സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, May 11th, 2018

ഒന്നിച്ചു ജീവിക്കുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍…

Share This
Tags

jജേക്കബ് ബെഞ്ചമിന്‍

നിയമ വിദ്യാര്‍ഥിയായ ജിതനും സാമൂഹികപ്രവര്‍ത്തകയായ അഹാനയും നാലു വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്നവരാണ്. ലിവിങ് ടുഗദര്‍ (ഒന്നിച്ചു ജീവിക്കല്‍) എന്ന ജീവിതസങ്കല്‍പ്പം സ്വയം സ്വീകരിച്ചവര്‍. വീട്ടുകാരുടെയും നാട്ടുകാരുടെയും അറിവോടെതന്നെ.
വൈകാരികമായ ഒരു എടുത്തുചാട്ടത്തിലല്ല ഇവര്‍ ജീവിതത്തെ ഈവിധം കൂട്ടിയിണക്കിയത്. കൃത്യമായ ആലോചനകള്‍ക്കൊടുവിലാണ് ലിവിങ് ടുഗദര്‍ ജീവിതരീതിയിലേക്ക് ഇവര്‍ പ്രവേശിച്ചത്. രണ്ടുപേരും അഭ്യസ്തവിദ്യര്‍. വരുംവരായ്കകളെക്കുറിച്ചു തിരിച്ചറിവുള്ളവര്‍. രണ്ടു പേരുടെയും വീട്ടുകാര്‍ക്ക് ഇവര്‍ ഒരുമിച്ചുജീവിക്കുന്നതില്‍ എതിര്‍പ്പുമില്ല. രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുന്നതിന് രാജ്യത്തിന്റെ ഭരണഘടന അംഗീകാരം നല്‍കുന്നുമുണ്ട്. ഇത്തരം അനുകൂല ഘടകങ്ങെളല്ലാമുള്ള സാമൂഹിക ചുറ്റുപാടിലാണു തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം സ്വദേശി ജിതന്‍ എന്ന ജിതേന്ദ്രന്‍ ചാര്‍വാകനും കോട്ടയം സ്വദേശിനി അഹാനയും ജീവിതത്തില്‍ കൈകോര്‍ത്തു നീങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍ ജീവിതം നാലാണ്ട് പിന്നിട്ട ശേഷമാണ് ലിവിങ് ടുഗദര്‍ സങ്കല്‍പ്പത്തോട് ഇന്നും അസഹിഷ്ണുത പുലര്‍ത്തുന്ന സമൂഹത്തിന്റെ ഇടപെടല്‍ കാരണം ഇവരുടെ ജീവിതത്തിനുമേല്‍ കരിനിഴല്‍ വീണത്. പ്രായപൂര്‍ത്തിയായ ആര്‍ക്കും വിവാഹിതരാകാതെ തന്നെ ഉഭയസമ്മതപ്രകാരം ഒരുമിച്ചു ജീവിക്കാമെന്നു കഴിഞ്ഞ ദിവസമാണു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. നിലനില്‍ക്കുന്ന ഒരു അവകാശത്തിന്റെ ആവര്‍ത്തന പ്രഖ്യാപനമായിരുന്നു സുപ്രീം കോടതിയുടേത്.
അതായത് രണ്ടുപേര്‍ക്ക് അവര്‍ ആണായാലും പെണ്ണായാലും ഒരുമിച്ചു വസിക്കുന്നതിന് ഭരണഘടനയുടെ സംരക്ഷണവും അനുമതിയുമുണ്ടെന്നര്‍ഥം. എന്നാല്‍, നിയമം പാലിക്കേണ്ട പോലീസ് ജിതനെയും അഹാനയെയും വേട്ടയാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
കഴിഞ്ഞ നാലു വര്‍ഷമായി തൃശൂരിന്റെ പല ഭാഗങ്ങളിലായി ഇവര്‍ മാറിമാറി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണു ജോലിക്കു പോകാനുള്ള സൗകര്യാര്‍ഥം നഗരത്തില്‍തന്നെ കോലോത്തുംപാടത്ത് ഒരു ഫ്ളാറ്റിലേക്ക് താമസത്തിനെത്തിയത്. താമസം തുടങ്ങിയ നാള്‍ മുതല്‍ തന്നെ ഇവര്‍ ചുറ്റുപാടുമുള്ളവുടെ കണ്ണില്‍ കരടായി മാറി. ഇവരുടെ ഫ്ളാറ്റിലേക്ക് സുഹൃത്തുക്കള്‍ വന്നു പോകുന്നത് നാട്ടുകാരില്‍ സംശയമുണര്‍ത്തി. പിന്നാലെ, തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍നിന്നുള്ള പോലീസ് ഫ്ളാറ്റില്‍ പരിശോധനയെന്ന പേരില്‍ വിരട്ടല്‍ നാടകം നടത്തിയത്. ഇവര്‍ കാര്യങ്ങള്‍ വിശദമാക്കിയിട്ടും പോലീസിന് വിശ്വാസമാകുന്നില്ല.
പിറ്റേന്ന് സ്*!*!*!േറ്റഷനിലേക്കു ചെല്ലാന്‍ നിര്‍ദേശിച്ചിട്ടാണ് പോലീസ് ഫ്ളാറ്റില്‍ നിന്നുപോയത്. പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നില്ല. അതിനുശേഷം കാര്യങ്ങള്‍ ശാന്തമായി നിങ്ങുന്നതിനിടെയാണു രണ്ട് മാസം മുന്‍പ് സ്ഥലം മാറിയെത്തിയ എസ്.ഐയും സംഘവും രണ്ട് മഫ്തി പോലീസുകാരുമായി ഇവരുടെ ഫ്ളാറ്റിലെത്തുന്നത്. വളരെ മോശമായി രീതിയിലാണ് ജിതനോടും അഹാനയോടും പെരുമാറിയതെന്ന് അവര്‍ പറയുന്നു. കടുത്ത ഭാഷയില്‍ സംസാരിച്ച പോലീസ്, വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുമെന്ന് ഭീഷണി മുഴക്കിയാണ് മടങ്ങിയത്. അടുക്കളയില്‍പ്പോലും പോലീസ് പരിശോധന നടത്തിയതായി ജിതന്‍ പറയുന്നു.
ജിതനും അഹാനയും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടും പോലീസ് ഇവരെ പിന്തുടരുകയാണ്. ഇവര്‍ താമസിക്കുന്ന ഫ്ളാറ്റ് ഉടമയെ വിളച്ച് പോലീസ് ഇരുവരെയും ഫ്ളാറ്റില്‍നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടത്രെ. ഒന്നിച്ചു താമസിക്കുന്നവരെല്ലാം കുഴപ്പക്കാരാണെന്ന പൊതുധാരണയാണ് പോലീസിനുള്ളതെന്നാണ് ഇവരുടെ അനുഭവം വെളിപ്പെടുത്തുന്നത്. സംഭവങ്ങളെ നീതിയുക്തമായി വിലയിരുത്താന്‍ ബാധ്യതയുള്ള പോലീസ് തങ്ങളോട് നീതിപൂര്‍വകമായല്ല പെരുമാറിയതെന്നു ജിതന്‍ പരാതിപ്പെടുന്നു.
വ്യക്തികള്‍ക്ക് അന്തസോടെയും മാന്യതയോടെയും ജീവിക്കാനുള്ള അവകാശത്തിന്‍മേലാണു പോലീസ് കാക്കിക്കരുത്ത് പരീക്ഷിക്കുന്നത്. പുരുഷ കേന്ദ്രിത സമൂഹം സൃഷ്ടിച്ചുവെച്ചിട്ടുള്ള ചട്ടക്കൂടിനൊത്ത് നീങ്ങാത്തവരെല്ലാം സാമൂഹിക വിരുദ്ധന്‍മാരാണെന്നാണ് പോലീസിന്റെയും കാഴ്ചപ്പാട്. വ്യക്തിക്ക് സമൂഹം നല്‍കേണ്ടതായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന ഒരൊറ്റ ലക്ഷ്യമാണ് ലിവിങ് ടുഗതര്‍ രീതി സ്വീകരിക്കാന്‍ കാരണമെന്ന് ഇരുവരും പറയുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന കപട സദാചാരവാദങ്ങള്‍ക്കെതിരയുള്ള ചെറുത്തു നില്‍പ്പായി തങ്ങളുടെ ജീവിതം മാറുന്നെങ്കില്‍ ഇവര്‍ സന്തുഷ്ടരാണ്. അഹാന, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന മേഖലയിലായതിനാല്‍ ട്രാന്‍സ്ജന്‍ഡേഴ്സും മറ്റും ഇവരെ കാണാനെത്താറുണ്ടന്നതാണു പലര്‍ക്കും പ്രശ്നമാകുന്നത്. മറ്റുള്ളവരുടെ സൈ്വര്യ ജീവിതത്തെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍, അയല്‍വാസികളെ ശബ്ദം കൊണ്ടോ നോട്ടം കൊണ്ടോ പോലും ശല്യപ്പെടുത്താത്ത സാഹചര്യത്തില്‍ തങ്ങളുടെ ജീവിതത്തിലേക്ക് അനുവാദം ഇല്ലാതെ പോലീസ് കടന്നു വരരുതെന്നാണ് ഇവരുടെ ആവശ്യം.
സുപ്രീം കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നിലവിലുണ്ടായിട്ടും ലിവിങ് ടുഗദര്‍ ജീവിതരീതി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഇന്നും ഒളിച്ചും പേടിച്ചും ജിവിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. ജനാധിപത്യ മൂല്യങ്ങളില്‍ സുപ്രധാനമായത് വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാല്‍, ജനാധിപത്യ വ്യവസ്ഥിതിയില്‍ സംരക്ഷിക്കപ്പെടേണ്ട വ്യക്തിസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ് ജിതനും അഹാനയ്ക്കും നേരിടേണ്ടി വരുന്നത്.

മംഗളം

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>