സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, May 16th, 2018

ഏതു നിയമമാണ് നമ്മുടെ കുട്ടികളുടെ രക്ഷക്കെത്തുക..??

Share This
Tags

poxo

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വ്യാപകമാകുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അതിക്രമങ്ങള്‍ മിക്കവാറും അടുപ്പമുള്ളവരില്‍ നിന്നായതിനാല്‍ പത്തിലൊന്നുപോലും പുറത്തുവരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ തന്നെ വളരെ കുറച്ചേ നിയമനടപടികളിലേക്കെത്തൂ. അവയില്‍ തന്നെ പത്തിലൊന്നില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ബാലപീഡനങ്ങള്‍ക്കെതിരെ അതിശക്തമായ പോക്‌സോ എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതാണ് ജനാധിപത്യവാദികളേയും മനുഷ്യസ്‌നേഹികളേയും ഞെട്ടിക്കുന്നത്.
കാശ്മീരില്‍ നടന്ന രാഷ്ട്രീയ ബലാല്‍സംഗ – കൊലയുടെ ആഘാതം തീരുംമുമ്പാണ് കോരളത്തില്‍ എടപ്പാളില്‍ നിന്ന് തിയറ്റര്‍ പീഡനം എന്നു മാധ്യമങ്ങള്‍ പേരിട്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന പീഡനവാര്‍ത്ത പുറത്തുവന്നത്. 10 വയസ്സു മാത്രം പ്രായമുള്ള കുട്ടി രണ്ടു മണിക്കൂറില്‍ കൂടുതല്‍ അനുഭവിച്ച വാര്‍ത്ത പുറത്തുവന്നത് തിയറ്ററുടമ അല്‍പ്പം മനുഷ്യത്വവും ധൈര്യവുമുള്ള വ്യക്തിയായതിനാല്‍ മാത്രം. എന്നിട്ടും കേസൊടുക്കാന്‍ പോലീസ് ശ്രമിച്ചു എന്നതാണ് പീഡനത്തിനൊപ്പം ഞെട്ടിപ്പിക്കുന്നത്. ഒപ്പം കുട്ടിയുടെ അമ്മയും പീഡനത്തെ സഹായിച്ചു എന്നതും. വാര്‍ത്ത പുറത്തുവന്നപ്പോള്‍ വലിയ കോലാഹലമൊക്കെ നടക്കുന്നുണ്ടെങ്കിലും കുറ്റവാളി ശക്ഷിക്കപ്പെടുമോ എന്നത് കാത്തിരുന്നു കാണാം.
ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കാലാകാലങ്ങളില്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും പീഡനങ്ങള്‍ കുറയുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് അമ്പരിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. പട്ടികജാതി/പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമമായാലും സ്ത്രീപീഡനവിരുദ്ധ നിയമങ്ങളായാലും ബാലിപീഡനനിയമങ്ങളായാലും ഇതുതന്നെ അവസ്ഥ. പെണ്‍കുട്ടികളുടെ ജീവിതാവസ്ഥയില്‍ വളരെ മുന്നിലെന്നഭിമാനിക്കുന്ന പ്രദേശമാണണ് കേരളം. എന്നാല്‍ മറ്റു പല മേഖലകളിലുമെന്ന പോലെ ഈ മേഖലയിലും കേരളം പുറകോട്ടു പോകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമൂഹ്യനീതി ഡയറക്ടറേറ്റ് തന്നെ പുറത്തുവിട്ടിരിക്കുന്ന പല കണക്കുകളും ഞെട്ടിക്കുന്നവയാണ്. പെണ്‍കുട്ടികളുടെ ആത്മഹത്യതന്നെ ഉദാഹരണം. സംസ്ഥാനത്തെ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 22.97 ആയിരിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ 57. 8 ആണ്. ആണ്‍കുട്ടികളുടേത് വളരെ കുറവാണ്. എന്താണിതിനു കാരണം? ആണ്‍കുട്ടിക്കില്ലാത്ത പങ്കില ബോധം പെണ്‍കുട്ടിയിലേക്ക് അടിച്ചേല്‍പ്പിക്കുന്ന കേരളീയ പൊതുബോധമാണ് കാരണം എന്നാണ് സാമൂഹ്യനീതി വകുപ്പ് തന്നെ പറയുന്നത്.
കൊട്ടിഘോഷിക്കുന്ന മറ്റൊന്ന് ആണ്‍കുട്ടി- പെണ്‍കുട്ടി അനുപാതമാണ്.
ആണ്‍-പെണ്‍ അനുപാതത്തില്‍ ഇപ്പോഴും കേരളം വളരെ മുന്നിലാണ്. പക്ഷെ ആ കാലം മാറുകയാണ്. ആറ് വയസ്സുവരെയുള്ള 1000 ആണ്‍കുട്ടികള്‍ക്ക് 963 പെണ്‍കുട്ടികളാണ് ഇപ്പോള്‍ കേരളത്തിലുള്ളത് . മറ്റു സംസ്ഥാനങ്ങളെപോലെ കേരളത്തിലും പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു എന്നു സാരം. തീര്‍ച്ഛയായും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗപരിശോധനയും ഗര്‍ഭച്ഛിദ്രവും ഇവിടേയും വ്യാപകമായിട്ടുണ്ട് എന്നു കരുതാം.
ഏറ്റവും ആശങ്കയുള്ള വിഷയം പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു തന്നെ. ആണ്‍കുട്ടികള്‍ക്കെതിരേയും ലൈംഗിക പീഡനങ്ങള്‍ ഉണ്ട്. 2016 ല്‍ മാത്രം പോക്സോ നിയമപ്രകാരം 2122 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ എണ്ണം കൂടിയിരിക്കുകയാണ്.
കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പോക്സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല. അതിനാല്‍തന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകളില്‍ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. പോക്സോ പ്രകാരം പ്രകാരം പ്രവേശിത ലൈംഗികാതിക്രമം, ഗൗരവകര പ്രവേശിത ലൈംഗികാതിക്രമം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടിയെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍, വീഡിയോ, പുസ്തകം എന്നിവ നിര്‍മ്മിക്കുന്നത്, കാണിക്കുന്നത്, സൂക്ഷിക്കുന്നത് എല്ലാം ലൈംഗിക കുറ്റകൃത്യങ്ങളാണ്. ലൈംഗികാതിക്രമത്തിന്റെ ഫലമായി കുട്ടിക്ക് ഗുരുതരമായ പരിക്കുകളോ ശാരീരിക അസ്വാസ്ഥ്യമോ ജനനേന്ദ്രിയങ്ങള്‍ക്ക് ക്ഷതമോ സംഭവിക്കുക, ഗര്‍ഭിണിയാകുക, ശാരീരിക വൈകല്യം സംഭവിക്കുക, ദൈനംദിന കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കാതെ വരുക, എച്ച്.ഐ.വി. ബാധിതയാകുക, ജീവന് ഭീഷണിയുണ്ടാക്കുന്ന അസുഖങ്ങളോ അണുബാധയോ ഉണ്ടാകുക,, മാരകായുധങ്ങള്‍, തീ, ചൂടുള്ള വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് അക്രമം നടത്തുക എന്നിവക്ക് 6-ാം വകുപ്പനുസരിച്ച് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ കഠിനതടവും പിഴയും ലഭിക്കും.
ഇത്രമാത്രം ശക്തമായ നിയമമുണ്ടായിട്ടും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് ഖേദകരം. സ്വന്തം വീടും സ്‌കൂളും വാഹനങ്ങളുമടക്കം എല്ലായിടത്തും കുട്ടികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ മാതാവിന്റെ കരങ്ങളില്‍ പോലും സുരക്ഷിതയല്ലാത്ത കുട്ടിയുടെ അനുഭവവും കേരളം കാണുന്നു. പ്രതി പണച്ചാക്കായതിനാല്‍ കേസൊതുക്കാന്‍ പോലീസ് ശ്രമിക്കുന്നു. സമൂഹത്തിന്റെ പൊതുബോധം പോലീസിനേയും ബാധിച്ചിരിക്കാം എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷപോലും പറയുന്നു. പൊതുബോധമല്ല, നിയമമാണ് പോലീസ് നടപ്പാക്കേണ്ടത് എന്നതുപോലും തിരിച്ചറിയാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കുപോലും കഴിയുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവിയെന്തായിരിക്കും? ഐക്യരാഷ്ട്രസഭ അംഗീകരിച്ച ബാലാവകാശങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഒരു രാഷ്ട്രത്തിലാണ് ഇതെല്ലാം നടക്കുന്നത്.
പോക്‌സോവിന്റെ കാര്യത്തില്‍ ക്രൂരമായ തമാശയും കേരളത്തില്‍ നടക്കുന്നുണ്ട്. നിയമപ്രകാരം ജയിലില്‍ കിടക്കുന്നവരില്‍ പലരും ആദിവാസികളാണെന്നതാണത്. പൊതു സമൂഹത്തിന്റെ ശീലങ്ങളില്‍ നിന്നും വേറിട്ട് ഗോത്ര ആചാരങ്ങളില്‍ കഴിയുന്ന ആദിവാസി സമൂഹം നാം പലപ്പോഴും നിര്‍മ്മിച്ചിറക്കുന്ന നിയമങ്ങളോ അതിന്റെ നൂലാമാലകളോ അറിയുന്നില്ല. ആദിവാസികളെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണികളില്‍ ഒന്നാണു ്രൈടബല്‍ പ്രൊമോട്ടര്‍മാര്‍. നിയമങ്ങളേ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും കുറ്റകൃത്യങ്ങളേ ശരിയായ ദിശയില്‍ മനസിലാക്കി കൊടുക്കുകയും ചെയ്യേണ്ടവര്‍. എന്നാല്‍ അത്തരം പ്രൊമോട്ടര്‍മാര്‍ കിട്ടുന്ന കൂലിക്ക് നാളിതുവരെ തൊഴില്‍ ചെയ്തതായി ഒരു തെളിവും ആദിവാസി ഊരുകളില്‍ കാണാന്‍ കഴിയില്ല. ആദിവാസി പെണ്‍കുട്ടികള്‍ ഭൂരിഭാഗവും 16ഓ 17ഓ വയസ്സായാല്‍ ഇഷ്ടപെട്ട പുരുഷനോടൊപ്പം ജീവിതം തുടങ്ങുന്നു. അതാണവിടുത്തെ ശൈലി. എന്നാല്‍ തങ്ങളുടെ വിവാഹം നിയമവിരുദ്ധമാണെന്ന് അവര്‍ അറിയുന്നത് പ്രൊമോട്ടര്‍ക്കൊപ്പമോ അംഗന്‍ വാടി ടീച്ചര്‍ക്കൊപ്പമോ കടന്ന് വരുന്ന പോലീസ് പിടിച്ച് കൊണ്ടുപോയി പോക്സോ കോടതിയില്‍ ഹാജറാക്കി വിധി വാങ്ങി കൊടുക്കുമ്പോള്‍ മാത്രമാണു. അത്തരത്തില്‍ പല ആദിവാസിയുവാക്കളും ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ ”ബെന്‍സ് കാറുടമ”കള്‍ക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിയമങ്ങള്‍ നടപ്പാക്കാന്‍ പോലീസ് പോലും മടിക്കുന്നു. ഈ സാഹചര്യത്തില്‍ ഏതു നിയമമാണ് നമ്മുടെ കുട്ടികളുടെ രക്ഷക്കെത്തുക…?

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>