സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jun 4th, 2018

തൈ നടല്‍ ദിനം : ഹരിത കേരളം വൈസ് ചെയര്‍ പേഴ്‌സന്‍ ടി എന്‍ സീമക്ക് തുറന്ന കത്ത്

Share This
Tags

maram

ഡേവീസ് വളര്‍ക്കാവ്

മാഡം , ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുവരുന്നു എന്ന് കരുതട്ടെ . കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 3 കോടി വൃക്ഷ തൈ നടുന്ന പരിപാടിയില്‍ ഒരു കോടി കഴിഞ്ഞ വര്‍ഷം ജൂണ്‍ – 5 ന് നട്ടോ? എത്രയെണ്ണം നട്ടു കാണും, എത്രയെണ്ണം വേരുപിടിച്ചു, എത്രയെണ്ണം വളര്‍ന്നു? കണക്ക് ഒന്നു നോക്കണേ … ഈ വര്‍ഷവും പരിപാടി ഉണ്ടാകുമല്ലോ .നട്ട കുഴികളില്‍ തന്നെ നടേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ, അത് ഒഴിവാക്കാന്‍ പുതിയ പ്ലാന്‍ വല്ലതും ഉണ്ടോ ?
ലോക പരിസ്ഥിതി സംരക്ഷിക്കാന്‍ എന്തു വഴി എന്നാലോചിക്കാന്‍ നടത്തിയ സമ്മേളനത്തിന്റെ ഓര്‍മ്മക്കായാണ് ജൂണ്‍ 5 ‘ലോക പരിസ്ഥിതി ദിനമായി ‘പ്രഖ്യാപിച്ചത് . അതിനോട് നീതി പുലര്‍ത്താതെ വൃക്ഷ ദിനമാക്കി , തൈ നടുന്നതിലേക്ക് ചുരുക്കിക്കെട്ടാതിരിക്കാനല്ലേ നാം ശ്രദ്ധിക്കേണ്ടത് . വിത്ത് വീണാല്‍ സ്വഭാവികമായും അത് മുളയ്ക്കുന്ന കാലാവസ്ഥയുള്ള കേരളത്തില്‍ അജ്ഞാതമായ തൈകള്‍ പ്രത്യേകം നടുന്നത് ആവശ്യമാണോ ? കാറ്റും പക്ഷികളും മൃഗങ്ങളും നട്ട മരങ്ങളല്ലേ ഇന്നുള്ളതില്‍ അധികവും . ജൂണ്‍ 5 എന്നത് നമ്മുടെ കാലാവസ്ഥയില്‍ നടീലിന് പറ്റിയ സന്ദര്‍ഭമല്ല ,അധികവും നശിക്കുന്നതിന് ഒരു കാരണമിതാണ്. 2 ആഴ്ച കൂടി കഴിഞ്ഞാല്‍ വരുന്ന ഞാറ്റുവേലയോ അനുയോജ്യവും!
ചടങ്ങിനല്ലാതെ നിലനില്‍ക്കാന്‍ തൈ നടുമ്പോള്‍ കാലാവസ്ഥയെ കൂടി കാണുമ്പോഴല്ലേ ഹരിത കേരള കാഴ്ച ശരിയാകൂ … സോഷ്യല്‍ ഫോറസ്ട്രി തയ്യാറാക്കുന്നതില്‍ ഫലവൃക്ഷങ്ങള്‍ നന്നേ കുറവാണ്. നാട്ടില്‍ പറ്റിയത് വിരളം .കാട്ടു മരം നാട്ടില്‍ നടുന്നതെന്തിന് ? ഇതുവരെ നട്ട /വളര്‍ന്ന തൈകളുടെ ഒരു കണക്കെടുക്കാന്‍, ഓഡിറ്റ് ചെയ്യാന്‍ ഇവരെ നിര്‍ദ്ദേശിക്കാമോ ,ആ പേരില്‍ എത്ര ഫണ്ടാണ് മുക്കിയതെന്ന് മുറുമുറുപ്പുണ്ട് കേട്ടോ .. കാട് കയ്യേറാനും തോട്ടമാക്കാനും നടക്കുന്ന ശ്രമങ്ങള്‍ കണ്ണടച്ച് ,വഴിയോരത്ത് തൈ നട്ടാല്‍ വല്ല കാര്യവുമുണ്ടോ ,കാടല്ലേ പ്രധാനം. ആവാസവ്യവസ്ഥ അതിന്റെ ദാനമല്ലേ … അത് സംരക്ഷിക്കാന്‍ ഹരിത കേരള മിഷന് വല്ല വേവലാതിയുമുണ്ടോ ? വനേതര വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ കേരളത്തില്‍ ഒരു നിയമമുണ്ടു് അറിയുമല്ലോ ,കേരള വൃക്ഷ രക്ഷാ നിയമം .(The Kerala Preservesion of tree act-1986) ഇതില്‍ വിലപിടിപ്പുള്ള മരങ്ങളെ എടുത്തു പറഞ്ഞ് സംരക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു . 2005-ല്‍ ഈ നിയമം ഉമ്മനും , മുരളീധരനും ചേര്‍ന്ന് ഈര്‍ച്ചമില്ലുകാര്‍ക്കു വേണ്ടി ഭേദഗതി വരുത്തി. വനേതര വൃക്ഷങ്ങളില്‍ മുറിക്കാന്‍ പാടില്ലാത്തവയില്‍ നിന്നു് 28 എണ്ണം ഒഴിവാക്കി ! വഴിയോര തണല്‍ മരങ്ങളെല്ലാം മുറിക്കാനുള്ള വിധം ഭേദഗതി വരുത്തിവെച്ചു .
തുടര്‍ന്നു വന്ന അച്ചുതാനന്ദനോ ,ബിനോയ് വിശ്വമോ ഇതില്‍ ഇടപെട്ടില്ല. തണല്‍ മരങ്ങള്‍ക്ക് കോടാലി വീണു കൊണ്ടിരുന്നു. ഹരിത MLA മാര്‍ കണ്ട ഭാവം നടിച്ചില്ല .ചെറിയ ചെറിയ പ്രതിഷേധത്താല്‍ ചില മരങ്ങള്‍ നിലനിര്‍ത്താന്‍ ചിലര്‍ക്കായി. നിയമം മറുപക്ഷത്തും. വീണ്ടും ഇടതിന്റെ ഊഴം ഇതു വരെ ഒന്നും സംഭവിച്ചില്ല ,അതിനാല്‍ ഇങ്ങനെ കുറിക്കേണ്ടി വന്നു. നടുന്ന തൈ മരമാകുമ്പോള്‍ അതിന് വളര്‍ന്ന് നിലനില്‍ക്കാന്‍ നിയമം അനുകൂലമല്ല. ഇതറിഞ്ഞ് ആണോ കോടി തൈകള്‍ വിതരണം ചെയ്യുന്നത് ?
തണല്‍മരങ്ങള്‍ സംരക്ഷിക്കാനും ആവശ്യമായത് മാത്രം മുറിക്കാനും ശ്രദ്ധിക്കാന്‍ ട്രീ പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നു. ചില കോടതി ഉത്തരവുകളാല്‍ അത് നോക്കുകുത്തിയായി. ഈ രംഗം നാഥനില്ലാ കളരിയാണിന്ന് അതിന്റെ ഒരു ഭാഗത്ത് താങ്കളും ഉണ്ടല്ലോ എന്തെങ്കിലും ചെയ്യാനാകുമോ ?
വഴിയോരത്ത് ലക്ഷക്കണക്കിന് തൈ നട്ട് വളര്‍ത്തുന്ന ഉന്നത വ്യക്തിത്വങ്ങള്‍ കേരളത്തിലെ പല ജില്ലകളിലുമുണ്ട് .അവരുടെ സേവയും അനുഭവവും സ്വീകരിക്കുന്നത് നന്നായിരിക്കും. ജൂണ്‍ 5 ന് അവര്‍ക്ക് ഒന്നിനും കൊള്ളാത്ത പൊന്നാട കൊടുത്താല്‍ മാത്രം മതിയോ ?അവരുടെ നിഷ്‌കാമത്തോടടുത്ത കര്‍മ്മത്തെ ഇങ്ങനെ മാനിച്ചാല്‍ മതിയോ ഒന്ന് ഇക്കാര്യം പരിഗണിക്കാമോ ?
2017-ല്‍ കോടതി തന്നെ പറഞ്ഞ പോലെ വീണ്ടും ട്രീ കമ്മിറ്റികള്‍ രൂപീകരിക്കണം .അതു പോലും ചെയ്യാത്ത വനം വകുപ്പ് / സോഷ്യല്‍ ഫോസ്ട്രി ഉദ്യോഗസ്ഥരുണ്ട്.പല ജില്ലകളിലും ട്രീ കമ്മിറ്റി നിലവിലില്ല. കമ്പ് മുറിക്കേണ്ടിടത്ത് മരം തന്നെ മുറിക്കയാണിന്ന് . നാം നടുന്ന തൈകള്‍ നാളെ എന്താകും?
1) പാവം ജൂണ്‍ 5 നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് തിരിച്ചു കൊടുക്കാം. 2) ഇതുവരെ നട്ടതിന്റെ ഓഡിറ്റ് ചെയ്യാം . 3) ഞാറ്റുവേലയുടെ ആനുകൂല്യം സ്വീകരിച്ച് തൈ നടാം. 4) ട്രീ കമ്മിറ്റികള്‍ എല്ലാ ജില്ലയിലും വിളിച്ചു കൂട്ടാം, തൈ നട്ട് പ്രസിദ്ധരായവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താം . 5) വൃക്ഷ രക്ഷാ നിയമ ഭേദഗതി പിന്‍വലിച്ച് സംരക്ഷണത്തില്‍ ഊന്നുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമിക്കാം. 6) ഡല്‍ഹി ,മഹാരാഷ്ട്ര, ഗോവ ,പൂനെ , etc ഇടങ്ങളിലെ tree act -കള്‍ പഠിച്ച് നല്ലൊരു വൃക്ഷ രക്ഷാ നിയമം രൂപപ്പെടുത്തുത്താം . താങ്കളുടെ പദവിയും അനുഭവവും ,താല്‍പര്യവും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ആശിക്കുന്നു. കത്ത് ചുരുക്കുന്നു .

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>