സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Apr 5th, 2018

ക്രമക്കേടിനെ ക്രമപ്പെടുത്താനനുവദിക്കാതെ സുപ്രിം കോടതി

Share This
Tags

kk

ഭരണ – പ്രതിപക്ഷ ഭേദമന്യേ നിയമസഭ ഒന്നടങ്കം നിയമം പാസ്സാക്കിയിട്ടും ക്രമക്കേടിനെ ക്രമമാക്കാനും അിമതിക്കു വെള്ളപൂശാനും വിസമ്മതിച്ച സുപ്രിംകോടതിയില്‍ നിന്ന് സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്. അനധികൃതമായി പ്രവേശനം നേടിയ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് ഉത്തരവിട്ട പരമോന്നത കോടതി, സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുക മാത്രമല്ല, പ്രവേശനത്തെ സാധൂകരിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. കോടതിവിധി അനധികൃതമായി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്നും ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയെന്നും കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ ഒപ്പിടാതെ ഒന്നും നിയമമാകില്ല എന്നു പറഞ്ഞ കോടതി കഴിഞ്ഞ ദിവസം നിയമസഭ പാസ്സാക്കിയ ബില്‍ പരിഗണിക്കുക പോലും ചെയ്യാതെയാണ് കുട്ടികളെ പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പറയുന്ന പോലെ വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ പേരില്‍ നിയമലംഘനം അനുവദിക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ എല്ലാ ക്രമകേടുകളേയും ക്രമമാക്കി മാറ്റാന്‍ ഇത്തരം നിയമങ്ങള്‍ കാരണമാകുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നിരീക്ഷണത്തിലേക്ക് കോടതിയെ എത്തിച്ചതെന്ന് വ്യക്തം. വി എം സുധീരന്‍ പറയുന്നപോലെ നിയമസംവിധാനത്തെ പച്ചയായി വെല്ലുവിളിച്ചതിനുള്ള മറുപടിതന്നെയാണ് ഈ വിധി.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ത്ഥികളുടെയും പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ 30 വിദ്യാര്‍ത്ഥികളുടെയും ഭാവി ഇതോടെ ഇരുട്ടിലായെന്നതു ശറിയാണ്. പക്ഷെ നിയമസംവിധാനത്തിനകത്തുനിന്നും ധാര്‍മ്മികമായും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് ഇതോടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഈ രണ്ടു കോളജുകളിലും പ്രവേശനം നടന്നിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് മെഡിക്കല്‍ പ്രവേശന മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തുന്നു. ഇത് ചോദ്യം ചെയ്തു അപ്പീല്‍ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളും മാനേജ്മെന്റുകളും നല്‍കിയ പുനഃപരിശോധന ഹര്‍ജികളും തള്ളിയിരുന്ന. ചട്ടവിരുദ്ധമെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയ പ്രവേശനമാണ് ഓര്‍ഡിനന്‍സിന്റെ മറവില്‍ നിയമമാക്കി കോടതിയെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതെല്ലാം അറിയുന്നവരാണ് വിദ്യാര്‍്ത്ഥികളും രക്ഷാകര്‍ത്താക്കളും.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നു പറയപ്പെടുന്ന നിയമസഭ ചിലപ്പോഴൊക്കെ ഏതു അഴിമതിയും ക്രമക്കേടും നിയമവിധേയമാക്കാനും ഏത് അനീതിയേയും വെള്ളപൂശാനും ഒരു മടിയും കാണിക്കാറില്ല. ഏതു ന്യായമായ കാര്യത്തില്‍ പോലും പരസ്പരം കടിച്ചുകീറുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഇത്തരം കാര്യങ്ങളില്‍ ഒന്നിക്കുകയും ചെയ്യും. വര്‍ഷങ്ങള്‍ക്കുമുമ്പ് ആദിവാസികള്‍് തങ്ങള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാനായി പോരാട്ടം ശക്തമാക്കിയപ്പോള്‍ അവര്‍ക്കെതിരെ കെ ആര്‍ ഗൗരിയമ്മ ഒഴികെയുള്ള എല്ലാ നിയമസഭാംഗങ്ങളും കൈകോര്‍ത്ത സംഭവം മറക്കാറായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവിച്ചതും അത്തരമൊരു ചരിത്രമായിരുന്നു. ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്തതുമെന്നു കണ്ട് റദ്ദാക്കിയ സുപ്രീം കോടതി നടപടിയെയാണ് ‘കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍’ ബില്ലിലൂടെ സര്‍ക്കാര്‍ ക്രമപ്പെടുത്തിയത്. വിടി ബല്‍റാം ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങളും അതിനു കൂട്ടുനില്‍ക്കുകയായിരുന്നു. ‘വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി’ എന്നാണ് ഈ അഴിമതിക്ക് ഭരണ, പ്രതിപക്ഷങ്ങള്‍ നല്‍കുന്ന ന്യായീകരണം. വിദ്യാര്‍ത്ഥികളഓ ക്ഷാകര്‍ത്താക്കളോ ആത്മഹത്യ ചെയ്താലോ എന്നും പലരും ചോദിക്കുന്നതുകേട്ടു.
സത്യത്തില്‍ പ്രവേശനം റദ്ദാക്കിയതിന് അനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ പിന്നീട് കോടതിവിധി വന്നതോടെ മലക്കംമറിയുകയായിരുന്നു. രണ്ടു മെഡിക്കല്‍ കോളജുകളിലെയും 2016-17 വര്‍ഷത്തെ പ്രവേശനം ക്രമപ്പെടുത്തി കഴിഞ്ഞ ഒക്ടോബര്‍ 20-ന് ഓര്‍ഡിനന്‍സ് ഇറക്കി. ഗവര്‍ണര്‍ പി. സദാശിവം നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സ് മടക്കിയെങ്കിലും സര്‍ക്കാര്‍ തിരിച്ചയച്ചതോടെ ഒപ്പുവച്ചു. ഈ ഓര്‍ഡിനന്‍സ് ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നാണ് സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ എം.സി.എയുടെ പ്രധാന വാദം. കോടതിവിധി മറികടക്കാന്‍ നിയമനിര്‍മാണാധികാരം വിനിയോഗിക്കരുതെന്ന പൊതുതത്വമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ കുട്ടികളില്‍നിന്ന് 22 മുതല്‍ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തള്ളിക്കളഞ്ഞായിണ് സര്‍ക്കാരിന്റെ തീരുമാനം.
വിദ്യാര്‍ത്ഥികളുടെ ഭാവിയ കരുതി റദ്ദാക്കാവുന്ന രീതിയില്‍ അബദ്ധത്തില്‍ പറ്റിയ തെറ്റൊന്നുമായിരുന്നില്ല വിവാദമായ ഈ പ്രവേശനം. തെറ്റാണു എന്നു അറിഞ്ഞു കൊണ്ടു തന്നെ തെറ്റ് ചെയ്യുകയാണുണ്ടായത്.. പ്രവേശനം നിരോധിച്ചു കൊണ്ടു ജയിംസ് കമ്മിറ്റി ഉത്തരവ് നിലവില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് പ്രവേശന നടപടികളുമായി കോളേജുകള്‍ മുന്നോട്ടു പോയത്. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളില്‍ നിന്നും പോലും അപേക്ഷ വാങ്ങി പ്രവേശനം നല്‍കിയതായി ആരോപണണുണ്ട്. എന്തഴിമതി ചെയ്താലും എത്ര ലക്ഷങ്ങള്‍ മുടക്കിയാലും മക്കളെ ഡോക്ടറാക്കി, പാവപ്പെട്ട ജനങ്ങളില്‍ നിന്ന് ഭാവിയലത് കൊള്ളപ്പലിശയടക്കം തിരിച്ചെടുക്കാമെന്ന സ്വപ്‌നമാണ് രക്ഷിതാക്കളെ ഇതിനു പ്രേരിപ്പിച്ചതെന്നു വ്യക്തം. ഇതുവരെ നടന്ന എല്ലാ നിയമ യുദ്ധങ്ങളിലും പ്രവേശനം അസാധു ആയി സുപ്രീം കോടതി വരെ പ്രഖ്യാപിച്ചിട്ടാണ് ഇത്തരമൊരു നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. നഴ്‌സുമാരുടെ വിഷയത്തിലോ ആദിവാസി ഭൂമി വിഷയത്തിലോ അന്യാധീനപ്പെട്ടു പോയ വനഭൂമിയുടെ കാര്യത്തിലോ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിലോ ഒന്നും കാണാതിരുന്ന ശുഷ്‌കാന്തിയും ജാഗ്രതയുമാണ് ഇക്കാര്യത്തില്‍ ഭരണപക്ഷവം പ്രതിപക്ഷവും കാണിച്ചത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നടത്തിയ ചോരയില്‍ മുങ്ങിയ മുഴുവന്‍ സമരങ്ങളെയും വഞ്ചിച്ചുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ ഈ നിയമം പാസാക്കിയത്. അതാകട്ടെ ജെയിന്‍സ് മാത്യു, എ പ്രദീപ്കുമാര്‍, ടി വി രാജേഷ്, ആര്‍ രാജേഷ്, എം സ്വരാജ്, എ എന്‍ ഷംസീര്‍, പി ശീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍. സര്‍ക്കാറിനു പ്രത്യേക താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്തും നടക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണു ഈ നിയമം. നിയമനിര്‍മ്മാണത്തിനുള്ള ഭരണഘടനാ അധികാരവും ജനങ്ങള്‍ നല്‍കിയ അധികാരവും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്ത ദിനമെന്ന പേരിലായിരിക്കും ഏപ്രില്‍ 4 അറിയപ്പെടുക.
ഇതുമായി ബന്ധപ്പെട്ട ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാടും പരിശോധിക്കാതിരിക്കാന്‍ വയ്യ. പലരും കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചകളില്‍ വെള്ളം കുടിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രമുണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്ക്കരിക്കുന്നതിന് എതിരായ ഇവരുടെ പ്രക്ഷോഭത്തിന്. കൂത്തുപറമ്പിലെ 5 ചെറുപ്പക്കാര്‍ രക്തസാക്ഷികളാകുകയും ചെയ്തു. ഫീസടക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദിനേയും ഫാസിലയേയും മറക്കാറായിട്ടില്ല. അതിന്റെ പേരിലുണ്ടായ പ്രക്ഷോഭങ്ങളേയും. എന്നിട്ടും തല പിതൃസംഘടനക്ക് പണയം വെച്ച ഈ യുവജന – വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മക്കളെ ഡോക്ടറായി കണ്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന രക്ഷിതാക്കളുടെ ഭീഷണിക്കുമുന്നില്‍ മുട്ടുകുത്തുന്നതു കാണുമ്പോള്‍ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍…. എന്നാല്‍ തങ്ങള്‍ മുട്ടുകുത്താന്‍ തയ്യാറല്ല എന്നാണ്‌സുപ്രിംകോടതി വീണ്ടും പറഞ്ഞിരിക്കുന്നത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>