സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, May 14th, 2018

നെല്‍കൃഷിക്കു പകരം പൂകൃഷിയോ?

Share This
Tags

pppകെ. പി. ഇല്യാസ്.

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നെല്‍കൃഷി നിര്‍ത്തി പൂകൃഷി ചെയ്യണമെന്നും നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നെല്‍കൃഷി തുടരണമെന്ന് പറയുന്നത് മണ്ടത്തരവുമാണെന്ന് ശ്രീ Muralee Thummarukudy പറയുകയുണ്ടായല്ലോ. കാട് സംരക്ഷിക്കണം പക്ഷേ മരങ്ങള്‍ ആവശ്യമില്ല എന്നുപറയുന്നതു പോലെയാണ് നെല്‍കൃഷി വേണ്ട നെല്‍വയല്‍ സംരക്ഷിക്കണമെന്ന് പറയുന്നത്. നെല്‍വയലും നെല്‍കൃഷിയും തമ്മിലുള്ള ബന്ധം നിലവില്‍ നെല്‍വയല്‍ നികത്താതെ നില്‍ക്കുന്ന പ്രദേശങ്ങളെടുത്തു പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. ഇന്ന് കേരളത്തില്‍ നെല്‍വയലുകള്‍ കൂടുതലും അവശേഷിക്കുന്നത് പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്നത് പാലക്കാട് ജില്ലയിലാണ്. 65513 ഹെക്ടര്‍. അത് കഴിഞ്ഞാല്‍ ആലപ്പുഴ 32453 ഹെക്ടര്‍, തൃശ്ശൂര്‍ 21100, കോട്ടയം 17216 ഇങ്ങനെ പോകുന്നു. എന്നാല്‍ ജലസേചന സൗകര്യം കുറഞ്ഞതും നെല്‍കൃഷി ചെയ്യാന്‍ മറ്റു അടിസ്ഥാന സൗകര്യങ്ങളില്ലാതായതും നാണ്യവിളകള്‍ക്ക് വഴി മാറിയതും നഗരവല്‍ക്കരണമൂലം നെല്‍കൃഷി ചെയ്യാന്‍ പറ്റാത്തതുമായ പല പ്രദേശങ്ങളിലും ഇന്ന് വ്യാപകമായി നെല്‍വയലുകള്‍ നികത്തിയിട്ടുമുണ്ട്.
നെല്‍കൃഷിയാണ് കേരളത്തിന്റെ വികസനം മുടക്കുന്നതെന്നാണ് തുമ്മാരുകുടിയുടെ പ്രസംഗം കേട്ടാല്‍ തോന്നുക. നെല്‍കൃഷിയോട് വികാരം തോന്നിയിട്ടു കാര്യമില്ലായെന്നും പ്രായോഗികമായി ചിന്തിക്കണമെന്നുമൊക്കെയാണ് അദ്ദേഹം പറയുന്നത്. കേരളത്തിന്റെ കൃഷിയോഗ്യമായ ഭൂമിയുടെ 62.8 ശതമാനവും നാണ്യവിളകളാണ്. 7.4 ശതമാനം മാത്രമാണ് നെല്‍കൃഷി. കേരള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കൊണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കനുസരിച്ച് 2016-2017ല്‍ കൃഷി ചെയ്യുന്ന നെല്‍വയലുകളുടെ അളവ് നിലവില്‍ 1,73,386 ഹെക്ടര്‍ ആണ്. 1975-76 കാലഘട്ടത്തില്‍ ഇത് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും ഇതാ വീണ്ടും കുറഞ്ഞ് 1,73,386 ഹെക്ടറായി മാറിയിരിക്കുന്നു. ഇത് 1975-76 അപേക്ഷിച്ച് 80.43 ശതമാനമാണ് കുറഞ്ഞത്. 2008 ശേഷം ഏകദേശം 61000 ഹെക്ടര്‍ നെല്‍കൃഷി വീണ്ടും കുറഞ്ഞു.
അതായത് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വന്നതിനു ശേഷവും നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 40 വര്‍ഷം കൊണ്ട് 80 ശതമാനം നെല്‍കൃഷി കുറഞ്ഞെങ്കില്‍ ഇങ്ങനെ പോയാല്‍ വരുന്ന ഇരുപത് വര്‍ഷം കൊണ്ട് നെല്‍കൃഷിയില്ലാത്ത ഒരു ‘സുന്ദര മനോഹര കേരളം’ നമുക്ക് സൃഷ്ടിക്കാം.
നെല്‍കൃഷി സംരക്ഷിക്കണമെന്ന് പറയുന്നത് കേവലം ഭക്ഷ്യസുരക്ഷ മാത്രമല്ല. അത് ജലസംരക്ഷണവും കാര്‍ഷിക ആവാസ വ്യവസ്ഥയുടെ സംരക്ഷണവുമാണ്. നെല്ലിന് പകരം വാഴയോ കവുങ്ങോ മറ്റെന്തു കൃഷിയാണെങ്കിലും നെല്‍വയലിന്റെ ധര്‍മ്മം നിര്‍വഹിക്കണമെന്നില്ല. മഴക്കാലത്ത് വെള്ളം മുഴുവന്‍ ഒഴുക്കി കളയുകയും വേനല്‍ക്കാലത്ത് ജലസേചനം നടത്തുകയും വേണം. കുട്ടനാട്ടിലും കോള്‍പാടത്തും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നെല്‍വയലുകളില്‍ 128 ഇനം പക്ഷികള്‍, 54 തരം മത്സ്യങ്ങള്‍, 99 തരം ചിലന്തികളെയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പലതരം തവളകളും ഒച്ചുകളും ഞണ്ടുകളും തുമ്പികളും ശലഭങ്ങളും കീടങ്ങളും മറ്റും ജീവജാലങ്ങളുമൊക്കെയുണ്ട്.
നെല്‍വയലില്ലാതാകുമ്പോള്‍ ഈ ജീവികളുടെയൊക്കെ മൊത്തം ആവാസ വ്യവസ്ഥയെയാണ് ബാധിക്കുന്നത്. കാട് സംരക്ഷിക്കുന്നതു പോലെ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെല്‍വയലുകള്‍.
തുമ്മാരുകുടിയുടെ അഭിപ്രായത്തില്‍ ആഗോള വിപണിയെ ലക്ഷ്യം വെച്ച് വേണമല്ലോ നമ്മള്‍ വിളകള്‍ തെരഞ്ഞെടുക്കേണ്ടത്. ആഗോള വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷിയാണ് നിലവില്‍ കേരളത്തിന്റെ കാര്‍ഷികരംഗത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന റബ്ബറും കാപ്പിയും തേയിലയും ജാതിയും കുരുമുളകും തെങ്ങിന്റെ ഉല്‍പന്നങ്ങള്‍ക്കുമൊക്കെ ആഗോളമാര്‍ക്കറ്റില്‍ വിപണിമൂല്യം ഉള്ളതു കൊണ്ടായിരുന്നു സര്‍ക്കാരുകള്‍ ഒരുകാലത്ത് പ്രോല്‍സാഹിപ്പിച്ചത്. ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് പോലും തോട്ടമേഖലയെ ഒഴിവാക്കി. അങ്ങിനെ കുറേപ്പേര്‍ വികസിക്കുകയും ചെയ്തു. ഇത്രയും കൂടുതല്‍ പ്രദേശത്ത് നാണ്യവിളകള്‍ തുടരാനുള്ള കാരണവും മാറി മാറി വന്ന ആഗോളനയങ്ങള്‍ തന്നെയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പലതരം സബ്‌സിഡികളും വാഗ്ദാനങ്ങളും നല്‍കി ഈ നാണ്യവിളകളെ പ്രോല്‍സാഹിപ്പിച്ചു. അതേ സമയം ഭക്ഷ്യകൃഷി ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ മനപൂര്‍വം അലംഭാവം കാണിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ന് കേരളത്തിനാവശ്യമായ അരിയുടെ 85 ശതമാനവും നാം പറത്ത് നിന്ന് വാങ്ങുന്നു. എല്ലാവര്‍ഷവും ഏകദേശം പതിനായിരം കോടി രൂപയെങ്കിലും പുറത്തു നിന്നും പച്ചക്കറി വാങ്ങാന്‍ വേണ്ടി മലയാളികള്‍ ചിലവഴിക്കുന്നു. ഈ പണം പരമാവധി
എങ്ങനെ നമ്മുടെ കര്‍ഷകര്‍ക്ക് നല്‍കാമെന്നാണ് നാം ചിന്തിക്കേണ്ടത്. റബ്ബറിനും ജാതിക്കും കുരുമുളകിനും തേങ്ങയ്ക്കും മറ്റും ഇന്ന് വിലയില്ല.
നാണ്യവിളകര്‍ഷകര്‍ ഏറെ ദുരിതത്തിലാണിന്ന്. ആറുവര്‍ഷം മുമ്പ് റബ്ബര്‍ വെച്ച കര്‍ഷകന്‍ പാലെടുക്കാനാവുമ്പോഴേക്കും തൊഴില്‍ കൂലി പോലും അതില്‍ നിന്ന് ലഭിക്കാതെയായി. കുരുമുളകിന്റെയും ജാതിയുടെയും അവസ്ഥയും ഇതു തന്നെ. അവരോട് അത് വെട്ടി മാറ്റി പൂകൃഷി ചെയ്യാന്‍ പറയാന്‍ പറ്റുമോ? എന്തു ഉറപ്പിന്‍മേലാണ് ഇത്തരം വിളകളെ ഭാവിയില്‍ വിപണിയുണ്ടാകുമെന്ന് വിശ്വസിക്കാന്‍ പറ്റുക? മാറി വരുന്ന ആഗോള കാര്‍ഷിക നയങ്ങള്‍ ഒരിക്കലും ചെറുകിട കര്‍ഷകരെ സംരക്ഷിക്കുന്ന തരത്തിലല്ല വിഭാവനം ചെയ്തിരിക്കുന്നത്. അത് വ്യവസായ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലാണ്. ഇന്ന് ലോക ജനസംഖ്യയ്ക്കാവശ്യമായ എഴുപത് ശതമാനം ഭക്ഷണവും ചെറുകിട കൃഷിയിടങ്ങളില്‍ നിന്നാണ് വരുന്നത്. വെറും മുപ്പതു ശതമാനം മാത്രമാണ് വലിയ വ്യാവസായിക കൃഷിയില്‍ നിന്നും എത്തുന്നത്. അതുകൊണ്ട് തന്നെ ചെറുകിട കൃഷിയിടങ്ങള്‍ ആഗോള ഭക്ഷ്യ കൃഷി വ്യവസായികള്‍ക്കെന്നും തലവേദനയാണ്. അതുകൊണ്ട് നമ്മുടെ കര്‍ഷകരോട് കാര്‍ഷികനയവിദഗ്ദര്‍ എന്നും പറയാറുള്ളത് നിങ്ങള്‍ ഈ വ്യാവസായിക കര്‍ഷകരോട് മല്‍സരിക്കണമെന്നാണ്. ഹെക്ടര്‍ കണക്കിനു സ്ഥലവും ആധുനിക സാങ്കേതിക വിദ്യകളും വലിയ യന്ത്രങ്ങളും അത് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ഭൂപ്രകൃതിയുമുള്ള അമേരിക്കയിലെയും യൂറോപ്പിലെയും കര്‍ഷകരോടാണ് മല്‍സരിക്കാന്‍ പറയുന്നത്. ഒരു ചെറിയ ശതമാനം കര്‍ഷകരുള്ള ഇത്തരം രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് സകലമാന ആനുകൂല്യങ്ങളും അവിടുത്തെ സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷിക്കുന്നത് അതുമായി ഉപജീവനം നടത്തുന്ന സുസ്ഥിര മനുഷ്യബന്ധങ്ങളാണ്. ഇതേ പോലെ ഗ്രാമീണ പരിസ്ഥിതിയും ചെറുകിട ഭക്ഷ്യോല്പാദനവും പരസ്പരാശ്രിതമാണ്. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല.ആഗോള വാണിജ്യവല്‍കൃത കൃഷി ഈ വിശുദ്ധ ബന്ധത്തെ അറുക്കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ കാര്‍ഷിക ആവാസ വ്യവസ്ഥയുടെ (Agro Ecology) പ്രാധാന്യം യു. എന്‍ പോലും എടുത്തു പറയുന്നുണ്ട്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>