സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jun 9th, 2018

സുരക്ഷ ഏല്‍പ്പിക്കേണ്ടത് സര്‍വൈലന്‍സ് ക്യാമറകളെയല്ല

Share This
Tags

cccവൈശാഖ് ശങ്കര്‍

മലപ്പുറത്തെ തീയേറ്റര്‍ സംഭവത്തോടുള്ള പ്രതികരണങ്ങളില്‍ മുഖ്യമായും പ്രതിഫലിച്ചത് രണ്ട് വികാരങ്ങളാണ്. ഒന്ന്, നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ബാലപീഡനങ്ങള്‍ക്കും,അതുപോലെതന്നെ ആവര്‍ത്തിക്കപ്പെടുന്ന അതിനെ ലെജിറ്റിമൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കും എതിരേയുള്ള ന്യായമായ പ്രതിഷേധങ്ങള്‍. രണ്ട്, പൊലീസിന്റെ കുറ്റകരമായ അനാസ്ഥകളുടെ ആവര്‍ത്തനം ഉണ്ടാക്കുന്ന ആശങ്കകളും, അതുവഴി ആ സ്ഥാപനത്തോട് മൊത്തത്തില്‍ ഉണ്ടാവുന്നഒരുതരം വിശ്വാസമില്ലായ്മയും. ഇത് രണ്ടും തികച്ചും ന്യായമായ വികാരങ്ങളാണ്.ഇപ്പോള്‍ ആ സ്‌റേഷന്‍ എസ് ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ പോസ്‌കോ ചുമത്തി കേസെടുത്തു എന്ന് കേള്‍ക്കുന്നു. അത് നേരത്തെ ഉണ്ടാവേണ്ടതായിരുന്നു.
പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ അക്ഷന്തവ്യമായ അനാസ്ഥയും കൃത്യവിലോപവും നിമിത്തം സമുഹത്തിനുണ്ടായ ഉണ്ടായ നഷ്ടങ്ങള്‍ പൊലീസ് എന്ന സ്ഥാപനത്തിലുള്ള വിശ്വാസം ഇല്ലാതാകുന്നു, കുട്ടികളെ ചൊല്ലിയുള്ള അരക്ഷിതത്വബോധം അനുദിനം വര്‍ദ്ധിക്കുന്നു തുടങ്ങി പ്രത്യക്ഷമായവ മാത്രമല്ല. ശ്രദ്ധ മുഴുവന്‍ പൊലീസില്‍ കേന്ദ്രീകരിച്ചത് വഴി ഈ സംഭവത്തിന്റെ മറ്റ് ചില മാനങ്ങളിലേയ്ക്ക് സമുഹശ്രദ്ധ ചെല്ലാതെപോയി എന്ന മറ്റൊരു നഷ്ടം കുടി അവര്‍ പരോക്ഷമായി വരുത്തിവച്ചിട്ടുണ്ട്..
സംഭവം വിവാദമായ അന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രസ്തുത തീയേറ്റര്‍ ഉടമയോ, മാനേജ്‌മെന്റ് പ്രതിനിധിയോ ആയ ഒരു വ്യക്തി പറഞ്ഞ ചിലതുണ്ട്. അന്ന് അവിടെ മുകളില്‍പ്പറഞ്ഞ സംഭവം നടന്ന ഷോ കളിച്ചുകൊണ്ടിരിക്കെ സമാന്തരമായി പുറത്ത് ഏതോ ഒരു സിനിമയുടെ വിജയാഘോഷ ചടങ്ങുകളും നടക്കുന്നുണ്ടായിരുന്നു. അതുകാരണം സാധാരണ ചെയ്യാറുള്ളത് പോലെ കൊട്ടകയ്ക്ക് ഉള്ളില്‍ ഘടിപ്പിച്ച സി സി ടിവി വഴി കിട്ടുന്ന ദൃശ്യങ്ങളെ തത്സമയം നിരീക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലത്രേ.
അതായത് സാധാരണ ഗതിയില്‍ അവര്‍ ഇത് തല്‍സമയം കാണുകയും ചില്ലറ വേലത്തരങ്ങളൊക്കെ കാണിക്കുന്ന ആള്‍ക്കാരെ അപ്പോള്‍ തന്നെ പിടിച്ച് പുറത്താക്കുകയും ചെയ്യാറുണ്ട്. ഈ സംഭവത്തില്‍ അവര്‍ക്ക് അത് പറ്റാതിരുന്നത് മേപ്പടി വിജയാഘോഷവും പാര്‍ട്ടിയും ഭക്ഷണവുമൊക്കെയായി അവര്‍ തിരക്കിലായിപ്പോയതുകൊണ്ടാണ് എന്ന്. ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാകുന്നു. വേലത്തരങ്ങള്‍ക്ക് അവര്‍ പിടിച്ച് പുറത്താക്കുന്നത് ഏറിയപങ്കും കമിതാക്കള്‍ ആവും എന്ന്. തീയേറ്ററിലെ ഇരുട്ട് സ്വകാര്യ മറയായി എടുത്ത് പരസ്പരം ചുംബിക്കുകയോ, ആലിംഗനം ചെയ്യുകയോ ചെയ്യുന്ന കമിതാക്കള്‍ ചെയ്യുന്നത് സദാചാര ലംഘനമാണോ, അതിന്റെ സര്‍വൈലന്‍സിനായി കൊട്ടകയ്ക്കുള്ളില്‍ കാമറ വയ്ക്കുന്നത് അംഗീകരിക്കപ്പെടാവുന്നതാണോ എന്ന ഒരു ചോദ്യമുണ്ട്.
സാദ്ധ്യമായ ഒരു ഭാവി സംഭവം എടുക്കുക. തിയേറ്ററിനുള്ളില്‍ പ്രണയ ചേഷ്ടകള്‍ കാണിച്ച കമിതാക്കള്‍ സി സി ക്യാമറയില്‍ കുടുങ്ങുന്നു. ആ ദൃശ്യങ്ങള്‍ വഴി സംഭവിക്കാവുന്നത് എന്തൊക്കെ എന്ന് നമുക്ക് പ്രവചിക്കാനാവില്ല. അപമാന ഭയത്താല്‍ അവര്‍ ആത്മഹത്യ ചെയ്യുന്നത് മുതല്‍ പ്രസ്തുത ദൃശ്യങ്ങള്‍ വച്ചുള്ള ബ്ലാക്ക് മെയിലിങ്ങ് വരെയുള്ള പല ആങ്കിളുകള്‍ ഇതിലുണ്ട്.
പാര്‍ക്കുകള്‍ മുതല്‍ സ്‌കുളുകളിലും കോളേജുകളിലും വരെയായി പടര്‍ന്ന് പിടിക്കുന്ന ഈ സര്‍വൈലന്‍സ് സംസ്‌കാരം കേരളത്തില്‍ ഒരു പുതിയ പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്. സാധാരണ ഗതിയില്‍ എന്തിനെയും സ്‌കെപ്ടിക്കായി മാത്രം കാണുന്ന മലയാളി ഇതിനെ അത്ര ഗൌരവത്തോടെ കാണാത്തത് ഒരുപക്ഷെ സി സി ടി വി ദൃശ്യങ്ങള്‍ മിക്കവാറും ചര്‍ച്ചകളില്‍ വരുന്നത് ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ആവും എന്നതിനാലാണ്.
ബണ്ടി ചോറിനെ കുടുക്കിയതും, എ ടി എം കവര്‍ച്ച മുതല്‍ നടി ആക്രമിക്കപ്പെട്ട സംഭവം വരെയുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ അവ ചുണ്ടുപലകയായിട്ടുണ്ട്. പക്ഷേ അതുകൊണ്ട് സര്‍വൈലന്‍സ് ക്യാമറകളെ സുരക്ഷ ഏല്‍പ്പിക്കുന്ന ഒരു മനോനില പ്രോല്‍സാഹിപ്പിക്കപ്പെടെണ്ടതാണോ?
പെഡോഫയലുകളെ പിടിക്കാനായി തീയേറ്ററില്‍ സി സി ക്യാമറ വച്ചിട്ട് കാര്യമില്ല. കാരണം ഇതുവരെ വെളിപ്പെട്ട സംഭവങ്ങള്‍ പ്രകാരം ഇത് ബഹുഭുരിപക്ഷവും നടക്കുന്നത് വീടുകളിലാണ്. പ്രതികള്‍ മിക്കവാറും അടുത്ത ബന്ധുക്കളും. അപ്പോള്‍ വീട്ടില്‍ സി സി ടിവി വച്ചിട്ട് പോലും കാര്യമില്ല. കാരണം സംഭവം നിരീക്ഷിക്കുന്നത് മേപ്പടി ബന്ധുവാണെങ്കില്‍ പിന്നെ എന്ത് കാര്യം! അതേ സമയം സി സി ടി വിയില്‍ പതിഞ്ഞ കുറ്റകൃത്യങ്ങള്‍ ആ കാരണം കൊണ്ട് കുറ്റകൃത്യമാകാതെയും ഇരിക്കുന്നില്ല. ഇത്തിരി കടന്ന ഒരു ഉദാഹരണം പറഞ്ഞാല്‍ അന്യന്റെ കിടപ്പുമുറിയിലേയ്ക്ക് ഒളിഞ്ഞുനോക്കുന്ന ശിലമുള്ള ഒരാളെ എടുക്കുക. അയാള്‍ ഒരു ദിവസം ഒരു ദമ്പതികളുടെ കിടപ്പറയില്‍ കാണുന്നത് രതിയല്ല, കൊലപാതകമാണ് എന്ന് വയ്ക്കുക. അയാള്‍ അത് പൊലീസില്‍ അറിയിക്കുന്നു. ഇവിടെ നീ ഒളിഞ്ഞ് നോക്കിയത് എന്തിന് എന്ന് ചോദിച്ച് അയാളെ അകത്താക്കുകയും കൊലപാതകത്തില്‍ നടപടി എടുക്കാതിരിക്കുകയും അല്ല വേണ്ടത്.
അവിടെ കൃത്യമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന പോലീസ് ഗ്രാവിറ്റി കുടിയ കുറ്റകൃത്യത്തിലെ കുറ്റവാളികളെ പിടികുടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരിക എന്ന കൃത്യമാവും ആദ്യം ചെയ്യുക. തുടര്‍ന്ന് ഒളിഞ്ഞുനോട്ടം ഇനി ആവര്‍ത്തിക്കരുത് എന്ന താക്കീതോടെ അയാളെ വിടുമായിരിക്കാം.അല്ലെങ്കില്‍ പെറ്റി കേസ് ചുമത്തുമായിരിക്കാം. അങ്ങനെ ചുമത്തിയാല്‍ മേലില്‍ ഒളിഞ്ഞ് നോക്കുന്നവര്‍ ആരും ഒരു കുറ്റകൃത്യം നടക്കുന്നത് കണ്ടാല്‍ വെളിയില്‍ പറയാതിരിക്കും എന്ന സാദ്ധ്യതയും ഉണ്ട്. അതും പരിഗണിക്കപ്പെടെണ്ടതാണ്. എന്നാല്‍ അതുകൊണ്ട് മാത്രം അയാളോട് നന്നായി, ഇത് സ്ഥിരമായി ചെയ്ത് സ്‌റെഷനില്‍ നിത്യേനെ റിപ്പോര്‍ട്ട് തരണം എന്ന് പറയാനുമാവില്ലല്ലോ .
സി സി ക്യാമറകളില്‍ കുറ്റകൃത്യങ്ങള്‍ പതിയുന്നത് യാദൃശ്ചികമാണ്. എന്നാല്‍ അത് ഒരു സംസ്‌കാരമായി മാറുമ്പോള്‍ മനുഷ്യന് നഷ്ടമാകുന്നത് അവന്റെ സ്വകാര്യതയും. സി സി ടി വി ക്യാമറ എന്നത് അതില്‍ തന്നെ ഒരു അധികാര സ്ഥാപനമായി മാറുകയും അതിന്റെ സര്‍വ്വ വ്യാപിയായ കണ്ണുകളില്‍ കുരുങ്ങി മനുഷ്യന്റെ സ്വകാര്യത, അവരുടെ അസ്തിത്വ ബന്ധിയായ ഒളിയിടങ്ങള്‍ ഒക്കെയും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥ ഒന്ന് വിഭാവനം ചെയ്ത് നോക്കുക. വെറും പതിനായിരം രുപ മുടക്കി ആര്‍ക്കും സ്ഥാപിക്കാവുന്ന ഒരു ക്യാമറയുടെ തുടര്‍ച്ച വഴി വികസിക്കുന്ന ഒരു സംസ്‌കാരം വഴി തിരിച്ചെടുക്കാന്‍ ആകാത്തവണ്ണം പണയപ്പെടുന്നത് മനുഷ്യന്റെ സ്വകാര്യ ഇടങ്ങള്‍ ഒന്നായി ആവാം.
മനുഷ്യന്‍ തെറ്റ് ചെയ്യാവുന്ന ഒരു ജീവിയാണ്. അതുകൊണ്ട് തന്നെയാണ് മനുഷ്യര്‍ പരസ്പര സമ്മതപ്രകാരം അതിനൊരു സര്‍വൈലന്‍സ് വ്യവസ്ഥ വികസിപ്പിച്ചിരിക്കുന്നത്. ഭരണകുടവും അതിന്റെ സംവിധാനങ്ങളും ഒക്കെയും അതാണ് ചെയ്യുന്നത് എന്ന് പറയാം. എന്നാല്‍ ഈ ഭരണകുടവും തെറ്റ് ചെയ്യാത്ത ഒരു സ്ഥാപനമല്ല എന്നതാണ് നമ്മുടെ അനുഭവം. അതുകൊണ്ടാണ് പൌരന്റെ സ്വകാര്യതയ്ക്കും ഭരണകുടത്തിന്റെ നിരീക്ഷണ അവകാശത്തിനും ഇടയില്‍ ലോജിക്കലും, നൈതികവുമായ ചില പരിധികള്‍ വേണം എന്ന് പറയുന്നത്. സി സി ക്യാമറ സംസ്‌കാരം അങ്ങനെതന്നെ തുറന്ന് വിട്ടാല്‍ അത് നമ്മളെ അസ്ഥിത്വപരമായ നഗ്‌നതയിലേയ്ക്കാവും നയിക്കുക. ചില കുറ്റകൃത്യങ്ങള്‍ സാന്ദര്‍ഭികമായി പിടിക്കാനായി എന്നതിനാല്‍ കയ്യൊഴിഞ്ഞു കൊടുക്കാവുന്ന ഒന്നല്ല നാം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വകാര്യത എന്ന നമ്മുടെ അവകാശം. അത് ഓര്‍മ്മവേണം.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>