സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Mar 30th, 2018

ജാതിയുള്ള കേരളം തന്നെ

Share This
Tags

jjj

രണ്ടുദിവസമായി മലയാളികള്‍ ആഘോഷത്തിലായിരുന്നു. അഭിമാന പുളകിതരായിരുന്നു. ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളെ സകൂളുകളില്‍ ചേര്‍ത്തിയപ്പോള്‍ ജാതി – മത കോളങ്ങള്‍ ഒഴിച്ചിട്ടതായി വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് കേരളം മാറുന്നു, ജാതിയില്ലാ – മതമില്ലാ കേരളം എന്നൊ ക്കെയുള്ള അവകാശവാദങ്ങള്‍ക്ക് കാരണമായത്. എന്നാലിതാ സത്യം പുറത്തു വന്നിരിക്കുന്നു. ജാതിയും മതവുമില്ലാത്ത 124000 വിദ്യാര്‍ഥികള്‍ എന്നത് കേവലം സോഫ്റ്റ് വെയര്‍ തകരാര്‍ മാത്രമാണത്രെ. മന്ത്രി പുറത്തുവിട്ട സ്‌കൂളുകളുടെ ലിസ്റ്റനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച കണക്ക് പ്രകാരം 100 ന് മുകളില്‍ ജാതിയും മതവും ഇല്ലാത്ത കുട്ടികളുണ്ടെന്ന് രേഖപ്പെടുത്തിയ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമായും അന്വേഷിച്ചത്. മിക്ക സ്‌കൂളുകളിലും ഔദ്യോഗിക പേപ്പര്‍ രേഖകളില്‍ മുഴുവന്‍ കുട്ടികളും ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ എന്ന പേരിലുള്ള സോഫ്റ്റ് വെയറിലൂടെയാണ് സ്‌കൂളുകള്‍ കുട്ടികളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നത്. അതില്‍ ജാതി, മതം കോളം രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമില്ല. സോഫ്റ്റ് വെയറിലേക്ക് വിവരങ്ങള്‍ മാറ്റുന്നത് സ്‌കൂള്‍ അധികൃതരാണ്, കുട്ടികളുടെ രക്ഷിതാക്കളല്ല. സ്‌കൂള്‍ കുട്ടികളുടെ എണ്ണം രേഖപ്പെടുത്തുക എന്നത് മാത്രമാണ് ഈ സോഫ്റ്റ് വെയറിന്റെ പ്രധാന ലക്ഷ്യം. സോഫ്റ്റ് വെയറിലേക്ക് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ വന്ന ‘തകരാറാ’ണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
മറ്റൊരു പ്രധാനകാര്യം കൂടി പുറത്തുവന്നു. ജാതിയില്ലാ എന്നെഴുതിയവരില്‍ ഭൂരിപക്ഷവും സാങ്കേതികമായി ജാതിയില്ലാത്ത കൃസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ പെട്ടവരാണെന്നതാണത്. മതമെഴുതിയട്ടുണ്ടെങ്കിലും ഇവരില്‍ മികകവാറും പേര്‍ ജാതിയെഴുതിയിട്ടില്ല. മുമ്പും അതിങ്ങനെ തന്നെയായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ആദ്യമായാണ് ഈ കണക്കെടുത്തത്. അത്രയെയുള്ളു കാര്യം. കേരളം മാറിയിട്ടില്ല എന്നതുതന്നെയാണ് സത്യം. മധുവും വിനായകനും അശാന്തനും ജിഷയും ആതിരയുമൊക്കെയാണ് ജാതികേരളത്തിന്റെ യഥാര്‍ത്ഥമുഖങ്ങള്‍.
വാസ്തവത്തില്‍ ജാതിയേയും മതത്തേയും ഒരുമിച്ച് പറയുന്നതില്‍തന്നെ പിശകുണ്ട്. അവ രണ്ടും ഒരുപോലെയല്ല.. മതങ്ങള്‍ തമ്മില്‍ ഔപചാരികമായെങ്കിലും ഒരു തുല്ല്യതയുണ്ട്. മറിച്ച് ജാതിയെന്നാല്‍ തുല്ല്യതയില്ലായ്മയാണ്. മക്കള്‍ക്ക് ജാതിയില്ല എന്ന് എഴുതികൊടുത്താലൊന്നും പോകുന്നതല്ല ജാതി. ദളിത് ചിന്തകന്‍ എസ് എം രാജ് ചൂണ്ടികാട്ടിയ പോലെ ഒരാള്‍ അയാളുടെ ജാതി ഉപേക്ഷിച്ചാല്‍ അയാളെ വിട്ടു പോകുന്നത്ര നിസാരമായ ഒന്നല്ല ഇന്ത്യയിലെ ജാതി വ്യവസ്ഥ . ഒരാളുടെ ജാതി പേരു കൊണ്ടോ നിറം കൊണ്ടോ രൂപം കൊണ്ടോ ഭാഷകൊണ്ടോ ജോലി കൊണ്ടോ പഠിപ്പ് കൊണ്ടോ ഒക്കെ കണ്ടെത്താന്‍ മിടുക്കരാണ് ഓരോ ഇന്ത്യക്കാരനും. ഇനി ഈ വഴിക്കൊന്നും കിട്ടിയില്ലെങ്കില്‍ ഒരുവന്റെ ഏഴു തലമുറ പുറകോട്ടു പോയിട്ടാണെങ്കിലും അവന്റെ ജാതി നമ്മള്‍ കണ്ടെത്തിയിരിക്കും. ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ ജാതി ഉപേക്ഷിച്ചതു കൊണ്ടു മാത്രം അയാളെ ജാതി വിട്ടു പോകില്ല എന്നര്‍ത്ഥം. ജാതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കീഴാളത്വവും മേലാളത്വവും നിങ്ങള്‍ ജാതി ഉപേക്ഷിച്ചാലും ഇല്ലെങ്കിലും യഥാവിധി നിങ്ങള്‍ക്ക് വന്നു ചേരും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതായത് സവര്‍ണ്ണര്‍ക്ക് ലഭിക്കുന്ന മേലാളത്വം ജാതി ഉപേക്ഷിച്ചതുകൊണ്ട് മാത്രം അവര്‍ക്ക് കിട്ടാതെ പോകുകയില്ല. അതുപോലെ ജാതി ഉപേക്ഷിച്ചതു കൊണ്ട് മാത്രം അവര്‍ണ്ണ പിന്നോക്ക ദലിത് ജാതികള്‍ക്ക് കിട്ടി കൊണ്ടിരിക്കുന്ന കീഴാളത്വം അവര്‍ക്ക് ഇല്ലാതാവുകയുമില്ല . ജാതിയെന്നത് വേണമെങ്കില്‍ ഉപേക്ഷിക്കാനും സ്വീകരിക്കാനും കഴിയുന്ന ആത്മനിഷ്ഠഘടകമല്ല, വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമാണ് എന്നതാണ് സത്യം.
കേരളം ജാതി – മത ചിന്തകളെയെല്ലാം മറികടന്നു, നമുക്ക് ജാതിയില്ല എന്ന് അന്ധമായി വിശ്വസിക്കുന്ന ഇടതുചിന്താഗതിക്കാരും യാഥാര്‍ത്ഥ്യബോധമില്ലാത്ത യുക്തിവാദികളുമാണ് തെറ്റായ ഈ റിപ്പോര്‍ട്ട് ആഘോഷിച്ചത്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ ക്ഷമിക്കുക എന്നു മുന്‍കൂര്‍ ജാമ്യമെടുത്ത് ജാതിരഹിത – മതരഹിത വിവാഹത്തിന്റെ പരസ്യങ്ങള്‍ വരുന്ന നാടാണ് കേരളം എന്നാണിവര്‍ മറക്കുന്നത്. ഗോവിന്ദപുരവും വടയമ്പാടിയും പേരാമ്പ്രയുമൊക്കെ കേരളത്തില്‍ തന്നെയാണ്. പുലയന്‍ മജിസ്‌ട്രേട്ടായാല്‍ എന്ന ചൊല്ലു നിലനില്‍ക്കുന്നതും ഇവിടെ തന്നെ. ഇ എം എസ്, തന്റെ വാലായി നമ്പൂതിരിരപ്പാട് എന്നതില്‍ അഭിമാനം കൊള്ളുമ്പോള്‍, 1957ലെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന പി കെ ചാത്തന് പുലയന്‍ എന്ന വാല്‍ വെക്കാന്‍ കഴിയുമായിരുന്നില്ല. ആ അവസ്ഥയില്‍ ഇപ്പോഴും കാര്യമായ മാറ്റമില്ല. ഈ വാര്‍ത്തയില്‍ ഏറ്റവും അഭിമാനം കൊണ്ട സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ഇപ്പോഴും പിള്ളയുണ്ട്. ദളിതനില്ല. രോഹിത് വെമുലയും അതു ചൂണ്ടികാട്ടിയിരുന്നല്ലോ. മറ്റുള്ളവരുടെ കാര്യം പിന്നെ പറയാനില്ലല്ലോ.
തങ്ങള്‍ക്ക് ജാതിയില്ല എന്നവകാശപ്പെടുന്നത് മുഖ്യമായും സവര്‍ണ്ണര്‍ തന്നെ. ഇല്ല എന്നു പറഞ്ഞാലും അതുവഴി ലഭിക്കുന്ന പ്രിവിലേജ് അവര്‍ക്ക് നഷ്ടപ്പെടില്ല. എന്നാല്‍ ദളിതരുടേയും മറ്റും അവസ്ഥ അതാണോ? കേരളത്തിലെ ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍ തങ്ങള്‍ക്ക് ജാതിയില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുവാന്‍ നമ്മുടെ സമൂഹം തയ്യാറാകുമോ ? ഞങ്ങള്‍ക്ക് ജാതിയില്ല അതുകൊണ്ട് ജാതികൊണ്ട് മാത്രം നിങ്ങള്‍ കൈയ്യടക്കിയ ഭൂമി, വിഭവങ്ങള്‍, സ്വത്തുക്കള്‍, സാമൂഹിക പദവി തുടങ്ങിയവയുടെ നീതിയുക്തവും തുല്യവുമായ പുനര്‍വിതരണം സാധ്യമാക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാകുമോ ? ഹിന്ദു മതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടും പുലയക്രിസ്ത്യായനിയും പറയ ക്രിസ്ത്യായനിയും നാടാര്‍ ക്രിസ്ത്യായനിയും ഉണ്ടാകുന്ന നാടല്ലേ നമ്മുടേത്?. നൂറ്റാണ്ടുകളായുള്ള പീഡനങ്ങള്‍ക്കു ജനാധിപത്യസംവിധാനം നല്‍കുന്ന മറുപടിയെന്നപേരില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുള്ള ഔദ്യോഗിക രേഖയാണല്ലോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ ജാതി. ജാതി രേഖപ്പെടുത്താതിരുന്നാല്‍ അവര്‍ണ്ണനു നഷ്ടപ്പെടുക ആ അവകാശം കൂടിയാണെന്നതും വിസ്മരിക്കുന്നു. സ്വന്തമായി ഭൂമിയോ വ്യവസായ – വാണിജ്യ സംരംഭങ്ങളോ വിദ്യാഭ്യാസസ്ഥാപനങ്ങളോ പ്രവാസ ജീവിതമോ ഇല്ലാത്ത ഒരു വിഭാഗത്തിന്റെ ഏക അവകാശം പോലും ഈ അഭിമാനപുളകിത വേളയില്‍ ഇല്ലാതാകുമെന്ന യാഥാര്‍ത്ഥ്യം പോലും മറച്ചുവെക്കപ്പെടുന്നു. സവര്‍ണ്ണന്റെ ജാതിയാകട്ടെ കിടക്കുന്നത് സര്‍ട്ടിഫിക്കറ്റിലല്ല, സാമൂഹ്യജീവിതത്തിലാണുതാനും. അതിനൊരു ക്ഷീണവുമില്ല. അതിനാല്‍തന്നെ തെറ്റായ വാര്‍ത്തയുടെ പേരിലുള്ള ആഘോഷം നിര്‍ത്താം. ജാതിയുള്ള കേരളം എന്നുതന്നെ സ്വയം വിശേഷിപ്പിക്കാം. ജാതിരഹിതമാക്കാന്‍ പോരാടാം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>