സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Mar 29th, 2018

പൊതുബോധം ജനാധിപത്യത്തിനു വെല്ലുവിളിയാകുമ്പോള്‍..

Share This
Tags

ddd

എല്ലാവിധ ഫാസിസത്തിനും മറുപടി ജനാധിപത്യമാണെന്ന് മുദ്രാവാക്യമുയര്‍ത്തി തൃശൂരില്‍ അടുത്തയിടെ ജനാധിപത്യ സംഗമമെന്ന പേരില്‍ വലിയൊരു സമ്മേളനം നടന്നിരുന്നു. ഇന്നു ലോകത്തുകാണുന്ന സൈനിക ഭരണം, മത ഭരണം, കമ്യൂണിസ്റ്റ് ഭരണം എന്നിവയെല്ലാം ഫാസിസത്തിന്റെ വ്യത്യസ്ഥ മുഖങ്ങളാണെന്നും നിരവധി പോരായ്മകളുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനമാണ് താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യസംവിധാനമെന്നുമായിരുന്നു സംഗമത്തിന്റെ പ്രധാന പ്രഖ്യാപനം. അതിനാല്‍ ജനാധിപത്യം സംരക്ഷിക്കുകയും ഗുണകരമായി ഉയര്‍ത്തുകയും ചെയ്യലാണ് ഓരോ പൗരന്റേയും അടിയന്തിര കടമ എന്നും സമ്മേളനം ചൂണ്ടികാട്ടി.
തത്വത്തില്‍ വളരെ ശരിയും പ്രസക്തവുമായ നിരീക്ഷണമാണ് സമ്മേളനത്തിന്റേത്. പ്രതേകിച്ച് മതഫാസിസം ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത്. അതേസമയം ഇന്നോളം കാണാത്ത രീതിയിലുള്ള വെല്ലുവിളികളാണ് പല മേഖലകളില്‍ നിന്നും ജനാധിപത്യം നേരിടുന്നത്. ഇന്ത്യയിലെ ജനാധിപത്യസംവിധാനം പ്രകടമായ വെല്ലുവിളി നേരിട്ടത് അടിയന്തരാവസ്ഥ കാലത്തുമാത്രമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ എത്രയോ വലിയ വെല്ലുവിളികളാണ് ഇപ്പോള്‍ പരോക്ഷമായി നേരിടുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമെന്നു പറയാവുന്ന യുപിയില്‍ നിന്നു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നോക്കൂ. സംസ്ഥാനത്തെ കുറ്റവിമുക്തമാക്കുകയാണത്രെ യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. അതിനായി പക്ഷെ ചെയ്യുന്നത് മുഴുവന്‍ ജനാധിപത്യസംവിധാനത്തേയും നീതിന്യായവ്യവസ്ഥയേയും വെല്ലുവിളിക്കലാണ്. വ്യാജഏറ്റുമുട്ടലില്‍ കുറ്റവാളികളെ മുഴുവന്‍ കൊന്നൊടുക്കുകയാണ് പോലീസവിടെ ചെയ്യുന്നത്. മാര്‍ച്ച് 20, 2017 മുതല്‍ ജനുവരി 31, 2018 വരെയുള്ള കാലയളവില്‍1142 ഏറ്റുമുട്ടലുകളാണ് ഉത്തര്‍പ്രദേശില്‍ നടന്നതെന്ന് യുപി പൊലീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. നൂറുകണക്കിനുപേര്‍ കൊല്ലപ്പെട്ടു. ജനുവരി മാസം പകുതിയോടെ കേവലം 48 മണിക്കൂറിനുള്ളില്‍ 18 എന്‍കൗണ്ടറുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പൊലീസ് രേഖയിലുണ്ട. ഏറ്റുമുട്ടല്‍ കൊല നടത്തിയാല്‍ പ്രമോഷന്‍ ലഭിക്കുമെന്ന് തന്റെ സഹപ്രവര്‍ത്തകനോട് ഒരു പൊലീസുകാരന്‍ വെളിപ്പെടുത്തിയ വിവരവും പുറത്തുവന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീംകോടതിയുടേയും എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിയാണ് ഉത്തര്‍പ്രദേശില്‍ കൊലപാതകങ്ങള്‍ നടപ്പാപ്പാക്കുന്നത്. സര്‍ക്കാര്‍ കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയ കൂട്ട കൊലപാതകങ്ങളായിരുന്നു ഏറ്റുമുട്ടലെന്ന പേരില്‍ നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ പറയുന്നു. ഇവരാകട്ടെ ബഹുഭൂരിപക്ഷവും ദളിതരും ആദിവാസികളും മുസ്ലിമുകളുംതന്നെ. വെടിവയ്പില്‍ ഒരു എട്ടുവയസ്സുകാരനും കൊല്ലപ്പെട്ടിരുന്നു. യുപിയിലെ കുറ്റവാളകള്‍ പരോളിലോ ജാമ്യത്തിലോ പുറത്തിറങ്ങാന്‍ മടിക്കുകയാണത്രെ. ജയിലിലാണ് ജീവനു സുരക്ഷ, പുറത്തിറങ്ങിയാല്‍ ഏതു നിമിഷവും കൊല്ലപ്പെടുമെന്നതാണ് അതിനുള്ള കാരണം. മറുവശത്ത് മുസഫര്‍ നഗററിലേതടക്കമുള്ള വര്‍ഗ്ഗീയ കലാപ കേസുകളിലെ പ്രതികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയും ചെയ്യുന്നു.
ഭരണകൂടം തന്നെ നടപ്പാക്കുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു ധൈര്യം നല്‍കുന്നത് പൊതുബോധമാണ് എന്നതാണ് വൈരുദ്ധ്യം. കുറ്റവാളികള്‍ക്കെതിരെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജനവികാരത്തെയാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്നു പറയപ്പെടുന്ന ഈ പൊതുബോധമാണ് പലപ്പോഴും ജനാധിപത്യത്തിനു തന്നെ ഭീഷണി എന്നതാണ് വൈരുദ്ധ്യം. അഫ്‌സല്‍ ഗുരുവിനു വധശിക്ഷ വിധിച്ചതുപോലും ഈ പൊതുബോധത്തിന്റെ പേരിലായിരുന്നു. എന്തിനേറെ, തങ്ങള്‍ പറയുന്നതുപോലെയുള്ള വികസനമാണ് ശരി എന്ന പൊതുബോധത്തിന്റഎ പേരിലാണ് ജനാധിപത്യസംവിധാനത്തിലെ ഉന്നത കേന്ദ്രമായ നിയമസഭ പാസാക്കിയ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണനിയമത്തെ പോലും അവഗണിച്ച് പാടശേഖരങ്ങള്‍ നികത്താന്‍ ജനാധിപത്യ സര്‍ക്കാര്‍തന്നെ ശ്രമിക്കുന്നത്. ജനങ്ങളുടെ പൊതുബോധം തന്നെ ജനാധിപത്യത്തിനു ഭീഷണിയാകുന്ന അവസ്ഥ.
തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തിനെ കുറച്ചു കാണേണ്ടതില്ല. 1947ല്‍ അതു ജനിച്ചുവീണതുതന്നെ കടുത്ത പ്രതിസന്ധിയിലേക്കായിരുന്നു. തുടര്‍ന്നു നടന്ന ഗാന്ധിവധം ഉയര്‍ത്തിയ വെല്ലുവിളിയും ചെറുതായിരുന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യത്തിനും മതേതരത്തത്തിനും ശക്തമായ അടിത്തറ പാകാന്‍ നെഹ്റുവിനും അംബേദ്കര്‍ക്കും കഴിഞ്ഞു. അവരിട്ട അടിത്തറയിലാണ് ഏതൊരു ഫാസിസ്റ്റ് കടന്നാക്രമണത്തേയും അതിജീവിക്കാനുള്ള കരുത്ത് രാജ്യം നേടിയത്. സംവരണത്തിലൂടെ സാമൂഹ്യനീതി എന്ന ജനാധിപത്യത്തിലെ ഏറ്റവും ഉയര്‍ന്ന ആശയവും ഇവിടെ യാഥാര്‍ത്ഥ്യമായി. അടിയന്തരാവസ്ഥയിലൂടെ ഉയര്‍ന്ന പ്രതിസന്ധിക്ക് വളരെ പെട്ടെന്നുതന്നെ ഇന്ത്യന്‍ ജനാധിപത്യം മറുപടി നല്‍കി. മസ്ജിദിലൂടെ ബിജെപി സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെ മണ്ഡല്‍ പ്രതിരോധിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ സുന്ദരമായ കാഴ്ചയായിരുന്നു. സഹസ്രാബ്ദങ്ങളായി അധികാരത്തിന്റെ കോട്ടക്കൊത്തലങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു വിഭാഗങ്ങളുടെ പ്രതിനിധിയായി കന്‍ഷിറാമും മായാവതിയുമൊക്കെ ഉയര്‍ന്നു വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലല്ലാതെ എവിടെ സാധ്യമാകാന്‍ ? അതേസമയം മറുവശത്ത് പടിപടിയായ വര്‍ഗ്ഗീയ ധ്രൂവീകരണത്തിലൂടെ ഫാസിസ്റ്റ് ശക്തികള്‍ വോട്ടിലൂടെതന്നെ അധികാരത്തിലെത്തി. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാമെന്ന അവരുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ ഇന്ത്യന്‍ ജനാധിപത്യം തന്നെ തടയണ കെട്ടുമെന്ന് പ്രതീക്ഷിക്കാം. മറുവശത്ത് വിവരാവകാശം, സേവനാവകാശം തുടങ്ങിയ പല സംരംഭങ്ങളും ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഗുണപരമായി ജനാധിപത്യം ഇനിയും മുന്നേറണം. അതില്ലാത്തതിനാലാണ് തെറ്റായ ആശയങ്ങള്‍ക്കും വര്‍ഗ്ഗീയരാഷ്ട്രീയത്തിനുപോലും ഭൂരിപക്ഷമാകാന്‍ കഴിയുന്നത്. അത് തടയാനാകട്ടെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ദുര്‍ബ്ബലരും ന്യൂനപക്ഷവുമൊക്കെ എത്രമാത്രം സുരക്ഷിതരാണെന്നതും ജനാധിപത്യത്തിന്റെ അളവുകോലാണ്. അക്കാര്യത്തിലും നമ്മള്‍ വളരെ പുറകിലാണ്. ഇനിയും സമൂഹത്തിന്‍െ അടിത്തട്ടില്‍ നിന്നുള്ളവരും സ്ത്രീകളുമൊന്നും അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം നേടിയിട്ടില്ല. നമ്മുടെ ഭരണസംവിധാനം ഇനിയും യഥാര്‍ത്ഥ ഫെഡറലായിട്ടുമില്ല. ജനാധിപത്യവിരുദ്ധമായ കരിനിയമങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും കാണുന്നു. പോലീസും പട്ടാളവുമൊക്കെ അമിതാധികാരം കാണിക്കുന്നു.
ജനാധിപത്യത്തിന്റെ കാവലാളുകളായ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കാണ് അതിനെ ഗുണപരമായി ഉയര്‍ത്താന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളത്. എന്നാല്‍ അവയില്‍ മിക്കതിലും ഉള്‍പാര്‍ട്ടി ജനാധിപത്യം പോലുമില്ല. മാത്രമല്ല വര്‍ഗ്ഗാധിപത്യം മുതല്‍ മതാധിപത്യം വരെ ലക്ഷ്യമാക്കുകയും എന്നാല്‍ അതു മറച്ചു വെച്ച് ജനങ്ങളേയും ജനാധിപത്യത്തേയും വഞ്ചിക്കുന്ന പാര്‍ട്ടികള്‍ നിരവധിയാണ്. ഏതൊരു വിഷയത്തേയും കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനനുസരിച്ച് വിലയിരുത്തുന്ന സങ്കുചിതരാഷ്ട്രീയബോധവും ഭീഷണിയാണ്. അതാണ് മുഷ്ടിചുരുട്ടല്‍ രാഷ്ട്രീയത്തിലേക്കും കണ്ണൂര്‍ മോഡല്‍ കൊലപാതകപരമ്പരയിലേക്കും നയിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് ജനങ്ങള്‍ ജനാധിപത്യത്തിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന അഴിമതിയുടെ വളര്‍ച്ച. ഒപ്പം കോര്‍പ്പറേറ്റു ശക്തികളും ജനാധിപത്യത്തെ റാഞ്ചാന്‍ തയ്യാറായി നില്‍ക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളേയും പരിമിതികളേയും മറികടക്കാന്‍ ജനാധിപത്യവ്യവസ്ഥക്കും അതിലെ സജീവ പങ്കാളികളായ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കഴിയണം. എങ്കില്‍ മാത്രമാണ് ജനാധിപത്യസംവിധാനത്തിലൂടെതന്നെ ഫാസിസം നടപ്പാകുന്നത് തടയാന്‍ ഇന്ത്യന്‍ ജനതക്കു കഴിയൂ. ഇപ്പോള്‍ യുപിയില്‍ നടക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ക്ക് തിരശ്ശീലയിടാന്‍ കഴിയൂ. പൊതുബോധവും ഭൂരിപക്ഷവുമൊക്കെ സാമൂഹ്യവിരുദ്ധമാകുന്നതും അവസാനിപ്പിക്കാന്‍ കഴിയൂ. ആ ഉത്തരവാദിത്തമാണ് രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നു കാലം ആവശ്യപ്പെടുന്നത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>