സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, May 6th, 2018

രവിചന്ദ്രന്റേത് സംവരണത്തോടുള്ള നിഴല്‍യുദ്ധം

Share This
Tags

c

കെ കെ ബാബുരാജ്

സി.രവിചന്ദ്രന്റെ മൂന്നേമുക്കാല്‍ മണിക്കൂറുള്ള ‘ജാതിപൂക്കള്‍’ എന്ന പ്രസംഗം മുഴുവനും ‘സംവരണ സമവാക്യങ്ങളുടെ’ പകുതിയും കേട്ടു. ലോകത്തിലെ പലയിടങ്ങളിലുമുള്ള മലയാളികള്‍ക്ക് ‘കേവല മാനവികത’യോടുള്ള സത്താവാദപരമായ ആഭിമുഖ്യം വെച്ചുനോക്കുമ്പോള്‍ ഈ പ്രസംഗങ്ങള്‍ ഒന്നോ രണ്ടോ കോടിപ്പേരെങ്കിലും കേള്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യേണ്ടതാണ്. എന്നാല്‍, ഇതേവരെ നാല്പതിനായിരത്തിനു മുകളില്‍ ആള്‍ക്കാര്‍ മാത്രമേ കേള്‍വിക്കാരായിരുള്ളൂ എന്നത് പരിതാപകരമാണ്. അദ്ദേഹത്തെപോലുള്ളവരുടെ ആശയങ്ങള്‍ക്ക് എന്തെങ്കിലും പ്രാധാന്യമുള്ളതായി ചിലര്‍ക്കെങ്കിലും തോന്നുന്നതിനു കാരണം; യുക്തിവാദി പ്രസ്ഥാനത്തിന്റെ ‘മിസ്റ്ററിക്കല്‍’ സ്ഥാനംകൊണ്ടാണെന്നു തോന്നുന്നു. അതായത്; സഹോദരന്‍ അയ്യപ്പന്‍, എം.സി.ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള മുതലായവരുടെയും നിരവധി സാമൂഹിക പരിഷ്‌കരണ സമരങ്ങളുടെയും പേരിലാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം അതിന്റെ സാമൂഹിക അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഫ്രീ തിങ്കേഴ്സ്, essence ഗ്രൂപ്പ് മുതലായ യുക്തിവാദ സംഘങ്ങള്‍ക്ക് ഇതേ സാമൂഹിക അംഗീകാരത്തിന്റെ തുടര്‍ച്ചയാണ് ഉള്ളതെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമുള്ളത്.
യഥാര്‍ത്ഥത്തില്‍, കേരളത്തിലെ സവര്ണരിലും അവര്ണരിലുമുള്ള ഇസ്ലാമോഫോബിയക്ക് പൊതു സമ്മതി നല്‍കാനുള്ള ശാസ്ത്രീയ വംശീയവാദ യുക്തികളാണ് ഇത്തരം ഗ്രൂപ്പുകള്‍ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നത്. ചില സെക്കുലര്‍ മുസ്ലിം നാമധാരികള്‍ ഇവര്‍ക്ക് കൂട്ടുണ്ടെന്നു മാത്രം. ഇവര്‍ കൂട്ടമറവി പുലര്‍ത്തുന്ന കാര്യം, സഹോദരന്‍ അയ്യപ്പനെപോലുള്ളവര്‍ സമുദായങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കണമെന്ന അര്‍ത്ഥത്തിലുള്ള അവസര സമത്വ ചിന്തയാണ് ഉള്‍ക്കൊണ്ടതെന്നതാണ്. ഇതാവട്ടെ സംവരണം, സാമൂഹിക നീതി മുതലായ ഭരണഘടനാ അവകാശങ്ങളുമായി ഒത്തുപോകുന്നതുമാണ്. മാത്രമല്ല, സഹോദരന്‍ അയ്യപ്പനെപോലുള്ളവര്‍ സെമറ്റിക് മതങ്ങളെ ശത്രുപക്ഷത്തല്ല നിര്‍ത്തിയത്. മിത്രപക്ഷത്താണ്. ഇതാണ് മേല്പറഞ്ഞ ഗ്രൂപ്പുകള്‍ കൂട്ടമറവി കാണിക്കുന്ന മറ്റൊരുകാര്യം. ശ്രീനാരായണ ഗുരുവിന്റെ ചിന്തയുടെ ‘വെണ്മയെ’ പറ്റി പറഞ്ഞു ഈഴവരെ സാമുദായികമായി ചവിട്ടിത്താഴ്ത്തുക. ഡോ.അംബേദ്കറിന്റെ ബുദ്ധിയെ പ്രശംസിച്ചു ദളിതരുടെ സാമൂഹികമായ മൊബിലിറ്റിയെ ഇകഴ്ത്തുക. മുസ്ലിം സംഘടനകള്‍ മതരാഷ്ട്ര വാദത്തെ ഒളിച്ചുകടത്തുന്നുവെന്ന് ആരോപിക്കുക. ക്രിസ്ത്യന്‍ സഭകളെ ഒന്നടങ്കം കുരിശുകൃഷിക്കാരായി ചിത്രീകരിക്കുക. സാമൂഹിക വിപ്ലവത്തിന്റെ കീഴാളചിഹ്നങ്ങളെ അപ്പാടെ ‘ജാതി കൂമ്പാരമായി’ വര്ണിക്കുക. ഇതൊക്കെയാണല്ലോ കേരളത്തിലെ മതവിരുദ്ധ/ജാതിരഹിത മാനവികതാവാദത്തിന്റെ പൊതുഖജനാവിലുള്ളത്. ഇത്തരം മുതലിന്റെ നേരവകാശികളായി സി.രവിചന്ദ്രന്മാര്‍ ഉണ്ടാവുകതന്നെ ചെയ്യും. ഇക്കൂട്ടരെ അലട്ടുന്നത്, സംവരണത്തിലൂടെ കുറച്ചുപേര്‍ക്ക് തൊഴില്‍ കിട്ടുന്നതോ, ചിലര്‍ക്ക് കിട്ടാത്തതോ അല്ല. മറിച്ചു, സംവരണം വ്യവസ്ഥാപിതമായ അധികാരത്തെയും അറിവുകളെയും ചെറുതായിട്ടെങ്കിലും റദ്ദാക്കുന്നു എന്നതാണ്. ഇതിനോടുള്ള നിഴല്‍യുദ്ധമാണ് ഇങ്ങനെയൊക്കെ ആവര്‍ത്തിക്കുന്നത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>