സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Apr 22nd, 2018

ഇന്ത്യന്‍ രാഷ്ട്രീയത്തിനു പ്രതീക്ഷ നല്‍കി സീതാറാം യെച്ചൂരി

Share This
Tags

yy

തങ്ങളുടെ നൂറാം വാര്‍ഷികമായ 2025ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഏതടവും പ്രയോഗിക്കുന്ന ആര്‍ എസ് എസിനും സംഘപരിവാറിനും ആ ലക്ഷ്യം നേടുക എളുപ്പമല്ല എന്നതിലേക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം നീങ്ങുന്നത്. അത്തരമൊരു ലക്ഷ്യത്തിലേക്കുള്ള അവസാനത്തെ കുതിച്ചുചാട്ടമായി 2019ലെ തെരഞ്ഞെടുപ്പിനെ മാറ്റാമെന്ന ബിജെപിയുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്ന രീതിയിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സമീപകാല ഗതിവിഗതികള്‍.. അടുത്ത കാലത്തു രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുവിധികളും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ശക്തമായ ഒരു സംഘപരിവാര്‍ വിരുദ്ധരാഷ്ട്രീയം വളരുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തായിലും എന്നും സംഘപരിവാറിന്റെ ശക്തിദുര്‍ഗ്ഗമായ യുപിയായാലും സ്ഥിതി വ്യത്യാസമല്ല. ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ് നാട്, ബംഗാള്‍, പഞ്ചാബ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വികാരം വളരുകതന്നെയാണ്. വരാന്‍ പോകുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം തന്നെ കോണ്‍ഗ്രസ്സ് നടത്തുമെന്നുറപ്പ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുഖം മിനുക്കുന്ന കോണ്‍ഗ്രസ്സിനെയാണ് രാജ്യം കാണുന്നത്. ഇതെല്ലാം തീര്‍ച്ചയായും നല്ല സൂചനയാണ്.
ഇതിനിടയിലായിരുന്നു ഏറെ വിവാദങ്ങളോടെ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഹൈദരാബാദില്‍ പൂര്‍ത്തിയായിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെങ്ങും വളരുന്ന വര്‍്ഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധവികാരത്തെ അവഗണിക്കുന്ന സമീപനത്തോടെയാണ് സീതാറാം യെച്ചൂരി ഒഴികെയുള്ള പാര്‍ട്ടി നേതൃത്വം ഹൈദരാബാദിലെത്തിയത്. ഫലത്തില്‍ ബിജെപിയേയും കോണ്‍സ്സിനേയും ഒരുപോലെ എതിര്‍ക്കുന്ന രാഷ്ട്രീയ രേഖയായിരുന്നു സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അതിനുള്ള പ്രധാന കാരണമാകട്ടെ കോണ്‍ഗ്രസ്സുമായി ഐക്യപ്പെട്ടാല്‍ തങ്ങളുടെ ശക്തിയെ ബാധിക്കുമെന്ന കേരളഘടകത്തിന്റെ പിടിവാശിപരമായ സമീപനമായിരുന്നു. എന്നാല്‍ ചടുലവും രാഷ്ട്രീയവുമായ ഇടപെടലോടെ ന്യൂനപക്ഷമായിട്ടും യെച്ചൂരിതന്നെ നേതൃത്വം നല്‍കി രേഖയില്‍ വളരെ രാഷ്ട്രീയ പ്രസക്തമായ തിരുത്തലുകള്‍ വരുത്തുകയാണുണ്ടായത്. ഒടുവില്‍ യെച്ചൂരിതന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും തന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ യെച്ചൂരിക്കു കഴിഞ്ഞു.
അഖിലേന്ത്യാതലത്തില്‍ എടുത്തുപറയത്തക്ക ശക്തിയായതുകൊണ്ടൊന്നുമല്ല സിപിഎമ്മിലെ സംഭവവികാസങ്ങള്‍ പ്രധാനമാകുന്നത്. വരുന്ന ലോകസഭാ തരഞ്ഞെടുപ്പില്‍ സംഘപരിവാറിനെ തറപറ്റിക്കുന്ന ലക്ഷ്യത്തില്‍ ഏതൊരു ചെറിയ പാര്‍ട്ടിക്കും തങ്ങളുടെ റോള്‍ വഹിക്കാന്‍ കഴിയുമെന്നതിനാലാണ്. സിപിഎമ്മാകട്ടെ ദേശീയപാര്‍ട്ടിയെന്ന അംഗീകാരം നിലവിലുള്ള പാര്‍ട്ടിയുമാണ്. മാത്രമല്ല. അഖിലേന്ത്യാ തലത്തില്‍ തന്നെ ആദരവും തലയെടുപ്പുമുള്ളവരാണ് യെച്ചൂരിയും കാരാട്ടും. രാജ്യസഭയില്‍ യെച്ചൂരിയുടെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. യെച്ചൂരി വീണ്ടും രാജ്യസഭയിലെത്താതിരിക്കാന്‍ ആഗ്രഹിച്ചത് പാര്‍ട്ടിയിലെ കാരാട്ട് പക്ഷം, പ്രതേകിച്ച് കേരളഘടകവും ആയിരുന്നു എന്നതാണ് തമാശ. എന്നാല്‍ ന്യൂനപക്ഷമായിട്ടും പടിപടിയായ ഇടപെടലുകളിലൂടെ ഒരു പരിധി വരെയെങ്കിലും രാഷ്ട്രീയവിജയമാണ് യെച്ചൂരി നേടിയിരിക്കുന്നത്. അതാകട്ടെ ഇന്ത്യയില്‍ വളരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനു ശക്തി പകരുമെന്നുറപ്പ്. അധികാരം കൊണ്ടും സമ്പത്തുകൊണ്ടും ഭൂരിപക്ഷം കൊണ്ടും തങ്ങളുടെ ആധിപത്യം തുടരാന്‍ കവിയുമെന്ന കേരള ഘടകത്തിനേറ്റ ഏറ്റവും വലിയ അടി കൂടിയാണ് ഈ വിജയം.
വാസ്തവത്തില്‍ ഒരു രാ്ഷട്രീയ അടിത്തറയുമില്ലാത്തതായിരുന്നു കേരളഘടകത്തിന്റെ നിലപാട്. ബിജെപിയെ പരാജയപ്പെടുത്തലാണ് ലക്ഷ്യമെങ്കില്‍ ഓരോ സംസ്ഥാനത്തും അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ്സുമായി കൂട്ടുകൂടില്ല, കൂടരുത് എന്നറിയാത്തവര്‍ ആരാണ്. എന്നാല്‍ മിക്കവാറും മറ്റെല്ലാ സംസ്ഥാനങ്ങൡും ഈ രാഷ്ട്രീയനിലപാട് നടപ്പാക്കണമെങ്കില്‍ കോണ്‍ഗ്രസ്സുമായി ധാരണ വേണ്ടിവരും. അതു വേണ്ട എന്നു പറയുന്നവരാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ നിലപാടുകളെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രഹസ്യവോട്ടെടുപ്പ് എന്ന ബ്രഹ്മാസ്ത്രം കാര്യങ്ങളെയാകെ തകിടം മറിച്ചു. അതോടൊപ്പം മറ്റൊന്നു കൂടി പുറത്തുവന്നു. എന്തുകൊണ്ടാണ് രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യം വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് എന്നതാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇപ്പോഴും ജനാധിപത്യം നിലവിലില്ല എന്നും തങ്ങളുടെ അഭിപ്രായങ്ങള്‍ വെട്ടിതുറന്നു പറയാന്‍ നേതാക്കള്‍ പോലും ഭയപ്പെടുന്നു എന്നതുമാണ് ഇതുവഴി പകല്‍ പോലെ പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയെ ജനാധിപത്യവല്‍ക്കുക എന്ന ഉത്തരവാദിത്തവും യെച്ചൂരിക്കുണ്ട്. സ്വയം ജനാധിപത്യവല്‍ക്കരിക്കാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ഒരു ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കാനാവുക? കേരളവും ബംഗാളുമടക്കം പാര്‍്ട്ടി അധികാരത്തിലെത്തുന്ന പ്രദേശങ്ങളിലെല്ലാം അത് പ്രകടമാണ്. ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച രാജ്യങ്ങളിലെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള സമരങ്ങലായിരുന്നു എന്നു മറക്കരുത്. സ്വയം ജനാധിപത്യവല്‍ക്കരിക്കപ്പെടാതെ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാവാന്‍ കഴിയില്ല എന്നു തിരിച്ചറിയുന്നതും നന്ന്. പാര്‍ട്ടിയുടെ അടിത്തറ ഇളകിയെന്ന കടുത്ത സ്വയം വിമര്‍ശനമൊക്കെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലുണ്ടെങ്കിലും അതിന്റെ കാരണങ്ങളിലേക്ക് വിശദമായി കടന്നതായി റിപ്പോര്‍ട്ടൊന്നും കണ്ടില്ല.
വാസ്തവത്തില്‍ സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യുക എന്ന മാര്‍ക്‌സിസ്റ്റ് ശൈലി ഉപേക്ഷിച്ചതാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യപ്രശ്‌നം ജാതിവ്യവസ്ഥയാണന്ന് കാണാന്‍ യൂറോപ്യന്‍ സാഹചര്യത്തില്‍ മാര്‍ക്‌സ് രൂപീകരിച്ച വര്‍ഗ്ഗസമര സിദ്ധാന്തത്തെ അതേപടി വിഴുങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായില്ല. ഇപ്പോഴുമാകുന്നില്ല. എന്തിനേറെ, സവര്‍ണ്ണ വിഭാഗങ്ങള്‍ അധ്വാനിക്കാത്തവരും അവര്‍ണ്ണ – ദളിത് വിഭാഗങ്ങള്‍ അധ്വാനിച്ചിട്ടും പട്ടിണിയില്ലാതെ ജീവിക്കാന്‍ കഴിയാത്തവരാണെന്നുപോലും കാണാന്‍ നേതാക്കള്‍ക്കായില്ല. രാം മനോഹര്‍ ലോഹ്യയൊക്കെ ഇക്കാര്യം വ്യക്തമായി വിലയിരുത്തിയിരുന്നു. രാജ്യത്തെങ്ങും നിലനിന്നിരുന്ന, ചില രൂപമാറ്റങ്ങളോടെയാണെങ്കിലും ഇപ്പോഴും നിവനില്‍ക്കുന്ന ഭയാനകമായ ജാതീയ പീഡനങ്ങളെ ശരിയായി വിലയിരുത്താല്‍ പാര്‍ട്ടിക്കായില്ല. എന്തിന്, ഡോ ബി ആര്‍ അംബേദകറെ ബ്രിട്ടീഷ് ചാരനായിപോലും ആക്ഷേപിക്കുന്നതുവരെയെത്തി ഏകപക്ഷീയമായ വര്‍ഗ്ഗസമര സിദ്ധാന്തം. ഇപ്പോഴും ഈ വിഷയമുന്നയിക്കുന്നവരെ സ്വത്വവാദികള്‍ എന്നാക്ഷേപിക്കുന്നവരാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗവും, പ്രതേകിച്ച് കേരളഘടകത്തില്‍. എന്നാലവിടേയും ഒരു പരിധിവരെ വ്യത്യസ്ഥ നിലപാടെടുക്കാന്‍ യെച്ചൂരി ശ്രമിക്കുന്നുണ്ട്. ജിഗ്നേഷ് മേവാനിക്കൊപ്പം യെച്ചൂരി പ്രത്യക്ഷപ്പെടുന്നതുതന്നെ അതിന്റെ സൂചനയാണ്. അതാണ് യെച്ചൂരിയുടെ മറ്റൊരു രാഷ്ട്രീയ പ്രസക്തി. ഇന്ത്യയില്‍ സംഘപരിവാറിനെതിരായ പോരാട്ടത്തിലെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി ദളിതരാണ്. രാജ്യത്തെങ്ങും ദളിതര്‍ ശക്തിപ്പെടുന്നുമുണ്ട്. അംബേദ്കര്‍ രാഷ്ട്രീയം ശക്തമായി തന്നെ തിരിച്ചുവരികയാണ്. ഈ മുന്നേറ്റത്തോട് ക്രിയാത്മകമായ നിലപാടെടുക്കാന്‍ പാര്‍ട്ടിയെ മാറ്റിയെടുക്കുക എന്ന സമകാലിക രാഷ്ടരീയ കടമയില്‍ എത്രത്തോളം മുന്നോട്ടുപോകാന്‍ യെച്ചൂരിക്കാകും? സാമൂഹ്യനീതിയിലും ജനാധിപത്യത്തിലുമധിഷ്ഠിതമായ ഈ കടമകള്‍ മുന്നോട്ടുകൊണ്ടു പോകുക എന്നതാണ് കാലം യെച്ചൂരിക്കു നല്‍കിയിരിക്കുന്ന കടമ. അതിലദ്ദേഹം വിജയിക്കുമെന്നാശിക്കുക.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>