സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, May 21st, 2018

ആലുവ ജനസേവ ശിശുഭവന്‍ എന്തുകൊണ്ട് ഏറ്റെടുത്തു?

Share This
Tags

jjj

പ്രസ് റിലീസ്, സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയ എറണാകുളം ആലുവ ജനസേവ ശിശു ഭവന്‍ (ജെ.എസ്.എസ്.ബി.) ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് ഉത്തരവായി. ഈ കുട്ടികളെ ജനസേവ ശിശു ഭവന്റെ ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ ശിശു ഭവനിലെ എല്ലാ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും സഹിതമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇവിടയുള്ള എല്ലാ കുട്ടികളേയും മൂന്ന് മാസത്തേക്കോ അല്ലെങ്കില്‍ കുട്ടികളെ അവരുടെ ബന്ധുക്കള്‍ ഏറ്റെടുക്കുന്നതു വരെയോ ഇവിടെ പാര്‍പ്പിക്കുന്നതാണ്. എറണാകുളം ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് ഇവരുടെ സംരക്ഷണമൊരുക്കുന്നത്. കുട്ടികള്‍ക്കാവശ്യമായ വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം മുതലായവയ്ക്കുള്ള ക്രമീകരണങ്ങള്‍ കളക്ടര്‍ നിര്‍വഹിക്കുന്നതാണ്. കുട്ടികളുടെ പുന:രധിവാസത്തിനും ക്ഷേമത്തിനുമുള്ള പ്രതിവാര റിപ്പോര്‍ട്ട് ശിശുക്ഷേമസമിതി സര്‍ക്കാരിനും എറണാകുളം ജില്ലാ കളക്ടര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സാമൂഹ്യനീതി വകുപ്പ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഈ കുട്ടികളുടെ മോചനവും സംരക്ഷണവും സാധ്യമായത്. ആലുവ ജനസേവ ശിശു ഭവനില്‍ ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതിയെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം എറണാകുളം ശിശുക്ഷേമ സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 104 കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) പ്രകാരം നിയമവിരുദ്ധമായി ജനസേവ ശിശു ഭവനില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇവരെ പുനരധിവസിപ്പിക്കാനും തിരികെ അവരുടെ നാടുകളിലെത്തിക്കാനും എറണാകുളം ശിശുക്ഷേമ സമിതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കാന്‍ ജനസേവ ശിശു ഭവന്‍ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയും കീഴ്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയും അവരുടെ അപ്പീല്‍ തള്ളുകയും കുട്ടികളെ അവരവരുടെ സംസ്ഥാനങ്ങളില്‍ സ്ഥാപനത്തിന്റെ ചെലവില്‍ എത്തിക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 19/4/2017 ല്‍ നടത്തിയ പരിശോധനയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കണ്ടത്തിയിരുന്നെങ്കിലും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ 21/4/2018 ല്‍ നടത്തിയ പരിശോധനയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 42 കുട്ടികളെ മാത്രമേ കണ്ടെത്താനായുള്ളൂ. കാണാതായ 62 കുട്ടികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ജനസേവ ശിശു ഭവനായില്ല. ഇതിനിടെ മേയ് 5 ന് തൃശൂരില്‍ തെരുവില്‍ ഭിക്ഷാടനം നടത്തിയ 4 കുട്ടികളെ ശിശുക്ഷേമ സമിതി കണ്ടെത്തിയിരുന്നു. ഈ കുട്ടികള്‍ ജനസേവയിലെ ശിശുഭവനിലെ അന്തേവാസികളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരോട് വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ വിവരം നല്‍കാനായില്ല. പിന്നീട് നടന്ന പരിശോധനയിലാണ് 64 കുട്ടികളും ജനസേവയിലില്ലെന്ന് മനസിലായത്. തുടര്‍ന്ന് കാണാതായ കുട്ടികളെ കണ്ടെത്താനും ഉള്ള കുട്ടികളെ സംരക്ഷിക്കാനും സാമൂഹ്യനീതി വകുപ്പ് നടപടികള്‍ കൈക്കൊണ്ടു.
ഈ കുട്ടികളെ ഭിക്ഷാടനത്തിനോ മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാമെന്നാണ് ശിശുക്ഷേമ സമിതി സംശയിക്കുന്നത്. ഫണ്ട് സ്വരൂപിക്കുന്നതിനും വാണിജ്യ താത്പര്യങ്ങള്‍ക്കുമായി കുട്ടികളുടെ ഫോട്ടോയെടുത്ത് നോട്ടീസുകളിലും പത്രങ്ങളിലും നല്‍കിയിരിക്കാം. അതിനാല്‍ ഈ കുട്ടികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്. കുട്ടികളുടെ വ്യക്തമായ വിവരങ്ങള്‍ സൂക്ഷിക്കാതിരിക്കുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്തത് ജെ.ജെ. ആക്ടിന്റെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനസേവ ശിശുഭവന് മേല്‍ നടപടി എടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെ 21/4/2018 ല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 42 കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ അയയ്ക്കുമെന്ന് ജനസേവാ ശിശുഭവന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തമിഴ് നാട്ടിലെ ശിശു സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണന്റെ നേതൃത്വത്തില്‍ തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സംഘം, മെയ് 17, 18 തീയതികളില്‍ ജനസേവ ശിശു ഭവന്‍ സന്ദര്‍ശിക്കുകയും 24 കുട്ടികളെ കാണുകയും ചെയ്തു. രേഖകള്‍ പ്രകാരം ഈ കുട്ടികള്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമയം വേണമെന്ന് അറിയിച്ച് അവര്‍ മടങ്ങി പോയി.
തമിഴ്നാടിന് പുറമേ മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന് ജനസേവ ശിശു ഭവനില്‍ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികളുടെ കുടുംബങ്ങളെ തിരിച്ചറിയാനും കുറച്ച് സമയം എടുത്തേക്കാം. കേരളത്തില്‍ നിന്നുള്ള കുട്ടികളും ഉണ്ട് എന്നാണ് അറിയുന്നത്. ഈ സ്ഥാപനം കുട്ടികളുടെ സംരക്ഷണത്തില്‍ ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥാപനത്തിന് വനിതാശിശുവികസന വകുപ്പ് ഇതുവരെ രജിസ്ട്രേഷന്‍ നല്‍കിയിട്ടില്ല. 2015 ലെ ജെ.ജെ. ആക്ടിലെ വ്യവസ്ഥകള്‍ ഈ സ്ഥാപനം ലംഘിച്ചിരുന്നതായി കോടതിയും കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സാമൂഹ്യനീതി വകുപ്പ് ശക്തമായ നടപടി കൈക്കൊണ്ടത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>