സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Apr 2nd, 2018

മിസ്റ്റര്‍ മുകുന്ദന്‍, ഇതാണ് കിളികളുടെ രാഷ്ട്രിയം – മണ്ണിന്റെയും

Share This
Tags

mനിശാന്ത്

ആദരണീയനായ എം. മുകുന്ദന്‍ അറിയുമോ എന്നറിയില്ല, കീഴാറ്റൂരില്‍ സമരം നടക്കുന്ന വയലിന്റെ കരയിലെ തേടങ്കോടന്‍ ഗോപാലേട്ടന്റെ വീട്ടിലെ കിണറില്‍ ഈ വേനല്‍ മാസത്തിലും വെറും മൂന്നു കോലാഴത്തിലാണ് വെള്ളമുള്ളത്. വയല്‍ സമരത്തിന്റെ നേതൃനിരയിലുള്ള നമ്പ്രാടത്ത് ജാനകിയമ്മയുടെ വീട്ടിലും മൂന്നരക്കോലാഴത്തിലാണ് വെള്ളമുള്ളത്..
ഹരിയാനയിലെ പാടങ്ങള്‍ വന്‍കിട റോഡുകളായതു നോക്കി നിര്‍വൃതിയടയുന്ന മുകുന്ദനെ പോലുള്ളവര്‍ മാര്‍ച്ച് മാസത്തില്‍ തന്നെ കണ്ണൂര്‍ ജില്ല കേരളത്തിലെ മറ്റ് എട്ട് ജില്ലകളോടൊപ്പം വരള്‍ചാ ബാധിതമായി പ്രഖ്യാപിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അറിയണം. ജില്ലയാകെ വരള്‍ചയുടെ പിടിയിലമരുമ്പൊഴും കീഴാറ്റൂര്‍ പോലുള്ള ഗ്രാമങ്ങള്‍ ജല സമൃദ്ധമായി അവശേഷിക്കുന്നതിന്റെ കാരണം അവര്‍ അറിഞ്ഞിരിക്കണം. പുഴകളുടെ എണ്ണത്തില്‍ കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകള്‍ മുന്നിലെത്തിയതിന്റെ കാരണവും മയ്യഴിപ്പുഴയുടെ കഥാകാരന്‍ മനസ്സിലാക്കിയിരിക്കണം. സാംസ്‌കാരിക ശിരോമണികള്‍ക്കില്ലാത്ത ആ അറിവ് വയല്‍ക്കിളികള്‍ക്കുണ്ട്.. ആ അറിവാണ് അവരെ പോരാട്ട ഭൂമിയിലെത്തിച്ചത്. മുകുന്ദനെ പോലുള്ളവര്‍ അറിയണം,
* കുടിവെള്ളത്തിനു ക്യൂ നില്‍ക്കാനാകില്ലെന്ന് ഒരു ഗ്രാമം പ്രഖ്യാപിക്കുന്നതിന്റെ പൊരുള്‍.
* മുറിവേല്‍ക്കാത്ത ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍ ഇനിയേറെയൊന്നും ഇന്നാട്ടില്‍ ബാക്കിയില്ലെന്ന്,
* കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം പുഴകളും ചെങ്കല്‍ കുന്നുകളിലാണ് പിറക്കുന്നതെന്ന്
* കുന്നും തണ്ണീര്‍ത്തടങ്ങളുമാണ് ഭൂഗര്‍ഭ ജലത്തെ പരിപോഷിപ്പിക്കുന്നതെന്ന്
* ആയിരം തടയണകള്‍ നിര്‍മിച്ചാലും ഒരു കുന്നിനു പകരമാകില്ലെന്ന്..
* പതിനായിരം മഴക്കുഴികള്‍ നിര്‍മിച്ചാലും ഒരു ഏക്കര്‍ വയലിന്റെ പാരിസ്ഥിതിക ധര്‍മങ്ങള്‍ നിറവേറ്റാനാകില്ലെന്ന്
* ജല സ്വാശ്രയമായിരുന്ന ഗ്രാമങ്ങളെ ജലദരിദ്രമാക്കുകയും ലോകബാങ്കിന്റെ കടക്കാരാക്കുകയും ചെയ്യുന്ന രാഷ്ട്രീയം ജൈവവിരുദ്ധമാണെന്ന്
* BOT എന്നത് പൊതു ഭൂമി കോര്‍പ്പറേറ്റു ചൂഷണത്തിനായി തീറെഴുതുന്ന സമ്പ്രദായമാണെന്ന്.
* 8 ലക്ഷം ഹെക്ടറില്‍ നിന്നും വെറും കാല്‍ നൂറ്റാണ്ടു കൊണ്ട് കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി 1.8 ലക്ഷം ഹെക്ടറായി ചുരുങ്ങിയെന്ന് .
* കേരളത്തിലങ്ങോളമിങ്ങോളം ബൈപാസുകള്‍ നിര്‍മിക്കപ്പെടുന്നതെല്ലാം വയലുകളിലൂടെയാണെന്ന് ..
* ഇന്നലെ നികത്തി എന്നത് ഇന്ന് നികത്തുന്നതിനുള്ള ന്യായീകരണമല്ലെന്ന് ..
* വാഹനപ്പെരുപ്പത്തിനുളള യഥാര്‍ത്ഥ പരിഹാരം വാഹന നിയന്ത്രണമാണെന്ന്.
കീഴാറ്റൂരില്‍ മാത്രമല്ല സൈലന്റ് വാലി സമരത്തിലും പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരത്തിലും പ്ലാച്ചിമടയിലും കരിമുകളിലും നീറ്റാ ജലാറ്റിനിലും മൂലമ്പള്ളിയിലും പൂയംകുട്ടി-അതിരപ്പിള്ളി – തുടങ്ങി കേരളം കണ്ട 90% പാരിസ്ഥിതിക പ്രതിരോധ പോരാട്ടങ്ങളിലും ഭരണകൂടത്തെ അലോസരപ്പെടുത്താതെ സ്വന്തം പവിഴക്കൂടുകളില്‍ ധ്യാനിച്ചിരുന്നവരാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരില്‍ വലിയൊരു ഭാഗവും…
കീഴാറ്റൂരില്‍ രാഷ്ട്രീയക്കിളികളാണെന്നു കണ്ടെത്തിയ എം. മുകുന്ദനും കഴുകന്‍മാരാണെന്നു കണ്ടെത്തിയ ജി. സുധാകരനും സമരക്കാരെ നോക്കിയത് ഒരേ കണ്ണട വച്ചാണ്. കണ്ണടകളിലൂടെയല്ലാതെ ലോകത്തെ കാണാനാകാത്ത വണ്ണം തിമിരം ബാധിച്ച കണ്ണുകളാണേറെയും.
എല്ലാ പച്ചപ്പുകളെയും തുടച്ചു നീക്കി, എല്ലാ നനവുകളെയും നാമാവശേഷമാക്കി യാന്ത്രിക നാഗരികതകളുടെ പൂരപ്പറമ്പാക്കി ഈ ലോകത്തെയാകെ മാറ്റണമെന്ന് മുകുന്ദന്‍ മാര്‍ക്ക് അഭിപ്രായം പറയാം, ബി.ഒ.ടി പോലുള്ള ഭരണകൂട – കോര്‍പ്പറേറ്റ് കുടമാറ്റങ്ങള്‍ക്ക് സ്തുതി പാടാം, നിയോലിബറല്‍ മേളങ്ങള്‍ക്കൊത്ത് കയ്യും തലയുമാട്ടി രസിക്കാം .. എന്നാല്‍ അതിനുമിപ്പുറം വന്ന് കീഴാറ്റൂര്‍ പോലുള്ള ജനകീയ സമരങ്ങളുടെ മഹത്തായ രാഷ്ട്രീയത്തെ സങ്കുചിത കക്ഷി രാഷ്ട്രീയമെന്ന് ആക്ഷേപിച്ച് തടി തപ്പാന്‍ അനുവദിച്ചു കൂടാ…..
വയല്‍ക്കിളികളെ രാഷ്ട്രീയക്കിളികളെന്നധിക്ഷേപിക്കുന്നവര്‍ക്ക് വസ്തുതകള്‍ വിശദീകരിക്കുവാനുള്ള ബാധ്യതയുണ്ട്.
പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെ വിശ്വസിച്ച് സമരത്തിനിറങ്ങിയ സാധാരണ മനുഷ്യര്‍ നേതൃത്വം പിന്‍മാറിയപ്പൊഴും വയലിനെ കാക്കാന്‍ സമരനിരയിലുറച്ചു നിന്നതാണോ തെറ്റ് ?
സംസ്ഥാനത്തെ ഭരണ കക്ഷി അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധമായ നിലപാടു സ്വീകരിക്കുകയും നുണകള്‍ കൊണ്ടും ഭീഷണികള്‍ കൊണ്ടും സമരക്കാരെ നേരിടുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പിനായി സമരവേദിയിലെത്തുന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളത്?
ആറന്‍മുള സമരത്തില്‍ CPM ന് BJP യോടൊപ്പം വേദി പങ്കിടാമെങ്കില്‍, കിസാന്‍ സഭ യുടെ മാര്‍ച്ചിന് ശിവസേന നല്‍കിയ പരസ്യ പിന്‍തുണയെ ചെങ്കൊടിയേന്തിയ സഖാക്കള്‍ക്ക് തിരസ്‌കരിക്കാതിരിക്കാമെങ്കില്‍, നിരാഹാരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ BJP നേതാക്കളെ വയല്‍ക്കിളികളെന്തിന് തളളിപ്പറയണം??
സമരത്തോടൊപ്പം നില്‍ക്കുന്ന ഇതര രാഷ്ട്രീയ കക്ഷികളെ വയല്‍ക്കിളികളെന്തിന് അകറ്റിനിര്‍ത്തണം??
ഏതൊക്കെ കൊടികളുമായി ആരൊക്കെ വിരുന്നു വന്നാലും ചെങ്കൊടി മാത്രം കയ്യിലേന്തുന്ന വയല്‍ക്കിളികളുടെ രാഷ്ട്രീയം എത്രമാത്രം വ്യക്തവും കൃത്യവുമാണ്…
BJP ഉള്ള സമരത്തില്‍ എങ്ങനെ പോകും എന്ന് വിലപിക്കുന്ന എം.മുകുന്ദന്‍ , കേരളത്തില്‍ നടന്ന ഏതൊക്കെ പരിസ്ഥിതി സമര വേദികളില്‍ പേരിനെങ്കിലും എത്തി നോക്കിയിട്ടുണ്ട് എന്നറിയാന്‍ താല്‍പര്യമുണ്ട്.. ഫ്രഞ്ച് കോളനിയിലെ പ്രേതങ്ങളുടെ പിന്നാലെ പോയതിനിടയില്‍ 10 ലിറ്റര്‍ പാല് പ്രതിദിനം കിട്ടിയാലും 100 രൂപ മാത്രം വരുമാനമായി ലഭിക്കുന്ന ഗ്രാമീണ ക്ഷീര കര്‍ഷകനെ കാണാന്‍ മുകുന്ദനു സാധിച്ചിരുന്നുവോ? ലാഭം കിട്ടിയില്ലെങ്കിലും ചേറില്‍ പണിയെടുത്ത് നടുവൊടിയുന്ന നെല്‍കര്‍ഷകനെ അറിയാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നുവോ..? വയലുകള്‍ റോഡുകളായതില്‍ ആകൃഷ്ടരാകുന്ന ബുദ്ധിജീവികള്‍ കര്‍ഷകര്‍ ആത്മഹത്യയിലഭയം തേടുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തോട് കണ്ണടയ്ക്കുന്നതെന്തേ?
നാഗരികതകളിലും സാങ്കേതിക വിദ്യകളിലും അമിത വിശ്വാസമര്‍പ്പിക്കുന്ന ഭരണാധികാരികള്‍ക്ക് കൃത്രിമ മഴയെ കുറിച്ച് വാചാലരാകാം, എന്നാല്‍ മണ്ണിന്റെ ഗന്ധവും കാറ്റിന്റെ സംഗീതവും പുഴയുടെ കുളിരുമറിയുന്ന എഴുത്തുകാരും കലാകാരന്‍മാരും അതിന് പിന്‍പാട്ട് പാടിക്കൂടാ…

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>