സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Mar 26th, 2018

കീഴാറ്റൂര്‍ പ്രഖ്യാപനം – ഇനി ലോങ്ങ് മാര്‍ച്ച്.

Share This
Tags

kk

‘കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത് ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടേയും വരാനിരിക്കുന്ന തലമുറകളുടേയും അതിജീവനത്തിന് ആവശ്യമാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇത് വികസനഭാകരവാദമാണ്. ഇത്തരം വികസനഭാകര വാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണ് പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.’
ഇതാണ് കീഴാറ്റൂര്‍ പ്രഖ്യാപനം. കഴിഞ്ഞ ദിവസം കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരകണക്കിനു പേരെ സാക്ഷിനിര്‍ത്തി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ നടത്തിയ പ്രഖ്യാപനം. വരും കാല കേരളസമരചരിത്രത്തില്‍ ഇതറിയപ്പെടാന്‍ പോകുന്നത് കീഴാറ്റൂര്‍ പ്രഖ്യാപനമെന്ന്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വയല്‍ സംരക്ഷിക്കാനുളള തീരുമാനം വരാത്ത പക്ഷം മഹാരാഷ്ട്രമോഡലില്‍ തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം.
സമരം ശക്തമാകുകയും പരിഷത്തും എഐവൈഎഫുമടക്കമുളള സംഘടനകള്‍ രംഗത്തുവരികയും ചെയ്തതോടെ സര്‍ക്കാര്‍ പുനപരിശോധനക്കു തയ്യാറാകുന്നു എന്നു റിപ്പോര്‍ട്ടുണ്ട്. കേന്ദ്രത്തിനെ കൊണ്ട് ഈ നിര്‍ദ്ദേശം പുനപരിശോധിപ്പിക്കുമെന്ന് സുരേഷ് ഗോപി എം പിയും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതീഷ് ഗഡ്കരിയെ കാണാന്‍ പോകുന്നു. തീര്‍ച്ചയായും പിടിവാശികള്‍ വെടിഞ്ഞ് അത്തരമൊരു നീക്കത്തിനു തയ്യാറാകുന്നതാണ് ഉചിതമാകുക. ഏതു നിര്‍ദ്ദേശം നടപ്പാക്കുമ്പോഴും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമെന്നുറപ്പ്. എന്നാല്‍ വളരെ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഇടതുസര്‍ക്കാര്‍ തന്നെ രൂപം കൊടുത്ത നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമമാണ് ഇവിടെ പ്രകടമായിതന്നെ ലംഘിക്കുന്നത്. മറ്റുമാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മാത്രമാണ് അത്തരം ലംഘനം അനുവദനീയം. മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് ഉത്തരവാദിത്തപ്പെട്ട സംഘടനകള്‍ പോലും ചൂണ്ടികാട്ടുന്നത്. അതു പരിഗണിക്കുകയാണ് ഉചിതം. ദേശീയപാതാവികസനത്തിനും ഗെയ്ല്‍ പദ്ധതിക്കുമാക്കെയായി വീടുകളും കെട്ടിടങ്ങളും കരഭൂമിയുമൊക്കെ നശിപ്പിക്കുന്ന കാലത്താണ് കീഴാറ്റൂരും നടക്കുന്നതെന്ന് മറക്കരുത്. റോഡിനായി താഴ്ത്തി പതിനായിരകണക്കിനു ടണ്‍ കളിമണ്ണെടുത്ത ശേഷം ലക്ഷകണക്കിനു ടണ്‍ മണ്ണും പാറയുമെല്ലാം നിക്ഷേപിച്ച് റോഡു നിര്‍മ്മിച്ച ശേഷം ഇരുവശത്തുമുള്ള വളരെ മെലിഞ്ഞ വയല്‍കഷ്ണങ്ങളില്‍ കൃഷി ചെയ്യാന്‍ കഴിയുമെന്നു കരുതുന്നത് മൗഢ്യമാണ്. ആ കൃഷിഭൂമിയുടെ പൂര്‍ണ്ണമായ നാശമായിരിക്കും ഫലം. നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കാനാവശ്യപ്പെട്ടു നടക്കുന്ന സമരത്തിനെതിരെ യാഥാര്‍ത്ഥ്യ ബോധത്തിനു നിരക്കാത്ത ആരോപണങ്ങളുമായാണ് സിപിഎം സജീവമായി രംഗത്തുള്ളത്. കേരളം കീഴാറ്റൂരിലേക്ക് പരിപാടിയില്‍ സുരേഷ് ഗോപിയുടേയും വി എം സുധീരന്റേയും പി സി ജോര്‍ജ്ജിന്റേയും സാന്നിധ്യമാണ് പ്രധാനവിഷയം. സര്‍ക്കാരിനെ അട്ടിമറിക്കാനും ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാനുമൊക്കെയാണ്, അടുത്തുവരെ പാര്‍ട്ടി ഗ്രാമത്തിലെ സിപിഎം പ്രവര്‍ത്തകരായിരുന്ന വയല്‍ക്കിളികളുടെ ലക്ഷ്യമെന്നാണ് കണ്ടുപിടുത്തം. ആറന്മുളയില്‍ നടന്ന വയല്‍ നികത്തലിനെതിരായ സമരമാണ് തങ്ങളുടെ മാതൃ എന്ന് വയല്‍ക്കിളികള്‍ മറുപടി പറയുന്നു. അവിടെ എം എ ബേബിയും കുമ്മനവും ഒന്നിച്ച് വേദി പങ്കിട്ട കാഴ്ച മലയാളികള്‍ മറന്നു കാണില്ല. കരിമണല്‍ ഖനനവിരുദ്ധ സമരത്തില്‍ ബേബി, സുധിരനൊപ്പവും വേദി പങ്കിട്ടിരുന്നു. തൊരു ജനകീയസമരം മുന്നോട്ടുപോകുമ്പോഴും പിന്തുണയുമായി പ്രതിപക്ഷം രംഗത്തുവരാറുണ്ട്. ലക്ഷ്യം രാഷ്ട്രീയം തന്നെയായിരിക്കാം. പ്ലാച്ചിമട മുതല്‍ ആറന്മുള വരെയുള്ള സമരങ്ങളില്‍ ഒരു ഘട്ടം കഴിഞ്ഞപോപ്ള്‍ സിപിഎം രംഗത്തുവന്നപാലെ തന്നെ. തെരഞ്ഞെടുപ്പില്‍ വോട്ടുവേണ്ട എന്നു ഒരു പാര്‍ട്ടിയും പറയാത്തപോലെ സമരത്തിനു പിന്തുണ വേണ്ട എന്നു ഒരു സമരസമിതിയും പറയാറില്ല. അതൊന്നും പക്ഷെ ഇത്തരം സമരങ്ങളില്‍ നിര്‍ണ്ണായകകാര്യങ്ങളല്ല. നിര്‍ണ്ണായകം ഇരകളുടെ നിശ്ചയദാര്‍ഢ്യമാണ്. വാഗ്ദാനം ചെയ്യപ്പെട്ട രണ്ടുകോടി പോലും നിഷേധിച്ച സുരേഷിനെ പോലുള്ളവരുടെ ആത്മധൈര്യം. അതേസമയം ചില ദളിത് സുഹൃതതുകള്‍ ഉന്നയിച്ച വിമര്‍ശനമുണ്ട്. അതിപ്രകാരമാണ്. ‘കാലികള്‍ക്കുപകരം ഞങ്ങളുടെ പൂര്‍വ്വീകരെ ഉപയോഗിച്ച് ഉഴുത, പലരേയും ജീവനോടെ ചവിട്ടി താഴ്ത്തിയ നെല്‍വയലുകള്‍ എന്തിനാണ് സംരക്ഷിക്കുന്നത്?’ അതൊക്കെ ചരിത്രത്തിന്റെ ഭാഗമായി മാറിയില്ലേ എന്ന ചോദ്യത്തിനു മറുപടി – ‘ഞങ്ങള്‍ കൊയ്യും വയലെല്ലാം ഞങ്ങളുടേതാകുമെന്നു കൊതിപ്പിച്ച് സംഭവിച്ചതെന്താണ്? ഭൂപരിഷ്‌കരണനിയമത്തില്‍ ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു.. നാലുസെന്റുകളിലേക്കൊതുങ്ങി.. ഞങ്ങള്‍ക്കു വേണ്ടത് സ്വന്തം ഭൂമിയാണ്, ആ ലക്ഷ്യത്തോടെ ചങ്ങറയിലും അരിപ്പയിലും മറ്റും സമരം തുടരുന്നു. പിന്നെ വിദ്യാഭ്യാസവും തൊഴിലുമാണ്… ദളിതരെ അവഹേളിച്ച പിസി ജോര്‍ജ്ജിന്റെ സാന്നിധ്യമുള്ള സമരത്തില്‍ ഞങ്ങള്‍ക്കെന്തു കാര്യം..?’ തീര്‍ച്ചയായും സംവാദങ്ങള്‍ക്കു സാധ്യതയുള്ള വമര്‍ശനം. ചങ്ങറയിലേയും അരിപ്പയിലേയും സമരങ്ങള്‍ ഒരു ദശകം പിന്നിട്ടിരിക്കുകയാണെന്നും മറക്കരുത്.
അതേസമയം മറ്റൊരു യാഥാര്‍ത്ഥ്യം മറച്ചുവെക്കാനും കഴിയില്ല. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു മാത്രമല്ല, മറ്റു വിഷയങ്ങൡും കേരളത്തില്‍ ടന്ന ജനകീയ സമരങ്ങളില്‍ എതിര്‍പക്ഷത്ത് മിക്കവാറും സിപിഎം തന്നെയായിരുന്നു. സൈലന്റ് വാലി, പെരിങ്ങോം, മാവൂര്‍, ഏലൂര്‍, പ്ലാച്ചിമട, കാതിക്കുടം, എന്റോണ്‍, അതിരപ്പിള്ളി, കണ്ണൂര്‍ വാട്ടര്‍ തീം പാര്‍ക്ക്, കണ്ടല്‍ സംരക്ഷണസമരങ്ങള്‍, പെമ്പിളൈ ഒരുമൈ, ചങ്ങറ, അരിപ്പ, ദേശീയപാതാവികസനം, ആറളം, പുതുവൈപ്പിന്‍, മുത്തങ്ങ, വിളപ്പില്‍ശാല, ഗെയ്ല്‍, ലാലൂര്‍, പാറമടകള്‍ക്കെതിരായ പല സമരങ്ങളും, കിനാലൂര്‍, മുരിയാട്, എരയാംകുളം തുടങ്ങി കളിമണ്‍ ഖനനം – നെല്‍വയല്‍ നികത്തല്‍ വിരുദ്ധ സമരങ്ങള്‍, നിരവധി മനുഷ്യാവകാശ – സ്ത്രീ – ദളിത് – ആദിവാസി സമരങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിസ്ഥിതി – ജനകീയ സമരങ്ങള്‍ ഉദാഹരണം. അതിന്റെ തുടര്‍ച്ചതന്നെയാണ് കീഴാറ്റൂരും. ഭൂഉടമകള്‍ അനുമതി കൊടുത്താല്‍ വയല്‍ നികത്താനാകില്ല എന്നതു മറച്ചുവെച്ചാണ് ഭൂരിപക്ഷം കര്‍ഷകരും ഇഅനുകൂലമാണെന്ന പ്രചരണം. പാര്‍ട്ടിഗ്രാമത്തിലാണ് സംഭവം. കൂടാതെ വലിയ വാഗ്ദാനങ്ങളും. അത്തരം സംന്ദര്‍ഭത്തില്‍ അതൊക്കെ സ്വാഭാവികം. പക്ഷെ എണ്ണം നോക്കിയല്ല നിയമം നടപ്പാക്കേണ്ടതെന്നത് ഏറ്റവും പ്രാഥമികമായ കാര്യം മാത്രം. അതുചെയ്യാതെ കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നെല്ലാം പറയുന്നത് എത്രയോ ബാലിശമാണ്. അതും അടുത്തുവരെ പാര്‍ട്ടി ഗ്രാമത്തിലെ സഖാക്കളായിരുന്നവരുടെ സമരത്തെ കുറിച്ച്.
തീര്‍ച്ചയായും നമ്മുടെ വികസനത്തെ കുറിച്ചൈാരു പുനപരിശോധനയാണ് കീഴാറ്റൂരുകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത്. ഈ തലമുറക്കും വരും തലമുറക്കും വേണ്ടി കുടിവെള്ളവും വയലുകളും സംരക്ഷിക്കുന്നതില്‍ വലിയ വികസനം എന്താണുള്ളത്? മറ്റെന്തും അതു കഴിഞ്ഞേ വരൂ എന്ന വ്യക്തവും ശക്തവുമായ നിലപാടാണ് കാലം ആവശ്യപ്പെടുന്നത്. കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് ആ നിലപാട് സ്വീകരിക്കാനാണ് എല്ലാവരും തയ്യാറാകേണ്ടത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>