സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, May 12th, 2018

പൂരപറമ്പിനെ പോക്കറ്റടിക്കായി ഉപയോഗിക്കുന്നവര്‍

Share This
Tags

xxx

ബച്ചൂ മാഹി

ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് കേട്ട രണ്ട് സംഭവങ്ങള്‍:
1) എം.ബി.ബി.എസ് ബിരുദവും ഗൈനക്കോളജി എം.ഡി.യും കഴിഞ്ഞ മുസ്ലിം യുവതി. വീട്ടുകാര്‍ നിലക്കൊത്ത ചെറുക്കനെ കണ്ടെത്തി വിവാഹം ഉറപ്പിക്കുന്നു. നിശ്ചയത്തിന് ശേഷം അപ്രതീക്ഷിതമായി വരന്റെ നിബന്ധന: കല്യാണശേഷം പിന്നെ ജോലിക്ക് പോകാന്‍ പറ്റില്ല. വീട്ടുകാര്‍ അന്ധിച്ചിരിപ്പാണ്. അവള്‍ ഉറച്ച നിലപാടില്‍ ആ ചെറുക്കനോട് പോയി പണി നോക്കാന്‍ പറഞ്ഞു. പിന്നീട് മെഡിക്കല്‍ രംഗത്ത് തന്നെയുള്ള ഒരാളുമായി കല്യാണം കഴിഞ്ഞു, പ്രൊഫഷനും കുടുംബവുമായി ജീവിക്കുന്നു.
2) വലിയ വിദ്യാഭ്യാസ പാരമ്പര്യമില്ലാത്ത ഇടത്തരം വീട്ടിലെ ബി.ഡി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് ധനാഢ്യകുടുംബത്തിലെ യുവാവുമായി വിവാഹം. അവനും വീട്ടുകാരും പഠനം അത്രകൊണ്ട് മതിയാക്കാന്‍ പറഞ്ഞു. അവള്‍ ‘ഉത്തമകുടുംബിനി’യായി പ്രസവിച്ചും കുട്ടിയെയും ഭര്‍ത്താവിനെയും വീട്ടുകാരെയുമൊക്കെ നോക്കി കഴിയുന്നു.
ഹിസ്റ്റീരിക് സലഫി മുല്ലയെ ഒക്കെ അധികം ചര്‍ച്ച ചെയ്യുന്നത് എന്തിന്, പോസിറ്റീവ് ആയ എന്തൊക്കെയുണ്ട് ചര്‍ച്ച ചെയ്യാന്‍ എന്ന് ചില സുഹൃത്തുക്കള്‍. ഫാഷിസം ആണ് ആസന്നമായ ഏറ്റവും വലിയ വിഷയം അത് കഴിഞ്ഞു മതി സ്ത്രീവിരുദ്ധതയും പരിഷ്‌കരണവുമൊക്കെ ചര്‍ച്ചക്കെടുക്കാനെന്നു വേറൊരു കൂട്ടര്‍. ഹിന്ദുത്വയുടെ നൃശംസതകള്‍ ഒട്ടും ചര്‍ച്ചാവിഷയമാക്കാത്ത മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ പൊക്കിക്കൊണ്ട് വരുന്നത് മുസ്ലിം വിരുദ്ധത ഒളിച്ചുകടത്താനാണെന്നും അതിന് വളം വെച്ച് കൊടുക്കലാണ് ഇവ ഏറ്റ് പിടിക്കുക വഴി സംഭവിക്കുകയെന്നും മറ്റു ചിലര്‍. കാന്തപുരമോ എന്തിന് രജത്കുമാറോ പറഞ്ഞത് വിഷയമല്ലാതെ സലഫി വിദ്വാന്മാരെ മാത്രമെന്തിനു ടാര്‍ഗറ്റ് ചെയ്യണം എന്ന് ഇനിയുമൊരു വിഭാഗം.. ഇവരൊന്നും മേല്‍ മൗലവിയുടെ അനുയായികളോ ആരാധകരോ അനുവാചകരോ അല്ലാത്തത് കൊണ്ട് അയാള്‍ പറഞ്ഞതിനെ ആധികരികമാക്കലല്ല ഇവരുടെ ലക്ഷ്യം എന്ന ബോധ്യത്തില്‍ത്തന്നെ നമുക്ക് ആ പോയിന്റുകള്‍ ഒന്നൊന്നായി പരിശോധിക്കാം.
(1) തീര്‍ച്ചയായും പോസിറ്റിവ് ആയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. അതോടൊപ്പം മീഡിയക്ക് / സോഷ്യല്‍ മീഡിയക്ക് പുറത്ത് ഇത്തരം വിദ്വാന്മാര്‍ നേരിട്ട് സംവദിക്കുന്ന ഒരു യുവതയുണ്ട്. അതിന്റെ അനുരണനങ്ങളാണ് തുടക്കത്തില്‍ ഉദ്ധരിച്ച രണ്ട് സംഭവങ്ങള്‍ എന്നത് കാണാതിരുന്നു കൂടാ.. ക്ലോക്കിന്റെ സൂചി അന്‍പതോ നൂറോ കൊല്ലം പിറകിലേക്ക് വലിക്കാനാണ് ഇവര്‍ കൊണ്ട് പിടിച്ചു ശ്രമിക്കുന്നത്.
(2) ഫാഷിസം തന്നെയാണ് ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒപ്പം ഒരു സമൂഹം എന്ന നിലയില്‍ മുസ്ലിംകളുടെ അസ്തിത്വത്തിനും ഏറ്റവും വലിയ ഭീഷണി എന്നതില്‍ അര്‍ത്ഥശങ്കയില്ല. തിരക്കേറിയ ബസാറിലോ സ്റ്റെയ്ഷനിലോ ബോംബ് വെക്കുന്നവരാണ് ഫാഷിസ്റ്റ്കള്‍ എങ്കില്‍ ബോംബ് പൊട്ടി പരിക്കേറ്റ് അല്ലെങ്കില്‍ പേടിച്ച് കിടക്കുന്നവരുടെ ബാഗും പേഴ്‌സും കയ്ക്കലാക്കി മണ്ടുന്നവരാണ് മതത്തെ മറയാക്കി സ്ത്രീവിരുദ്ധത ചെലവാക്കുന്ന ഇത്തരം മനോവൈകല്യക്കാര്‍. അവര്‍ക്കറിയാം ഫാഷിസ്റ്റ് ഭീഷണിയെ ചൂണ്ടി അവരെ എതിര്‍ക്കേണ്ടവര്‍ തന്നെ ഇമ്യൂണിറ്റി കൊടുക്കുമെന്ന്. അതുകൊണ്ടാണ് കൊടിയ സ്ത്രീവിരുദ്ധതകള്‍ പുറത്തെടുക്കാന്‍ അവര്‍ ഈ സമയം തന്നെ വിനിയോഗിക്കുന്നത്. അറിയാതെ നിങ്ങള്‍ അവരുടെ ട്രാപ്പില്‍ വീഴുകയാണ്. ഫാഷിസഭീഷണി നീങ്ങുവോളം കുളിയും പല്ലുതേപ്പും വേണ്ടെന്ന് വെക്കാന്‍ നിങ്ങള്‍ക്കാകില്ലെങ്കില്‍ ഇത്തരക്കാരെ കീറി പുറത്തിടുന്നതും നിറുത്തി വെക്കേണ്ടതില്ല.
(3) ഹിന്ദുത്വയോട് ഒട്ടിനിക്കാനോ കുറഞ്ഞത് പിണക്കാതിരിക്കാനോ ബദ്ധശ്രദ്ധരായ മാധ്യമങ്ങള്‍ക്ക് / സോഷ്യല്‍ മീഡിയ സഹായികള്‍ക്ക് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുന്നതില്‍ കൃത്യമായ അജണ്ടകള്‍ ഉണ്ടായിരിക്കാം. പൂരപ്പറമ്പില്‍ എത്തുന്ന മിക്കവര്‍ക്കും വെടിക്കെട്ട്, വാദ്യം, കുടമാറ്റം ഇവയൊക്കെ കാണല്‍ ലക്ഷ്യമാകുമ്പോള്‍ ചിലര്‍ക്കത് പോക്കറ്റടിക്കോ ജാക്കിവെയ്പിനോ ഉള്ള ഗോള്‍ഡന്‍ അവസരങ്ങളാകാം. രണ്ടാമത്തെ കൂട്ടരെ കരുതി ഉത്സവം നിറുത്തി വയ്ക്കാന്‍ പറയണോ? അജണ്ടകളിലൊന്ന് നിങ്ങളെക്കൊണ്ട് ഇങ്ങനെ മുസ്ലിം വിരുദ്ധതയെന്നു നിരന്തരം ആര്‍പ്പ് വിളിപ്പിക്കുക കൂടിയാണ് .. അത് വഴി രണ്ട് ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാം. യഥാര്‍ത്ഥ വിരുദ്ധത പുറത്തെടുക്കുമ്പോള്‍ നിങ്ങളുടെ നിലവിളി വിശ്വസനീയമല്ലാതെ പോകുന്നു. ഇത്തരം പ്രതിലോമതകള്‍ സമുദായത്തിന്റെ ‘പൊതു’വെന്ന് ആധികാരികമാക്കാന്‍ പുറത്തും അകത്തുമുള്ള സമുദായപുരോഗതിയുടെ എതിരാളികള്‍ക്ക് കഴിയുന്നു. അങ്ങനെ അറിഞ്ഞോ അറിയാതെയോ സമുദായം ഒന്നടങ്കം വിടുവയന്മാര്‍ക്ക് ഒപ്പം നിലയുറപ്പിക്കുന്നു, വത്തക്ക മാഷിന്റെ കാര്യത്തില്‍ സംഭവിച്ച പോലെ. അതാണോ കരണീയം?
(4) കാന്തപുരം പണ്ടേ പറയുന്നത് തന്നെയാണ് ഇന്നും പറയുന്നത്. അയാളുടെ അനുയായിവൃന്ദം എന്നത് അടഞ്ഞ ഒരു ജയില്‍ക്കെട്ടാണ്. പുറത്ത് നിന്ന് അങ്ങോട്ടേക്കോ അവിടെ നിന്ന് വെളിയിലെക്കോ യാതൊരു കൊടുക്കല്‍ വാങ്ങലുമില്ല. അവര്‍ പണ്ടേ ഉസ്താദ് പറയുന്നതൊക്കെ സ്വാശീകരിച്ചതെങ്കില്‍, വെളിയിലുള്ളവര്‍ക്ക് വെറും കോമഡി മാത്രമാണവ. രജത്കുമാറിന്റെ കാര്യം: അയാളെ മതശാസനയായി ആരും കേള്‍ക്കാറില്ല. ഈ ഹിസ്റ്റീരിക് മുല്ലയെപ്പോലുള്ളവര്‍, വലിയ മതബോധമോ തങ്ങളുടെതായ കാഴ്ചപ്പാടോ ഇല്ലാത്ത ലിബറല്‍ മുസ്ലിം യുവതയെ ആണ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് പോലെ ഡസന്‍ കണക്കിന് വിഘടിച്ച സലഫി ഗ്രൂപ്പുകള്‍ എല്ലാം കൂടി മുസ്ലിം ജനസംഖ്യയുടെ കേവലം അഞ്ചുശതമാനം മാത്രമേ വരികയുള്ളൂ . പക്ഷെ ഹിന്ദുക്കളില്‍ ബ്രാഹ്മണര്‍ എന്ന പോലെ അവര്‍ ബൗദ്ധിക അധീശത്വം പുലര്‍ത്തുന്നുണ്ട്. നഞ്ഞെന്തിനു നാനാഴി?!

ഫേസ് ബുക്ക് പോസ്റ്റ്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>