സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jun 4th, 2018

നെഞ്ചിലൂടെ കയറിയ ബുള്ളറ്റ് ശരീരം തുളച്ച് പുറത്ത് കടന്നപ്പോള്‍ അവളറിഞ്ഞു

Share This
Tags

RRR

ഹബീബ് അന്‍ജു

ഗാസ അതിര്‍ത്തിയില്‍ രണ്ട് മാസമായി നടക്കുന്ന ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ സമരത്തിനിടെ പരുക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ മുന്നോട്ട് വന്ന ആദ്യത്തെ വനിത പാരാമെഡിക്കലായിരുന്നു 20 വയസ്സുകാരിയായ റസാന്‍ അല്‍ നജ്ജാര്‍. എന്റെ രാജ്യത്തിനും ദൈവത്തിനും വേണ്ടിയാണിത് ചെയ്യുന്നതെന്നും, ജോലിയോ പണമോ ആവശ്യമില്ലെന്നും, മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകളൊട് സധൈര്യം സമരമുഖത്തേക്ക് സഹായിക്കാന്‍ മുന്നോട്ടു വരാനും ഉറച്ച ശബ്ദത്തോടെ ആഹ്വാനം ചെയ്തവള്‍. അന്താരാഷ്ട്രമാധ്യമങ്ങളില്‍ ഒരു ജനതയുടെ ജിഹ്വയായവള്‍.
റസാന്റെ വാക്കുകളില്‍, ‘ആദ്യത്തെ ദിവസമായിരുന്നു ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത്. കണ്ണീര്‍വാതക ഷെല്‍ വീണ് മൂന്ന് തവണ ശ്വാസം മുട്ടിപ്പോയി. ഞങ്ങള്‍ മുഴുവന്‍ മെഡിക്കല്‍ ടീമിനെയും ഇസ്രയേലി സൈന്യം ടാര്‍ഗറ്റ് ചെയ്തിരുന്നു. എന്റെ സഹപ്രവര്‍ത്തകന് അന്ന് പിന്നില്‍ വെടിയേറ്റു. എന്റെ സുഹൃത്ത് നഴ്‌സിന് കയ്യിലും. മറ്റൊരു കൊളീഗിന്റെ ചെവിക്കടുത്താണ് വെടി കൊണ്ടത്. വീണുപോയവര്‍ക്ക് പ്രഥമശുശ്രൂഷ കൊടുത്ത് ആശുപത്രിയിലേക്കയച്ചിട്ട് ബാക്കിയുള്ളവര്‍ സമരമുഖത്തെ വൈദ്യസഹായം തുടര്‍ന്നു.’
റസാനും സഹപ്രവര്‍ത്തകരും സദാ മെഡിക്കല്‍ സ്റ്റാഫ് യുണിഫോം അണിഞ്ഞിരുന്നു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സമരമുഖത്ത് വൈദ്യസഹായമെത്തിക്കുന്നവരെ സംരക്ഷിക്കേണ്ട ചുമതല ഏതൊരു ഫോഴ്‌സിനുമുണ്ട്. എന്നിട്ടും ഫീല്‍ഡില്‍ എത്തിയ ആ നിമിഷം മുതല്‍ ഇസ്രയേലി സൈന്യം ഇവരെ ഉന്നം വച്ചിരുന്നു, സാധാരണക്കാരേയും. ചക്രക്കസേരയും ഉന്തി പ്രതിഷേധത്തില്‍ അണിനിരക്കാനെത്തിയ പതിനാലുവയസ്സുള്ള അംഗപരിമിതനായ കുട്ടിയും മറ്റനേകം കുഞ്ഞുങ്ങളുമടക്കം നിത്യേനെ ആളുകള്‍ അവിടെ മരിച്ചു വീഴുന്നു. ഇതിനു പുറമെ വെറും രണ്ട് മാസത്തിനിടെ പതിമൂവ്വായിരത്തിലേറേ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
‘ദൈവത്തിന് നന്ദി, ഇന്നും വെടിയുണ്ടയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഞാന്‍ സുരക്ഷിതയാണ്. ഇന്നലെ കണ്ണീര്‍വാതക ഷെല്‍ വീണ് ഒരു മണിക്കൂറോളം ബോധരഹിതയായിരുന്നു. കണ്ണുതുറക്കുമ്പോള്‍ ഞാനൊരു ആമ്പുലന്‍സിന്റെ ഉള്ളിലാണ്. വല്ലാതെ ദേഷ്യം വന്നു, പെട്ടെന്നവിടെ നിന്നും പുറത്തുകടന്ന് ജോലി തുടര്‍ന്നു. കാരണം ഞാനിവിടെ കെയര്‍ നല്‍കാന്‍ വന്നവളാണ്, അത് വാങ്ങാനല്ല. എന്റെ അവസാന നാള്‍ വരെ അഭിമാനത്തോടെ തന്നെ ആ ജോലി ചെയ്യും.’ ജൂണ്‍ 1 ന് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍ റസാന്‍ പറഞ്ഞതിങ്ങനെയായിരുന്നു.
അല്പസമയത്തിനു ശേഷം സമരമുഖത്ത് പരുക്കേറ്റവരുടെ അടുത്തേക്ക് മരുന്നുമായി ഓടിയെത്തിയതായിരുന്നു റസാന്‍. മെഡിക്കല്‍ യൂണിഫോമില്‍, ആയുധങ്ങളൊന്നുമില്ലെന്ന് കാണിക്കാന്‍ രണ്ടു കയ്യും പൊക്കിപ്പിടിച്ചായിരുന്നു അങ്ങോട്ട് ചെന്നത്. എന്നിട്ടും കൃത്യം നെഞ്ചിലേക്ക് തന്നെ ഇസ്രയേലി സൈന്യം വെടിയുതിര്‍ത്തു. അവളുടെ സഹപ്രവര്‍ത്തകയുടെ വാക്കുകളില്‍, ‘വെടി കൊണ്ട നിമിഷം അവളതറിഞ്ഞില്ല, എന്നാല്‍ നെഞ്ചിലൂടെ കയറിയ ബുള്ളറ്റ് ശരീരം തുളച്ച് പുറത്ത് കടന്നപ്പോളറിഞ്ഞു. കൂടെയുള്ളവരോട് പുറത്തേക്ക് വിരലുകൊണ്ട് ചൂണ്ടിക്കാണിച്ച് റസാന്‍ നിലത്തുവീണു.’ അല്പസമയത്തിനു ശേഷം, രണ്ട് മാസത്തിനിടെ അവിടെ മരിച്ചുവീണ 119-ാമത്തെ ആളായി.
ഇന്ന് പലയിടത്തായി റസാന്‍ സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കണ്ടു. വെറും ഇരുപതാം വയസ്സില്‍ എത്ര ക്ലാരിറ്റിയോടെയാണവള്‍ സംസാരിക്കുന്നത്. എത്ര ഉറച്ച മനസ്സോടെയാണവള്‍ സ്വന്തം ജനതയ്ക്കു വേണ്ടി നിലകൊണ്ടത്. റസാന്‍ അല്‍ നജ്ജാറിന് ആദരവ്. സ്വന്തം വീട്ടില്‍ നിന്നും തെരുവിലേക്കിറക്കിവിടപ്പെട്ട പാലസ്തിനിയന്‍ ജനതയോട്, അധിനിവേശത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>