സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Apr 9th, 2018

ദളിത് ഹര്‍ത്താലിന്റെ രാഷ്ട്രീയപാഠങ്ങള്‍.

Share This
Tags

hhh

പട്ടികജാതി – പട്ടികവര്‍ഗ്ഗ  പീഡന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കാനും ഈ ആവശ്യമുന്നയിച്ചു നടന്ന ഭാരത് ബന്ദ് ദിവസം 12 ദളിത് പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നതിനുമെതിരെ നടന്ന ദളിത് ഹര്‍ത്താല്‍ കേരളരാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായം എഴുതിചേര്‍ത്തിരിക്കുകയാണ്. ഏതു വിഷയത്തിലും കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ച് അന്ധമായ നിലപാടെടുക്കുകയും സ്വന്തം പാര്‍ട്ടി ചെയ്യുന്ന ഏതു അനീതിയേയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനമാണല്ലോ കേരളം. ഏതു ഈര്‍ക്കിലി പാര്‍ട്ടി ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ വിജയിക്കുന്ന പ്രദേശം. കുടിപ്പകയുടെ ഭാഗമായി നടക്കുന്ന കക്ഷിരാഷ്ട്രീയകൊലകളുടെ പേരില്‍ പോലും ഹര്‍ത്താലുകള്‍ നടക്കുന്ന സംസ്ഥാനം. അവിടെയാണ് വിരലിലെണ്ണാവുന്ന, ചെറിയ ചില ദളിത് സംഘടനകള്‍ ആദ്യമായി ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
സ്വാഭാവികമായും ഈ ഹര്‍ത്താല്‍ കാര്യമായ ചലനമുണ്ടാക്കില്ല എന്നായിരുന്നു പൊതുവിലുണ്ടായ വിലയിരുത്തല്‍. ഏപ്രില്‍ രണ്ടിനു ദളിത് സംഘടനകള്‍ നടത്തിയ അഖിലേന്ത്യാ ബന്ദ് ഇവിടെ വാര്‍ത്തപോലുമായിരുന്നില്ല. സംഘടിത വിഭാഗങ്ങളുടെ തൊഴില്‍ ്സ്ഥിരതയുടെ പേരില്‍ അന്നു കേരളത്തില്‍ നടന്ന പൊതുപണിമുടക്ക് ഫലത്തില്‍ ഹര്‍ത്താല്‍ തന്നെയായിരുന്നു. എന്നാല്‍ ഒരു സംഘടനയും അതിനെതിരെ രംഗത്തുവന്നില്ല. എന്നാല്‍ ദളിത് ഹര്‍ത്താലാഹ്വാനത്തോട് പലരും പ്രതികരിച്ചത് അങ്ങനെയായിരുന്നില്ല. സാധാരണ പതിവില്ലത്തപോലെ വ്യാപാരി വ്യവസായി ഏകോപനസമിതിയും സ്വകാര്യ ബസുടമാ സംഘടനയും ഹര്‍ത്താല്‍ ദിവസം കടതുറക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. എന്തിനേറെ, എല്ലാവരും ജോലിക്കുവരണമെന്ന് ജീവനക്കാരോട് കെ എസ് ആര്‍ ടി സി ആവശ്യപ്പെടുകയും ചെയ്തു. ഹര്‍ത്താലില്‍ തീവ്രവാദികള്‍ കയറിപറ്റി വ്യാപകമായി അക്രമങ്ങള്‍ നടത്തുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തയും വന്നു. ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമോ കെ പി എം എസ് പോലുള്ള വലിയ ദളിത് സംഘടനകളോ ആദ്യഘട്ടത്തില്‍ ഹര്‍ത്താലിനനുകൂലമായി രംഗത്തുവന്നതുമില്ല. ബിജെപിയുടെ പല നേതാക്കളും ഹര്‍ത്താലിനെതിരെ പരസ്യമായി രംഗത്തുവന്നു. ഇത്തരമൊരു ഹര്‍ത്താലിനെ കുറിച്ചറിയില്ല എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ആത്മാഭിമാനം തന്നൈയാണ് വെല്ലുവിളിക്കപ്പെട്ടതെന്നു മനസ്സിലാക്കിയ ദളിത് ഐക്യവേദി പ്രവര്‍ത്തകര്‍ അതേറ്റെടുക്കുകയായിരുന്നു. അതിന്റെ പ്രതിഫലനമാണ് ഒരു പരിധിവരെയെങ്കിലും ഹര്‍ത്താല്‍ വിജയിക്കാന്‍ കാരണം. ദളിതര്‍ക്കു പ്രതേക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജാതിബോധമല്ല വര്‍ഗ്ഗബോധമാണ് വേണ്ടതെന്നും സ്വത്വരാഷ്ട്രീയം പിന്തിരിപ്പനാണെന്നും പൊതുധാരണ നിലനില്‍ക്കുന്ന കേരളത്തില്‍ ഇത് വന്‍വിജയമായിതന്നെ കണക്കാക്കണം. ചെറിയ തോതില്‍ വാഹനങ്ങള്‍ തടുക്കലും കടകളടപ്പിക്കലുമൊക്കെ ഉണ്ടായെങ്കിലും അനാവശ്യമായി സൃഷ്ടിച്ച പ്രകോപനമാണ് അതിനു കാരണമെന്നു വ്യക്തം.
പൊതുസമൂഹവും രാഷ്ട്രീയനിരീക്ഷകരും ചര്‍ച്ച ചെയ്യേണ്ടതായ പല വിഷയങ്ങളും ദളിത് ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. ദളിത് ഹര്‍ത്താല്‍ എന്നു പറയുന്നതുതന്നെ ജാതീയതയാണെന്നും നാളെ ബ്രാഹ്മണഹര്‍ത്താല്‍ ഉണ്ടാകില്ലേ എന്ന ‘മനുഷ്യ’വാദികളുടെ വിമര്‍ശനത്തെ തള്ളിക്കളയാം. എന്നാല്‍ അടുത്ത കാലത്തായി കേരളത്തില്‍ നടക്കുന്ന ഏതൊരു ജനകീയ സമരത്തിനും നേരെ ബോധപൂര്‍വ്വം ഉയര്‍ത്തികൊണ്ടുവരുന്ന മുസ്ലിം – മാവോ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം എന്ന ആരോപണം ഇവിടേയും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടായി. അതിന്റെ ഭാഗമായാണ് ഐ ബിയും രംഗത്തിറങ്ങിയത്. പത്രസമ്മേളനത്തില്‍ നിരന്തരമായ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ എം ഗീതാനന്ദന്‍ പറഞ്ഞ ഒരു മറുപടി ഇവര്‍ക്ക് തുരുപ്പുചീട്ടായി. അണികളെകൊണ്ട് ആരെവേണമെങ്കിലും കൊല്ലിക്കാന്‍ ഏതു പ്രകോപനപ്രസംഗവും നടത്തുന്ന നാട്ടിലാണ് ഇതു നടന്നത്. എന്നിട്ട് സംഭവിച്ചതെന്താ? ഗീതാനന്ദനടക്കമടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നാല്‍ പതിവുപോലെ തീവ്രവാദി ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. മാത്രമല്ല മുസ്ലിം വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ജില്ലകളില്‍ ഹര്‍ത്താല്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാസ്തവത്തില്‍ ദളിത് പ്രക്ഷോഭങ്ങളോട് മുസ്ലിം സംഘടനകള്‍ നിസംഗത പ്രകടിപ്പിക്കുന്നത് ശരിയാണോ എന്നാണ് പരിശോധിക്കേണ്ടത്. ഇരകളെന്ന നിലയില്‍ അഖിലേന്ത്യാതലത്തില്‍ ഈ വിഭാഗങ്ങള്‍ തമ്മില്‍ ഉയര്‍ന്നു വരുന്ന ഐക്യം കേരളത്തില്‍ കാണുന്നില്ല. അത്തരമൊരു ഐക്യം ഉണ്ടാക്കാനാണ് ദളിത് – ന്യൂനപക്ഷ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. യൂത്ത് ലീഗിന്റേയും മറ്റുചില മുസ്ലിം സംഘടനകളുടേയും പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ വിജയത്തിനായി ചിലയിടങ്ങളില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ രണ്ടുദിവസം മുമ്പെങ്കിലും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ്സാകട്ടെ ഹര്‍ത്താല്‍ ദിവസം രാവിലെയാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. സിപിഎമ്മിന്റേയും സിപിഐയുടേയും കോണ്‍ഗ്രസ്സിന്റേയും പല നേതാക്കളും ഹര്‍ത്താലിനെ പിന്തുണക്കുന്നതായി പറയുകയുണ്ടായി. എന്നാല്‍ അതെല്ലാം ചെയ്യേണ്ടിയിരുന്നത് നേരത്തെയായിരുന്നു. ഹര്‍ത്താല്‍ വിജയിക്കണമെന്ന ആഗ്രഹമോ വിജയിക്കുമെന്ന പ്രതീക്ഷയോ അവര്‍ക്കുണ്ടായിരുന്നില്ല എന്നര്‍ത്ഥം. അവസാനം ഹര്‍ത്താലിലെ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപവാസം നടത്തി. സിപിഎമ്മിതാ ജാഥകള്‍ നടത്താന്‍ പോകുന്നു. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയേയും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും ചെങ്ങന്നൂരിലെ മൂന്നു സ്ഥാനാര്‍ത്ഥികളും പിന്തുണ പ്രഖ്യാപിച്ചത് അവിടത്തെ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്നത് അവിടെ നില്‍ക്കട്ടെ.
നവോത്ഥാനപ്രസ്ഥാനങ്ങളും ദളിത് പ്രസ്ഥാനങ്ങളും ഒരുപാട് ഉഴുതുമറിച്ച തിരുവിതാംകൂര്‍ – കൊച്ചി മേഖലകളിലാണ് ഹര്‍ത്താല്‍ കൂടുതല്‍ ശക്തമായതെന്നത് സ്വാഭാവികം. ബിജെപിയും സിപിഎമ്മും മുഖാമുഖം ബലപരീക്ഷണം നടക്കുന്ന കണ്ണൂരിലാണ് ഹര്‍ത്താല്‍ ഏറ്റവും കുറവ് ചലനമുണ്ടാക്കിയതെന്നതും ശ്രദ്ധിക്കേണ്ടതാണ്. സവര്‍ണ്ണഫാസിസത്തിനെതിരെ ഇന്ത്യയിലെമ്പാടും ഉയരുന്ന ദളിത് – അംബേദ്കര്‍ രാഷ്ട്രീയത്തോട് മുഖംതിരിച്ചാണ് കേരളരാഷ്ട്രീയം ഇപ്പോഴും മുന്നോട്ടുപോകുന്നതെന്നത് വ്യക്തം. എന്നാല്‍ അയ്യങ്കാളിയുടെ പിന്മുറക്കാര്‍ കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് ഈ ദളിത് ഹര്‍ത്താല്‍. അംബേദ്കര്‍ തന്റെ ജീവിതകാലം മുഴുവന്‍ പറഞ്ഞിരുന്നതും ജിഗ്‌നേഷ് മെവാനിയെ പോലുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ സ്വത്വരാഷ്ട്രീയം ജാതിരാഷ്ട്രീയത്തിലേക്കുള്ള പിന്മടക്കമല്ല, ജാതി നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള കുതിച്ചുചാട്ടമാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. സഹസ്രാബ്ദങ്ങളായി തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട സാമൂഹ്യനീതി നേടിയെടുക്കാനുള്ള ആവശ്യങ്ങളും നിയമങ്ങളുമെല്ലാം ആ പ്രയാണത്തിന്റെ ഭാഗമാണ്. അതു തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇനിയും ശക്തമാകാന്‍ പോകുന്ന ദളിത് പോരാട്ടങ്ങളോട് ഐക്യപ്പെടാന്‍ നമുക്കു കഴിയൂ. അതാണ് ഈ ഹര്‍ത്താല്‍ നല്‍കുന്ന പ്രധാന രാഷ്ട്രീയപാഠം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>