സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, May 9th, 2018

ജീവിപ്പിക്കുന്നതിലാണ് രാഷ്ട്രീയം- ഉന്മൂലനം അരാഷ്ട്രീയമാണ്

Share This
Tags

kkk

ആസാദ്

കൊലപാതകം ഹീനമാണ്, നിന്ദ്യമാണ്. പക്ഷെ രാഷ്ട്രീയം കലരുമ്പോള്‍ അതു മഹത്വപ്പെടുന്നു. മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. എങ്ങുമുള്ള സാധാരണക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അതു മത്സരോത്സാഹം നല്‍കുന്നു. സ്‌കോര്‍ ബോര്‍ഡുകളുയരുന്നു. ഓരോ കൊലയ്ക്കുമുള്ള മികച്ച ന്യായീകരണ സൂത്രമായി രാഷ്ട്രീയം മാറിയിരിക്കുന്നു. ജീവിപ്പിക്കുന്നതിലാണ് രാഷ്ട്രീയമുള്ളത്. ഉന്മൂലനം അരാഷ്ട്രീയ വൃത്തിയാണ്. സ്വന്തം ദര്‍ശനത്തിന്റെ നിരാകരണവും സ്വയംഹത്യയുമാണത്. അനേകരുമായി സൗഹൃദവും ബന്ധുത്വവും നല്‍കുന്ന പാര്‍ട്ടിയെ മരണത്തിന്റെ ഉദ്യാനമാക്കിയതാരാണ്? കണ്ണൂര്‍ ഒരു കൊലയറയാണ്. ഒരു രാഷ്ട്രീയത്തിനും മാതൃകയല്ല.
തീവ്ര വലതും തീവ്ര ഇടതും ഉന്മൂലനത്തിന്റെ രാഷ്ട്രീയമാണ്. വ്യക്തികളെ കൊന്ന് വംശ/വര്‍ഗ നാശം വരുത്താമെന്ന് മോഹിക്കുന്ന രാഷ്ട്രീയം. അവര്‍ അവരുടെ വികലദര്‍ശനം നടപ്പാക്കുന്നു. അതേ വഴിയിലേയ്ക്ക് എല്ലാവരേയും വലിച്ചടുപ്പിച്ചു ജനപക്ഷ രാഷ്ട്രീയത്തെ കളങ്കപ്പെടുത്തണം അവര്‍ക്ക്. വെള്ളം കലക്കിയുള്ള മീന്‍പിടുത്തമാണത്. വിപ്ലവത്തിന്റെ ബലപ്രയോഗം വ്യക്തിക്കു മേലുള്ള അധികാര പ്രയോഗമായി കമ്യൂണിസ്റ്റുകാരും തെറ്റിദ്ധരിച്ചിട്ടുണ്ട്. കൊലയ്ക്കു കൊല, തോല്‍ക്കുന്നിടത്തും കൊല എന്ന നിലയിലേയ്ക്ക് കമ്യൂണിസ്റ്റു പാര്‍ട്ടിയും കണ്ണൂരില്‍ വഴുതിയത് അങ്ങനെയാവാം. തീവ്ര വലതു രാഷ്ട്രീയം അതിന്റെ ഹീനമായ അജണ്ടയാണ് നടപ്പാക്കുന്നത്. കണ്ണൂരിലെ സിപിഎമ്മോ? വിപ്ലവപ്പാര്‍ട്ടിയുടെ ചുമതലയാണോ നിര്‍വ്വഹിക്കുന്നത്? സംഘപരിവാര അജണ്ടയുടെ പിറകില്‍ അതേ ഹീന രാഷ്ട്രീയത്തില്‍ പങ്കുചേരുന്ന വിവേകരാഹിത്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയമെന്നു വിളിക്കാനാവില്ല. ഒന്നോ രണ്ടോ കൊല നടക്കുമ്പോള്‍ ആ കെണിയറിയാതെ പ്രതികരിച്ചുപോകുന്നത് സ്വാഭാവികമാണ്. എട്ടോ പത്തോ കൊണ്ടും അവരത് തിരിച്ചറിഞ്ഞില്ല. ഇപ്പോള്‍ ആര്‍ എസ് എസ്സിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയം ഒന്നുതന്നെയെന്ന് ആരെങ്കിലും കണക്കാക്കിയാല്‍ കുറ്റപ്പെടുത്താനാവാത്ത സ്ഥിതിയായി. വ്യത്യസ്തമാണ് ദര്‍ശനമെങ്കില്‍ അതു പ്രയോഗത്തില്‍ തെളിയണം.
ഒരു ജനാധിപത്യ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്നത് ജനങ്ങളോടുള്ള യുദ്ധംതന്നെയാണ്. നിയമവും നീതിന്യായ സംവിധാനങ്ങളും ജനങ്ങളും ഉണര്‍ന്നിരിക്കുന്ന നാട്ടില്‍ നീതികിട്ടാന്‍ കവലച്ചട്ടമ്പികളോ ക്വട്ടേഷന്‍ സംഘങ്ങളോ വേണ്ട. അവരുടെ കാരുണ്യം കാത്തുകഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഓര്‍ത്തു ലജ്ജിക്കണം. കൊലപാതകികളെ സാമൂഹികമായി ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നിലെത്തിക്കാനും കഴിയണം. അതാണ് പ്രതിരോധം. അഭിമാനക്കൊല എന്നൊരു പ്രതിവിധിയില്ല. ജനാധിപത്യ ഭരണകൂടത്തിന്റെ നിയമപാലകരുണ്ടായിരിക്കെ പാര്‍ട്ടി സേനകള്‍ പൊലീസോ കോടതിയോ ചമയരുത്. എല്ലാ പാര്‍ട്ടികളിലെയും കൊലയാളികള്‍ ഒരേ കാഴ്ച്ചപ്പാടില്‍ ഒന്നിക്കുന്നവരാണ്. അവര്‍ വേറെവേറെ പാര്‍ട്ടികളിലിരുന്ന് ജനാധിപത്യത്തെ തകര്‍ക്കുകയാണ്. സാമൂഹിക സുരക്ഷാ വലയം പിച്ചിച്ചീന്തുകയാണ്. അവരെ പോറ്റുന്നവര്‍ക്കും ഒരൊറ്റ രാഷ്ട്രീയമേയുള്ളു. ജനശത്രുക്കളുടെ ഹീന രാഷ്ട്രീയം

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>