സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, May 20th, 2018

സഖാവ് കെ.വി.കെ.വാരിയരെ സ്മരിക്കുമ്പോള്‍.

Share This
Tags

kvkസുരന്‍ റെഡ്

ഇരിങ്ങാലക്കുടയുടെ ചരിത്രത്തിന്റെ ഇഴയടുപ്പുകളില്‍ ഒരു പാട് സംഭാവനകള്‍ നല്‍കിയവരില്‍ ഒരാളാണ് സഖാവ് കെ.വി.കെ. ഒരു പുരുഷായുസ്സ് മുഴുവനും ദലിതര്‍ക്കും, പണിയെടുക്കുന്നവര്‍ക്കുമായ് ഉഴിഞ്ഞ് വെച്ച ധീരനായ പോരാളിയും കമ്മ്യൂണിസ്റ്റുമായിരുന്നു അദ്ദേഹം.1919ല്‍ തെക്കേ വാരിയം ശങ്കരന്‍കുട്ടി വരിയുടെയും, വടക്കേ വാരിയം പാറുകുട്ടി വാര്യസ്യാരുടെയും മകനായി ജനനം. വിദ്യാര്‍ത്ഥിയായിരിക്കേ രാഷട്രീയ പ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച കര്‍മ്മനിരതന്‍. വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരു മായി മുഖത്തോട് മുഖം നിന്നു് സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ വിപ്ലവകാരി. അങ്ങിനെ നൂറ് നൂറ് വിശേഷണങ്ങള്‍ക്ക് അര്‍ഹന്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് സ്വയം ജനകീയ നേതാവായി മാറിയവന്‍. എല്‍.എല്‍.ബി. ബിരുദമെടുത്തുവെങ്കിലും വക്കീല്‍ പണി തനിക്ക് യോജിച്ചതല്ലയെന്ന് തിരിച്ചറിഞ്ഞ് സജീവ രാഷ്ട്രീയത്തിലേക്കു് ഇറങ്ങി വന്നവന്‍. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് മാര്‍ക്‌സിസ്റ്റ് ത്വത്ത ശാസ്ത്രത്തില്‍ ആകൃഷ്ട്ടനായത്.തുടര്‍ന്ന് ഇരിങ്ങാലക്കുടയുടെ ചരിത്രഗതികളെ തിരിച്ചറിഞ്ഞ് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം അവര്‍ണ്ണ ജനതക്കോപ്പം നില നിന്ന് പോരാടിച്ചു. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ നെടുംതൂണായി മാറി. നിയമലംഘന സമരം കഴിഞ്ഞ് പിറ്റേ ദിവസം 1946 ജുലായ് 7ന് മാടമ്പി ഭരണം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനേ തുടര്‍ന്ന് ഇഞ്ചചതക്കുന്നതു പോലെ പോലീസ് തല്ലിച്ചതച്ചു.
1952ല്‍ തിരുകൊച്ചിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.57 ല്‍ സഖാവ് സി.അച്ചുതമേനോനെ ഇരിങ്ങാലക്കുടയില്‍ നിന്ന് ആദ്യ കേരള സംസ്ഥാന മന്ത്രി സഭയിലേക്ക് പറഞ്ഞയക്കുന്നതില്‍ ചിഫ് ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു. ഈ കാലത്ത് തന്റെ കൃഷിയിടത്തിലെ പണിക്കാരനായിരുന്ന മാരാത്ത് മാണിക്യന്റെയും കുടുംബത്തിന്റെയും ജീവിത രീതികളേയും അവരുടെ ദുരിതങ്ങളേയും കണ്ടറിഞ്ഞ് കേരളത്തിലേമ്പാടും അയിത്തജാതിക്കാരായ ദലിതുകള്‍ അനുഭവിക്കുന്ന നാന്നാ രീതിയിലുള്ള ജീവിത പ്രശ്‌നങ്ങളേ മനസ്സിലാക്കി കേരള നിയമസഭക്ക് നിയമോപദേശം നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
64 ലെ പിളര്‍പ്പിനേ തുടര്‍ന്ന് സി പി ഐ യിലും, പിന്നീട് CPIm ലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 70 കളില്‍ നേതൃത്വത്തിലുണ്ടായ ചില വിഷയത്തേ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്ററായി മാറി. അടിയന്തിരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ ജന വിരുദ്ധതയേ ചോദ്യം ചെയ്ത് പുറത്ത് വന്നു. ഇതിനിടയിലാണ് സഖാവ് പി രാജന്റെ കൊല കേസ്സ് പുറത്ത് വരുന്നത്. അന്ന് ഇരിങ്ങാലക്കുടയില്‍ കുട്ടംകുളത്തിന് സമീപം രാജന്റെ പ്രതിമ സ്ഥാപിച്ചുകൊണ്ട് നടത്തിയ ഇടപ്പെടല്‍ കേരളമാകെ ശ്രദ്ധിച്ച സംഭവമായിരുന്നു. അടിയന്തിരാവസ്ഥയിലെ മിസാ തടവുക്കാര്‍ പുറത്ത് വന്നിട്ടും ജയിലിലടച്ചിരുന്ന രാഷ്ട്രീയ തടവുക്കാരെ വിട്ടയിക്കുന്നതിന് CPI(ML) ന്റെ നേതൃത്വത്തില്‍ നടത്തിയ ബഹുജന പ്രക്ഷോഭത്തില്‍ സജീവമായ് ഇടപ്പെട്ടു. ഏതാണ്ട് ഇതെ സമയത്ത് തന്നെയാണ് ആദ്യത്തെ കവിയരങ്ങ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്നത്.ബാലചന്ദ്രന്‍ ചുള്ളിക്കാടും, കെ ജി എസ്സും, തുടങ്ങി ഏതാനും പേര്‍ പങ്കെടുത്തു. തുടര്‍ന്ന് കെ.സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍ കൈയ്യില്‍ നടന്ന ജനകീയ സാംസ്‌കാരിക വേദി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പാട് സംഭാവനകളാണ് കെ.വി.കെ നല്‍കിയത്.
1980 മേയ് 21ന് നടന്ന നടവരമ്പ് തൊഴില്‍ സമരത്തേ തുടര്‍ന്ന് പോലീസ് തേര്‍വാഴ്ച്ചക്കെതിരെയും ജയലില്‍ കഴിഞ്ഞിരുന്ന എന്റെ ജേഷ്ഠ സഹോദരങ്ങള്‍ക്ക് വേണ്ടിയും നിയമ സഹായ കമ്മിറ്റിയിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.അന്ന് കറുത്ത കോട്ടുകള്‍ വലിച്ചെറിഞ്ഞ് കലാപം ചെയ്യാന്‍ കൂടെ വരിക, ബൂര്‍ഷ്വ കോടതി തുലയട്ടെയെന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയത് കെ.വി.കെ യായിരുന്നു. കേസ്സ് കോടതിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ പോലീസിനെതിരെ നടത്തിയ സമരം ന്യായമാണെന്ന വാദമുഖമായിരുന്നു കെ വി കെ യുടെത്.(ഈ വിഷയം വലിയ പ്രശ്‌നങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.) പിന്നീട് നടവരമ്പ് കേസ്സിലെ മുഖ്യപ്രതി സഖാവ് രാമന്‍കുട്ടിയെ പിടികൂടാന്‍ പള്ളിയും പോലീസും ചേര്‍ന്ന് നടത്തിയ ഗൂണ്ഡാലോചന കേസ്സിലെ എന്റെ സഹോദരങ്ങളെ ജാമ്യമെടുത്ത് നടവരമ്പില്‍ നടന്ന സ്വീകരണ യോഗത്തിലാണ് അദ്ദേഹത്തിന്റെ അവേശകരമായ പ്രസംഗം കേള്‍ക്കുന്നത്. പിന്നീട് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് സഖാവ് കെ.വി.കെയേ കാണുന്നത്. ഇരിങ്ങാലക്കുട ഗവ.ആശുപത്രിയില്‍ അവശനായ് കഴിഞ്ഞിരുന്ന അദ്ദേഹത്തിന് നമ്മള്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് സഖാവ് സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം പറയുമ്പോള്‍ ഞങ്ങള്‍ പാറപ്പുറത്ത് ഭാസ്‌ക്കരനും, കൊട്ടാരത്തില്‍ ദിലീപും, ഞാനും സ്വയം ഏറ്റേടുക്കുകയായിരുന്നു. അല്‍പ്പം ഭേദമായപ്പോള്‍ സഖാവിനെ വീട്ടിലേക്ക് മാറ്റിയെങ്കലും അവിടുത്തേ നിത്യ സന്ദര്‍ശകരില്‍ ഒരാളായി മാറുകയായിരുന്നു. രഞ്ചിത്ത് മാഷും, ഐ.കെ.ചന്ദ്രനും, സഖാവ് ശിവശങ്കരനും, എം എം കാര്‍ത്തികേയനും തുടങ്ങി നിരവധിയാളുകള്‍ കെ വി കെ യുടെ അന്ത്യനാളുകളില്‍ അദ്ദേഹത്തിന് സഹായമായി മാറി. വീട്ടിലെത്തുന്ന ഓരോ മനുഷ്യരും അവരിലൊരാളായി മാറുകയായിരുന്നു. അതിനുള്ള വൈഭവം അദ്ദേഹത്തിന്റെ സഹദരമണി അമ്മുട്ടി അമ്മക്ക് ഉണ്ടായിരുന്നു. അവര്‍ സ്‌നേഹവാത്സല്യത്തോടെ നല്‍കിയ കാപ്പിയും, പലഹാരങ്ങളും, ഊണുമെല്ലാം ഓര്‍മ്മയിലിന്നും നിറഞ്ഞ് നില്‍ക്കുന്നു. 1996 മെയ് മാസം 21 ന് അദ്ദേഹത്തിന്റെ മരണവിവരം അറിയുമ്പോള്‍ വല്ലാത്ത സങ്കടമായിരുന്നു. അവസാനം ചേതനയറ്റ കെ വി കെ യുടെ ശരീരത്തില്‍ സഖാവ് പി സി ഉണ്ണിചെക്കനും, ശിവശങ്കരനും, സിദ്ധാര്‍ത്ഥനും, മറ്റ് സഖാക്കളുമൊത്ത് പുഷ്പ്പചക്രം ചാര്‍ത്തുമ്പോള്‍ ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞ് പോയി.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>