സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, May 30th, 2018

അതെ സ്വരാജ്, നിങ്ങള്‍ ശരിയാണ് !!!

Share This
Tags

sss

‘കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറൂദിന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാള്‍ ഈ കൃത്യത്തില്‍ പങ്കെടുത്തിരിക്കുന്നത്.’ സിപിഎം യുവനേതാവ് സ്വരാജിന്റെ വാക്കുകളാണിത്. എന്തായിരിക്കാം ഇതു വഴി സ്വരാജ് ഉദ്ദേശിക്കുന്നതാവോ? ബന്ധു എന്ന നിലയില്‍ കൊലയില്‍ പങ്കെടുത്തതില്‍ തെറ്റില്ല എന്ന ധ്വനിയല്ല ഈ വരികളിലെന്ന് മനസ്സിലാക്കുന്നവരെ കുറ്റം പറയാനാവുമോ? കെവിന്റെ കൊല ഉന്നയിക്കുനന ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നവും ഇതുതന്നെയാണ്.
കെവിന്റെ കൊലയില്‍ സവര്‍ണ്ണ ഹിന്ദുവിനും സവര്‍ണ്ണ കൃസ്ത്യാനിക്കും സവര്‍ണ്ണ മുസ്ലിമിനും പങ്കുണ്ടെന്നത് വ്യക്തം. ഒപ്പം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും ഈ ദളിത് കൊലയില്‍ നേരിട്ടുതന്നെ പങ്കുണ്ട്. സംഘപരിവാറിന് ഈ സംഭവത്തില്‍ പങ്കില്ലായിരിക്കാം. എന്നാല്‍ ഏറ്റവും വലിയ സവര്‍ണ്ണരാഷ്ട്രീയക്കാര്‍ അവര്‍ തന്നെ. പോലീസിനു ഈ സംഭവത്തിലെ പ്രകടമായ പങ്കാളിത്തവും പകല്‍ പോലെ വ്യക്തമാണ്. ചുരുക്കി പറഞ്ഞാല്‍ കക്ഷിരാഷ്ട്രീയ – ജാതി മത ഭേദമില്ലാതെ, ഭരണകൂട പ്രതിനിധികളായ പോലീസിന്റെ സഹായത്തോടെയാണ് ഈ ജാതികൊല അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ സ്വരാജിന്റെ ഭാഷയില്‍ ബന്ധുക്കളെന്ന നിലയിലാണ് അവരെല്ലാം പങ്കെടുത്തിരിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ സ്വരാജ് ശരിതന്നെയാണ്. ജാതിക്കെതിരെ ഒരുപാട് മുന്നേറ്റങ്ങള്‍ നടക്കുകയും ജാതിയില്ല എന്നു പറയുന്നതാണ് പുരോഗമനം എന്ന പൊതുബോധം നിലനില്‍ക്കുകയും ചെയ്യുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും സ്വന്തം ജീവിതത്തില്‍ അതിശക്തമായ ജാതിബോധം സൂക്ഷിക്കുന്നവര്‍ തന്നെയാണ്. അതേറ്റവും പ്രകടമാകുക വിവാഹത്തില്‍ തന്നെയാണ്. ഇവിടെ കണ്ടതും അതുതന്നെ. വിജാതീയവിവാഹങ്ങള്‍ക്കെതിരെ തന്നെയാണ് നമ്മുടെ പൊതുബോധം നിലനില്‍ക്കുന്നത്. ബന്ധുക്കളല്ലേ കൊന്നത് എന്ന ചോദ്യത്തിന്റെ പുറകിലെ ചേതോവികാരവും അതുതന്നെ. ആധുനിക കേരളത്തിന്റെ ശില്‍പ്പി എന്നവകാശപ്പെടുന്ന സ്വരാജിന്റെ നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഒറ്റമക്കളും വിജാതീയ വിവാഹത്തിനു തയ്യാറായില്ല എന്നതിനേക്കാള്‍ മറ്റൊരു തെളിവു ഇക്കാര്യത്തിന് ആവശ്യമുണ്ടോ? തീര്‍ച്ചയായും അതവരുടെ വ്യക്തിപരമായ കാര്യമെന്ന മറുപടി വരും. അതുതന്നെ നമ്മുടെ പ്രശ്‌നം. വ്യക്തിപരമായ ജീവിതത്തില്‍ കൊടികുത്തി വാഴുന്നത് ജാതിതന്നെ. ഇ എം എസിന്റെ മക്കളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുളളവരുടെ കാര്യം പറയണോ? സ്വരാജിന്റെ വാക്കുകളില്‍ അത്ഭുതപ്പെടാനുണ്ടോ? എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൊലയില്‍ പങ്കാളികളായത് യാദൃച്ഛികമല്ലാത്തതും അതുകൊണ്ടുതന്നെ. മതം മാറിയാലും ജാതീയമായ ഉച്ചനീചത്വം ഇല്ലാതാവാത്തതിനു കാരണവും മറ്റൊന്നല്ല. നിയാസിനെപോലെ കെവിനും ഡിവൈഎഫ്‌ഐക്കാരനാണെന്നു പറയപ്പെടുന്നു. ജാതിയുടെ നിറത്തില്‍ ചോരയുടേയും കൊടിയുടേയും നിറം പോലും അപ്രസക്തമാകുന്ന കാഴ്ചയാണ് ഏറ്റവും വലിയ ദുരന്തം. സ്വന്തം മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍ പോലും മടിക്കാത്ത പിതാവും സ്വന്തം മകളെ തന്നെ കൊന്ന പിതാവും കേരളത്തില്‍ എത്ര ശക്തമായാണ് ജാതി നിലനില്‍ക്കുന്നതെന്ന് വെളിവാക്കുന്നു. ടി ടി ശ്രീകുമാര്‍ ചൂണ്ടികാണിച്ചപോലെ ‘ഉട്ടോപ്പിയുടെ ഇരുപതാംനൂറ്റാണ്ടിലെ കേരളരൂപം ജാതി-മതങ്ങള്‍ കൊഴിഞ്ഞു പോകുന്ന മാതൃകാകേരളമായിരുന്നു. പക്ഷെ അതുണ്ടായില്ല. എന്ന് മാത്രമല്ല, ആ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കു ദളിത് (ഭൂ)സമരങ്ങളും മറ്റു പ്രതിരോധങ്ങളും പോലും സഹിക്കാന്‍ കഴിയാത്ത സവര്‍ണ്ണ മനസ്സ് ഇവിടെ സര്‍വ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക വ്യവഹാരങ്ങളിലെക്കും പുനരാവേശിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതല്‍ പറഞ്ഞതെല്ലാം എങ്ങനെ വിഴുങ്ങാം എന്ന് അന്വേഷിക്കുന്ന ഒരു കേരളം ഭൂപടത്തില്‍ നിവരുകയായിരുന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കേരളം ആഘോഷപൂര്‍വ്വം മധ്യകാലത്തിന്റെ യുക്തികളിലേക്ക് മടങ്ങിപ്പോകുന്ന കേരളമാണ്’. ഈ യാഥാര്‍ത്ഥ്യത്തെ വര്‍ഗ്ഗസമരം കൊണ്ട് ഇനിയും നേരിടാമെന്നു കരുതുന്ന വിഡ്ഢികളേയും കേരളം കാണുന്നു. കേരള മാതൃക, സാക്ഷര കേരളം, നവകേരളം, വിപ്ലവ കേരളം, വികസ്വര കേരളം എന്നിങ്ങനെ ഊതിവീര്‍പ്പിച്ച ബലൂണുകളെല്ലാം ഒന്നൊന്നായി പൊട്ടികഴിഞ്ഞു എന്നംഗീകരിക്കുന്നത് സത്യസന്ധത. ്പണ്ട് കമ്യൂണിസ്റ്റായിരുന്ന വര്‍ഗ്ഗീസിന്റെ കണ്ണുപിഴുതെങ്കില്‍ ഇപ്പോള്‍ ദളിതനായ കെവിന്റെ കെവിന്റെ കണ്ണുപിഴുതിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജാതി സമത്വത്തിനുള്ള സമരം ദളിത് വിഭാഗങ്ങളുടെ നാതൃത്വത്തില്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ട് പോവുക മാത്രമാണ് കേരളം ഇന്നാവശ്യപ്പെടുന്നത്. മറ്റൊരാളേയും ആ സമരത്തിന്റെ മുന്‍നിര കൈയടക്കാന്‍ അനുവദിക്കരുത്. ജാതീയപീഡനത്തെ എതിര്‍ക്കുന്നവര്‍ ഈ പോരാട്ടത്തെ പിന്തുണക്കട്ടെ. തീര്‍ച്ചയായും ഈ സമരം ഭൂമിക്കും തൊഴിലിനും സാമൂഹ്യനീതിക്കും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ളതു കൂടിയാകണം. ആത്യന്തികമായി നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട അധികാരത്തിനു വേണ്ടിയും. ശ്രീകുമാര്‍ പറയുന്നപോലെ ആ സമരങ്ങളുടെ അഭിമാനബോധത്തില്‍ പുതിയ സാംസ്‌കാരികസ്ഥാനങ്ങള്‍, സാമ്പത്തികസ്ഥാനങ്ങള്‍ രാഷ്ട്രീയ ഇച്ഛകള്‍ തുടര്‍ന്നും നിര്‍മ്മിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതല്ലാതെ മറ്റൊരു ഉട്ടോപ്പിയയും സമീപഭാവിയിലൊന്നും ഇവിടെ ഉണ്ടാകാനിടയില്ല. ഈ പോരാട്ടത്തെ സ്വത്വവാദമെന്നു വിളിച്ച് അക്രമിക്കുന്നവരെ അവരര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക മാത്രമാണ് ഉചിതമാകുക.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>