അപകടകരമാവുമെന്നും പറഞ്ഞ് ഹസന്‍ ഉരുണ്ടു കളിക്കുന്നതുകാണാന്‍ രസമുണ്ട്. എന്നാല്‍ കെപിസിസി എക്‌സിക്യൂട്ടീവിലോ രാഷ്ട്രീയ കാര്യ സമിതിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ ഇതു സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നതാണ് പല മുതിര്‍ന്ന നേതാക്കളുടേയും പരസ്യ പ്രതികരണങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്.
ഒരുകാലത്ത് വൃദ്ധനേതൃത്വത്തിനെതിരെ കലാപത്തിന്റെ കൊടിയുയര്‍ത്തിയവരാണ് ആന്റണിയും ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയും സുധീരനുമൊക്കെ. എന്നാല്‍ ഇന്ന് ഇവരൊക്കെതന്നെയാണ് യുവതലമുറക്ക് വഴി തടയുന്നത്. അന്ന് ഇവര്‍ കാണിച്ച ആര്‍ജ്ജവം ഇപ്പോഴത്തെ യുവാക്കള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബല്‍റാമും സതീശനും അനില്‍ ക്കരയും വിഷ്ണുനാഥുമൊക്കെ പ്രസ്താവനകളിറക്കുന്നു എങ്കിലും ഒരു പരിധി വിട്ടവര്‍ക്കും മുന്നോട്ടുപോകാനാവുന്നില്ല. എന്തായാലും വൃദ്ധനേതൃത്വം മാറണമെന്ന ആവശ്യം ചിലരെങ്കിലും ഉയര്‍ത്തി കഴിഞ്ഞു. വി ടി ബല്‍റാം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ. ‘കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നു. കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ചുകൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്ന, പൊതു സമൂഹത്തിന് മുന്‍പില്‍ കുറച്ചു കൂടി വിശ്വാസ്യത പുലര്‍ത്തുന്ന, പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാനറിയാവുന്ന, സ്വന്തം അധികാര പദവികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന്റേയും മതേതര കേരളത്തിന്റേയും ഭാവിയേക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഒരു നേതൃത്ത്വമുണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.’ അതെ, അതുതന്നെയാണ് വേണ്ടത്. പല സംസ്ഥാനങ്ങളിലും യുവതലമുറയെ നേതൃത്വത്തിലേക്ക് കാണ്ടുവന്ന രാഹുല്‍ ഗാന്ധി ആ ധൈര്യം ഇവിടെ കാണിക്കണം. കേരളത്തിലെ നേതാക്കളെ എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത് എന്നു മനസ്സിലാകുന്നില്ല. ചുരുങ്ങിയ പക്ഷം വി ഡി സതീശനെയെങ്കിലും കെ പി സി സി പ്രസിഡന്റാക്കണം. അല്ലെങ്കില്‍ സ്ത്രീ – ദളിത് നേതൃത്വം ഉറപ്പാക്കാന്‍ ഷാനിമോള്‍ ഉസ്മാനേയോ കൊടിക്കുന്നില്‍ സുരേഷിനേയോ കൊണ്ടുവരണം. മുല്ലപ്പള്ളി രാമചന്ദ്രനല്ല അതിന് അനുയോജ്യം. അതുപോലെ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും കുറെ കൂട്ി സ്വാകാര്യതയുള്ളവര്‍ വരണം. പക്ഷെ എം എം ഹസന്റെ പേരാണത്രെ അതിനു പരിഗണിക്കുന്നത്. മുല്ലപ്പള്ളിയും ഹസനുമാണ് നേതൃത്വത്തില്‍ വരുന്നതെങ്കില്‍, സംശയിക്കാനില്ല, ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.
രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞു. ഫാസിസത്തിനു രാജ്യത്തെ വിട്ടുകൊടുക്കണോ എന്ന ചോദ്യമാണ് ഈ തരഞ്ഞെടുപ്പ് ഉന്നിക്കുന്നത്. അക്കാര്യത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കു വഹിക്കേണ്ടത് കോണ്‍ഗ്രസ്സാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാല്‍ ഇത്തരം സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍, ഇനിയും മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍, യൗവനം വീണ്ടെടുക്കുന്നില്ലെങ്കില്‍ അത് കാലത്തോടും ചരിത്രത്തോടും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും എന്നതില്‍ സംശയം വേണ്ട.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>