സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, May 16th, 2018

ജനാധിപത്യം – കര്‍ണ്ണാടക നല്‍കുന്ന പാഠങ്ങള്‍

Share This
Tags

kkk

ലോകം ഇന്നോളം പരീക്ഷിച്ച ഭരണസംവിധാനങ്ങളില്‍ ഭേദം ജനാധിപത്യമാണെന്നതിലും അതില്‍തന്നെ ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നതും നിസ്തര്‍ക്കമായ യാഥാര്‍ത്ഥ്യമാണ്. അടിയന്തരാവസ്ഥയുടെ 3 വര്‍ഷങ്ങളിലാണ് ഇന്ത്യന്‍ ജനാധിപത്യം ഫാസിസത്തിന്റെ പ്രകടരൂപം കൈകൊണ്ടത്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളുലൂടെതന്നെ അതിന് അന്ത്യം കുറിക്കുകയും ചെയ്തു. എന്നിരുന്നാലും നിരവധി സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം കടുത്തവെല്ലുവിളികളഎ നേരിട്ടിട്ടുണ്ട്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട സംഭവം മുതല്‍ അതാരംഭിച്ചിട്ടുണ്ട്. പലപ്പോഴും ജനാധിപത്യം പണാധിപത്യത്തിനും കുതിരകച്ചവടത്തിനും വര്‍ഗ്ഗീയ – സാമുദായിക താല്‍പ്പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമൊക്കെ വേണ്ടി വഴി മാറി നടന്നിട്ടുണ്ട്. അത്തരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തേണ്ട നിരവധി പ്രശ്‌നങ്ങളാണ് കര്‍ണ്ണാടക സംഭവങ്ങള്‍ മുന്നോട്ടുവെക്കുന്നത്.
ആദ്യത്തെ പ്രശ്‌നം ഗവര്‍ണ്ണറുടേയും (പ്രസിഡന്റിന്റേയും) തെരഞ്ഞെടുപ്പുതന്നെ. സംസ്ഥാന ഭരണതലവനായാലും രാഷ്ട്രതലവനായാലും കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ മറികടന്ന് തീരുമാനങ്ങള്‍ എടുക്കണമെന്നാണല്ലോ വെപ്പ്. മന്ത്രിസഭ മാറുന്നതുപോലുള്ള അപൂര്‍വ്വം അവസരങ്ങളിലാണ് ഗവര്‍ണര്‍മാര്‍ക്ക് എന്തെങ്കിലും നിലപാടെടുക്കാന്‍ അവസരം ലഭിക്കുന്നത്. അപ്പോഴെങ്കിലും നിഷ്പക്ഷമായ നിലപാടെടുക്കാന്‍ അവര്‍ക്ക് കഴിയണം. എന്നാല്‍ സംഭവിക്കുന്നതെന്താണ്? മിക്കവാറും ഗവര്‍ണര്‍മാര്‍ അതാതു പാര്‍ട്ടികളുടെ പഴയ നേതാക്കളാണ്. വയസ്സുകാലത്ത് അവരെ ഒതുക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഗവര്‍ണര്‍ പദവി. വാര്‍ദ്ധക്യം മതിയാവോളം ആസ്വദിക്കാന്‍ ലഭിക്കുന്ന അവസരമുണ്ടോ അവര്‍ പാഴാക്കുന്നു? എപ്പോഴെങ്കിലും എന്തെങ്കിലും കാര്യം തീരുമാനിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ നായ്ക്കളേക്കാള്‍ നന്ദി കാണിക്കാനും ഇവര്‍ മടിക്കില്ല. ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുശേഷം സമാന സംഭവമുണ്ടായപ്പോള്‍ ഗവര്‍ണര്‍മാര്‍ എടുത്ത തീരുമാനവും അതിനു കടകവിരുദ്ധമായി ഇപ്പോള്‍ കര്‍ണ്ണാടക ഗവര്‍ണ്ണര്‍ എടുത്ത തീരുമാനവും പരിശോധിച്ചാല്‍ തന്നെ ഇതു വ്യക്തമാകും. എല്ലായിടത്തും ബിജെപിയെ സഹായിക്കുക എന്ന ഒറ്റ അജണ്ടയാണ് ഗവര്‍ണര്‍മാര്‍ നടപ്പാക്കിയത്. മോദി മന്ത്രിസഭയില്‍ അംഗവും മോദിക്കുവേണ്ടി സ്വന്തം മണ്ഡലം ഒഴിഞ്ഞുകൊടുക്കുകയും ചെയ്ത ഒരാളില്‍ നിന്നു മറ്റെന്തു പ്രതീക്ഷിക്കാന്‍?
സ്വന്തം വാര്‍ദ്ധക്യം സുഖലോലുപമാക്കാന്‍ ഈ ഗവര്‍ണര്‍മാര്‍ ചെയ്യുന്നതെന്താണ്? ജനാധിപത്യത്തെ പണാധിപത്യത്തിനു തീറെഴഉതുകയാണിവര്‍. ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിവേചനാധികാരം ജനാധിപത്യപരമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അവര്‍ ചെയ്യുന്നതോ ? കര്‍ണ്ണാടകയില്‍തന്നെ എന്താണ് സംഭവിക്കുന്നത്? തെരഞ്ഞെടുപ്പിനുശേഷമുള്ള ധാരണ ധാര്‍മ്മികമല്ല എന്നും ധാരണ വേണ്ടിയിരുന്നത് മുമ്പായിരുന്നു എന്നതു വാദത്തിനായി സമ്മതിക്കാം. എന്നാല്‍ മറുവശത്ത് എന്താണവസ്ഥ? 104 എന്ന ബിജെപിയുടെ നമ്പറിനെ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ ഒരാഴ്ചക്കുള്ളില്‍ 122 ആക്കാനാവില്ല എന്ന് ആര്‍ക്കുമറിയാം. എന്താണ് സംഭവിക്കുക എന്നുമറിയാം. ദാരിദ്യരേഖയുടെ മാനദണ്ഡം താഴ്ത്തുന്നപോലെ ഏതാനും കോണ്‍ഗ്രസ്സ് – ജെ ഡി എസ് എം എല്‍ എമാരെ രാജിവെപ്പിച്ച് ഭൂരിപക്ഷമുണ്ടാക്കുക എന്ന ജനാധിപത്യത്തെ കൊല ചെയ്യലാണ് നടക്കാന്‍ പോകുന്നത്. കാലുമാറ്റ നിരോധന നിയമം ശക്തമായതിനാല്‍ പഴയെ പോലെ ചാക്കിട്ടു പിടിക്കാന്‍ കഴിയാതായപ്പോഴാണ് ഇത്തരത്തില്‍ പുതിയ ജനാധിപത്യ വിരുദ്ധ ശൈലികള്‍ ഉടലെടുത്തത്. നിലവിലെ നിയമങ്ങളനുസരിച്ച് ഇതിനെ തടയാനുമാകില്ല. ആകെ കഴിയുക എം എല്‍ എമാരെ തടവിലാക്കുക എന്ന നാണം കെട്ട പരിപാടിയാണ്. കഷ്ടപ്പെട്ട് തെരഞ്ഞെടുപ്പില്‍ ജയിച്ച എം എല്‍ എമാര്‍ രാജിവെക്കണമെങ്കില്‍ കോടികള്‍ ഒഴുകുമെന്നും ആര്‍ക്കാണറിയാത്തത്? അതും നമ്മുടെ ജനാധിപത്യത്തിന്റെ ജീര്‍ണ്ണത തന്നെ. അതിനീചമായ കുതിരകച്ചവടത്തിനാണ് ഗവര്‍ണര്‍ ചച്ചക്കൊടി കാണിക്കാന്‍ പോകുന്നതെന്നര്‍ത്ഥം. മറുവശത്ത് തെരഞ്ഞെടുപ്പിനുശേഷമാണെങ്കിലും വളരെ കൃത്യമായ രാഷ്ട്രീയതീരുമാനമാണ് കോണ്‍ഗ്രസ്സും ജെഡിഎസും എടുത്തത്. കൃത്യമായ ഭൂരിപക്ഷവും അവര്‍ക്കുണ്ട്. വോട്ടിന്റെ എണ്ണവും വളരെ കൂടുതലാണ്. തീര്‍ച്ചയായും അവരെയാണ് ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത്. അതാണ് ജനാധിപത്യം. ഇത്തരം സംഭവങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ട് എന്നതിനാല്‍ തന്നെ ഭാവിയില്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും അതനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവന്നുമാണ് ജനാധിപത്യം മുന്നോട്ടുപോകേണ്ടത്. അങ്ങനെയാണ് അത് ചലനാത്മകമാകുക. കാലുമാറ്റ നിരോധന നിയമം വന്നതും അങ്ങനെതന്നെ. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആറുമാസത്തേക്കെങ്കിലും രാജിവെക്കാന്‍ അനുവദിക്കാത്ത രീതിയില്‍ നിയമം മാറ്റിയെഴുതേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും അതിനേയും മറികടക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കും. അപ്പോള്‍ അതിനും പരിഹാരം കാണണം.
ഇതിനുപുറമെ മറ്റനവധി വിഷയങ്ങളും കര്‍ണ്ണാടക തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്. പലതും പെട്ടെന്ന് പരിഹരിക്കാനാവാത്ത വിഷയങ്ങളാണ്. വോട്ടിന്റെ എണ്ണത്തില്‍ കൂടുതലായിട്ടും കോണ്‍ഗ്രസ്സിനു ബിജെപിയേക്കാള്‍ സീറ്റു കുറയുന്ന സാഹചര്യമാണ് ഒന്ന്. തീര്‍ച്ചയായും ഇതു നിരന്തരമായി സംഭവിക്കുന്നതാണ്. കേരളത്തിലെ അവസ്ഥയില്‍ ബിജെപിക്കുപോലും ഇത്തരം വാദമുന്നയിക്കാം. പലപ്പോഴും പാര്‍ട്ടികളുടെ പിന്തുണയുടെ ആനുപാതികമാകുന്നില്ല സീറ്റുകളുടെ എണ്ണം. ഇവിടെയാകട്ടെ വന്‍ അന്തരവും. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണാനാവുക എന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മറ്റൊന്ന് ഇലക്ട്രോണിക് മെഷിന്റെ ഉപയോഗമാണ്. ഇക്കുറിയും അതേകുറിച്ച് ആരോപണങ്ങളുണ്ട്. ഇലക്ട്രോണിക് മെഷിനുപയോഗിച്ചുള്ള പോളിംഗ് കുറ്റമറ്റതാണെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍തന്നെ മുന്‍കൈ എടുക്കണം.
കര്‍ണ്ണാടകയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് യദൂരിയപ്പയുടെ തിരിച്ചുവരവാണല്ലോ. വലിയ തോതിലുള്ള അഴിമതി കേസില്‍ ആരോപണവിധേയനാണല്ലോ അദ്ദേഹം. അത്തരത്തിലുള്ളവരെ തെരഞ്ഞെടുപ്പില്‍ നത്സരിക്കാനാവാത്തവിധം നിയമങ്ങള്‍ മാറ്റിയെഴുതണം. അതിനു സാങ്കേതികമായി കഴിയില്ലെങ്കില്‍ അഴിമതിക്കാരെ മത്സരിപ്പിക്കില്ലെന്നു പാര്‍ട്ടികള്‍ തീരുമാനിക്കണം. അതോടൊപ്പം രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടവര്‍ പിന്നീട് മത്സരിക്കുന്നത് നിയമപരമായിതന്നെ വിലക്കണം. പുതിയവരും ചെറുപ്പക്കാരും രംഗത്തുവരാന്‍ അതു സഹായിക്കും. അതുവഴി ഭരണസംവിധാനം കൂടുതല്‍ ചലനാത്്മകമാകും.
സാങ്കേതികമായ വിഷയങ്ങളോളം പ്രധാനമാണ് ജനാധിപത്യം ഗുണപരമായി താഴുമ്പോഴുള്ള പ്രശ്‌നങ്ങളും. ജനാധിപത്യം ധനാധിപത്യത്തിനു വഴിമാറുന്നതുതന്നെ ഉദാഹരണം. നിയമം മൂലം മാത്രം തടുക്കാനാവാത്ത ഒന്നാണത്. അതുപോലെതന്നെയാണ് വോട്ടെടുപ്പില്‍ നടത്തുന്ന അധാര്‍മ്മികമായ ധാരണകള്‍. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശരിയിലടക്കം പലയിടത്തും ബിജെപിയും ജെഡിഎസും പരസ്പരം വോട്ടുമറിച്ചതായി വിശ്വസനീയമായ വാര്‍ത്തകളുണ്ട്. അത്തരം പ്രവണതകള്‍ ഒരിക്കലും ജനാധിപത്യസംവിധാനത്തിനു ഗുണകരമല്ല. മറ്റൊരു പ്രധാന പ്രശ്‌നം മതേതരഭരണഘടന നിലനില്‍ക്കുന്നരു രാജ്യത്ത് അതിനെ അട്ടിമറിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നതുമായ നിര്‍ഭാഗ്യകരമായ സാഹചര്യമാണത്. തങ്ങള്‍ മതേതരത്വത്തിന് എതിരാണെന്ന് ഒരു പാര്‍ട്ടിയും തുറന്നു പറയാത്തതിനാല്‍ നിയമം വഴി അവരെ ഒഴിവാക്കാന്‍ കഴിയില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രീതിയില്‍ ജനങ്ങള്‍ തന്നെ ഉയരുകയേ രക്ഷയുള്ളു. എന്നാല്‍ അതല്ല ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്നത്. ഗൗരിലങ്കേഷിനെപോലേയും കല്‍ബുര്‍ഗ്ഗിയെ പോലേയുമുള്ളവര്‍ കൊല ചെയ്യപ്പെടുമ്പോഴും ആരോപണവിധേയരായവരുടെ രാഷ്ട്രീയമെന്നാരാപണമുള്ള പാര്‍ട്ടി, അതോടൊപ്പം തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ മതേതരത്വവും ജനാധിപത്യവും അംഗീകരിക്കുന്നില്ല എന്നു പ്രഖ്യാപിക്കുന്ന പാര്‍ട്ടി വന്‍മുന്നേറ്റം നടത്തുന്നത് ജനാധിപത്യത്തിന്റെ ഗുണപരമായ പുറകോട്ടുപോക്കാണ് വ്യക്തമാക്കുന്നത്. കര്‍ണ്ണാടക മാത്രമല്ല, ഇന്ത്യ മുഴുവന്‍ നേരിടുന്ന ഇന്നത്തെ വെല്ലുവിളിയുമതാണ്. സാങ്കേതികമായും രാഷ്ട്ീയമായും ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത പരിഹാരം കണ്ടെത്താനാണ് ജനാധിപത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പ് നമ്മുടെ അവസാന തെരഞ്ഞെടുപ്പായാലും അത്ഭുതപ്പെടാനാകില്ല.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>