സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, May 5th, 2018

അവര്‍ വെറും നമ്പറല്ല സര്‍

Share This
Tags

dgpടി എന്‍ പ്രസന്നകുമാര്‍

കൊല്ലപ്പെട്ടത് പീഡനത്തിരയായിട്ടാണെന്ന് തെളിഞ്ഞുവെന്നും അതുകൊണ്ട് പേര് പറയരുതെന്നും ഇന്നലെ പത്രസമ്മേളനത്തില്‍ ഡിജിപി. ഇത്രനാള്‍ ലിഗയെന്ന് എഴുതിയിരുന്ന മാധ്യമങ്ങളെല്ലാം അതോടെ വിദേശവനിത, ല്വാതിയന്‍ യുവതി എന്നൊക്കെ എഴുതാന്‍ തുടങ്ങി.

അന്വേഷണത്തിന്റെ ഭാഗമായി ലിഗയുടെ ചിത്രങ്ങള്‍ അവരുടെ സഹോദരിയും ഭര്‍ത്താവും തെരുവുകളില്‍ പതിച്ചിട്ടുണ്ട്. ദേശീയ-വിദേശ മാധ്യമങ്ങളില്‍ പേരും ചിത്രവും അച്ചടിച്ചു വന്നിട്ടുണ്ട്. മലയാളത്തിലെ പത്രങ്ങളും ടി.വി.ചാനലുകളും ഒരാഴ്ചയിലധികമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരു മാസത്തിലേറെ അഴുകിയ ജഡമാണ് കണ്ടുകിട്ടിയത്. ഇപ്പോള്‍ ചിതയില്‍ ദഹിച്ചു വെണ്ണീറുമായി. ഇനി ആ പേര് എഴുതുന്നതുകൊണ്ട് ആരുടെ അഭിമാനത്തിനെയാണ് ബാധിക്കാന്‍ പോകുന്നത്! ലിഗയുടെ പേരോ ചിത്രങ്ങളോ ഇല്ലാത്ത പത്രങ്ങളിലെല്ലാം കൊലയാളിയുടെ ചിത്രങ്ങള്‍ ഇന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്. അഭിമാനം നഷ്ടമാകുന്നത് ഹീനമായ കുറ്റകൃത്യം ചെയ്യുന്ന നികൃഷ്ടരായ ആണുങ്ങള്‍ക്കല്ല, അവരാല്‍ റേപ് ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സ്ത്രീകള്‍ക്കാണ്! എന്തൊരു അപഹാസ്യവും വിചിത്രവുമായ നിയമമാണിത്!

നീതിയെക്കുറിച്ചുള്ള വിചാരങ്ങള്‍ കാലത്തിനനുസരിച്ച് പുതുക്കേണ്ടത് നീതി നിഷേധിക്കപ്പെട്ടവരുടെ ഓര്‍മ്മകളിലൂടെയാവണം. ആണധികാരത്തിനെയുള്ള സാമൂഹ്യബോധം വളര്‍ത്തേണ്ടത് അതിന്റെ ക്രൂരമായ അധികാരം ഇല്ലാതാക്കിയവരുടെ മുഖങ്ങളിലൂടെയാവണം. ഇവിടെ സംഭവിക്കുന്നതോ മറിച്ചും.

പോലീസ് തലപ്പത്തുനിന്നും ഭരണതലപ്പത്തുനിന്നും മോശം അനുഭവം നേരിട്ട ലിഗയുടെ സഹോദരിക്കും ഭര്‍ത്താവിനും കൊടുക്കാവുന്ന മറ്റൊരു അപമാനംകൂടിയാണ് അവരുടെ പേരും ചിത്രവും ഉപയോഗിക്കരുത് എന്ന നമ്മുടെ രാജ്യത്തെ വികൃത നിയമം. ഞായറാഴ്ച ലിഗയുടെ അനുസ്മരണം നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് വായിച്ചു. അവരുടെ പേരുപറയാതെ ചിത്രങ്ങളില്ലാതെയാണോ അനുസ്മരിക്കുന്നത് ?

മൃതശരീരം കണ്ടെത്തിയതിനുശേഷം പോലീസ് കാണിച്ച കാര്യക്ഷമത മിസ്സിങ്ങിനെക്കുറിച്ചുള്ള പരാതി ലഭിച്ചപ്പോള്‍തന്നെ കാണിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഈ വിധത്തില്‍ അവര്‍ കൊലചെയ്യപ്പെടുമായിരുന്നില്ല എന്നത് പ്രതീക്ഷിക്കാവുന്ന ഒരു സാധ്യതയാണ്. ഏതു തിരോധാനത്തിലും അടുത്ത മണിക്കൂറുകളാണ് പ്രധാനമെന്ന് മറ്റാരേക്കാളും അറിയുന്നത് പോലീസിനുതന്നെയാണ്. എന്നിട്ടും ഇരുപത്തിനാല് മണിക്കൂറ് പോയിട്ട് അന്വേഷണംതന്നെ തുടങ്ങുന്നത് പരാതി ലഭിച്ച് നാലോ അഞ്ചോ ദിവസത്തിനുശേഷമാണ്. മരണം സംഭവിച്ചാലും ഇല്ലെങ്കിലും മനുഷ്യജീവന് വിലകല്‍പിക്കുന്നവര്‍ക്ക് ജീവനുവേണ്ടി പ്രതീക്ഷിക്കാനേ കഴിയൂ. ആ പ്രതീക്ഷയാവട്ടെ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് വളരെ വലുതാണുതാനും. ലിഗയുടെ സഹോദരിയും ഭര്‍ത്താവും പത്രമാധ്യമങ്ങളിലൂടെ പറഞ്ഞതും അതാണ്. അതുപോലും മനസ്സിലാക്കാന്‍ കഴിയാത്ത പോലീസ് മേധാവിയാണ് ഇപ്പോള്‍ ലിഗയുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിലെ നിയമവശം പത്രസമ്മേളനം വിളിച്ച് പഠിപ്പിക്കുന്നത്!

റേപിന് ഇരയായവരുടെ പേര് വെളിപ്പെടുത്താവുന്ന മൂന്ന് സന്ദര്‍ഭങ്ങള്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 228 എ നിര്‍ദ്ദേശിക്കുന്നത് ഇവയാണ്; ഒന്ന് കേസ് കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് അന്വേഷണത്തിന്റെ ഭാഗമായി, രണ്ട് ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്, മൂന്ന് ബലാല്‍സംഗത്തില്‍ മരിച്ച ഇരയുടെ അടുത്ത ബന്ധുവിന്റെ സമ്മതമുണ്ടെങ്കില്‍. പക്ഷേ മൂന്നാമത്തെ കാര്യത്തില്‍ അടുത്തബന്ധുവിനെ തിരുമാനിക്കാനുള്ള അധികാരം അംഗീകൃത സ്ഥാപത്തിലെ ചെയര്‍മാനില്‍ നിക്ഷിപ്തവുമാണ്. റേപ്പിനിരയായ പെണ്‍കുട്ടിയുടെയോ സ്ത്രീയുടെയോ അച്ഛനോ അമ്മയോ വിളിച്ചുപറഞ്ഞാല്‍ പോലും കാര്യമില്ലെന്നര്‍ത്ഥം.

പുതിയ നിയമനിര്‍മാണത്തിനുതന്നെ കാരണമായ ഡല്‍ഹി ബലാല്‍സംഗ കേസിലെ ജോതിര്‍മയിയുടെ അച്ഛന്‍ പത്രമാധ്യമങ്ങളോട് പറഞ്ഞത് ‘എന്റെ മകളുടെ യഥാര്‍ത്ഥപേര് ലോകമറിയുന്നതാണ് എനിക്കിഷ്ടം. അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ഞാന്‍ അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു. അവളുടെ പേര് വെളിപ്പെടുത്തുന്നത് ഇത്തരത്തിലുള്ള ആക്രമണത്തിനെ അതിജീവിച്ച പെണ്‍കുട്ടികള്‍ക്ക് ധൈര്യം നല്‍കുകയാണ് ചെയ്യുക” എന്നാണ്. അവരുടെ അമ്മ ചോദിച്ചത് ‘ഞാനെന്റെ മകളുടെ പേര്‍ പറയുന്നതില്‍ എന്തിന് ലജ്ജിക്കണം. കുറ്റവാളികളല്ലേ പേര് പറയുന്നതില്‍ ലജ്ജിക്കേണ്ടത്” എന്നാണ്. എന്നിട്ടും കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി ബലാല്‍സംഗത്തിലെ ഇരയുടെ പേര് പറയാന്‍ നമ്മുടെ നിയമം അനുവദിച്ചിട്ടില്ല.

കത്വവയിലെ എട്ടു വയസ്സുള്ള ആസിഫയുടെ ബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും ആസിഫയുടെ ചിത്രങ്ങള്‍ നിറഞ്ഞു. നിഷ്‌കളങ്കതയുടെയും വേദനയുടെയും പ്രതീകമായി ലക്ഷക്കണക്കിനു മനുഷ്യരുടെ സംവേദനത്തിലൂടെ വ്യാപകമാകുകയും ആത്മരോഷങ്ങളും പ്രക്ഷോഭങ്ങള്‍ക്കും കാരണമായി മാറിയ കുഞ്ഞു മുഖം ഒരു കോടതിവിധിയിലൂടെയാണ് ഒറ്റയടിക്ക് റദ്ദാക്കപ്പെട്ടത്.

വിവാദമായ രംഗ-ബില്ല കേസ് നോക്കുക. ആ കേസില്‍ തട്ടികൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ കൊല്ലുന്നതിനു മുന്‍പ് ബലാല്‍സംഗം ചെയ്തിരുന്നു. പക്ഷേ, പതിനാറു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ധീരതയ്ക്കുള്ള കീര്‍ത്തിചക്ര അവാര്‍ഡ് സജ്ജയ് ചോപ്രയുടെയും ഗീത ചോപ്രയുടെയും പേരില്‍ സര്‍ക്കാര്‍ ഓരോ വര്‍ഷവും നല്‍കുന്നുണ്ട്. പേര് പറയരുതെന്നാണ് നിയമമെങ്കില്‍ ഗീത ചോപ്രയുടെയും പേര് പറയാന്‍ പാടില്ലല്ലോ. പേര് പറയുകമാത്രമല്ല, സര്‍ക്കാര്‍ അതിന്റെ പേരില്‍ ധീരതയ്ക്കുള്ള കീര്‍ത്തിചക്ര കൊടുക്കുകപോലും ചെയ്യുന്നു. അപ്പോള്‍ വ്യത്യസ്ത കോടതികള്‍, അതിലിരിക്കുന്ന ജഡ്ജിമാരുടെ സാമൂഹ്യബോധത്തിനനുസരിച്ച് ഈ നിയമത്തെ വ്യത്യസ്തമായ രീതിയിലാണോ വ്യാഖ്യാനിക്കുന്നത്?

‘ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍’ ക്യാമ്പയില്‍ തുടരേണ്ടത് ഇത്തരം നിയമങ്ങളെ ലംഘിച്ചുകൊണ്ടായിരിക്കണം. ആസിഫയുടെയും ലിഗയുടെയും മാത്രമല്ല, ആണധികാരം കൊലചെയ്യുന്ന ഓരോരുത്തരുടെയും പേരുകള്‍ നാം ഉറക്കെ പറയണം. ചില നിയമങ്ങള്‍ ഭഞ്ജിക്കാന്‍ കൂടിയുള്ളതാണ്. ഭഞ്ജിക്കുന്നതിലൂടെയാണ് പല നിയമങ്ങളും പരിഷ്‌കരിക്കുകയും തിരുത്തുകയും ചെയ്യുക. വളരുന്ന മനുഷ്യരുടെ അന്തസ്സിനും ചോദനകള്‍ക്കും ഒപ്പം വളരാനുള്ളതാണ് നിയമങ്ങളും.

വേഗത്തില്‍ ആളുകളെ വിശ്വസിക്കുകയും അടുക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നുവെത്ര ലിഗയുടേതെന്ന് അവരെക്കുറിച്ചുള്ള പത്രവാര്‍ത്തകളിലൊരിടത്ത് കഴിഞ്ഞ ദിവസം വായിച്ചു. തുടര്‍ന്നുവായിക്കാനാകാതെ വീര്‍പ്പുമുട്ടലോടെ അന്ന് പത്രവായന അവസാനിപ്പിക്കേണ്ടിവന്നു. ഈ വാക്കുകളും വിഷാദഛായയുള്ള അവരുടെ മുഖവും മനസ്സില്‍ അവശേഷിക്കുന്നു. നമ്മുടെ നാട് കാണാന്‍ വന്ന് കൊലചെയ്യപ്പെട്ട ലിഗയുടെ കുടുംബത്തോട് നമ്മുടെ ടൂറിസം വകുപ്പും സര്‍ക്കാരും മാപ്പ് പറയണം. ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പരസ്യവാചകം ഉപയോഗിക്കുന്നതില്‍ ലജ്ജയെങ്കിലും തോന്നണം.

പരാതിപറയാന്‍ വരുന്നവരുടെ വേദനയുടെ നൂറിലൊരംശമെങ്കിലും ആ പരാതി കേള്‍ക്കു പോലീസുദ്യോഗസ്ഥന് ഉള്‍ക്കൊള്ളാനെങ്കിലും കഴിയണം. അല്ലെങ്കില്‍ പരാതി പറയാന്‍ ചെല്ലുന്നവരാണ് അപമാനിക്കപ്പെടുക. സാങ്കേതിക സംവിധാനം കൊണ്ടൊന്നും അത് പരിഹരിക്കാന്‍ കഴിയില്ല. ജനമൈത്രി പോലീസാവാന്‍ ഇത്തിരി മാനുഷികതയൊക്കെ പോലീസിനെ ട്രയിനിങ്ങ് കാലത്ത് പഠിപ്പിക്കണം. ഇല്ലെങ്കില്‍ പരാതി പറയാന്‍ വരുന്നവരോട് തട്ടിക്കയറുകയും അവരെ അവഹേളിക്കുകയും ചെയ്യുന്ന ഡിജിപി ദൈവത്തിന്റെ സ്വന്തം നാടിന് അഭിമാനമായി ഇനിയും തുടരും.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>