സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, May 21st, 2018

തുരുത്തി ദലിത് കുടുബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കലക്ട്രേറ്റ് മാര്‍ച്ച്

Share This
Tags

t

സന്തോഷ് കുമാര്‍

‘അവരില്‍’ നിന്ന് ‘നമ്മളി’ലേക്കുള്ള ദൂരം മുഖ്യധാര പരിസ്ഥിതിക കാഴ്ചപ്പാടില്‍ നിന്ന് തുരുത്തിയിലേക്കുള്ള ദൂരമാണ്.
നമ്മുടെ പരിസ്ഥിതി സംരക്ഷണ ബോധ്യങ്ങളിലും സങ്കല്പനങ്ങളിലും വികസന കാഴ്ചപ്പാടുകളിലും കാര്യമായ പൊളിച്ചെഴുത്ത് നടത്തിയേ മതിയാകൂ. 26 ദലിത് കുടുംബങ്ങളെയും 3 ഒ. ബി. സി. കുടുംബങ്ങളേയും കുടിയിറക്കുന്നതും അരകിലോമീറ്റര്‍ നീളത്തില്‍ ഏക്കര്‍ക്കണക്കിന് അതീവ പരിസ്ഥിതി ലോല പ്രദേശവും നീര്‍ത്തട പ്രദേശവുമായ കണ്ടല്‍ക്കാടുകള്‍ ഇല്ലാതാക്കുന്നത് നമ്മുടെ പരിസ്ഥിതി സമര അജണ്ടയ്ക്കുള്ളിലും പ്രതിരോധ സമര അജണ്ടയ്ക്കുള്ളിലും വരുന്നില്ലായെങ്കില്‍ നാം സ്വാംശീകരിച്ചിരിക്കുന്ന കാഴ്ചപ്പാടുകള്‍ക്കുള്ളില്‍ ഏവിടെയോ കാതലായ തകരാറുണ്ട്.
പരിസ്ഥിതിക – വികസന കാഴ്ചപ്പാടുകളില്‍ ഒരു മധ്യവര്‍ഗ്ഗ ബോധവും കാഴ്ചപ്പാടുമാണ് ഇപ്പോഴും നമ്മള്‍ വെച്ച് പുലര്‍ത്തുന്നത്. വനത്തില്‍ മേല്‍ അധികാരത്തിനും ഉടമസ്ഥതയ്ക്കും ഭൂമിക്കായും സമരം ചെയ്ത ആദിവാസികളെ മുത്തങ്ങയില്‍ നിന്ന് തല്ലിയിറക്കാനും പോലീസിന് പിടിച്ച് നല്‍കാനും കൂട്ടുനിന്ന യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊണ്ടതാണ് കേരള പരിസ്ഥിതി പ്രവര്‍ത്തന ചരിത്രം. മാത്രമല്ല ആദിവാസികളെ വനഭൂവിയില്‍ നിന്ന് ഇറക്കി വിടണമെന്ന് ഹൈക്കോടതിയില്‍ കേസിന് പോയത് ഒരു പ്രമുഖ പരിസ്ഥിതി മാസികയാണ്. അങ്ങനെ അല്ലാത്ത, സാമൂഹിക യാഥാര്‍ത്ഥ്യത്തെയും വസ്തുതളേയും ഉള്‍ക്കൊള്ളുന്ന നിരവധി പരിസ്ഥിതി പ്രവര്‍ത്തകരെ അദൃശ്യവല്‍ക്കരിച്ചു കൊണ്ടല്ല ഇത് പറയുന്നത്.
തദ്ദേശീയ ജനതയ്ക്ക് അവരുടെ ആവാസവ്യവസ്ഥയില്‍മേല്‍, ഭൂമി – വിഭവങ്ങളുടെ മേല്‍ അധികാരവും ഉടമസ്ഥതയും ഉണ്ടായിരിക്കുന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാനമെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഇന്നും മനസ്സിലാകാത്ത സംഗതിയാണ്. വനത്തെ ആശ്രയിച്ച് ആദിവാസികള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വനം നശിച്ചിട്ടില്ല എന്നതാണ് വസ്തുത. വനത്തെ വിഭവമായി കാണാന്‍ തുടങ്ങിയ കൊളോണിയല്‍ കാലഘട്ടം മുതലും വന്‍തോതില്‍ കൈയ്യേറ്റവും കുടിയേറ്റവും നടക്കുകയും ചെയ്തതോടു കൂടിയാണ് വനം നശിക്കാന്‍ തുടങ്ങിയത്. ‘കൃഷിയും, വയലുള്‍പ്പെടെയുള്ള കാര്‍ഷിക ഭൂമിയും നശിച്ചു പോയി’ എന്ന് സങ്കടപ്പെടുന്ന മലയാളി മണ്ണില്‍ പണിയെടുത്ത ജനസമൂഹങ്ങള്‍ക്ക് കാര്‍ഷിക ഭൂമിയില്‍ ഭൂഉടമസ്ഥതയോ അധികാരമോ ലഭിച്ചിരുന്നില്ല എന്ന കാര്യം മറന്ന് പോകരുത്. കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളിയ്ക്ക് കടലവകാശമോ തീരദേശ അവകാശമോ ലഭിച്ചിട്ടില്ല. സ്വഭാവിക കടല്‍ നിലനില്‍ക്കുന്ന തീരപ്രദേശങ്ങള്‍ ‘കടല്‍ ആക്രമണത്തില്‍’ നശിക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കടലും തീരപ്രദേശവും വന്‍തോതില്‍ നശിപ്പിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന തിരുവനന്തുരം, ആറാട്ടുപുഴ, ആലപ്പുഴ,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും അധികം കടല്‍ തീരം കടല്‍ക്ഷോഭങ്ങളിലൂടെ നശിച്ചു കൊണ്ടിരിക്കുന്നത് എന്ന വസ്തുത കൂടി നാം മനസ്സിലാക്കേണ്ടതാണ്.
കേരളത്തിന്റെ പാരിസ്ഥിക മേഖലയില്‍ ഏകവിള തോട്ടങ്ങള്‍ ഗുരുതരമായ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിന്റെ പരിച്ഛേദമായ ചെങ്ങറയില്‍ ഭൂസമര പ്രവര്‍ത്തകര്‍ക്ക് ഭൂമി ലഭിച്ചപ്പോള്‍ കൊളോണിയല്‍ എക്കണോമിയുടെ ഭാഗമായ തോട്ടംഭൂമിയിലെ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുകയാണ് സമര പ്രവര്‍ത്തകര്‍ ആദ്യം ചെയ്തത്. കേരള സമ്പദ് വ്യവസ്ഥയിലേക്ക് ഒന്നും സംഭാവന നല്‍കാത്ത മേഖലയാണ് തോട്ടം സമ്പദ് വ്യവസ്ഥ. ഭൂമി ലഭിച്ചപ്പോള്‍ അവരവിടെ വാഴയും, ചേമ്പും, ചേനയും,കപ്പയും, ഇഞ്ചിയും നട്ടു. ഭക്ഷ്യ സ്വയംപര്യാപത അല്ലെങ്കില്‍ കൂടി ജീവിക്കുവാനാവശ്യമായ കാര്‍ഷിക വിളകള്‍ അവര്‍ വിളയിച്ചെടുത്തു. റബ്ബര്‍ തോട്ടങ്ങള്‍ ഉണ്ടാക്കിയ പാരിസ്ഥിതിക അസുന്തലിതയില്‍ നിന്ന് ജൈവവൈവിധ്യമാര്‍ന്ന ഒരു ഭൂമി അവര്‍ വീണ്ടെടുത്തു. ആദിവാസികള്‍ ദളിതര്‍ തുടങ്ങിയ തദ്ദേശീയ ജനതയുടെ വിഭവാധികാരമാണ് പാരിസ്ഥിതിക കേരളത്തിന്റെ നിലനില്‍പ് എന്ന പുതിയൊരു രാഷ്ട്രീയ അവബോധം ചെങ്ങറ സൃഷ്ടിച്ചു. ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്തത് നാം സ്വാംശീകരിച്ചിരിക്കുന്ന പാരിസ്ഥിതിക ബോധത്തിന്റേയും രാഷ്ട്രീയക്കാഴ്ചപ്പാടിനേറെയും പരിമിധി കൊണ്ടും സങ്കുചിത്വം കൊണ്ടുമാണ്.
വ്യാപര സമുച്ചയങ്ങളേയും കെട്ടിടങ്ങളേയും ഒഴിവാക്കുന്നതിനു വേണ്ടിയാണ് കോളനി വാസികളെ ഒഴിപ്പിക്കുന്നതെന്ന് നിലവിലെ പദ്ധതി രേഖയില്‍ വ്യക്തമാണ്. ആദ്യ രണ്ട് അലൈമെന്റും വേണ്ട് വെച്ച് മൂന്നാമത്തെ അലൈന്‍മെന്റ് തെരഞ്ഞെടുക്കുവാനുള്ള കാരണം പ്രയോഗികമായി നടപ്പിലാക്കാനുള്ള സൗകര്യം കൊണ്ടാണെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥനായ അബ്ദുള്ള പറയുന്നത്. അതായത് കുടിയൊഴിപ്പിക്കാനും തെരുവിലിറക്കാനും എളുപ്പം കോളനിവാസികളായ ദളിതരെയാണെന്ന് ! കോളനി ഒഴിപ്പിക്കലിനെതിരെയുള്ള സമരസമിതി കണ്‍വീനര്‍ നിഷില്‍ കുമാര്‍ പറയുന്നത് ( കെ ആര്‍ ധന്യ, അഴിമുഖം റിപ്പോര്‍ട്ട് ) ’2016ലാണ് നിലവിലുള്ള ദേശീയപാത വികസിപ്പിക്കുന്ന തരത്തില്‍ അലൈന്‍മെന്റ് തയ്യാറാക്കുന്നത്. കോട്ടന്‍മില്ലിന് സമീപത്ത് നിന്ന് ഒരു സര്‍ക്കിള്‍ രൂപത്തില്‍ റോഡ് വികസിപ്പിക്കാമെന്നായിരുന്നു. വ്യവസായികളും വ്യാപാരികളും ഇത് മാനസികമായി ഉള്‍ക്കൊണ്ടിരുന്നു. കാരണം പലരും ദേശീയപാതയോരത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മറ്റിടങ്ങളിലേക്ക് സ്ഥാപനങ്ങള്‍ മാറ്റി. സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം വരെ ഇത്തരത്തില്‍ പൊളിച്ച് പുറകിലേക്ക് നീക്കുകയുണ്ടായി. എന്നാല്‍ പെട്ടെന്നാണ് നിലവിലുള്ള ദേശീയപാത വികസിപ്പിക്കണ്ട, പകരം ബൈ പാസ് നിര്‍മ്മിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. വ്യവസായ ശാലകളുള്‍പ്പെടെ കുറച്ച് വീടുകളും ഉള്‍പ്പെടുന്നതായിരുന്നു ഈ അലൈന്‍മെന്റ്. എന്നാല്‍ ആ അലൈന്‍മെന്റ് പ്രകാരമുള്ള സ്ഥലത്താണ് ഇപി ജയരാജന്റെ വീടും ശ്രീമതി ടീച്ചറുടെ ഫാമും ഉള്‍പ്പെടെയുള്ളത്’. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥനായ അബ്ദുള്ള പറയുന്ന പ്രയോഗികതയുടെ അര്‍ത്ഥം കിടക്കുന്നത് ഇവിടെയാണ്. ദലിതരും അതിപിന്നോ ജനതയുമാണ് കുടിയൊഴിപ്പിക്കാനും വീടുകള്‍ തകര്‍ക്കാനും എളുപ്പമെന്ന സ്റ്റേറ്റിനേറെയും ബ്യൂറോക്രസിയുടേയും ‘പ്രായോഗിക’ ബോധമാണ് ജാതീയത. തുരുത്തി ഒരു ജാതി വിരുദ്ധ പോരാട്ടം കൂടിയായി മാറുന്നത് ഇവിടെയാണ്.
വിവിധ പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായി പുറംമ്പോക്കുകളില്‍ കഴിയുമ്പോഴാണ് കോളനിവാസികളായ കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളം ദുബായ് ആകുമെന്ന് കൊട്ടിഘോക്ഷിച്ച് നടപ്പിലാക്കിയ ബൃഹദ് പദ്ധതിയായ വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിനായി കുടിയിറക്കിയവരെ പോലും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെ ആയിട്ടില്ല. തുരുത്തി ദലിത് കുടുബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നാളെ നടക്കുന്ന കണ്ണൂര്‍ കലക്ട്രേറ്റ് മാര്‍ച്ചില്‍ മുഴുവന്‍ സുഹൃത്തുക്കളും പങ്കെടുത്ത് അതിജീവന സമരത്തെ വിജയിപ്പിക്കുക.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>