സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, May 24th, 2018

മുതലക്കണ്ണീര്‍കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല

Share This
Tags

t

ആസാദ്

ജനങ്ങളുടെ ആരോഗ്യവും ജീവിത സുരക്ഷയും പുരോഗതിയുമാണ് ഒരു രാഷ്ട്രത്തിന്റെ ശക്തി. ജൈവ വൈവിദ്ധ്യവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ചുകൊണ്ടേ അതു നേടാനാവൂ. അതാണ് വികസനത്തിന്റെ അടിസ്ഥാന വീക്ഷണമാകേണ്ടത്.അത്രയും ബോധ്യമുണ്ടാവണം സര്‍ക്കാറുകള്‍ക്ക്. ജനങ്ങളെ കൊന്നു തിന്നുന്ന സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാറല്ല. രണ്ടു ദിവസം തുടര്‍ച്ചയായി വെടിവെപ്പു നടത്തി പതിമൂന്നു പേരെ കൊന്ന തൂത്തുക്കുടി സ്വതന്ത്ര ഇന്ത്യയിലാണെന്നത് നമ്മെ നാണിപ്പിക്കണം. അക്രമികളെയോ കൊള്ളക്കാരെയോ കയ്യേറ്റക്കാരെയോ അല്ല അവരെ പ്രതിരോധിച്ച ജനങ്ങളെയാണ് പൊലീസ് നേരിട്ടത്. സായുധ സേനകള്‍ ആരുടെ സംരക്ഷകരാണ്? സര്‍ക്കാര്‍ ആരുടെ ഇംഗിതങ്ങളാണ് നടപ്പാക്കുന്നത്? യഥാര്‍ത്ഥ വികസനത്തിന് തുരങ്കംവച്ച് ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണ്. തുത്തുക്കുടിയില്‍ മാത്രമല്ല രാജ്യമെങ്ങും വികസനമെന്ന പേരില്‍ അരങ്ങേറുന്ന ഭ്രാന്തന്‍ അധിനിവേശം ചര്‍ച്ചചെയ്യപ്പെടണം. വെടിയേറ്റു വീണവരോടുള്ള സഹാനുഭൂതിയല്ല, ജനങ്ങള്‍ക്കെതിരെ യുദ്ധംനടത്തുന്ന പുത്തന്‍ അധിനിവേശ ശക്തികളോടു സ്വീകരിക്കുന്ന നിലപാടും സമീപനവുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടത്. മുതലക്കണ്ണീര്‍കൊണ്ട് തൂത്തുക്കുടിയിലെ തീ അണയ്ക്കാനാവില്ല. ഒരു ഭാഗത്ത് സൈനിക വിഭാഗങ്ങളെ നിരത്തി സമരങ്ങളെ നേരിടുന്നവര്‍ മറുഭാഗത്ത് കള്ളക്കണ്ണീരുമായി വീടു കേറേണ്ടതില്ല. രാജ്യമെങ്ങുമുള്ള സമര മുഖങ്ങളില്‍ സൈന്യം നരനായാട്ടു നടത്തിയിട്ടുണ്ട്. പ്രതിപക്ഷം പതിവു നാടകമാടിയിട്ടുമുണ്ട്. വെടിവെപ്പ് നടന്നില്ലെങ്കിലും അതിനടുത്തുവരെ എത്തിയിട്ടുണ്ട് നമ്മുടെ കേരളത്തിലെ ജനകീയ സമരമുഖങ്ങളിലും. അധികാര ബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്ക് ദല്ലാള്‍ പണി നടത്തുന്നവരാണ്. സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ബന്ധുക്കള്‍. തൂത്തുക്കുടിയിലെ രക്തസാക്ഷിത്വം അവരുടെ കണ്ണു തുറപ്പിക്കുകയില്ല. അതിനാല്‍ അവരുടെ അനുഭാവം കള്ളനാട്യം മാത്രം. ജനകീയ പ്രക്ഷോഭങ്ങള്‍ പുതിയ കാലത്തെ സ്വാതന്ത്ര്യ സമരങ്ങളാണ്. ജനപ്രതിനിധികളല്ല ജനങ്ങളാണ് അധികാരികള്‍. അധികാരവും സ്വാതന്ത്ര്യവും ജനങ്ങളിലേയ്ക്ക് എത്തുന്നില്ല. പാതിവഴിയില്‍ അവ കൊള്ളയടിക്കപ്പെടുന്നു. ജന പ്രതിനിധികള്‍ സ്വന്തം ജനതയെ ഒറ്റു കൊടുക്കുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെക്കാള്‍ വലുതായ എന്തോ ആണ് വികസനമെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഒറ്റുകാശ് വലിച്ചെറിഞ്ഞു വേണം തൂത്തുക്കുടിയിലെ നരനായാട്ട് അപലപിക്കാന്‍. രക്തസാക്ഷിത്വത്തെ അഭിസംബോധന ചെയ്യാന്‍. വികസനഭീതിയിലാണ് ജനം. അവര്‍ തോക്കുകളെ ഭയക്കുകയില്ല. മരണത്തെക്കാള്‍ മോശമായ ജീവിതം വെച്ചുനീട്ടുന്നവര്‍ തോക്കില്ലാതെ ജനങ്ങളെ കൊല്ലുന്നവരാണ്. തീവ്ര വികസനവാദികള്‍ ജനശത്രുക്കളാണ്. തൂത്തുക്കുടിയില്‍ മാത്രമല്ല, എല്ലായിടത്തെയും ജനവിരുദ്ധ വികസനാഭാസങ്ങള്‍ ചെറുക്കപ്പെടും. കോര്‍പറേറ്റ്- രാഷ്ട്രീയ കൂളസംഘത്തിന്റെ കയ്യേറ്റ താല്‍പ്പര്യങ്ങളും ആയുധപ്രഹരങ്ങളും ഏറ്റുവാങ്ങി ഒടുങ്ങണോ നാട്ടുകാര്‍ ? എല്ലാം ആരാണ് നിശ്ചയിക്കുന്നത്? മണ്ണിലും വെള്ളത്തിലും വായുവിലും വിഷം കലര്‍ത്തി രാജ്യത്തെ ‘വികസിപ്പിക്കുന്ന’വരോട് അരുതേ എന്നു വിലപിച്ചാല്‍ അപരാധമാവുമോ? അവര്‍ തീവ്രവാദികളോ മാവോയിസ്റ്റുകളുമാവുമോ? അവരുടെ ജീവിതവും ലോകവീക്ഷണവും നാളെയെക്കുറിച്ചുള്ള വിഹ്വല വിചാരങ്ങളും ജനാധിപത്യ വ്യവഹാരങ്ങളില്‍ ഉള്‍പ്പെടില്ലേ? ഈ രാജ്യവും ജനാധിപത്യ ഭരണ സംവിധാനവും അവരുടേതുകൂടിയല്ലേ? അവരുടെ ചോര വീഴ്ത്തി ഏതു വികസനം ആര്‍ക്കുവേണ്ടി നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ പണിപ്പെടുന്നു? രാജ്യത്താകെ സംഭീതരും വിഹ്വലരുമായ ചൂഷിത നിര പെരുകുന്നു. അവരുടെ ജീവനെടുക്കാന്‍ സര്‍വ്വ സൈന്യങ്ങളും തയ്യാര്‍. തൂത്തുക്കുടി ഒരു കൈയബദ്ധമല്ല. പുതിയ രാഷ്ട്രീയ മുതലാളിത്തം അധികാരം പ്രയോഗിക്കുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമോ ദാര്‍ശനിക സംവാദമോ ഉണരുകയില്ല. കോര്‍പറേറ്റ് വികസനത്തിന്റെ ദയാരഹിതമായ ഹിംസഭാഷയേയുള്ളു. നര്‍മ്മദാവാലിയിലും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഹരിയാനയിലെയും കൃഷിഭൂമിയിലും ഛത്തീസ് ഗഢിലെയും ഒഡീഷയിലെയും ഖനിപ്പറമ്പുകളിലും കൂടങ്കുളത്തും കേരളത്തിലെ കാതികുടത്തും പുതുവൈപ്പിനിലും കാക്കഞ്ചേരിയിലും കീഴാറ്റൂരും ദേശീയപാതയിലും വികസനാഭാസത്തിന്റെ ഏകഭാഷയേയുള്ളു. വിശ്വാസ പ്രമാണവും അനുഷ്ഠാനവും ഒന്നുതന്നെ. എല്ലാ വികസനാഭാസവും ജനങ്ങളുടെ ചോരകുടിച്ചേ തിടംവെയ്ക്കൂ. കോര്‍പറേറ്റ് രാഷ്ട്രീയ മുതലാളിത്തങ്ങളുടെ ഗൂഢാലോചനയും ജനങ്ങള്‍ക്കെതിരായ യുദ്ധവും നമ്മെ സഹനതീഷ്ണമായ സമരകാലം ഓര്‍മ്മിപ്പിക്കുന്നു. സ്വാതന്ത്ര്യം അകലെയാണ്. ഇത് ജനാധിപത്യവുമല്ല. ഭീരുവായ അടിമയാകാനല്ല പോയ നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ പൊരുതിയത്. ജീവനെക്കാള്‍ വിലയേറിയ ഒന്നും ആര്‍ക്കും നഷ്ടപ്പെടാനുമില്ല. ഉണര്‍ന്നെതിര്‍ക്കേണ്ട നേരത്ത് പലതായി ചിതറുന്നത് എന്തിന്റെ പേരിലായാലും ഭൂഷണമല്ല. പണ്ഢിതരേ സാംസ്‌കാരിക നായകരേ, ഗിരിപ്രഭാഷകരേ പറയൂ, ഈ അനീതി നിങ്ങള്‍ കാണുന്നില്ലേ? തൂത്തുക്കുടിയിലും കാതികുടത്തും കാക്കഞ്ചേരിയിലും ഒരേ നിലവിളിയാണ് ഉയരുന്നതെന്ന് ശ്രദ്ധിച്ചുവോ? ഒന്നു കാണുകയും മറ്റൊന്നു കാണാതിരിക്കുകയും ചെയ്യുന്ന മാരകമായ അന്ധത നിങ്ങളെ ബാധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒരു ചെറുവാക്കുകൊണ്ടെങ്കിലും ഒന്നു തലോടൂ. ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>