സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, May 28th, 2018

ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ ഉളുപ്പില്ലാത്ത മുഖം തുറന്ന് കാട്ടി കോബ്രാ പോസ്റ്റ്

Share This
Tags

mmm

ബിജെപിക്ക് വേണ്ടി എന്തും ചെയ്യാന്‍ ഇന്ത്യാ ടുഡേ ചോദിച്ചത് 275 കോടി; പണം തന്നാല്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് സമ്മതിച്ചവരില്‍ ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും ഹിന്ദുസ്ഥാന്‍ ടൈംസും അടക്കമുള്ള മാധ്യമങ്ങള്‍: കോടികള്‍ ഒഴുക്കിയാല്‍ ആര്‍ക്ക് വേണ്ടിയും നട്ടെല്ല് വളയുന്ന ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ ഉളുപ്പില്ലാത്ത മുഖം തുറന്ന് കാട്ടി കോബ്രാ പോസ്റ്റ്
ന്യൂഡല്‍ഹി: സമൂഹത്തെ സത്യത്തിലേക്ക് നയിക്കുന്നതാണ് മാധ്യമ ധര്‍മം. എന്നാല്‍ ഇക്കാലത്ത് മാധ്യമ പ്രവര്‍ത്തനമല്ല മാധ്യമ കച്ചവടമാണ് നടക്കുന്നതെന്ന് അരക്കിട്ട് ഉറപ്പിച്ചു പറയുകയാണ് ഇന്ത്യയിലെ മുന്‍ നിര പത്രങ്ങള്‍ പോലും. പണം നല്‍കിയാല്‍ അവര്‍ എന്തു ചീഞ്ഞ വാര്‍ത്തയും എഴുതും. ബിജെപിയില്‍ നിന്നും കോടികള്‍ വാങ്ങി ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് സമ്മതിച്ചവരില്‍ യഥാര്‍ത്ഥ ഇന്ത്യയുടെ മുഖപത്രങ്ങള്‍ വരെ ഉള്‍പ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
രാജ്യത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് സംഘപരിവാറിന് അനുകൂല തരംഗം സൃഷ്ടിക്കുന്നതിനുമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും ഇന്ത്യാ ടുഡേയും ഉള്‍പ്പെടെയുള്ള മാധ്യമ ഭീമന്മാരാണ് കോടികള്‍ കൈക്കൂലി വാങ്ങി കൂലി എഴുത്തിന് കോബ്രാ ഓപ്പറേഷനില്‍ സമ്മതം മൂളിയത്. കോടികള്‍ ഒഴുക്കിയാല്‍ ആര്‍ക്ക് വേണ്ടിയും നട്ടെല്ല് വളയുന്ന ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ ഉളുപ്പില്ലാത്ത മുഖം തുറന്ന് കാട്ടിയിരിക്കുകയാണ് കോബ്ര പോസ്റ്റ്. ഒളിക്യാമറ ഓപ്പറേഷനുകളിലൂടെയാണ് കോബ്ര പോസ്റ്റ് ഈ ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിയുന്നത്.
ഓപ്പറേഷന്‍ 136 വണ്ണിനു ശേഷം കോബ്ര പോസ്റ്റ് പുറത്ത് വിട്ട ഓപ്പറേഷന്‍ 136 ടുവിലാണ് ബിജെപിക്ക് വേണ്ടി കൂലിയെഴുത്തുകാരാകാന്‍ മത്സരിക്കുന്ന പത്രമുതലളിമാരുടെ ഡസന്‍ കണക്കിന് വരുന്ന വീഡിയോകള്‍ ഉള്ളത്. ക്യാപെയ്നിന് ഒരോ മാധ്യമസ്ഥാപനവും അവരുടേതായ രീതികള്‍ പറയുന്നതും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മതം മറയാക്കി തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാം.
വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാം. രാഷ്ട്രീയ എതിരാളികളെ കുറിച്ച് തരം താഴ്ത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം (കുടുംബം, വ്യക്തിത്വം എന്നിവയെ കരിവാരി തേക്കുന്ന രീതിയില്‍). പണം നല്‍കിയാല്‍ സംഘപരിവാര്‍ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അഡ്വട്ടോറിയല്‍ പ്രസിദ്ധീകരിക്കാം തുടങ്ങി പല വിധ ആശയങ്ങളാണ് ഓരോരുത്തരും പങ്കു വെയ്ക്കുന്നത്.
ഇന്ത്യയില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന മാധ്യമ ഭീമന്മാര്‍ മുതല്‍ ചെറുതും വലുതമായ നിരവധി പത്രങ്ങളാണ് കോബ്രാ പോസ്റ്റിന്റെ ഒളികാമറാ ഓപ്പറേഷനില്‍ വീണത്. ബിജെപിയുടെ ഇടനിലക്കാരനെന്ന നിലയില്‍ കോബ്രാ പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകന്‍ മാധ്യമ മേധാവികളെ കണ്ട് നടത്തിയ ചര്‍ച്ചയിലാണ് മാധ്യമ മേധാവികള്‍ കോടികള്‍ നല്‍കിയാല്‍ കൂലി എഴുത്തിന് തയ്യാറാണെന്ന കാര്യം വ്യക്തമാക്കുന്നത്. ഹിന്ദുത്വ അജണ്ടകളെ പല രീതിയില്‍ പത്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കാമെന്നും അതുവഴി വോട്ടുകള്‍ ബിജെപിയുടെ പോക്കറ്റില്‍ എത്തിക്കാമെന്നുമുള്ള ചര്‍ച്ചകളാണ് കോബ്രാ പോസ്റ്റ് ഒളി കാമറാ ഓപ്പറേഷനിലൂടെ പുറത്ത് വിടുന്നത്.
രാജ്യത്തെ മുന്‍നിര മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വിനീത് ജെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘപരിവാറിനനുകൂലമായ ഈ ക്രിമിനല്‍ നടപടിയില്‍ ഉള്‍പ്പെട്ടതായി വീഡിയോ തെളിയിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്എം, ലോക്മത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ എന്നിവരുള്‍പ്പെട്ട വീഡിയോകളാണ് ഇപ്പോള്‍ കോബ്ര പോസ്റ്റ് പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.
ദൈനിക് ഭാസ്‌കറും കോബ്ര പോസ്റ്റിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിരേധന ഉത്തരവ് സമ്പാദിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഉള്‍പ്പെട്ട വിഡിയോ പുറത്ത് വിടാന്‍ കോബ്ര പോസ്റ്റിന് സാധിച്ചിട്ടില്ല. സ്റ്റേ ഉള്ള ഒറ്റ കാരണത്താല്‍ ഇവരുള്‍പ്പെട്ട വീഡിയോ മാറ്റിനിര്‍ത്തായാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ കോബ്ര പോസ്റ്റ് പുറത്ത് വിട്ടത്. കോബ്രാ പോസ്റ്റിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
വോട്ട് വിഭജിക്കാന്‍ രണ്ടു ഘട്ടങ്ങളായിട്ടുള്ള ക്യാംപെയ്ന്‍ രീതിയാണ് ഇവര്‍ മുന്നോട്ട് വെച്ചത്, ഒന്ന്, ആദ്യം തന്നെ തീവ്രഹിന്ദുത്വ ആശയങ്ങള്‍ ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളും വഴി പ്രചരിപ്പിക്കുക, പിന്നീട് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക. രണ്ടാമതായി, ബിജെപി എതിര്‍ചേരിയില്‍ നില്‍ക്കുന്ന നേതാക്കളെ തരംതാഴ്ത്തുന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുക. ഉദാഹരണമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബി, പപ്പു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഉപയോഗിച്ച് മോശമായും അതേസമയം കോമാളിയായും ചിത്രീകരിക്കുക. ഇതിലൂടെ പ്രതിപക്ഷത്തിരിക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണെന്ന പ്രതീതി സൃഷ്ടിക്കുക.
ഇതിനു വേണ്ടി പത്രങ്ങള്‍, ടിവി ചാനലുകള്‍, റേഡിയോ, ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുക എന്നിങ്ങനെയാണ് പുഷ്പ് ശര്‍മ്മ മാധ്യമമേധാവികളോട് മുന്നോട്ടു വെച്ച ക്യാംപെയിന്‍ രീതി. മാധ്യമധര്‍മങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഇക്കാര്യങ്ങള്‍ക്ക് അനുകൂലമായാണ് എല്ലാ മാധ്യമമേധാവികളും പ്രതികരിച്ചത്. എന്നാല്‍ ബര്‍ത്തമാന്‍ പത്രിക, ദൈനിക് സമ്പദ് എന്നീ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് തങ്ങളുടെ മാധ്യമ സ്ഥാപനത്തിലൂടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചത്. കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ഇവരുടെ നിലപാടില്‍ മാറ്റമുണ്ടായില്ല.
അതേസമയം, പ്രതിഫലമായി പണം പോലും നല്‍കേണ്ടതില്ലെന്ന് നിലപാട് കൈക്കൊണ്ട മാധ്യമമേധവികള്‍ ഒളിക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. അവര്‍ വ്യക്തമാക്കുന്നത് ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് തങ്ങള്‍, അതിനാല്‍ ഇതേറ്റെടുത്തു ചെയ്യുമെന്നാണ്. എന്നാല്‍ മറ്റു ചിലര്‍ പ്രതിഫലമായി കള്ളപ്പണം തന്നാല്‍ സ്വീകരിക്കാമെന്നും പറയുന്നുണ്ട്. ഇത് വെളുപ്പിക്കുന്നതിനാവശ്യമായ മൂന്നാം പാര്‍ട്ടിയെ ശരിയാക്കി കൊടുക്കാം എന്നു വരെ പറയുന്ന മാധ്യമമേധാവികള്‍ വീഡിയോയില്‍ ഉണ്ട്.
പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, എഫ്എം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ക്യാംപെയ്നായി ഉപയോഗിക്കാം. സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം ഇങ്ങനെ എല്ലാം ബിജെപി അജണ്ടകള്‍ ജനങ്ങളില്‍ എത്തിച്ച് വോട്ടു കൂട്ടാമെന്ന് പത്ര മുതലാളിമാര്‍ വാക്കു നല്‍കുന്നു.
ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം എന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും പുതിയ വെളിപ്പെടുത്തലുമായി കോബ്ര പോസ്റ്റ് എത്തുന്നത്. 2019ല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സംഘപരിവാര്‍ രാജ്യത്തെ മൊത്തം വ്യവസ്ഥിതിയേയും വിലയ്‌ക്കെടുത്തു കൊണ്ടിരിക്കെയാണ് എന്നതിന്റെ സൂചനയാണ് ഇത് സൂചിപ്പിക്കുന്നത്.
(കടപ്പാട്)

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>