സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, May 19th, 2018

വരട്ടെ.. ജനാധിപത്യത്തെ തള്ളിപ്പറയാന്‍..

Share This
Tags

kkk

കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷമുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതികരണങ്ങളില്‍ പ്രധാനം ജനാധിപത്യത്തിന്റെ അപഹാസ്യതയെ കുറിച്ചായിരുന്നു. ജനാധിപത്യത്തെ പൂര്‍ണ്ണമായി വിഴുങ്ങി ഇന്ത്യയില്‍ ഫാസിസം അധികാരം പിടിച്ചെടുത്തു എന്ന രീതിയിലായിരുന്നു പല പ്രതികരണങ്ങളും. ജനാധിപത്യത്തേക്കാള്‍ മെച്ചപ്പെട്ടതും ചലനാത്മകവുമായ മറ്റൊരു സാമൂഹ്യവ്യവസ്ഥ ചൂണ്ടികാട്ടാന്‍ കഴിയാത്തവരും ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ സംഘപരിവാര്‍ അടിമുടി ഒരു ഫാസിസ്റ്റ് ശക്തിയാണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്തെറിയാനുള്ള കരുത്ത് അതിനുനേടാനായിട്ടില്ലെന്നും വ്യക്തമാക്കുന്ന ദിശയിലാണ് സംഭവങ്ങളുടെ പോക്ക്. ഇപ്പോഴിതാ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനായി സുപ്രിംകോടതി തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ജനാധിപത്യവിരുദ്ധമായി അധികാരത്തിലെത്തിയ യദൂരിയപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കിയില്ലെങ്കിലും 19ന് നാലു മണിക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന കോടതി ഉത്തരവ് ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ഫലത്തില്‍ റദ്ദാക്കുന്നതു തന്നെയാണ്. കുതിരക്കച്ചവടത്തിനായി കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ വാദം കോടതി തള്ളി. ഒരു വോട്ട് കൂടുതല്‍ ലഭിക്കാനായി ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയുടെ നോമിനേഷനും കോടതി തടഞ്ഞു. യെദ്യൂരപ്പ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതും കോടതി തടഞ്ഞു. മാത്രമല്ല എം എല്‍ എമാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിജിപിയോടാണ് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് – ജെഡിഎസ് എംഎല്‍എമാര്‍ താമസിച്ചിരുന്ന ഹോട്ടലിനുള്ള പോലീസ് സുരക്ഷ സര്‍ക്കാര്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. ഫലത്തില്‍ ഗവര്‍ണ്ണറുടെ നടപടിയെ പ്രത്യക്ഷത്തില്‍ റദ്ദാക്കിയില്ലെങ്കിലും യദൂരിയപ്പയെ പാവമുഖ്യമന്ത്രിയാക്കുകയാണ് സുപ്രിംകോടതി ചെയ്തത്. വേനല്‍ക്കാല അവധിക്കായി പിരിയാനിരിഞ്ഞിട്ടും അടിയന്തിരപരിഗണനയോടെയാണ് സുപ്രിംകോടതി കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിതന്നെ കേസ് പരിഗണിച്ചതിന്റെ തുടര്‍ച്ച തന്നെയായിരുന്നു ഇതും. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനുമനുകൂലമായി നിലപാടുകള്‍ എടുക്കുന്നു എന്ന വിമര്‍ശനം നേരിടുന്ന സുപ്രിംകോടതി അതിനുള്ള മറുപടി കൂടെയാണ് ഈ വിധിയിലൂടെ നല്‍കുന്നത്. പ്രതീക്ഷിക്കാത്തയിടങ്ങളില്‍ നിന്നുള്ള ഇത്തം ഇടപെടലുകളും ചലനാത്മകതയുമാണ് ജനാധിപത്യത്തെ മറ്റെല്ലാ സാമൂഹ്യസംവിധാനങ്ങളില്‍ നിന്നു വ്യത്യസ്ഥമാക്കുന്നത്.
ഇപ്പറഞ്ഞതിനര്‍ത്ഥം ഇന്ത്യയില്‍ ഫാസിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നില്ല എന്നല്ല. തീര്‍ച്ചയായും എല്ലാ വിധ ഫാസിസ്റ്റ് ലക്ഷണങ്ങളും തികഞ്ഞ സംവിധാനമാണ് ആര്‍ എസ് എസ് നിയന്ത്രിക്കുന്ന സംഘപരിവാര്‍ എന്നതില്‍ സംശയമില്ല. അത് ഇറ്റലിയിലും ജര്‍മ്മനിയിലും മറ്റും നാം കണ്ട ക്ലാസ്സിക്കല്‍ ഫാസിസത്തേക്കാള്‍ ശക്തമാണ്. കാരണം അതിന്റെ പ്രത്യയശാസ്ത്രം നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപം കൊണ്ട മനുസ്മൃതിയും സവര്‍ണ്ണമൂല്യങ്ങളും ജാതിവ്യവസ്ഥയുമാണ് എന്നതാണ്. ഔപചാരികമായി രൂപം കൊണ്ട ഒരുനൂറ്റാണ്ടായില്ലെങ്കിലും അതിന്റെ വേരുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതേസമയം ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കുമൊക്കെയായി പോരാടിയ നിരവധി ധാരകളും നമുക്കുണ്ട്. അവയുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ ആകത്തുകയാണ് നമ്മുടെ ജനാധിപത്യസംവിധാനവും ഭരണഘടനയും. അവ അത്ര പെട്ടെന്ന് തകരുമെന്നു കരുതുന്നത് മൗഢ്യമാണ്.
സമകാലിക രാഷ്ട്രീയ അവസ്ഥതന്നെ പരിശോധിക്കുക. കോണ്‍ഗ്രസ്സിനും ജെ ഡി എസിനും സാമാന്യം ശക്തിയുള്ള കര്‍ണ്ണാടകയില്‍ ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറിയതോടെ ലോകസഭതെരഞ്ഞെടുപ്പില്‍ ഇനിയൊരു പ്രതീക്ഷക്കു സാധ്യതയില്ല എന്ന ധാരണ തെറ്റാണ്. തെരഞ്ഞെടുപ്പില്‍ പലയിടത്തും ജെഡിഎസും ബിജെപിയുമായി രഹസ്യധാരണയുണ്ടായിരുന്നു എന്നതുറപ്പാണ്. കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപി നേടിയെങ്കിലും വോട്ട് കൂടുതല്‍ കോണ്‍ഗ്രസ്സിനാണെന്നത് ചെറിയ കാര്യമല്ല. ജെഡിഎസും കോണ്‍ഗ്രസ്സും കൂടുമ്പോഴാകട്ടെ വോട്ടിന്റെ എണ്ണം വളരെ കൂടുതലുമാണ്. ഇതിനു പുറമെയാണ് ഉര്‍വ്വശീ ശാപമെന്നപോലെ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം കര്‍ണ്ണാടകയില്‍ നടന്ന സംഭവങ്ങള്‍. തീര്‍ച്ചയായും അതിന്റെയെല്ലാം രാഷ്ട്രീയമായ നഷ്ടം ബിജെിക്കും ലാഭം കോണ്‍ഗ്രസ്സിനുമാണ്. ബിജെപി എത്രമാത്രം ജനാധിപത്യവിരുദ്ധപാര്‍ട്ടിയാണെന്ന് എത്ര പറഞ്ഞിട്ടും വിശ്വസിക്കാത്തവര്‍ക്ക് ഇപ്പോഴെങ്കിലും യാഥാര്‍ത്ഥ്യം ബോധ്യപ്പെടാന്‍ ഈ സംഭവങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇത്തരമൊരു പാര്‍ട്ടിക്ക് ഇന്ത്യയുടെ അടുത്ത 5 വര്‍ഷത്തെ ഭരണമേല്‍പ്പിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിക്കാനൊരവസരമാണ് ബിജെപി തന്നെ നല്‍കിയിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ജനാധിപത്യത്തിനു നേരെ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയുടെ ഗൗരവം മനസ്സിലാക്കാന്‍ തയ്യാറാകുന്നു എന്നും അതനുസരിച്ച് വിശാലമായ പ്രതിപക്ഷ ഐക്യത്തിനായി എന്തു വിട്ടുവീഴ്ചക്കും തയ്യാറാകുമെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകളാണ്. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ലോകസഭയില്‍ നാലിലൊന്നു സീറ്റുകള്‍ പോലും നേടാന്‍ ബിജെപിക്കാവില്ല എന്നുറപ്പ്. ഓരോ സംസ്ഥാനത്തും അതാതിടത്തെ രാഷ്ട്രീയ കാലാവസ്ഥയനുസരിച്ചുള്ള ഐക്യത്തിനാണ് ഓരോ പ്രസ്ഥാനവും തയ്യാറാകേണ്ടത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സും ജെ ഡി എസും ഒന്നിച്ചുനിന്നാല്‍ ബിജെപിയുടെ നില പരുങ്ങലിലാകുമെന്ന പോലെതന്നെയാണ് യുപിയില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചുനിന്നാല്‍ സംഭവിക്കുക. തമിഴ്‌നാട്, കേരളം, ബംഗാള്‍, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാ്ക്കാനാകില്ല. ആന്ധ്രാപ്രദേശിന്റെ അവസ്ഥയും ഇപ്പോഴങ്ങനെയാണ്. ബീഹാര്‍, രാജസഥാന്‍, ഗുജറാത്ത്, തെലുങ്കാന, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലൊന്നും പഴയപോലെ സീറ്റുകള്‍ കൊയ്‌തെടുക്കാന്‍ ബിജെപിക്കാവില്ല എന്നുറപ്പ്. എസ്പി, ബിഎസ്പി, ഇടതുപക്ഷം, ജനതാ പരിവാര്‍, TRS, TDP, തൃണമൂല്‍, DMK, AAP, മുസ്ലിം ലീഗ്, ദലിത് പാര്‍ട്ടികള്‍, വടക്ക് കിഴക്കന്‍ പാര്‍ട്ടികള്‍ ഇവയുടെയെല്ലാം സഖ്യം രൂപീകരിക്കണം. അതിനു മന്‍കൈ എടുക്കേണ്ടത് കോണ്‍ഗ്രസ് തന്നെ. ഇത്തരമൊരു ഫെഡറല്‍ മുന്നണിക്ക് ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിന് താല്‍ക്കാലികമായെങ്കിലും തടയിടാന്‍ കഴിയുമെന്നുറപ്പാണ്. അത്തരമൊരു നീക്കത്തിനു ശക്തികൂട്ടാന്‍ കര്‍ണ്ണാടക സംഭവങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നുറപ്പ്. അതേസമയം അതിനായി കടക്കേണ്ട കടമ്പകള്‍ നിരവധിയാണ്. സീറ്റുകളുടെ കാര്യത്തിലുണ്ടാകുന്ന തര്‍ക്കം മുതല്‍ പ്രധാനമന്ത്രിയായി ആരെ ഉയര്‍ത്തികാണിക്കുമെന്നതു വരെയുള്ള കടമ്പകള്‍ കടക്കണം. ഓരോ സംസ്ഥാനത്തും ശക്തിയുള്ള പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കാനിടവരരുത്. തെരഞ്ഞെടുപ്പിനുശേഷമാകാം ഐക്യമെന്ന നിപാടും തെറ്റാണ്. കര്‍ണ്ണാടക നല്‍കുന്ന പ്രധാന പാഠവും അതാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രശ്‌നമാണ് ഏറ്റവും വലിയ കടമ്പ. മറുവശത്ത് മോദിയെ പോലൊരാള്‍ നില്‍ക്കുമ്പോള്‍ ഇപ്പുറത്തും ഒരാളെ ജനം പ്രതീക്ഷിക്കും. തീര്‍ച്ചയായും മോദിയെപോലെ ‘നെഞ്ചളവു’ള്ള ഒരാള്‍ മറുപക്ഷത്തില്ല. സ്വാഭാവികമായും ആദ്യനമ്പര്‍ പോകുക രാഹുല്‍ ഗാന്ധിയുടെ നേര്‍ക്കുതന്നെ. തീര്‍ച്ചയായും പഴയ രാഹുലല്ല ഇന്നുള്ളത്. രാജ്യത്തെ നയിക്കാനുള്ള കരുത്തൊക്കെ ഇന്നദ്ദേഹത്തിനുണ്ട്. താനതിനു തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി മോഹികളുടെ നീണ്ടനിര തന്നെ പ്രതിപക്ഷത്തുണ്ട്. കോണ്‍ഗ്രസ്സില്‍ തന്നെയുള്ള പവാര്‍, മായാവതി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിങ്ങനെ പട്ടിക നീളുന്നു. ഒരുപക്ഷെ സമവായ സ്ഥാനാര്‍ത്ഥിയായി കെജ്രിവാള്‍ തന്നെ വരാം. എന്തായാലും പ്രതിപക്ഷം നേരിടുന്ന വലിയ വെല്ലുവിളിയായിരിക്കും ഇത്. മിക്കവാറും പ്രധാനമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാമെന്ന തീരുമാനമായിരിക്കും വരുക.
പറഞ്ഞുവരുന്നത് ഫാസിസ്റ്റ് ശക്തികള്‍ ഇപ്പാഴും ഇന്ത്യയില്‍ ന്യൂനപക്ഷം തന്നെയാണ് എന്നാണ്. ഒന്നിച്ചുനിന്നാല്‍ ജനാധിപത്യപരമായി പ്രതിരോധിക്കാവുന്ന ന്യൂനപക്ഷം. തീര്‍ച്ചയായും വര്‍ഗ്ഗീയവികാരങ്ങള്‍ ഇളക്കിവിട്ടായിരിക്കും അവര്‍ വെല്ലുവിളികളെ നേരിടുന്നത്. അതുണ്ടാക്കുന്ന നാശങ്ങള്‍ ചെറുതായിരിക്കുകയുമില്ല. അധികാരത്തിലെത്തിയില്ലെങ്കിലും ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി തുടരുകയും ചെയ്യും. അപ്പോഴും ഇതെല്ലാം ചൂണ്ടികാട്ടി ജനാധിപത്യത്തെ തള്ളിപ്പറയുന്നത് വസ്തുവിഷ്ഠമായ നിലപാടായിരിക്കില്ല എന്നുമാത്രം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>