സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Apr 11th, 2018

പോലീസിന്റെ അപചയം ഒരു സംവിധാനത്തിന്റേതുകൂടിയാണ്

Share This
Tags

sss

ടി എന്‍ പ്രസന്നകുമാര്‍

നിയമസംവിധാനത്തെ, ആ സംവിധാനം ഉപയോഗിച്ചുതന്നെ അട്ടിമറിക്കുന്ന, ഗുജാറാത്ത് കൂട്ടകൊലയെ മറയൊന്നുമില്ലാതെ അനുകൂലിച്ച മോഡി അധികാരത്തിലെത്തിയതാണ് ഹിന്ദുത്വത്തിന്റെ ക്ഷുദ്ര സംഘങ്ങള്‍ക്ക് നിയമം ലംഘിക്കാനും അക്രമണങ്ങള്‍ നടത്താനും ധൈര്യം നല്‍കിയതെങ്കില്‍, പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടികളൊന്നും എടുക്കില്ലെന്ന് ആവര്‍ത്തിച്ച് നയം വ്യക്തമാക്കിയ, ‘കുലംകുത്തി’കളെ ക്വൊട്ടേഷന്‍ കൊടുത്ത് വകവരുത്തി പരിചയമുള്ള മുന്‍ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയുമായിരിക്കുന്നു എന്നതാവാം കേരള പോലീസിലുള്ള ക്രിമിനലുകള്‍ക്ക് ജനങ്ങളുടെ മുതുകത്ത് ബൂട്ടിട്ട് ചവിട്ടാന്‍ ധൈര്യം നല്‍കുന്നത്.

ചവിട്ടികൊന്നാലോ, മുടിനീട്ടി വളര്‍ത്തിയതിന്റെ പേരില്‍ തല്ലിച്ചതച്ചാലോ, സദാചാര ഗുണ്ടായിസം കാണിച്ചാലോ, വാഹനപരിശോധനയുടെ പേരില്‍ അക്രമങ്ങള്‍ നടത്തിയാലോ, ജനാധിപത്യവ്യവസ്ഥയില്‍ പ്രാദേശിക സമരങ്ങള്‍ക്കെല്ലാം പരിഹാരം വീടുകയറി തല്ലലാണെന്ന് തീരുമാനിച്ചാലോ ഫലപ്രദമായ ഒരന്വേഷണവും നടക്കില്ല. അന്വേഷണം നടന്നാല്‍തന്നെ, പേരിനുമാത്രമായിരിക്കും. ബഹളങ്ങളൊടുങ്ങിയാല്‍ കുറ്റം ചെയ്തവര്‍ സര്‍വീസില്‍ തിരികെയെത്തും. വിനായകന്റെ കൊലയ്ക്ക് ഉത്തരവാദികളായ പോലീസുകാര്‍ സര്‍വീസില്‍ തിരിച്ചെത്തിയപോലെ. എത്രയോ പോലീസ് അതിക്രമങ്ങള്‍ നാം അറിയാതെ പോകുന്നു. അനിയന്റെ കസ്റ്റഡി മരണത്തില്‍ ഒരു അന്വേഷണ ഉത്തരവുണ്ടാവാന്‍ 760 ദിവസങ്ങളോളം സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാരമിരിക്കേണ്ടിവന്നു, ശ്രീജിത്തിന് എന്നോര്‍ക്കുക. പണമോ ബന്ധുബലമോ, രാഷ്ട്രീയസ്വാധീനമോ ഇല്ലാത്തവര്‍ക്കു നേരിടുന്ന പീഢനങ്ങളൊന്നും വാര്‍ത്തപോലുമറിയാതെ ഒടുങ്ങും. വാര്‍ത്തയായാല്‍ തന്നെ അത് ആ ദിവസത്തെ മാത്രമായിരിക്കും.

രണ്ട് വര്‍ഷത്തില്‍ പതിനാറ് കസ്റ്റഡി മരണങ്ങളാണ് കേരളത്തില്‍ സംഭവിച്ചത്. ഒരു ജനാധിപത്യവ്യവസ്ഥയില്‍ കസ്റ്റഡി മരണങ്ങള്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സ്റ്റേറ്റ്, നേരിട്ടു നടത്തുന്ന കൊലപാതകങ്ങളാണ്. അടിയന്തിരാവസ്ഥയിലെ പോലീസ് ഉരുട്ടികൊലയ്ക്കെതിരെ ഉണ്ടായ വന്‍ ജനരോഷത്തെ വോട്ടാക്കി മാറ്റിയവര്‍ കൂടിയാണ് ഇന്നത്തെ ഭരണക്കാര്‍ എന്നോര്‍ക്കുക.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയാണ് പോലീസ് എന്നൊക്കെ പാര്‍ട്ടി ക്ലാസുകളില്‍ പഠിച്ചും അനുഭവിച്ചും വന്നവര്‍ അധികാരത്തില്‍ വന്നാല്‍ പോലീസ് സംവിധാനം ജനാധിപത്യവല്‍ക്കരിക്കപ്പെടുമെന്ന് ആരെങ്കിലും വ്യാമോഹിച്ചുകാണും. എന്നാല്‍, പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കുകയല്ല, ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് വിധേയരായിരിക്കാനാണ് പോലീസിനെ അവര്‍ ശീലിപ്പിച്ചത്. രാഷ്ട്രീയകൊലപാതകങ്ങളില്‍ ഡമ്മി പ്രതികളെ ഹാജരാക്കുന്നതിലേക്ക് വരെയെത്തി ആ വിധേയത്വം.

ആശ്രിതവത്സലന്മാരും അനുചരവൃന്ദവുമുള്ള കരുണാകരന്റെ മാടമ്പി സംസ്‌കാരമാണ് ഇന്ന് ഇടതുപക്ഷത്തിനും പഥ്യം. കരുണാകരന്‍ കോണ്‍ഗ്രസിനുള്ളിലെ ഒരാള്‍ മാത്രമാണെങ്കില്‍ സി.പി.എംന്റെ പാര്‍ട്ടി സംസ്‌കാരം തന്നെ അതാണ്. അനവധി കരുണാകരന്മാര്‍ വാഴുന്നിടമാണ് അത്. കരുണാകരന്റെ പോലീസ് എസ്‌കോര്‍ട്ടിനെ പരിഹസിച്ചിരുന്ന നമ്മള്‍ അതിന്റെ എത്രയോ മടങ്ങ് പോലീസ് അകമ്പടിയോടെ, ജനങ്ങളെ ഭയമുള്ള സ്വേച്ഛാധിപതിയെപോലെ കേരള മുഖ്യമന്ത്രി സഞ്ചരിക്കുന്നത് കാണുന്നു.

സമൂഹത്തിലെ ക്രിമിനാലിറ്റിയുടെ പ്രശ്നങ്ങള്‍ പോലീസിനുമാത്രം പരിഹരിക്കാവുന്നതല്ല. എന്നാല്‍ സ്വന്തം ക്രിമിനാലിറ്റിയുടെ പേരിലാണ് പോലീസ് ഏറ്റവുംകൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്. പോലീസ് കാണിക്കുന്ന ക്രിമിനലിസം അതിനുള്ളില്‍ കുറച്ചുവ്യക്തികളുടെ പ്രശ്നം മാത്രമല്ല, പോലീസ് ഒരു സംവിധാനം കൂടിയാണ്. അതിന്റെ അപചയം ഒരു സംവിധാനത്തിന്റേതുകൂടിയാണ്. തിരുത്തേണ്ടതും ആ സിസ്റ്റത്തെ മൊത്തമായിട്ടുതന്നെയാണ്. പക്ഷേ, ജനാധിപത്യത്തോടുതന്നെ പുച്ഛം സൂക്ഷിക്കുന്നവക്ക് എങ്ങനെയാണ് പോലീസിനെ ജനാധിപത്യവല്‍ക്കരിക്കാനാവുക?

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>