സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Apr 22nd, 2018

രവിചന്ദ്രന്‍ മാഷും സംവരണവും .

Share This
Tags

c

എസ് എം രാജ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ രവിചന്ദ്രന്‍ സി യുടെ ”ജാതി സംവരണത്തെ ” പറ്റിയുള്ള ഒരു പ്രഭാഷണം എസ്സന്‍സ് ഫ്രീ തിങ്കെഴ്‌സ് പാലക്കാട് വേദിയില്‍ നടന്നതിന്റെ ഒരു വീഡിയോ കാണുകയുണ്ടായി . ആ വീഡിയോയില്‍ അദ്ദേഹം പറഞ്ഞുവയ്ക്കുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ സാമൂഹ്യമായും രാഷ്ട്രീയമായും പ്രസക്തമാണ് എന്ന് തോന്നുന്നു . അതിലേറ്റവും പ്രധാനമായി തോന്നിയ ഒരു കാര്യം ”സംവരണം ” ഇന്ത്യന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നു അതിന്റെ ഐക്യത്തെ ,കെട്ടുറപ്പിനെ ,അഖണ്ഡതയെ ഇല്ലാതാക്കുന്നു അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തുന്നു എന്നതാണ്.അതായത് സംവരണം എന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ഉണ്ടാക്കുന്ന ഒന്നാണെന്ന സങ്കല്‍പ്പത്തിലാണ് രവിചന്ദ്രന്‍ തന്റെ പ്രസംഗത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് . മറ്റൊന്ന് ജാതീയമായ അപകര്‍ഷത എന്നത് സാമൂഹ്യമായതോ സാമ്പത്തികമായതോ അല്ലെങ്കില്‍ രാഷ്ട്രീയമായതോ ആയ വര്‍ത്തമാനകാല അവസ്ഥകളില്‍ നിന്നും ഉരുത്തിരിയുന്ന ഒന്നല്ലെന്നും അത് കേവലം ദലിത് ജനതകളുടെ ഒരു മാനസീകമായ വൈകല്യം മാത്രമാണ് എന്നാണ് അദ്ദേഹം കണ്ടെത്തുന്നത് . അതായത് പണ്ട് ആര്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ ”ജാതിയും അയിത്തവും ഉള്ളത് നിന്റെ മനസിലാണ്.നീയാണ് തേച്ചു കുളിക്കേണ്ടത് അല്ലാതെ നമ്പൂതിരിയായ ഞാനല്ല ” എന്നാണ് രവിചന്ദ്രന്‍ പറഞ്ഞു വയ്ക്കുന്നത് .മൂന്നാമതായി അദ്ദേഹം പറയുന്ന കാര്യം ഇന്നത്തെ ദലിത് അവസ്ഥകളുടെ ബാധ്യത ഇന്നത്തെ സവര്‍ണ്ണ ജനതകളുടെ മേല്‍ ചുമത്തുന്നത് ശരിയല്ല എന്നാണ് . പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്കോ പറഞ്ഞ കാര്യങ്ങളുടെ മെറിറ്റിലേക്കോ ഞാന്‍ കടക്കുന്നില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരല്‍പം വിശദമായി പരിശോധിക്കുന്നു എന്ന് മാത്രം.

പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് പ്രത്യേക സംവരണ മണ്ഡലം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നപ്പോള്‍ ”മരണം വരെ നിരാഹാരം ” കിടന്ന് ആ സംവിധാനം പൊളിച്ച ഗാന്ധി അതിനു പറഞ്ഞ ന്യായം ഹിന്ദു ഐക്യം തന്നെയായിരുന്നു .നൂറ്റാണ്ടുകളോളം ഹിന്ദുക്കള്‍ അയിത്തവും അസ്പ്രശ്യതയും സാമ്പത്തിക ചൂഷണവും ചുമത്തി അകറ്റി നിര്‍ത്തിയ ദലിത് ജനതകള്‍ക്ക് മേല്‍ ഹിന്ദു ഐക്യത്തിന്റെ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഗാന്ധിയുടെ ധാര്‍മ്മിക പാപ്പരത്വത്തെ അന്ന് തന്നെ ശക്തമായ ഭാഷയില്‍ അംബേദ്കര്‍ കളിയാക്കിയിരുന്നു .അംബേദ്കര്‍ ഗാന്ധിക്കെതിരെ അന്ന് പറഞ്ഞ എല്ലാ ന്യായങ്ങളും ഇന്ന് രവിചന്ദ്രന്‍ മാഷിനും ബാധകമാണ് . ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ബാധകമായ ”തുല്യത ” എന്നൊരു സങ്കല്‍പ്പനം മുന്നോട്ടുവച്ചപ്പോള്‍ അതിനകത്ത് ”സംവരണം ”എന്നൊരു ആശയം പ്രതിഷ്ടിച്ചത് വിവേചനമാണ്,സംവരണം ആളുകളെ വിഘടിപ്പിക്കുന്നു എന്നാണ് രവിചന്ദ്രന്റെ കണ്ടെത്തല്‍ . സാമൂഹ്യശാസ്ത്രങ്ങളില്‍ നിരവധി ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഒരു വ്യക്തിയില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം വരുമ്പോള്‍ അത് നാം സംശയത്തോടെ തന്നെ വീക്ഷിക്കണം .

ഇന്ത്യന്‍ ഭരണഘടന അഭിസംബോധന ചെയ്യുന്ന ഇന്ത്യന്‍ സമൂഹം ”തുല്യമായ ” ഒന്നല്ല .ജാതീയമായും മതപരമായും സാമ്പത്തികമായും സാംസ്‌കാരി കമായും ഒക്കെ പലതട്ടില്‍ നില്‍ക്കുന്ന ആളുകളുടെ ഒരു കൂട്ടമാണ് ഇന്ത്യന്‍ സമൂഹം .അതുകൊണ്ട് തന്നെ ഭരണഘടന വിഭാവനം ചെയ്യുന്ന ”തുല്യത ” എന്നത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഒന്നല്ല മറിച്ച് ഭാവിയില്‍ നാം കെട്ടിപ്പടുക്കേണ്ട ഒന്നാണെന്ന് സുവ്യക്തം ആണല്ലോ . ജാതിയുടെ പേരില്‍ അധികാരവും സ്വത്തും സവിശേഷ അവകാശങ്ങളും അനുഭവിക്കുന്ന സവര്‍ണ്ണര്‍ക്കൊപ്പം മറ്റുള്ളവരെ എത്തിക്കുക എന്നതാണ് സംവരണത്തിന്റെ കാതല്‍ . ജാതി ഐക്യത്തിന്റെ പേരില്‍ സംവരണം വേണ്ടെന്നു വയ്ക്കണം എന്ന് രവിചന്ദ്രന്‍ പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ഥം ജാതിയുടെ പേരില്‍ സവര്‍ണ്ണര്‍ ഇപ്പോഴും കൈവശം വെച്ചനുഭവിക്കുന്ന അധികാരവും സമ്പത്തും അതില്ലാത്തവരുമായി പങ്കുവയ്‌ക്കേണ്ടതില്ല എന്ന് തന്നെയാണ് . ചുരുക്കി പറഞ്ഞാല്‍ ഹിന്ദു ഐക്യത്തിന്റെ പേരില്‍ സവര്‍ണ്ണ ബ്രാഹ്മണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന സംഘിവാദം തന്നെയാണ് അദ്ദേഹം പറയുന്നത് . യുക്തിവാദവും സംഘിവാദവും ഒരേ വണ്ടിക്കു കെട്ടാന്‍ കഴിയുന്ന കാളകള്‍ തന്നെയാണല്ലേ മാഷേ . അതായത് ഇന്ന് ദലിതര്‍ അനുഭവിക്കുന്ന സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക പിന്നോക്കാവസ്ഥകളുടെ കാരണം ഇന്നത്തെ സവര്‍ണ്ണ തലമുറകളുടെ ചെയ്തികള്‍ അല്ലെന്നും അതിനവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ആണ് അദ്ദേഹം പറയാതെ പറയുന്നത് . തന്റെ പൂര്‍വ്വികര്‍ ചെയ്ത ക്രൂരതകളില്‍ ഇന്നത്തെ സവര്‍ണ്ണ തലമുറകള്‍ വിഷമിക്കേണ്ടതോ, ലജ്ജിക്കേണ്ടതോ ഇല്ലെന്നു ചുരുക്കം .തങ്ങളുടെ പൂര്‍വ്വികര്‍ ജാതിയുടെ പേരില്‍ മാത്രം നേടിയെടുത്ത സ്വത്തുക്കള്‍ അതെ ജാതിയുടെ പേരില്‍ തന്നെ ഇന്നും അനുഭവിക്കുന്ന സവര്‍ണ്ണരുടെ പുതുതലമുറകള്‍ അവര്‍ അന്യായമായി കൈവശം വെച്ചിരിക്കുന്ന സ്വത്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക തന്നെ വേണം .വേണ്ടെന്നു പറയുന്ന രവിചന്ദ്രന്റെ വാദം സംഘി വാദവുമായും കമ്യൂണിസ്റ്റ് ഭൂപരിഷ്‌കരണ യുക്തികളുമായും ഒത്തുപോകുന്നു എന്ന് നാം തിരിച്ചറിയണം .

ജാതിയും സംവരണവും സാമൂഹ്യമായോ രാഷ്ട്രീയമായോ ഉള്ള ഒരു പ്രശ്‌നം അല്ലെന്നും അത് കേവലം മാനസീകമായ ഒരപകര്‍ഷതയുടെ പ്രശ്‌നം മാത്രമാണെന്ന് പറയുന്ന രവിചന്ദ്രന്‍ എന്ത് സാമൂഹ്യ ശാസ്ത്രമാണ് പഠിച്ചതെന്ന് നാം സംശയിക്കണം . സവര്‍ണ്ണരുടെ ജാതീയമായ ഉല്‍കൃഷ്ടതയും ദലിതരുടെ അധമബോധവും മാനസീകമായ ഒരു വൈകല്യം അല്ല .അവയ്ക്ക് പുറകില്‍ കൃത്യമായ ചരിത്രപരമായ ,വസ്തുനിഷ്ടമായ കാരണങ്ങള്‍ ഉണ്ട്. എനിക്കപകര്‍ഷതയില്ല എനിക്കപകര്‍ഷതയില്ല എന്ന് ഒരു ദലിതന്‍ പറഞ്ഞാല്‍ തീരുന്ന ഒന്നല്ല അയാളുടെ അപകര്‍ഷത .ആ അപകര്‍ഷത മാറണമെങ്കില്‍ ആ അപകര്‍ഷതയെ നിര്‍മ്മിക്കുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറ്റുക തന്നെ വേണം . ”തുല്യതയില്‍” ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ”സംവരണം ” എന്നത് ഈ ചരിത്രപരമായ അപകര്‍ഷത മാറ്റാനുള്ള ഒരു നടപടിയാണ് .അല്ലാതെ സംവരണം മനുഷ്യരില്‍ അപകര്‍ഷത ഉണ്ടാക്കുമെന്നത് സവര്‍ണ്ണ വാദമാണ്. യുക്തി വാദിയേയും ,കമ്യൂണിസ്റ്റിനേയും സംഘിയേയും ഒക്കെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടാണ് ജാതിയും ജാതി വാദവും ,ജാതി മേന്മാ ബോധവും എന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് രവിചന്ദ്രന്‍ മാഷിന്റെ നിരീക്ഷണങ്ങള്‍ .

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>