സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Mar 29th, 2018

ജാതി ഉപേക്ഷിക്കല്‍ ദളിത് രാഷ്ട്രീയലക്ഷ്യമല്ല

Share This
Tags

rrr

എസ് എം രാജ്

ജാതി ഉപേക്ഷിക്കണം എന്നത് സവര്‍ണ്ണ സംഘിയുടേയും അവര്‍ക്ക് ഏറാന്‍ മൂളുന്ന ദലിത് സംഘിയുടേയും മാത്രം ലക്ഷ്യമാണ് . അതൊരു ദലിത് രാഷ്ട്രീയ ലക്ഷ്യമേയല്ല . ഒരാള്‍ അയാളുടെ ജാതി ഉപേക്ഷിച്ചാല്‍ അയാളെ വിട്ടു പോകുന്നത്ര നിസാരമായ ഒന്നല്ല ഇന്ത്യയിലെ ജാതി വ്യവസ്ഥ .ഒരാളുടെ ജാതി പേരു കൊണ്ടോ ,നിറം കൊണ്ടോ ,രൂപം കൊണ്ടോ ,ഭാഷകൊണ്ടോ ,ജോലി കൊണ്ടോ ,പഠിപ്പ് കൊണ്ടോ ഒക്കെ കണ്ടെത്താന്‍ മിടുക്കരാണ് ഓരോ ഇന്ത്യക്കാരനും. ഇനി ഈ വഴിക്കൊന്നും കിട്ടിയില്ലെങ്കില്‍ ഒരുവന്റെ ഏഴു തലമുറ പുറകോട്ടു പോയിട്ടാണെങ്കിലും അവന്റെ ജാതി നമ്മള്‍ കണ്ടെത്തിയിരിക്കും . ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ ജാതി ഉപേക്ഷിച്ചതു കൊണ്ടു മാത്രം അയാളെ ജാതി വിട്ടു പോകില്ല എന്നര്‍ത്ഥം . ജാതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കീഴാളത്വവും ,മേലാളത്വവും നിങ്ങള്‍ ജാതി ഉപേക്ഷിച്ചാലും ഇല്ലെങ്കിലും യഥാവിധി നിങ്ങള്‍ക്ക് വന്നു ചേരും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല . അതായത് സവര്‍ണ്ണര്‍ക്ക് ലഭിക്കുന്ന മേലാളത്വം ജാതി ഉപേക്ഷിച്ചതുകൊണ്ട് മാത്രം അവര്‍ക്ക് കിട്ടാതെ പോകുകയില്ല .അതുപോലെ ജാതി ഉപേക്ഷിച്ചതു കൊണ്ട് മാത്രം അവര്‍ണ്ണ പിന്നോക്ക ദലിത് ജാതികള്‍ക്ക് കിട്ടി കൊണ്ടിരിക്കുന്ന കീഴാളത്വം അവര്‍ക്ക് ഇല്ലാതാവുകയുമില്ല .ജാതി മോശമാണ് അത് നമ്മള്‍ ഉപേക്ഷിക്കണം എന്ന് പറയുന്ന ”മനുഷ്യരുടെ ” ന്യായം എന്താണ് . അവര്‍ ഹിന്ദു മതത്തിനെതിരേയോ ,ബ്രാഹ്മണ മേധാവിത്വത്തി നെതിരേയോ ,അവരും അവരുടെ ശിങ്കിടി ശൂദ്രന്മാരും ചേര്‍ന്ന് നടത്തുന്ന തെണ്ടിത്തരങ്ങള്‍ക്ക് എതിരേയോ ഒരു വാക്ക് പോലും പറയുന്നില്ല. ബ്രാഹ്മണര്‍ ക്ഷേത്രങ്ങള്‍ അച്ചിവീടുപോലെ കയ്യടക്കി കാശടിച്ചു മാറ്റുന്നതിനെ പറ്റി ഒരു വാക്ക് പോലും ഈ മനുഷ്യര്‍ പറയുന്നില്ല .

ജാതി ഉപേക്ഷിക്കണം എന്നവര്‍ പറയുന്നതിന് ഒരേയൊരു ന്യായവാദമേ ഉള്ളൂ .അത് ജാതി സംവരണമാണ് .ജാതി സംവരണം മനുഷ്യരെ സംവരണമുള്ള ജാതികള്‍ ,സംവരണം ഇല്ലാത്ത ജാതികള്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നു . സംവരണം കിട്ടുന്നവര്‍ ജാതിയില്‍ കുറഞ്ഞവര്‍ ആണെന്നും സംവരണം അപമാനകരമായ ഒരു കാര്യമാണെന്നും സവര്‍ണ്ണര്‍ അവര്‍ണ്ണരേ ഓര്‍മ്മിപ്പിക്കുന്നു .ആ അപമാനത്തില്‍ നിന്നും രക്ഷനേടാന്‍ അവര്‍ണ്ണര്‍ ജാതി ഉപേക്ഷിക്കുക അതുവഴി സംവരണം വേണ്ടെന്നു വയ്ക്കുക എന്നാണ് ജാതിയില്ലാ മുദ്രാവാക്യം മുഴക്കുന്ന മനുഷ്യരുടെ ആത്യന്തിക ലക്ഷ്യം .ഇത് മനസിലാക്കാതെ സര്‍ക്കാര്‍ ജാതി കോളം ശൂന്യമാക്കുന്ന ദലിതര്‍ സവര്‍ണ്ണ സംഘിയുടെ അടിവസ്ത്രം കഴുകാതെ തലയില്‍ ഇടുന്ന വിവരക്കേടാണ് ചെയ്യുന്നത് .സവര്‍ണ്ണ സംഘി വേണമെങ്കില്‍ ജാതി ഉപേക്ഷിക്കട്ടെ ,എന്നാല്‍ അത് പുരോഗമനം ആണെന്ന് കരുതി ദലിത് ജനത ജാതി ഉപേക്ഷിച്ചാല്‍ അത് വിവരക്കേട് മാത്രമല്ല ,അവര്‍ക്കായി ജീവത്യാഗം ചെയ്ത അവരുടെ പൂര്‍വ്വികരോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദികേട് കൂടിയായിരിക്കും അത് .

നൂറ്റാണ്ടുകളോളം ഇന്ത്യയിലെ സവര്‍ണ്ണര്‍ ചെയ്തു കൊണ്ടിരിക്കുന്ന ജാതീയമായ പീഡനങ്ങളുടേയും ,വംശീയമായ ഉന്മൂലനങ്ങളുടേയും ,സാമ്പത്തികമായ ചൂഷണങ്ങളുടേയും ,രാഷ്ട്രീയവും സാംസ്‌കാരിക വുമായുമുള്ള അകറ്റി നിര്‍ത്തലുകളുടേയും പരിണിത ഫലമായി ദലിത് ആദിവാസി ജനതകള്‍ക്കുണ്ടായ വിഭവ നഷ്ടത്തെ നികത്തുന്നതിനുള്ള ഭരണഘടനാപരമായ പരിശ്രമമാണ് സംവരണം അല്ലാതെ സവര്‍ണ്ണരുടെ ഔദാര്യമോ അവരുടെ സംബന്ധ തറവാട്ടില്‍ നിന്നുള്ള എച്ചിലോ അല്ല സംവരണം . സംവരണം ഈ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് കേവലം വിഭവ പുനര്‍ വിതരണത്തെ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത് മറിച്ച് സവര്‍ണ്ണര്‍ നാടിനുടയോര്‍ എന്നൊക്കെ മേലാളത്വം ഭാവിക്കുന്ന ആളുകളുടെ തനിക്കൊണം വെളിപ്പെടുത്തുന്ന,അവരുടെ മനുഷ്യവിരുദ്ധമായ ജീവിതത്തെ ,അന്യരുടെ മുതലും അധ്വാനവും നക്കി ജീവിച്ച അവരുടെ പരാന്ന ഭോജനത്വത്തെ ,അവരുടെ തെണ്ടിത്തരങ്ങളെ ,അവരുടെ നാറിത്തരങ്ങളെ ,അവര്‍ ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകളെ പകല്‍ വെളിച്ചത്തില്‍ തുറന്നുകാട്ടുന്ന ഒന്ന് കൂടിയാണ് സംവരണം .അതുകൊണ്ട് തന്നെ സംവരണം സവര്‍ണ്ണരുടെ മേലാളത്വത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു, സംവരണം മേലാളരുടെ മേലാളത്വത്തെ ചോദ്യം ചെയ്യുന്നു ,സംവരണം സവര്‍ണ്ണരുടെ സാംസ്‌കാരിക പാപ്പരത്വത്തെ തുറന്നു കാട്ടുന്നു . സംവരണം ദലിതരുടെ രാഷ്ട്രീയ പുനരേകീകരണത്തിന് ദിശാബോധം നല്‍കുന്നു .സംവരണം ആരാണ് തങ്ങളെ വിഭവരഹിതര്‍ ആക്കിയതെന്ന് ദലിത് ആദിവാസി ജനതകളെ പഠിപ്പിക്കുന്നു . ആദിവാസി ദലിത് ജനത അവര്‍ക്ക് ജാതിയില്ലെന്ന് പറയുമ്പോള്‍ അവര്‍ ജാതി മാത്രമല്ല ഉപേക്ഷിക്കുന്നത് മറിച്ച് ജാതിയുടെ സവര്‍ണ്ണതയേയും അതിലൂടെ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്ന വര്‍ത്തമാന കാല രാഷ്ട്രീയ സാംസ്‌കാരിക പരിസരങ്ങളെ കൂടിയാണ് .

ജാതി ഉപേക്ഷിക്കുന്നതിലൂടെ സവര്‍ണ്ണര്‍ അവരുടെ സവര്‍ണ്ണത്വത്തിന്റെ യഥാര്‍ത്ഥ അപമാനങ്ങള്‍ ഇല്ലാതാക്കുന്നു അതിലൂടെ കൂടുതല്‍ കരുത്തര്‍ ആകുമ്പോള്‍ ജാതി ഉപേക്ഷിക്കുന്ന ദലിത് ആദിവാസി ജനതകള്‍ കൂടുതല്‍ ദുര്‍ബലരും വിവരംകെട്ടവരും ആകുന്നു .അവര്‍ കൂടുതല്‍ കൂടുതല്‍ വിഭവരഹിതര്‍ ആകുന്നു . സംവരണം അപമാനം ആണെന്ന് കരുതുന്നവര്‍ ആരൊക്കെയാണെങ്കിലും അവര്‍ സവര്‍ണ്ണ സംഘികളോ അവര്‍ക്ക് ഏറാന്‍ മൂളുന്ന ദലിത് സംഘികളോ ആയിരിക്കും .രണ്ടുകൂട്ടരും ദലിത് ജനതകളുടെ സുഹൃത്തുക്കള്‍ അല്ലേയല്ല .

ഫേസ് ബുക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>