സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, May 2nd, 2018

കാരശ്ശേരി മാഷെ.. കഷ്ടം

Share This
Tags

kkkഹൈദര്‍ അലി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ‘അസ്സലാമു അലൈകും’ എന്ന് അഭിവാദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു നിരീക്ഷണത്തോട്, ശ്രീ. എം.എന്‍. കാരശ്ശേരിയുടെ പ്രതികരണം കണ്ടപ്പോള്‍ ഇദ്ദേഹം ഇത്രയ്ക്കു ബുദ്ധിശൂന്യനാണോ എന്ന് തോന്നിപ്പോയി. നമസ്‌കാരം പറഞ്ഞാല്‍ തിരിച്ചും നമസ്‌കാരം പറയുന്നത് പോലെ, ഒരാള്‍ ‘അസ്സലാമു അലൈകും’ എന്ന് അഭിവാദ്യം ചെയ്താല്‍ അയാളെ ‘വ അലൈകും അസ്സലാം’ എന്ന് പ്രത്യഭിവാദ്യം ചെയ്യാന്‍ താന്‍ തീരുമാനമെടുത്തുവെന്നും ഫാഷിസ്റ്റനന്തരകാലത്തെ ജനാധിപത്യബഹുസ്വരതയെക്കുറിച്ച നിരന്തരപ്രചാരണം എന്നില്‍ വരുത്തിയ ബഹുസ്വരമാറ്റമായി ഇതിനെ സ്വയം സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു കെ.ഇ.എന്‍. പറഞ്ഞത്. ഇതിന് പ്രതികരണമായി ശ്രീ. കാരശ്ശേരി ചോദിച്ചത്, സലാം പറഞ്ഞാല്‍ തിരിച്ചും സലാം പറയുന്നത് പോലെ, ആരെങ്കിലും ജയ് ശ്രീറാം / ജയ് ഹനുമാന്‍ എന്ന് അഭിവാദ്യം ചെയ്താല്‍ അത് പോലെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്നായിരുന്നു !
ഒന്നാമതായി, അസ്സലാമു അലൈകും എന്നത് നമസ്‌തേ / നമസ്‌കാരം / ഗുഡ്‌മോണിംഗ് എന്നീ അഭിവാദ്യങ്ങള്‍ പോലെ അറബി ഭാഷയിലുള്ള ഒരു അഭിവാദ്യമാണ്. ‘താങ്കളുടെ മേല്‍ സമാധാനം ഉണ്ടാവട്ടെ’ എന്നാണ് അതിന്റെ ലളിതസാരം. എന്നാല്‍ ജയ് ശ്രീറാം / ജയ് ഹനുമാന്‍ എന്നത് അടിസ്ഥാനപരമായി ഒരു അഭിവാദ്യരീതി പോലുമല്ല. ഹൈന്ദവവിശ്വാസികള്‍ ആരാധനാമൂര്‍ത്തികളായി കാണുന്ന ശ്രീരാമന്‍, ഹനുമാന്‍ എന്നീ അവതാരങ്ങളെ വാഴ്ത്തുന്ന രീതിയാണത്. അഥവാ ഒന്ന് മനുഷ്യര്‍ തമ്മിലുള്ള അഭിവാദ്യവും മറ്റേത് ആരാധനാ മൂര്‍ത്തികളെ പ്രകീര്‍ത്തിക്കലുമാണ്. ഇത് രണ്ടും ഒരു പോലെയാണെന്ന കാരശ്ശേരിയുടെ താരതമ്യം തന്നെ ബാലിശമാണ്. രണ്ടാമതായി, ജയ് ശ്രീറാം / ജയ് ഹനുമാന്‍ എന്നതെല്ലാം നിലവിലെ സാഹചര്യത്തില്‍ ഹിന്ദുത്വതീവ്രവാദികള്‍ ന്യൂനപക്ഷങ്ങളെ സാംസ്‌കാരികമായി ബലാല്‍ക്കാരം ചെയ്യാന്‍ പ്രയോഗിക്കുന്ന ഹിംസാത്മകശൂലങ്ങളാണ്. യഥാര്‍ത്ഥ ഹൈന്ദവവിശ്വാസികള്‍ ഭകതിപൂര്‍വ്വം രാമനേയും കൃഷ്ണനേയും വിളിക്കുന്ന പോലെ നിഷ്‌കളങ്കമല്ല ‘ബാബരിമസ്ജിദ് നിലനിന്നിടത്തു ജനിച്ച ശ്രീരാമനു’ വേണ്ടിയുള്ള സംഘിഭീകരന്മാരുടെ ‘ജയ്’ വിളി. തീവ്ര ഹൈന്ദവ ദേശീയതയുടെയും വംശീയതയുടെയും പരമതവിദ്വേഷത്തിന്റെയും ആക്രോശം മാത്രമാണത്. ശ്രീരാമനെ ആരാധ്യനായി കാണാത്ത മുസ്ലീങ്ങളെക്കൊണ്ട് പോലും ബലം പ്രയോഗിച്ചും മര്‍ദിച്ചും ജയ് ശ്രീറാം വിളിപ്പിക്കുന്നത് ഈ ഹിംസാത്മക ബോധമാണ്. ഒരു പക്ഷെ ഇസ്ലാമിനോടും അതിന്റെ സാംസ്‌കാരിക ചിഹ്നങ്ങളോടുമുള്ള അന്ധമായ വിരോധമാവാം ഈ രീതിയില്‍ പ്രതികരിക്കാന്‍ അദ്ദേഹത്തിനുണ്ടായ പ്രകോപനം. അതല്ലെങ്കില്‍ ‘മതേതരകേരള’ത്തിന്റെ രണ്ടാമത്തെ ‘കൃഷ്ണമണി’യാവാനുള്ള അമിതാവേശവുമാവാം. അതെന്തുതന്നെയായാലും ഇത്തരം ഹിംസാത്മക ആക്രോശങ്ങളെ തികച്ചും ഗുണകാംക്ഷയോടെയുള്ള ഒരു അഭിവാദ്യവാക്യത്തോട് സമീകരിക്കുമ്പോള്‍ ഹിന്ദുത്വതീവ്രവാദികളുടെ സാംസ്‌കാരികാധിനിവേശങ്ങള്‍ക്ക് സ്വാഭാവികതയുടെ മൂവര്‍ണ്ണപ്പരവാതാനി വിരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് ചേര്‍ന്നതല്ല ഇത്തരം അശ്ളീലമായ വിഡ്ഢിത്തരങ്ങള്‍.

ഫേസ് ബു്ക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>