സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, May 4th, 2018

VIP കള്‍ക്കായി വളയുന്ന ദേശീയപാത

Share This
Tags

dddനിശാന്ത്

ദേശീയ പാതയ്ക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവരുടെയെല്ലാം വസ്തുവില്‍ കെട്ടിയ ഫ്‌ളക്‌സ് ബാനറിലെ വാചകങ്ങള്‍ താഴെ കൊടുക്കുന്നു.

* ദേശീയ പാതാ വികസനത്തിന് ഈ സ്ഥലം വിട്ടു തരാം
* മാന്യമായ നഷ്ട പരിഹാരം കിട്ടണം
* നാടിന്റെ വികസനത്തിന് ഞാനും എതിരല്ല

ഈ ബോര്‍ഡ് കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ഉന്നത നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും വീട്ടു മുറ്റത്തും , സ്ഥലത്തും കാണില്ല… കാരണം, ദേശീയ പാതയുടെ അലൈന്‍മെന്റിനെ തങ്ങളുടെ ഇഷ്ടപ്രകാരം വളയ്ക്കാനുള്ള ശേഷി ഈ VIP കള്‍ക്കുണ്ട്.. അങ്ങനെയാണത്രേ പാപ്പിനിശ്ശേരിയില്‍ വച്ച് ദേശീയ പാത വെള്ളത്തിലൂടെ നീര്‍ക്കോലി സഞ്ചരിക്കുന്നതു പോലെ വളഞ്ഞ് തുരുത്തി പട്ടികജാതി കോളനിയിലേക്കെത്തുന്നത്. 200 മീറ്ററിനുള്ളില്‍ മാത്രം തുരുത്തിയില്‍ ഒഴിപ്പിക്കേണ്ടത് 25 സാധാരണക്കാരുടെ വീടുകള്‍. തുരുത്തി വഴിയുള്ള ഈ ‘വളഞ്ഞുപുളഞ്ഞ ‘ അലൈന്‍മെന്റിന്റെ 500 മീറ്ററിനുള്ളില്‍ മാത്രമുള്ളത് 4 മോശമല്ലാത്ത വളവുകള്‍. തുരുത്തി കോളനിയുടെ വശങ്ങളിലെ ചതുപ്പുകള്‍ മുഴുവന്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലര്‍ വാങ്ങിക്കൂട്ടിയതായി നേരത്തേ ആരോപണമുണ്ട്.
ആദ്യത്തെ രണ്ട് അലൈന്‍മെന്റുകള്‍ മാറ്റാനുള്ള കാരണം വിവരാവകാശ നിയമപ്രകാരം നാഷണല്‍ ഹൈവേ അതോറിറ്റിയോട് ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം കൗതുകകരമാണ്. പഴയ അലൈന്‍മെന്റ് മാറ്റാന്‍ VIP നിര്‍ദേശങ്ങളുണ്ടത്രേ.. സ്വന്തം താല്‍പര്യം സംരക്ഷിക്കാനായി തുരുത്തി കോളനിയിലെ പാവങ്ങളെ കുടിയൊഴിപ്പിച്ച് പാതയുണ്ടാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ട ഢകജ കള്‍ ആരാണെന്ന് തുരുത്തിയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ ദൃശ്യമാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു കഴിഞ്ഞു.. ജനപ്രതിനിധികള്‍ കൂടിയായ ഭരണകക്ഷിയിലെ ഉന്നതരുടെ സമ്മര്‍ദ്ദമാണത്രേ അലൈന്‍മെന്റ് മാറ്റത്തിനു പിന്നില്‍. അതായത് വയല്‍ വിട്ടുകൊടുക്കാനും വീട് ഒഴിഞ്ഞു കൊടുക്കാനും നെഞ്ചത്തു കൂടിയായാലും റോഡ് വികസിക്കുമ്പോള്‍ പ്രതിഷേധിക്കാതെയും പ്രതികരിക്കാതെയും മൗനികളാകാനും സാമാന്യ ജനത്തോട് ഉപദേശിക്കുന്ന വികസനപ്പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് സ്വന്തം വീടും പറമ്പും ഒഴിഞ്ഞു കൊടുത്ത് വികസന പ്രേമം പ്രകടിപ്പിക്കാന്‍ തയ്യാറല്ല എന്നര്‍ത്ഥം.. നേതാക്കളുടെ കടമ ആഹ്വാനം മാത്രമാണ്.. അണികളുടെ പണി അനുസരണയും.
നാടിന്റെ വികസനത്തിനായി ചിലര്‍ ചില കാര്യങ്ങള്‍ ത്യജിക്കേണ്ടി വരുമെന്നും മുന്‍ കാലങ്ങളില്‍ ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള മനുഷ്യര്‍ അവരുടെ വീടും പറമ്പും വയലുമെല്ലാം വിട്ടുകൊടുത്തതു കൊണ്ടാണ് ഇന്നു കാണുന്ന റോഡും റെയിലും വിമാനത്താവളവുമെല്ലാം ഉണ്ടായത് എന്നും കീഴാറ്റൂരും തുരുത്തിയിലും കണ്ടങ്കാളിയിലും മലപ്പുറത്തുമുള്ള പ്രതിരോധ സമരക്കാരെ ഉപദേശിക്കുന്ന സര്‍ക്കാര്‍ ന്യായീകരണത്തൊഴിലാളികള്‍ സ്വന്തം നേതൃത്വത്തെ ഉപദേശിക്കാനായിരുന്നു ആദ്യം സമയം കണ്ടെത്തേണ്ടിയിരുന്നത്. VIP കളുടെ വീടിനും പറമ്പിനും വേണ്ടി മാത്രമല്ല, അവരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ ബിസിനസ് പാര്‍ട്ണര്‍മാര്‍ക്കു വേണ്ടിയും അലൈന്‍മെന്റ് വളയും എന്നതിനും തെളിവുകളുണ്ട്.. അമ്പലവും പള്ളിയും കാണുമ്പോള്‍ മാത്രമല്ല ബിയര്‍ -വൈന്‍ പാര്‍ലറുകള്‍ കാണുമ്പോള്‍ പോലും അലൈന്‍മന്റ് വളയുന്നു എന്ന ആരോപണം നേരത്തേ തന്നെയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വികസന അജന്‍ഡകള്‍ക്ക് ചൂട്ടു പിടിക്കുന്നവരാണ് സമരം ചെയ്യുന്ന സാധാരണ മനുഷ്യരെ പരിസ്ഥിതി മൗലികവാദികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നത്. സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ വികസന വിരുദ്ധരെന്നു വിളിച്ചും മാവോയിസ്റ്റ് ചാപ്പ കുത്തിയും നിശബ്ദരാക്കാമെന്നു വ്യാമോഹിക്കുന്നവര്‍ക്ക് കാലം മറുപടി നല്‍കട്ടേ..

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>