സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jun 6th, 2018

അട്ടപ്പാടിയുടെ വികസനാനുഭവവും ആദിവാസി ശിഥിലീകരണവും

Share This
Tags

atta

ഗീതാനന്ദന്‍

വംശീയമായി തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിലെ അവസാനത്തെ ഇരയാണ് മധു. കാടിന്റെയും കാട്ടാറിന്റെയും സന്തതി. മല്ലീശ്വരന്റെയും ഭവാനിപ്പുഴയുടെയും സന്തതി. ക്രൂരമായ ബാഹ്യലോകത്തുനിന്നും ഭയന്നോടി, മല്ലീശ്വരന്റെ മടിത്തട്ടില്‍ അഭയം തേടിയവന്‍. ചുരം കയറിയെത്തിയ ‘നാട്ടുകാര്‍’ ഇവനെ ഭ്രാന്തനെന്ന് മുദ്രകുത്തി. ഇത്തവണ ഒരു ആദിവാസി യുവാവിനെ ‘നാട്ടുകാര്‍’ ഇരയാക്കിയപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി ഗോത്രങ്ങളുടെ വംശീയമായ ഐശ്വര്യവും കെട്ടുറപ്പും കാത്തുപോരുന്ന മല്ലീശ്വരനും, അട്ടപ്പാടിക്ക് ജീവജലം ചുരത്തു ഭവാനിപ്പുഴയും സാക്ഷിയാണ്. മോഷ്ടാവായി മുദ്രകുത്തപ്പെട്ട മധുവിനെ ചൂണ്ടിക്കാട്ടാനും, ബന്ധനസ്ഥനാക്കി ആര്‍പ്പുവിളിയോടെ കൊണ്ടുപോകാനും ‘നാട്ടുകാര്‍’ക്ക് അകമ്പടിയായിരുന്നത് വനത്തിന്റെ കാവലാളായി ഭരണകൂടം ചുമതലപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നതും വിരോധാഭാസമാണ്. എല്ലും തോലും മാത്രമായിരുന്ന ‘മോഷ്ടാവി’ന്റെ ആമാശയത്തില്‍ അവസാനം കഴിച്ച ഭക്ഷണാവശിഷ്ടം ഒരു കഷ്ണം പഴം മാത്രമായിരുന്നെന്ന് വാര്‍ത്തകള്‍ പറയുന്നു. അസ്ഥികളെ ബന്ധിപ്പിച്ച മാംസപേശികള്‍ ഏറെ ദുര്‍ബ്ബലമായിരുന്നു. എന്നിട്ടും, അവസാനശ്വാസം വരെ അവര്‍ അവനെ മര്‍ദ്ദിച്ചു. പൊതുദര്‍ശനത്തിനും പ്രതികാരത്തിനുമായി മുക്കാലിക്കവലയിലുള്ള മണ്ഡപത്തില്‍ ചാരിയിരുത്തി. സെല്‍ഫിയെടുത്ത് ആഘോഷമാക്കി മാറ്റിയ ഈ ചടങ്ങിന്റെ അവസാനം വേട്ടക്കാരിലൊരാള്‍ ഇരയുടെ നെഞ്ചിലേയ്ക്ക് ആഞ്ഞു ചവിട്ടുന്നു. ഒരു പഴന്തുണിക്കെട്ടുപോലെ ഇരയുടെ ശരീരം കോടി പോവുകയും ഭിത്തിയില്‍ തലയിടിച്ച് നിലത്തുവീഴുകയും ചെയ്യുന്നു. ഇതിന് മല്ലീശ്വരന്‍ സാക്ഷിയാണെന്നാണ് ആദിവാസികള്‍ വിശ്വസിക്കുന്നത്.
വംശഹത്യയുടെ ക്രൂരമുഖം

മധുവിന്റെ മരണം അഗളി പോലീസിന്റെ ക്രൈംനമ്പര്‍ 87/18 ആയി CrPc 174 വകുപ്പനുസരിച്ച് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. നാല് ദിവസം കഴിയുമ്പോള്‍ കേസില്‍ 16 പ്രതികളെ ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍-ന് മാറ്റം വരുത്തുകയും ഇങ്ങനെ രേഖപ്പെടുത്തിയതായും കാണുന്നു. ‘അഗളി പോലീസ് സ്റ്റേഷന്‍ ക്രൈം: 87/2018, 174 CrPc Altrerd into 143, 147, 148, & 323, 325, 364, 365, 367, 368, 302 r/w 149 IPC & SC-ST POA act 3 (1), (d) (r) 3 (2) V and section 27(2) of Kerala Forest Act അട്ടപ്പാടിയിലെ ആദിവാസികള്‍ കൊലചെയ്യപ്പെട്ടാല്‍ ദുരൂഹമരണമാക്കി, അസ്വാഭാവിക മരണത്തിന് കേസെടുക്കുക എന്നതാണ് അഗളി പോലീസ് സാധാരണ ചെയ്തുവരാറുള്ളത്. ജനരോഷം ആ പതിവിനെ ഇപ്പോള്‍ മാറ്റിമറിച്ചിരിക്കുന്നു. ഒരു സംഘം ആളുകള്‍ ഒരാളെ മര്‍ദ്ദിച്ച് മൃതപ്രായനാക്കി, സെല്‍ഫിയെടുത്ത് ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയും, മോഷ്ടാവെന്ന നിലയില്‍ പോലീസില്‍ ഏല്‍പ്പിച്ച ഉടന്‍ വഴിമധ്യേ ഛര്‍ദ്ദിച്ച് മരണപ്പെട്ടാല്‍ അതെങ്ങിനെയാണ് അസ്വാഭാവിക മരണമാകുക? ഫെബ്രുവരി 22 ന് കൊല ചെയ്യപ്പെട്ടിട്ടും ഫെബ്രുവരി 25 ന് ആണ് 16-ഓളം പ്രതികളെ അറസ്റ്റുചെയ്യുത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ കേസെടുക്കാമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. കൊലപാതകമെന്ന് ബോദ്ധ്യം വന്ന ഒരു മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ കേസെടുക്കൂ എന്ന ന്യായം ആദിവാസികള്‍ക്ക് മാത്രമുള്ളതാണോ?

അഗളി പോലീസിന്റെ വര്‍ഷങ്ങളായുള്ള ആദിവാസി വിരുദ്ധതതയാണ് മറയില്ലാതെ പുറത്തുവന്നത്. ആദിവാസി കൊലചെയ്യപ്പെട്ടാല്‍ അത് അസ്വാഭാവിക മരണം മാത്രമായി എഴുതി തള്ളിയ നൂറുക്കണക്കിന് കേസുകളാണ് അട്ടപ്പാടിയിലുള്ളത്. 2002 ല്‍ നടത്തിയ ഒരു സര്‍വ്വേ വ്യക്തമാക്കിയത് 106 കൊലകള്‍ ദുരൂഹ മരണമായി എഴുതി തള്ളുകയോ, പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയോ ചെയ്തതായി കണ്ടെത്തിയിരുന്നു. അതിന് ശേഷം ഒരു ദശകം കഴിഞ്ഞു. ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനുള്ള പോലീസ് സംവിധാനമായ എസ്.എം.എസ്-നെ വെറും നോക്കുകുത്തിയാക്കി കൊലകളെ ദുരൂഹ മരണമായി തുടര്‍ന്നും മാറ്റിയിട്ടുണ്ട്. മരുതി എന്ന യുവതിയുടെ കൊല ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആദിവാസികളെ തുല്യാവകാശമുള്ള പൗരന്മാരായി കണക്കാക്കാന്‍ തയ്യാറല്ലാത്തവര്‍ക്കെതിരെ അട്ടപ്പാടിയിലും പുറത്തും ഉയര്‍ന്നുവന്ന വമ്പിച്ച ജനരോഷം മാത്രമാണ് ദുരൂഹമരണത്തില്‍ നിന്നും കൊലപാതകത്തിലേക്ക് മാറ്റം വരുത്താന്‍ പോലീസിനെ നിര്‍ബന്ധിതമാക്കിയത്. ഈ സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ നാളിതുവരെ നടന്ന ദുരൂഹമരണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്, മാത്രമല്ല, മധുവിന്റെ കൊലപാതകത്തില്‍ വനം വകുപ്പിനുള്ള ബന്ധവും പുറത്തുവന്നേ മതിയാകൂ. മധുവിനെ കൊലയാളികള്‍ക്ക് ചൂണ്ടിക്കാട്ടുന്നതിലും മര്‍ദ്ദിക്കുന്നതിലും പോലീസിനെ ഏല്‍പ്പിക്കുന്നതിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിരവധി മൊഴികള്‍ പുറത്തുവിട്ടുണ്ട്. കേസ് ദുര്‍ബ്ബലപ്പെടാതിരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളാകേണ്ടതുമാണ്.
ആദിവാസിയെ മോഷ്ടാവാക്കുമ്പോള്‍
മധു കൊല്ലപ്പെട്ട ശേഷം മാറ്റം വരുത്തിയ എഫ്.ഐ. ആര്‍-ലും മധു ഒരു മോഷാടാവാണെന്ന് സ്ഥാപിക്കുവാന്‍ പോലീസ് ബോധപൂര്‍വ്വം ശ്രമിച്ചതായി കാണുന്നു. എവിടെയും മനോദൗര്‍ബ്ബല്യമുള്ള വ്യക്തിയാണെന്ന് സൂചിപ്പിക്കുന്നുമില്ല. എഫ്.ഐ.ആര്‍. ഇങ്ങനെ തുടങ്ങുന്നു. ”22-02-2018 തിയ്യതി 14.15 മണിക്ക് അഗളി പോലീസ് സ്റ്റേഷനിലെ വിവിധ കളവുകേസിലെ പ്രതിയായ മധു ചിണ്ടക്കി എന്നയാളെ മുക്കാലി ജംഗ്ഷനില്‍ നാട്ടുകാര്‍ പിടികൂടി വെച്ചിരിക്കുന്ന വിവരം ലഭിച്ചതനുസരിച്ച് ടിയാളെ മുക്കാലിയില്‍ നിന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ജീപ്പില്‍ 15.30 മണിക്ക് കൂട്ടിക്കൊണ്ടുവരുന്ന സമയം, താവളം ജംഗ്ഷനില്‍ വെച്ച് ഛര്‍ദ്ദിച്ച് അവശനാവുകയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരുന്ന വഴി മെഡിക്കല്‍ പരിശോധനയ്ക്കായി അഗളി സി.എച്ച്.സി-യില്‍ എത്തിച്ച് ഡോക്ടര്‍ പരിശോധിച്ചതില്‍ ടിയാന്‍ മരണപ്പെട്ടതായി പറഞ്ഞകാര്യം…..” നാടെങ്ങും മധു മനോദൗര്‍ബല്യമുള്ള ആളാണെന്ന് അറിഞ്ഞിട്ടും, അഗളി പോലീസ് സ്റ്റേഷനിലെ നിരവധി മോഷണകേസുകളിലെ പ്രതിയായാണെന്നാണ് വളരെ ബോധപൂര്‍വ്വം എഫ്.ഐ.ആര്‍-ല്‍ രേഖപ്പെടുത്തിയത്. മനോദൗര്‍ബ്ബല്യമുള്ള ആളാണെന്ന യാതൊരു ആനുകൂല്യവും മധുവിന് നല്‍കുന്നുമില്ല.
അട്ടപ്പാടിയിലെ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയില്‍ താഴെയായി. 1950-ല്‍ 1000 ഓളം കുടിയേറ്റക്കാര്‍ മാത്രുണ്ടായിരുന്ന അട്ടപ്പാടിയില്‍ ആകെ ജനസംഖ്യ 66,171 ആണെങ്കില്‍ ആദിവാസികള്‍ 27,121 മാത്രമാണ്. 144 ഊരുകളില്‍ ഇരുളരും, 24 ഊരുകളില്‍ മുഡുകരും, 19 ഊരുകളില്‍ കുറുമ്പരുമാണ്. അട്ടപ്പാടിയിലെ വംശഹത്യയുടെ ചരിത്രത്തിന് ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള ആദിവാസികളുടെ നിഷ്‌കാസനവുമായി ബന്ധമുണ്ട്.
സൈലന്റ്‌വാലിയുടെ വടക്ക്-കിഴക്കന്‍ മേഖലയായി കണക്കാക്കാന്‍ കഴിയുന്ന മുക്കാലി മുതല്‍ ആനവായ് വരെയുള്ള ആദിവാസി ഊരുകളിലേറെയും വനാശ്രിതരായ ആദിവാസികളായിരുന്നു. മുക്കാലിയില്‍ നിന്നും ആനവായ് വരെയുള്ള പാതയില്‍ ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട് എന്നീ സൊസൈറ്റീസ് സെറ്റില്‍മെന്റുകള്‍ അട്ടപ്പാടി ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റി എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയില്‍ നിക്ഷ്പിതമാക്കിയ ഭൂമിയാണ്. ചിണ്ടക്കി, കരുവേര, പോത്തുപ്പാടി, വട്ടുലക്കി എന്നീ യൂണിറ്റുകളിലായി അട്ടപ്പാടിയിലെ വിവിധ മേഖലകളിലെ 3000 ഏക്കര്‍ നിക്ഷിപ്ത വനഭൂമി 1980 കാലത്ത് ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ വീതം പട്ടയം നല്‍കിയവയായിരുന്നു. എന്നാല്‍ പട്ടയം തിരിച്ചുവാങ്ങി സര്‍ക്കാര്‍ സൊസൈറ്റിയില്‍ നിക്ഷിപ്തമാകുമ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് ഉടമകള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നാളിതുവരെ സര്‍ക്കാര്‍ ആ വാഗ്ദാനം പാലിച്ചിട്ടില്ല. ആദിവാസികള്‍ 2001-ല്‍ നടത്തിയ കുടില്‍കെട്ടി സമരത്തിന്റെ പര്യവസാനത്തിലും, 2014-ല്‍ നില്‍പ്പുസമരം നടത്തിയതിനെ തുടര്‍ന്നും സര്‍ക്കാര്‍ ഇതേ വാഗ്ദാനം നല്‍കിയിരുന്നു. വയനാട്ടിലെ സുഗന്ധഗിരി, പൂക്കോട് തുടങ്ങിയ പ്രോജക്ടുകള്‍ പിരിച്ചുവിട്ടിരുന്നു. അട്ടപ്പാടി സൊസൈറ്റി ഇപ്പോഴും ഉദ്യോഗസ്ഥപ്രമാണിമാര്‍ കൊണ്ടുനടക്കുന്നു. ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട് എന്നീ പ്രോജക്ടിനുവേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ മുഡുക സമുദായത്തിന് പാരമ്പര്യമായി അവകാശപ്പെട്ട വനഭൂമി സൊസൈറ്റിക്ക് വേണ്ടി എടുത്തതായി പറയുന്നു. മുഡുക സമുദായത്തിന് അവകാശപ്പെട്ട ഭൂമി പോത്തുപ്പാടി യൂണിറ്റിനുവേണ്ടിയും ഏറ്റെടുത്തിട്ടുണ്ട്. മുഡുകര്‍ ഇന്ന് വനത്തില്‍ നിന്നും പുറന്തള്ളപ്പെട്ട് സമ്പൂര്‍ണ്ണ ഭൂരഹിതരാണ്. 8000 ഓളം മാത്രമേ ആകെ ജനസംഖ്യയുള്ളു. കൊല്ലപ്പെട്ട മധുവും കുടുംബവും കടുകുമണ്ണയ്ക്കടുത്തുള്ള ഊരായ ചിണ്ടക്കി ഊരിലെ ഈ തലമുറയില്‍പ്പെട്ടവരാണ്. വനാവകാശം നിലവില്‍ വന്നിട്ടും ആരും ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മധു കൊല്ലപ്പെടുമ്പോള്‍ മനോദൗര്‍ബ്ബല്യംകൊണ്ട് അലഞ്ഞുതിരിയുകയും മല്ലീശ്വരന്‍ മുടിയുടെ താഴെ ഒരു ഗുഹാവാസിയായി മാറുകയുമായിരുന്നു. അന്യനാട്ടില്‍ തൊഴില്‍ തേടി പോയ സന്ദര്‍ഭത്തില്‍ ഏതോ സാഹചര്യത്തില്‍ മനസ്സിന്റെ താളം തെറ്റുകയും ചെയ്തു. മനോനില തെറ്റിയ നിരവധി ആദിവാസികളെ ഊരുകളില്‍ കണ്ടെത്താന്‍ കഴിയും. പ്രകൃതിയും തുടിതാളവുമായുള്ള ബന്ധം ശിഥിലമാക്കപ്പെടുന്ന ഗോത്രജീവിതത്തിന് നാഗരിക ലോകത്തിന്റെ സംഘര്‍ഷങ്ങള്‍ മനോരോഗമാണ് നല്‍കുന്നതെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ?
തുടച്ചുനീക്കപ്പെട്ട പച്ചപ്പും
വനാവകാശ നിഷേധവും
സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 450 മുതല്‍ 2500 വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അട്ടപ്പാടി പ്രദേശത്തെ വര്‍ഷപാതം കൂടുതല്‍ ലഭിക്കുന്ന പടിഞ്ഞാറന്‍ പ്രദേശവും വര്‍ഷപാതം കുറവ് ലഭിക്കുന്ന കിഴക്കന്‍ പ്രദേശവുമായി വേര്‍തിരിക്കാം. സൈലന്റ്‌വാലി മുതല്‍ താരതമ്യേന നല്ല വര്‍ഷപാതവും വനമുള്ള മേഖലയാണ്. ഈ മേഖലയിലാണ് പ്രധാനപ്പെട്ട കുറുമ്പ ഊരുകള്‍ ഉള്ളത്. താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ തുടങ്ങിയ ഊരുകളിലും അട്ടപ്പാടിയിലെ വനമേഖലയുമായി ബന്ധമുള്ള 19 ഊരുകളിലായാണ് കുറുമ്പര്‍ സമുദായം കാണപ്പെടുന്നത്. അരനൂറ്റാണ്ട് കാലത്തിന് മുമ്പുവരെ ജൈവസമ്പമായ വനഭൂമി തടിവ്യവസായത്തിന് വേണ്ടി വെട്ടിനീക്കിക്കൊണ്ടിരുന്നു. വനസംരക്ഷകരാകേണ്ട വനംവകുപ്പിന്റെ ഒത്താശയോടെയാണ് ഇത് ചെയ്തത്. കുറുമ്പരുടെ വനാവകാശത്തിന് കോടാലി വീണുതുടങ്ങിയപ്പോള്‍, വനപ്രദേശത്തോട് അടുത്ത് കൃഷി ചെയ്യുകയും മാറ്റകൃഷി ചെയ്യുകയും ചെയ്തിരുന്ന ഇരുള ഗോത്രങ്ങള്‍ സ്വാഭാവികമായും വനത്തില്‍ അവകാശമില്ലാത്തവരായി അടുത്തകാലം വരെ കണക്കാക്കപ്പെട്ടു. 2006-ല്‍ വനാവകാശനിയമം നിലവില്‍ വന്നപ്പോള്‍ മാത്രമാണ് ഇത് പുനഃപരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങിയത്. അട്ടപ്പാടിയിലെ പ്രബല ഗോത്രവര്‍ഗ്ഗവിഭാഗമായ ഇരുളര്‍ 120 ഓളം ഊരുകളില്‍ അധിവസിക്കുന്നു. പരമ്പരാഗതമായി നല്ല കൃഷിഭൂമിയുടെ ഉടമകളായിരുന്നെങ്കിലും മധ്യതിരുവതാകൂറില്‍ നിന്നുള്ള കുടിയേറ്റം കാരണം ഇരുള വിഭാഗത്തിന് ഭൂമി നഷ്ടപ്പെട്ടു. 1950-ന് ശേഷം അവരുടെ കൃഷിഭൂമിയിടെ പകുതിയോളം കയ്യേറ്റം ചെയ്യപ്പെട്ടു. നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള 1975 ലെ നിയമം റദ്ദാക്കിയതിനാല്‍ ഭൂമി തിരിച്ചുകിട്ടിയുമില്ല. 2006-ലെ കേന്ദ്രവനാവകാശം നിലവില്‍ വന്നിട്ടും, കുറുമ്പ-ഇരുള-മുഡുക വിഭാഗക്കാരുടെയും വനാവകാശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വനാവകാശ നിയമം നടപ്പാക്കുന്നതില്‍ അട്ടപ്പാടി ഏറെ പിന്നിലാണ്. ഭൂസംരക്ഷണ നിയമത്തിന്റെ അഭാവത്തില്‍ കാറ്റാടിപ്പാടങ്ങള്‍ക്കും, ടൂറിസത്തിനുമായി ഭൂമാഫിയകള്‍ ഇപ്പോഴും ഭൂമി കയ്യേറിക്കൊണ്ടിരിക്കുന്നു.
തട്ടിയെടുക്കുന്ന ആദിവാസിഭൂമി
വനാശ്രിതത്വവും പരമ്പരാഗത കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുമാണ് ഗോത്രജീവിതത്തിന്റെ നട്ടെല്ല്. പരിരക്ഷാ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തികൊണ്ടാണ് ആദിവാസികളെ ഭൂമിയില്‍ നിന്നും ആട്ടിയോടിക്കുന്നത്. ഭൂപരിഷ്‌ക്കരണവും ജന്മിത്വവിരുദ്ധ ആശയങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. എന്നിട്ടും ആദിവാസികളുടെ ഭരണഘടനാപരമായ വകുപ്പുകളെ കുറിച്ച് ഒട്ടും പരിഗണന നല്‍കാത്ത നാടുകൂടിയാണിത്. പരമ്പരാഗത ഗ്രാമസമൂഹങ്ങളായി നിലനില്‍ക്കാനുള്ള ആദിവാസികളുടെ അവകാശങ്ങള്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, വനത്തിലും മണ്ണിലും പ്രകൃതിയിലും തണ്ണീര്‍ത്തടങ്ങളിലും പരമ്പരാഗതമായി അനുഭവിച്ചുവരുന്ന ജനവര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന യാതൊരു നിയമവും കേരളത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ വിദേശികളുടെ അവബോധം തന്നെ കേരളത്തിലും തുടര്‍ന്നുവന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ എസ്റ്റേറ്റുകളെ തൊടാനുള്ള ധൈര്യവും കാണിച്ചില്ല. ജാതിവ്യവസ്ഥയുടെ ഭാഗമായി അടിച്ചമര്‍ത്തപ്പെടുന്ന ദളിതരെ പോലെ മൂന്ന് സെന്റിലും അഞ്ച് സെന്റിലും ആദിവാസികളെയും ഒതുക്കി നിര്‍ത്താമെന്ന പൊതുബോധമാണ് രാഷ്ട്രീയ സമൂഹത്തേയും സ്വാധീനിച്ചുപോന്നത്. ജാതിവ്യവസ്ഥയുടെ സ്വാധീനമാണ് ഇതെന്ന് പറയാം. ആയതിനാല്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കിയ കാലഘട്ടത്തില്‍ ആദിവാസികളുടെ സ്വയംഭരണം, പട്ടികവര്‍ഗ്ഗ പ്രദേശം, വനാവകാശം തുടങ്ങിയ ഭരണഘടനാപ്രശ്‌നങ്ങലൊന്നും കേരളത്തില്‍ ചര്‍ച്ച ചെയ്തില്ല. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഇതെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിരക്ഷരരാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിലനിന്ന ഒരേയൊരു ആദിവാസി സംരക്ഷണ നിയമം (ഗടഠഅ 1975) 1999-ല്‍ റദ്ദാക്കുകയും ചെയ്തു.
നിയമം അട്ടിമറിക്കപ്പെട്ടതെങ്ങനെ?
1970 കളുടെ അന്ത്യത്തോടെ ഇന്ത്യയിലെമ്പാടും നടപ്പാക്കിയ ഇന്റര്‍ഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (കഠഉജ) നടപ്പാക്കിയപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ കഠഉജ പ്രദേശം അട്ടപ്പാടിയായിരുന്നു. ആദിവാസികളുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കഠഉജ സംവിധാനം നിലവില്‍ വന്നത്. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയെ സംബന്ധിച്ചുള്ള കണക്കെടുപ്പ് കഠഉജ വഴി നടത്തി. 1982 ല്‍ പ്രസിദ്ധീകരിച്ച് ഈ റിപ്പോര്‍ട്ട് അനുസരിച്ച്, അട്ടപ്പാടിയില്‍ 10,106. 19 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 75 ലെ ഗടഠ നിയമം അനുസരിച്ച് നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള ആവശ്യം ആദിവാസികള്‍ ഉന്നയിച്ചതോടുകൂടി ഇടത്-വലത് പാര്‍ട്ടികള്‍ പ്രസ്തുത നിയമം റദ്ദാക്കുകയും 1999-ല്‍ മറ്റൊരു ഭേദഗതിനിയമം നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു. ശ്രീമതി ഗൗരിയമ്മ മാത്രമാണ് അതിനെ എതിര്‍ത്തത്.
1999 ഭേദഗതി നിയമം അനുസരിച്ച് 985 കേസുകളാണ് അട്ടപ്പാടിയിലെ 6 വില്ലേജുകളിലായി ഉളളത്. അഗളി (366), പാടവയല്‍ (94), പുത്തൂര്‍ (122), കള്ളമല (180), കോട്ടത്തറ (108), ഷോളയൂര്‍ (166). ഭേദഗതിനിയമ അനുസരിച്ച് അഞ്ച് ഏക്കര്‍ വരെ കൈവശം വെയ്ക്കുന്ന കയ്യേറ്റക്കാരന് സ്ഥിരാവകാശം നല്‍കാനും അഞ്ച് ഏക്കറില്‍ കൂടുതലുള്ളത് പിടിച്ചെടുക്കാനും നിയമമുണ്ടാക്കിയിരുന്നു. കുടിയേറ്റക്കാരന് സ്ഥിരാവകാശം നല്‍കുന്ന അഞ്ച് ഏക്കറിന് പകരം ഭൂമി സര്‍ക്കാര്‍ നല്‍കണം. ഈ ഭേദഗതിനിയമം അനുസരിച്ച് 2733 ഏക്കര്‍ ഭൂമി പകരമായി സര്‍ക്കാര്‍ നല്‍കേണ്ടതാണ്. 485.31 ഏക്കര്‍ പിടിച്ചെടുത്തും നല്‍കണം. സുപ്രിംകോടതി അംഗീകാരം നല്‍കിയ അട്ടിമറി നിയമം ആദിവാസികള്‍ നാളിതുവരെ അംഗീകരിച്ചിട്ടില്ല. സര്‍ക്കാരാകട്ടെ, പകരം ഭൂമി നല്‍കുകയോ പിടിച്ചെടുത്ത് നല്‍കുകയോ ചെയ്തിട്ടില്ല. തികച്ചും നിയമവിരുദ്ധമായി കുടിയേറ്റക്കാര്‍ കൈവശം വെച്ചുവരുന്ന ഭൂമിക്ക് കരമടയ്ക്കാനുള്ള സൗകര്യം ചെയ്യാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി റീസര്‍വ്വെ നടപടിക്ക് ഒരുങ്ങുകയാണ്. ജനാധിപത്യ സംവിധാനം നല്‍കുന്ന എല്ലാ വാതിലുകളും കേരളത്തിലെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇങ്ങിനെയാണ് ആദിവാസികള്‍ക്കെതിരെ കൊട്ടിയടച്ചത്.
വിഭവക്കൊള്ളയും കഠഉജ യുടെ മരണവും
വനഭൂമിയില്‍ നിന്നും കൃഷിഭൂമിയില്‍ നിന്നും ഗോത്രജീവിതത്തെ തുടച്ചുമാറ്റാന്‍ പുതിയൊരു തന്ത്രം കൂടി ബ്യൂറോക്കസിയും ഭരണകൂടങ്ങളും കണ്ടുപിടിച്ചിരുന്നു. ആദിവാസി ഫണ്ട് കോണ്‍ട്രാക്ടര്‍ ലോബികളിലൂടെയും ഇടനിലക്കാരിലൂടെയും തട്ടിയെടുക്കുന്ന സംവിധാനമാണ് അട്ടപ്പാടിയില്‍ വികസിപ്പിച്ചത്. അഹാര്‍ട്‌സിന് ജപ്പാന്‍ ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നതിന് മുമ്പ് പാലക്കാടുള്ള ഐ.ആര്‍.റ്റി.സി. അട്ടപ്പാടിയില്‍ 1990 വരെ ചെലവഴിച്ച ഫണ്ടിനെ കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇടനിലക്കാരാണ് ഫണ്ട് തട്ടിയെടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതൊഴിവാക്കുക എന്നതാണ് പുതിയ ഫണ്ടിംഗ് പദ്ധതിയുടെ നയമെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ക്ക് പകരം എന്‍.ജി.ഒകളും കണ്‍സള്‍ട്ടന്‍സികളും വലിയൊരു ഉദ്യോഗസ്ഥനിരയും രംഗത്തുവരുന്നതാണ് നാം കാണുന്നത്. കൂടാതെ ത്രിതല പഞ്ചായത്ത്‌രാജ് സംവിധാനവും അഹാര്‍ഡ്‌സും നിലവില്‍ വന്നതോടെ ഐ.റ്റി.ഡി.പി.യെ ഇല്ലായ്മ ചെയ്യാന്‍ അതിന്റെ നിയന്ത്രണം ഗ്രാമന്ത്രാലയത്തിന് കൈമാറി. ഫലത്തില്‍ ആദിവാസി ഫണ്ട് കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലായി. വര്‍ഷങ്ങളായി അട്ടപ്പാടി ബ്ലോക്ക് വഴി ചിലവിഴിക്കുന്ന മൂന്ന് പഞ്ചായത്തുകളുടെ വികസനഫണ്ട് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയാണ് ഏറെയും ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ ഭൂമിയില്‍ നിന്നും വിഭവാധികാരത്തിന്റെ മറ്റ് സാധ്യതകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന ഗോത്രസമൂഹത്തിന്റെ അവശേഷിക്കുന്ന കൃഷിഭൂമി വരള്‍ച്ച ബാധിതപ്രദേശമായി പരിണമിക്കുകയും പോഷകാഹാരവും ആരോഗ്യവും നഷ്ടപ്പെട്ട ഒരു ജനതയായി വംശഹത്യയിലേയ്ക്ക് ആദിവാസികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കാര്‍ഷിക പദ്ധതിയിലെ വിവേചനം
അട്ടപ്പാടിയിലെ കൃഷിഭൂമി കണ്ടാലറിയാം ആദിവാസികളുടെ ഭൂമിയാണോ, അനാദിവാസിയുടെ ഭൂമിയാണോ അതെന്ന്. ഉള്ള ഭൂമിയില്‍ ജലസേചനമില്ലായ്മ കാരണം പരമ്പരാഗത കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ നിന്നും പിറകോട്ട് പോയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ട്രൈബല്‍ വകുപ്പ്, കൃഷിവകുപ്പ്, അഹാര്‍ഡ്‌സ് തുടങ്ങിയവയില്‍ നിന്നൊന്നും ജലസേചനത്തിന് പിന്തുണ കിട്ടിയില്ല. ജലനിധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. അഗളിയില്‍ മാത്രം എട്ട് കോടി രൂപയുടെ പൈപ്പ് കുഴിച്ചിട്ടതായി പറയുന്നു. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയെ കുറിച്ചും, അതിന്റെ ഫലത്തെ കുറിച്ചും അന്വേഷണം ആവശ്യമാണ്. അട്ടപ്പാടിയില്‍ നിന്ന് കിഴക്കോട്ടേയ്ക്ക് പോകുമ്പോള്‍ മരുവല്‍ക്കണം ശക്തമാണ്. ഇത് ഭൂമാഫിയകള്‍ കടന്നുവരുന്നതിന് കാരണമാകുന്നു. കാറ്റാടി യന്ത്രം സ്ഥാപിച്ച് ഭൂമി കൈയ്യേറ്റം നടത്തിയ രീതിക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നതും ഭൂമാഫിയ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഉപജീവന പ്രതിസന്ധിയും ശിശുമരണവും
കൃഷിഭൂമി ഉള്ളവരും ഉപജീവന പ്രതിസന്ധി നേരിടുകയാണ്. സ്ത്രീകളുടെ പോഷകാഹാരകുറവും രക്തക്കുറവും ശിശുമരണത്തിന് ആക്കം കൂട്ടി. 2012-13 കാലഘട്ടത്തില്‍ നൂറോളം കുട്ടികള്‍ മരണമടഞ്ഞിട്ടുണ്ട്. മാസം തികയാതെ പ്രസവിക്കല്‍, ഭാരമില്ലായ്മ, ഗര്‍ഭം അലസിപോകല്‍ തുടങ്ങിയവയെല്ലാം ശിശുമരണത്തിന് കാരണമാകുന്നു. സ്ത്രീകളുടെ ആരോഗ്യമില്ലായ്മയാണ് അടിസ്ഥാന പ്രശ്‌നം. 2014-ല്‍ 22 കുഞ്ഞുങ്ങള്‍ മരണപ്പെട്ടതായി ‘തമ്പി’ന്റെ അന്വേഷണം വെളിപ്പെടുത്തുന്നു. നവജാതശിശുമരണം ഒരു ജനതയുടെ സാമൂഹ്യാരോഗ്യത്തിന്റെ പ്രതിഫലനമായി കാണുകയും വളരെ അടിസ്ഥാനപരമായ പരിശോധന ആവശ്യപ്പെടുന്നതുമാണ്.
ശിശുമരണവും പാക്കേജുകളും
ശിശുമരണം വാര്‍ത്തയായതോടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. വാട്ടര്‍ അതോറിറ്റി 30 കോടി, ജലനിധി നാല് കോടി, പട്ടികവര്‍ഗ്ഗം ഒരു കോടി, വെജിറ്റബിള്‍ പ്രമോഷന്‍ ഒന്നേമുക്കാല്‍ കോടി, പാരമ്പര്യകൃഷിക്ക് മൂന്ന് കോടി, കൂടാതെ കുടുംബശ്രീയുടെ വ്യാപനത്തിന് കേന്ദ്രത്തില്‍ നിന്നും 250 കോടി. കുടുംബശ്രീയുടെ പ്രവര്‍ത്തനമാണ് ശിശുമരണത്തിന് ശേഷം അട്ടപ്പാടിയില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടത്. സി.എ.ജി കുറവുകള്‍ കണ്ടെത്തിയ കുടുംബശ്രീയുടെ പോഷകാഹാരപരിപാടിയുടെ മറ്റൊരു രൂപം മാത്രമാണ് ഇപ്പോള്‍ നടപ്പാക്കപ്പെടുന്ന കമ്മ്യൂണിറ്റി കിച്ചണ്‍. ശിശുമരണം ഇപ്പോഴും തുടരുന്നുണ്ട്. ശിശുമരണത്തിന്റെ പേരിലുള്ള ഇത്തരം ഫണ്ടിംഗ് പരിപാടികള്‍ ഉദ്യോഗസ്ഥരുടെ ശാക്തീകരണം മാത്രമാണ് നടത്തുന്നത്. പരമ്പരാഗത ആദിവാസി ഊരുകളുടെ ശാക്തീകരണത്തിന് നേര്‍വിപരീതമായി ഊരുകൂട്ടങ്ങളെ ഇത് ശിഥിലമാക്കുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വേണ്ടി നടപ്പാക്കിയ ജനനി-ജന്മസുരക്ഷാ പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്തവര്‍ പോലും ഇപ്പോഴും സുരക്ഷിതരായി കഴിയുന്നു.
വികസനവും ഊരിന്റെ ശിഥിലീകരണവും
അട്ടപ്പാടിയില്‍ പരീക്ഷണവുമായി എത്തിയ എല്ലാ വിദഗ്ദരും തകര്‍ത്തുകളഞ്ഞത് ആദിവാസികളുടെ കൂട്ടായ്മയും പരമ്പരാഗത ഊരുകളുടെ ഗ്രാമസഭാ സംവിധാനവുമാണ്. അട്ടപ്പാടിക്ക് ഗോത്ര ജനാധിപത്യത്തിന് പരമ്പരാഗത രൂപങ്ങളുണ്ട്. മൂപ്പന്‍, കുറുതല, ഭണ്ഡാരി, മണ്ണൂക്കാരന്‍ തുടങ്ങിയവരുള്‍ക്കൊള്ളുന്ന സംവിധാനമാണത്. ഇതിന് പകരമായി വികസന വിദ്ഗദര്‍ സഹകരണ എസ്റ്റേറ്റുകളുണ്ടാക്കി, മൂപ്പന്‍സ് കൗണ്‍സിലിലൂടെ ഊരുകളെ നിയന്ത്രിച്ചുവന്നു. അഹാര്‍ഡ്‌സും എന്‍.ജി.ഒകളും രംഗത്ത് വരുന്നതോടെ ഊരുവികസന സൊസൈറ്റികളിലൂടെ ഊരിന്റെ നിയന്ത്രണം ഏറ്റെടുത്തു. പഞ്ചായത്തും, ഐ.റ്റി. ഡി.പിയും, ടോക്കും, വനംവകുപ്പും അതിന്റെ വി.എസ്.എസ്.കളും, വനാവകാശ സമിതികളും അവരവരുടെ രീതിയില്‍ ഗ്രാമസഭകളെ ദുരുപയോഗം ചെയ്തു. കുടുംബശ്രീയും, മറ്റ് എസ്.എച്ച്.ജികളും അവരുടെ രീതിയിലും ഊരുകൂട്ടങ്ങളെ ശിഥിലമാക്കി. എല്ലാ സംവിധാനങ്ങളും ചെയ്തത് ഊരുകൂട്ടങ്ങള്‍ വിളിച്ചുചേര്‍ത്ത് തികച്ചും ജനാധിപത്യവിരുദ്ധമായി മിനുറ്റ്‌സുകളിലും രേഖകളിലും ഒപ്പിട്ടുവാങ്ങിക്കുകയായിരുന്നു. ഇങ്ങനെ ഫണ്ട് തട്ടിയെടുക്കുന്നതിനും വിഭവാധികാരവും വനാവകാശവും നിഷേധിക്കുന്നതിനും ഊരിന്റെ പരമ്പരാഗത ജനാധിപത്യ അധികാരം തകര്‍ത്തുകൊണ്ടിരിക്കുന്നു. ഊരിന്റെ ജനാധിപത്യ അവകാശം സംരക്ഷിക്കാന്‍ എല്ലാ ബാഹ്യശക്തികളെയും അടിച്ചുപുറത്താക്കണം ഊരിന്റെ പരമ്പരാഗത ഗ്രാമസഭാ അവകാശത്തില്‍ ബാഹ്യഇടപെടല്‍ നിരോധിക്കുന്ന നിയമത്തിന് രൂപം നല്‍കേണ്ടതാണ്.
പെസാ നിയമത്തിന്റെ സാധ്യത
പെസാ നിയമത്തിന്റെ പരിധിയില്‍ അട്ടപ്പാടിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ഇപ്പോഴും നിര്‍ദ്ദേശമുണ്ട്. 2014ലെ നില്‍പ്പുസമരത്തിന്റെ ഫലമാണിത്. അട്ടപ്പാടിയുള്‍പ്പെടെ 2200 ഓളം വരുന്ന ആദിവാസി ഊരുകളെ പട്ടികവര്‍ഗ്ഗമേഖലയായി പ്രഖ്യാപിക്കപ്പെടണം. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് ചര്‍ച്ച ചെയ്ത് തുടങ്ങണം. പെസ നിയമത്തിന് മുന്നോടിയായി ഊരുകളുടെ സ്വയംഭരണം സാധ്യമാകുന്ന ഒരു സംസ്ഥാന നിയമനിര്‍മ്മാണമാണ് ഉടനടി ഉണ്ടാകേണ്ടത്. ഊരിന്റെ ആഭ്യന്തര കാര്യങ്ങളിലുളള ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വനംവകുപ്പിന്റെയും ഐ.റ്റി.ഡി.പിയുടെയും കുടുംബശ്രീയുടെയും മറ്റ് എന്‍.ജി.ഒകളുടെയും ഇടപെടല്‍ അവസാനിപ്പിക്കുകയും ആദിവാസികളുടെ വികസനം, ജീവിതം, കൃഷി, ഭൂമി, സംസ്‌ക്കാരം തുടങ്ങിയവ ക്രമീകരിക്കുന്ന ആദിവാസി ഊരിന്റെ ജനാധിപത്യം അംഗീകരിക്കപ്പെടണം.
മധുവിന്റെ മരണം പഠിപ്പിക്കുന്നത്
മരിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ നെഞ്ചിലേറ്റ ചവിട്ടാണ് മധുവിന്റെ ഉയിരെടുത്തത്. ഇതിന്റെ പിടച്ചില്‍ അട്ടപ്പാടിയിലെ ആദിവാസികളിലും എല്ലാ മനുഷ്യസ്‌നേഹികളിലും ഉണ്ടായി. ആദിവാസിയെ വെടിവെച്ചുകൊന്നാലും (മുത്തങ്ങയില്‍ ജോഗി വെടിവെച്ച് കൊല്ലപ്പെട്ടപ്പോള്‍) ആദിവാസിയെ ചവിട്ടിക്കൊന്നാലും അസ്വാഭാവിക മരണത്തിന് മാത്രമേ ഭരണകൂടം കേസെടുക്കൂ. ഈ സ്ഥിതിമാറി പൗരത്വം അംഗീകരിക്കപ്പെടാനും, അന്തസ്സോടെ എഴുന്നേറ്റ് നില്‍ക്കാനും ആദിവാസികളെ അനുവദിക്കണം. അവരെ വെറുതെ വിടണം. നാളിതുവരെയുള്ള ദുരൂഹമരണങ്ങള്‍ അന്വേഷിക്കപ്പെടണം; ചട്ടവിരുദ്ധമായി നടപ്പാക്കപ്പെടുന്ന 1999-ലെ നിയമം റദ്ദാക്കുകയു അതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തലാക്കുകയും വേണം; വനാവകാശനിയമം സമഗ്രമായി നടപ്പാക്കണം; ആദിവാസി പ്രോജക്ട് ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണം; കേന്ദ്രസര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് കൈമാറണം; മദ്യശാലകള്‍ അട്ടപ്പാടിയില്‍ സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം; പെസാ നിയമം നടപ്പാക്കണം; അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ജലസേചനവും കാര്‍ഷിക പിന്തുണയും നല്‍കണം; ഊരുകളിലെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തില്‍ ബാഹ്യ ഇടപെടല്‍ ഒഴിവാക്കുന്ന നിയമം നടപ്പാക്കണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അടിസ്ഥാന സമീപനം സ്വീകരിച്ചാല്‍ മാത്രമേ മറ്റെല്ലാതരം ഫണ്ട് വിനിയോഗ പദ്ധതികളും ആദിവാസികള്‍ക്ക് ഗുണകരമാകൂ.

കേരളീയം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>