സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Apr 5th, 2018

സി. രവിചന്ദ്രന്‍, നിയോ എത്തിസം, ഇസ്ലാമോഫോബിയ

Share This
Tags

c

സാബിര്‍ കോട്ടപ്പുറം

ഭയക്കാനുള്ള അവകാശത്തെ കുറിച്ചാണ് കേരളത്തിലെ നിയോ എത്തിസ്റ്റുകള്‍ അടുത്ത കാലത്തായി പറഞ്ഞുകൊണ്ടേയിരിക്കുന്നത് . ഇസ്ലാമിനെ ഭയക്കണം, മുസ്ലിംകളില്‍ നിന്നും ഭയന്നോടണം, കേരളത്തിലെ നിയോ എത്തിസ്റ്റ് പ്രവാചകന്‍ സി. രവിചന്ദ്രനും അണികളും വരികളിലൂടെയും വാക്കുകളിലൂടെയും കേരളത്തിലെ നിഷ്പക്ഷരായ മനുഷ്യന്‍ മാരെ ഇസ്ലാമാഫോബിക് ആക്കിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി മലയാള നാടിന്റെ ബഹുസ്വരതയോട് ചേര്‍ന്ന് ജീവിക്കുന്ന മുസ്ലിം സമൂഹത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും റദ്ദ് ചെയ്ത് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഈ പ്രചാരണം ജൂതന്മാരെ ചൂണ്ടിക്കാട്ടി ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമാണ്. ഹിറ്റ്ലര്‍ ഉല്‍പ്പാദിപ്പിച്ച ജൂത ഭയം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലാണ് കലാശിച്ചത്.
പാകിസ്ഥാനില്‍, ബംഗ്ലാദേശില്‍, മുസ്ലിം ഭൂരിപക്ഷമുള്ള ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടി അതാണ് ഇസ്ലാം എന്ന സിദ്ധാന്തം മുന്നോട്ട് വെക്കുകയും അതിന് കേരളത്തിലെ മുസ്ലിംകള്‍ മറുപടി പറയണമെന്ന യുക്തിയുമാണ് സി.രവിചന്ദ്രനെ പോലുള്ളവര്‍ മുന്നോട്ടു വെക്കുന്നത്. ഇന്ത്യയിലെ സംഘപരിവാര്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷ പ്രിവിലേജ് തന്നെയാണ് പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലിം സംഘികളും ഉപയോഗിക്കുന്നത്. ആ ഭൂരിപക്ഷ പ്രിവിലെജിനെ മറച്ച് വെച്ച് ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ദുര്‍ബലമായ ഒരു സമൂഹത്തെ ചൂണ്ടിക്കാണിച്ച് അവരെ ഭയപ്പെടണം എന്ന പ്രചാരണം ഉണ്ടാക്കുന്നതിലൂടെ എന്ത് സാമൂഹിക ഉത്തരവാദിത്വമാണ് ഇവര്‍ നിര്‍വഹിക്കുന്നത്?.
തദ്ദേശീയരായ ജനങ്ങളുടെ ഇരട്ടിയിലധികം വിദേശികള്‍ തൊഴിലെടുത്ത് സന്തോഷത്തോടെ ജീവിക്കുന്ന ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റുന്ന ഗള്‍ഫ് രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ ‘മുസ്ലിം പട്ടിക’ യില്‍ എന്തുകൊണ്ട് വരുന്നില്ല? ‘ഹിന്ദുത്വം’ എന്ന മത അജണ്ട ഉയര്‍ത്തിപ്പിടിച്ചാണ് സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയിലെ മുസ്ലിം , ദളിത് മറ്റ് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളും പീഡനങ്ങളും തുടരുന്നത്. കേരളത്തിലെ ഹിന്ദു മത സംഘടനകള്‍ , ധീവര സഭ തൊട്ട് എന്‍ എസ എസ് വരെ ഉള്ളവര്‍ സംഘ് തീവ്രവാദത്തിന് മറുപടി പറയണമെന്ന് ഈ നിയോ എത്തിസ്റ്റുകള്‍ ഇന്ന് വരെ ആവശ്യപ്പെട്ടിട്ടുണ്ടോ? ‘നാഗാലാ!ന്‍ഡ് ക്രിസ്ത്യാനികള്‍ക്ക്’ മാത്രമാണെന്ന മുദ്രാവാക്യം മുഴക്കി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന എന്‍.എസ്.സി.ഒ.എന്നിനെയോ ക്രിസ്തു രാജ്യം സ്ഥാപിക്കാന്‍ ആയുധമെടുത്ത് പോരാടുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയെയോ ചൂണ്ടിക്കാട്ടി കേരളത്തിലെ കത്തോലിക്ക സഭ മറുപടി പറയണമെന്ന് ഇവര്‍ ആവശ്യപ്പെടുമോ?
ലോകത്തെ നൂറ്റന്‍പത് കോടി മുസ്ലിംകള്‍ മാറിയാല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ് മലപ്പുറത്ത് നടത്തിയ ഇസ്ലാമും മനുഷ്യാവാകാശവും എന്ന പ്രസംഗത്തില്‍ സി രവിചന്ദ്രന്‍ പറയുന്നത്. മുസ്ലിം തീവ്രവാദ ത്തെ എത്ര തന്ത്രപരമായാണ് അദ്ദേഹം നൂറ്റന്‍പത് കോടി മുസ്ലിംകളുടെ ചുമലിലേക്ക് കൊണ്ടുവെച്ചത്. സംഘപരിവാറിനെ ചൂണ്ടിക്കാട്ടി ആ ഭാരം കോടിക്കണക്കിനായ ഹിന്ദു മത വിശ്വാസികളുടെ ചുമലില്‍ കൊണ്ട് വെക്കാന്‍ സി.രവിചന്ദ്രന്‍ തയ്യാറാവാത്ത ഇരട്ടത്താപ്പ് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്? മത ഗ്രന്ഥങ്ങളെയും മതാചാര്യന്‍മാരെയും ആശ്രയിക്കുന്ന മത വിശ്വാസികളെ പരിഹസിക്കാറുള്ള സി.രവിചന്ദ്രന്‍ തന്നെ ഇസ്ലാമാഫോബിക് യുക്തിവാദികളായ സാം ഹാരിസിനും റിച്ചാര്‍ഡ് ഡോക്കിന്സിനും അടിമപ്പെട്ടിരിക്കുന്നു. ഇസ്ലാമായാലും ഫലസ്തീന്‍ പ്രശ്നമായാലും സാം ഹാരിസിനപ്പുറം ഒരു പഠനമോ ശരിയോ ഇല്ല സി. രവിചന്ദ്രന്.
മനുഷ്യാവകാശങ്ങളുടെയും നീതിയുടെയും ഭൂമികയായി അദ്ദേഹം തന്നെ വിശേഷിപ്പികാറുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ഫലസ്തീന്‍ അനുകൂല നിലപാടിനെ അദ്ദേഹം തള്ളിക്കളയുന്നു. ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധതയും അധിനിവേശവും ചൂണ്ടിക്കാണിക്കുന്ന പാശ്ചാത്യന്‍ രാജ്യങ്ങളെ മാത്രമല്ല, യു.എന്‍, യുനെസ്‌കോ, ലോകാരോഗ്യ സംഘടനയെ വരെ ഫലസ്തീന്‍ വിഷയത്തില്‍ അദ്ദേഹം തള്ളിപ്പറയുകയും വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. ഇറാഖ് അധിനിവേശത്തെ കുറിച്ചും ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ഇറാഖ് അധിനിവേശം നടന്നില്ലായിരുന്നെങ്കില്‍ ഐ എസ് പോലും ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിനാളുകള്‍ മരിക്കുകയും രാഷ്ട്രീയ ഭരണ അസ്ഥിരത ഉണ്ടാക്കുകയും ചെയ്ത ഇറാഖ് അധിനിവേശത്തെ കുറിച്ച് മുസ്ലിംകള്‍ പറയണമെങ്കില്‍ മഹ്മൂദ് ഗസ്നി സിന്ധ് ആക്രമിച്ചതിനെ കുറിച്ച് ആദ്യം മറുപടി പറയണമെത്രെ . ഉദ്ദേശ്യ ശുദ്ധി കാരണം അമേരിക്കന്‍ അധിനിവേശങ്ങളെ കല്ലെറിയരുതേ എന്ന ഗുരു സാം ഹാരിസിന്റെ വാദങ്ങളെ സി. രവിചന്ദ്രന്‍ പുതിയ കുപ്പിയിലാക്കി കേരളത്തില്‍ അവതരിപ്പിക്കുന്നു.
അമേരിക്കന്‍ അധിനിവേശമായാലും മത തീവ്രവാദ പ്രവര്‍ത്തനമായാലും നഷ്ടപ്പെടുന്നത് മനുഷ്യ ജീവനുകള്‍ തന്നെയാണ്. എന്നാല്‍ ഫലസ്തീനിലെ/ ഇറാഖിലെ ജനങ്ങള്‍ മുസ്ലിംകള്‍ ആയത് കൊണ്ട് മാത്രം മനുഷ്യാവകാശത്തിന്റെ മുന്‍ഗണനയില്‍ വരാന്‍ അര്‍ഹതയില്ല എന്നുള്ള വാദങ്ങള്‍ വംശീയതയെയാണ് പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ നിയോ എത്തീസ്റ്റുകള്‍ ബീജാപാവം നല്‍കിയ ഈ വംശീയ ചിന്താഗതി വളര്‍ന്ന് വലുതായതിലെ അപകടമാണ് ഹാദിയ വിഷയത്തില്‍ കണ്ടത്. ഷഫിനും ഹാദിയയും പരസ്പരം ഇഷ്ടമാണ് എന്ന തുറന്നുപറച്ചിലിന്റെ അടിസ്ഥാന ത്തില്‍ തന്നെ വ്യക്തി സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും മുന്‍നിര്‍ത്തി ആ വിവാഹത്തിന് യുക്തിവാദികള്‍ പിന്തുണ കൊടുക്കേണ്ടാതായിരുന്നില്ലേ?. എന്നാല്‍ യു.എന്‍ മനുഷ്യാവകാശ പത്രികയിലെ വിവാഹിതരാകാനുള്ള അവകാശത്തെ കുറിച്ച് സംസാരിക്കുന്നവര്‍ തന്നെ ഹാദിയ ഷഫിന്‍ വിവാഹ ത്തിന്റെ സാധുതയില്‍ സംശയാലുക്കളായിരുന്നു . ഷഫിന്റെയും ഹാദിയയുടെയും മതം മറ്റൊന്നായിരുന്നെങ്കില്‍ നിയോ എത്തിസ്റ്റുകളുടെ പിന്തുണ ഉറപ്പായും ലഭിക്കുമായിരുന്നു.
മതമില്ല എന്നത് മറ്റൊരു മതമാവുകയും അവര്‍ക്ക് അവരുടെതായ മതാചാര്യന്‍മാരും ഉണ്ടായിരിക്കുന്നു. കേരളത്തില്‍ മത ജാതി കോളം പൂരിപ്പിക്കാത്ത കുട്ടികളെ ചൂണ്ടിക്കാട്ടി അവര്‍ മാത്രമാണ് മനുഷ്യരെന്ന പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരേ സമയം ശുദ്ധിവാദക്കാരും ഇസ്ലാമാഫോബിക്കുകളുമായ ഒരുകൂട്ടം ആളുകളെയാണ് നവ യുക്തിവാദികള്‍ ഉല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത്.

ചന്ദ്രിക

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>